Image

വീണ്ടും ഇടിഞ്ഞ് സ്വർണവില: പവന് 51,000 രൂപയില്‍ താഴെ

Published on 26 July, 2024
 വീണ്ടും ഇടിഞ്ഞ് സ്വർണവില: പവന്  51,000 രൂപയില്‍ താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. രാവിലെ അനക്കമില്ലാതെ നിന്ന സ്വർണവില ഉച്ചയായപ്പോള്‍ വീണ്ടും താഴേക്ക് പോകുകയായിരുന്നു.
പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 50,400 രൂപയിലും ഗ്രാമിന് 6,300 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്‍റെ വില 5,230 രൂപയാണ്.

ഇന്ന് രാവിലത്തെ വിലനിർണയ യോഗത്തില്‍ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്‍റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്.

കഴിഞ്ഞ ഒരാഴ്ചയായി താഴോട്ടുപോയ സ്വർണം ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 2,200 രൂപ താഴ്ന്നിരുന്നു. തുടർന്ന് ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷം വ്യാഴാഴ്ച വീണ്ടും 760 രൂപ ഇടിയുകയായിരുന്നു.

ചൊവ്വാഴ്ച ബജറ്റ് പ്രഖ്യാപനത്തിനു തൊട്ടുമുന്പ് സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍, ബജറ്റില്‍ സ്വര്‍ണത്തിന്‍റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറച്ച പ്രഖ്യാപനം ഉണ്ടായി മണിക്കൂറുകള്‍ക്കകം പവന് 2,000 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണു കുറഞ്ഞത്.

ബജറ്റിനു ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. കഴിഞ്ഞ എട്ടുദിവസംകൊണ്ട് പവന് 4,600 രൂപയാണ് കുറഞ്ഞത്. നിലവില്‍ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില.

മേയ് 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക