Image

വ്യാപാരമേ ഹനനം...... (കവിത: വേണു നമ്പ്യാർ)

Published on 26 July, 2024
വ്യാപാരമേ ഹനനം...... (കവിത: വേണു നമ്പ്യാർ)

1
വ്യാപാരക്കരാർക്കുരുക്കിൽ 
അധിഷ്ഠിതമായ
ആഗോളകമ്പോളത്തിൽ
ചില്ലറയൊന്നുമല്ല -

പ്രലോഭിപ്പിക്കുന്ന 
സ്നേഹത്തിന്റെ മാളുകൾ,
വെറുപ്പിന്റെ വീഞ്ഞുകടകൾ,
മുച്ചൂടും മുടിക്കാൻ പോന്ന ആണവ-വെടിക്കെട്ടുകടകൾ,
വിധിയുടെ ലോട്ടറിക്കടകൾ,
ദൈവങ്ങളെ നല്ല കിഴിവിൽ 
വില്പനയ്ക്ക് വെച്ചിരിക്കുന്ന എക്സിബിഷൻ- കം-സെയിൽ മേളകൾ!


2
രാമൻ വേണ്ട
റഹീം മതിയെന്ന്
ഒരു കൂട്ടർ

റഹീം വേണ്ട
രാമൻ മതിയെന്ന്
മറ്റൊരു കൂട്ടർ

രാമനും റഹീമും രണ്ടല്ലെന്ന് 
പണ്ടൊരാൾ പറഞ്ഞിരുന്നു
അതൊക്കെ ഇപ്പം ആരോർക്കാൻ!


രാമനും വേണം
റഹീമും വേണം 
ജോസഫും വേണം
ജിനനും വേണം
സിക്കും വേണം
ബൌദ്ധനും വേണം
സരതുഷ്ട്രനും വേണം
(ഇവരുടെയൊക്കെ
വോട്ടും വേണം.)

ഇതൊക്കെ 
അമിതലാഭേച്ഛയോടെ
കൊട്ടിഘോഷിക്കുന്നതും 
കമ്പോളം!

ചെകുത്താനും ചിലപ്പോൾ
വേദമോതുമായിരിക്കും!

3
മർമ്മമറിയാതെ
മതക്കോമരങ്ങൾ
പരസ്പരം തല തല്ലി
ചാകട്ടെ;
ഏകോദര സോദരരായ
രാഷ്ട്രീയസൃഗാലന്മാർ
സ്ഥിരം കൗശലത്തോടെ
വോട്ട് ബാങ്ക് പകുക്കട്ടെ
ക്രോണി ക്യാപ്പിറ്റലിസം
ലോകത്തെ വിഴുങ്ങുന്ന
രണ്ടാം കൊറോണയാകട്ടെ!
വ്യാപാരമേ ഹനനം
എന്ന് വാഴത്തിപ്പാടുന്ന
രാഷ്ട്രത്തലവന്മാർ
യുദ്ധങ്ങളിൽ അഭിരമിക്കട്ടെ
അവർക്കൊക്കെ വരട്ടുചൊറി
വരുംവരെ ലോകം
സമാധാനത്തിനു വേണ്ടി
നെഞ്ചത്തടിച്ചു കാത്തിരിക്കട്ടെ!


4
നഗരസങ്കീർത്തനലഹരിയിൽ
താളാത്മകമായി  കൈ കൊട്ടുന്നവന്റെ
കൈപ്പത്തിയിലെ തഴമ്പും

നിസ്കാരപ്പായയിൽ ശരണാഗതിയോടെ 
കുമ്പിടുന്നവന്റെ നെറ്റിയിലെ തഴമ്പും

കുരിശോർമ്മകളിൽ ജപമണി
ഉരുക്കഴിക്കുന്നവന്റെ അംഗുലിയിലെ
തഴമ്പും

ഭൂമിയുടെ  പുരാവൃത്തത്തിലെ
ആത്യന്തികസൌഭാഗ്യമത്രെ!

5
തഴമ്പിനെ ആർക്കും
തഴയാൻ കഴിയില്ല
നിഷ്കളങ്കതയ്ക്ക്
ആർക്കും മുറിവേൽപ്പിക്കാനാവില്ല
അത് ശാശ്വതമായ ജീവന്റെ
ഓർമ്മ പുതുക്കലത്രെ!

അത് ഒരു ദിനം 
കാലത്തിന്റെ കെടുതികളെ
അതിജീവിക്കും
മനുഷ്യനും മനുഷ്യനുമിടയിൽ
ഉയർത്തപ്പെട്ട വന്മതിൽ
പൊളിച്ച് വീഴ്ത്തും
സ്നേഹത്തിന്റെ
ജീവസ്സാർന്ന സുവിശേഷങ്ങൾ
പ്രപഞ്ചത്തിലേക്കടപടലം
വികിരണം ചെയ്യും
ഭൂമിയിൽ മതാതീതമായ ആത്മീയതയുടെ
പുതുവസന്തം വിരിയിക്കും!

ആ സുദിനത്തിനു വേണ്ടി
ക്ഷമാപുരസ്സരം കാത്തിരിക്കാം!

6
അസഹിഷ്ണുത
സഹിക്കാം

സഹിഷ്ണുതയെ
തകർക്കാമൊ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക