Image

പ്രണയത്തിന്റെ ഇടനാഴി (നോവൽ ഭാഗം - 20: വിനീത് വിശ്വദേവ്)

Published on 26 July, 2024
പ്രണയത്തിന്റെ ഇടനാഴി (നോവൽ ഭാഗം - 20: വിനീത് വിശ്വദേവ്)

ഭാഗം - 20

ജീവിതത്തിനു ഒരുവയസ്സു കൂടി തുന്നിച്ചേർത്തു നാളുകൾ കടന്നുപോയി. മാർച്ച് മാസം പ്ലസ് വൺ പരീക്ഷ കഴിഞ്ഞു വേനൽ അവധി തുടങ്ങി. പോക്കറ്റ് മണിക്കുവേണ്ടി ബിനീഷിന്റെ വകയിലെ ഒരു ബന്ധു ജോലിയും നേതൃത്വവും നയിക്കുന്ന അഹമ്മദ് കരീമിന്റെ കരീം ബ്രതെർഴ്സ് കാറ്ററിംഗ് സർവീസ്കാരുടെ കൂടെ വീട്ടുകാരറിയാതെ മൂന്നു നാലു കല്യാണത്തിന്റെയും കേറിത്താമസത്തിന്റെയും കാറ്ററിംഗ് സർവീസ് ബോയിയായി പോയി. കൂടാതെ കൊച്ചുരാഘവൻ ചേട്ടന്റെ കൂടെ വെള്ളനാട്ട് കുടുംബക്കാരുടെ പുരയിടത്തിൽ മോട്ടോർ പമ്പുസെറ്റ് ഉപയോഗിച്ച് തെങ്ങിന് നനക്കുന്നതിനു വീട്ടുകാരുടെ സമ്മതത്തോടെയും ആഴ്ചയിൽ രണ്ടു ദിവസം പോയി തുടങ്ങിരുന്നു. പലതുള്ളി പെരുവെള്ളം എന്നപോലെ കിട്ടുന്നത് നൂറും അമ്പതുമൊക്കെയായിരുന്നു എങ്കിലും എന്റെ പക്കലും സമ്പാദ്യങ്ങൾ ഉടലെടുത്തു തുടങ്ങി. മുൻപൊക്കെ പണം കയ്യിലെത്തിയിരുന്നതു ആനന്ദവല്ലിയമ്മയുടെ പെൻഷൻ കാശിൽ നിന്നും എന്തെങ്കിലും വാങ്ങാൻ തരുന്നതും വിഷുവിനു കൈനീട്ടം കിട്ടുന്ന പണമായിരുന്നു.

പുതിയകാവ് അമ്പലത്തിലെ പതിനൊന്നു നാൾ നീണ്ടുനിൽക്കുന്ന ഉൽസവത്തിന് കോടിയേറി. സിമിക്ക് ഏറ്റവും പ്രിയപ്പെട്ട നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിനെങ്കിലും വരാതിരിക്കില്ലെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു. ആൽത്തറയിൽ ഇരുന്നു ഞാൻ എന്റെ പ്രണയാഭ്യർത്ഥന സിമിയോട് നടത്തിയതാണ്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ വേരുതേടി ഒരുമാത്ര എന്റെ ആത്മാവിനെ തൊട്ടുണർത്താൻ സിമി വരും വരാതിരിക്കില്ലെന്നു മനസ്സ് എന്നോട് മന്ത്രിച്ചു. കൊടിയേറിയ അന്നുമുതൽ ഞാൻ രാവിലെയും വൈകിട്ടും അമ്പലത്തിൽ എന്നാൽ കഴിയുന്ന സഹായങ്ങൾ ഉത്സവാനുബന്ധമായി നടത്തി അലഞ്ഞു തിരിഞ്ഞു നടന്നു. പിന്നീട് പറയെഴുന്നള്ളിപ്പിന്റെ കൂടെ പോയി അവളുടെ വീട്ടിൽ നോക്കി കണ്ടില്ല. അതിനു മുൻപുള്ള പല തവണ പല ദിവസങ്ങളിൽ സിമിയുടെ വീടിനു മുന്നിലൂടെ സൈക്കിളിൽ റോന്തുചുറ്റി നോക്കി പക്ഷേ സിമിയെ കാണാൻ കഴിഞ്ഞിരുന്നില്ല. ആറാം ഉത്സവത്തിന്റെ അന്ന് രാവിലെ ചുറ്റമ്പലത്തിന്റെ വിളക്കുകൾ ഞാൻ സേവനമെന്നപോലെ വൃത്തിയാക്കുന്നതിനിടയിൽ സിമിയുടെ 'അമ്മ എന്റെ അമ്മയുമായി സംസാരിക്കുന്നതു കേൾക്കാനിടയായി. സിമി ആലപ്പുഴയിൽ സെന്റ് മേരീസ് ഗേൾസ് സ്കൂളിലാണ് പടിക്കുന്നതെന്നും അവരുടെ തന്നെ എൻട്രൻസ് കോച്ചിങ് സെന്ററിൽ കോച്ചിങ് ഉള്ളതിനാൽ ഹോസ്റ്റലിലാണ് താമസമെന്നും അറിയാൻ കഴിഞ്ഞു. വേനൽക്കാലമായിരുന്നിട്ടും എന്റെ ഹൃദയ ഭൂമികയിൽ മഞ്ഞു പെയ്യ്തിറങ്ങി.

ചിലരെക്കുറിച്ചറിയാൻ കൊതിക്കുന്ന വാക്കുകൾ അങ്ങനെയാണ് മനസ്സിൽ ഒരു വസന്തത്തിന്റെ മഴയായി പെയ്തിറങ്ങും. പ്രണയഗാനത്തിന്റെ അനുപല്ലവിയോടെ ഹൃദയത്തിലേക്കൊലിച്ചിറങ്ങുകയും ചെയ്യും. സ്നേഹിക്കപ്പെടുന്നവർ എവിടെങ്കിലും സുഖമായും സന്തോഷമായും ജീവിക്കുന്നെണ്ടെന്നു കേൾക്കുമ്പോൾ കിട്ടുന്ന മനസുഖം എനിക്ക് ലഭിച്ചു. പക്ഷേ നേരിൽ കാണാൻ കഴിയുന്നില്ലല്ലോ എന്ന നിരാശ എന്നിൽ കറുത്ത മറത്തുന്നുന്നുണ്ടായിരുന്നു. അൽപനേരത്തിനുശേഷം അവളുടെ അമ്മയിൽ നിന്നും മറ്റൊരു വാചകം കൂടി പൊഴിഞ്ഞു വീണു. പുതിയകാവിലെ ഉത്സവമായതുകൊണ്ടു അവളെ നാളെ ഞങ്ങൾ പോയി കൂട്ടികൊണ്ടുവരുന്നുണ്ട്. എന്റെ മുന്നിലെ എല്ലാ വിളക്കുകളും ഒന്നിച്ചു തിരിതെളിഞ്ഞു. ആകാശത്തു കമ്പക്കെട്ടിനു പൊട്ടിവിരിയുന്ന പൂത്തിരികൾപോലെ വർണ്ണാഭമായ മറ്റൊരു വലയം വിടർന്നു പന്തലിച്ചു. നാഴികകൾ മാത്രം ബാക്കിയാക്കി സിമിയെ കാണാനുള്ള എന്റെ കാത്തിരിപ്പുകൾക്കു വിരാമം സംഭവിക്കാൻ പോകുന്നു. കാത്തിരിപ്പിന്റെ കഥപറഞ്ഞ എം. ടി. യുടെ മഞ്ഞ് എന്ന പുസ്തകത്തിലെ വരികളായ "വരും വരാതിരിക്കില്ല" എന്ന വാചകം പ്രതീക്ഷകൾ നിലനിർത്തി എന്നിലേക്ക്‌ ഓടിയെത്തി.

രാത്രിയിൽ മഴയുടെ സംഗീതം ഏതു രാഗത്തിലാണ് പെയ്യുന്നതെന്നു ഞാൻ കാതോർത്തുകിടന്നു. ഒരു രാത്രിയുടെ ദൈർഖ്യം ഇത്രയും നീളിപ്പിക്കുന്നതെന്തിനെന്നു ഓർത്തുപോയി. പ്രസന്നമായ മുഖത്തോടും സന്തോഷത്തോടും പതിപുപോലെ രാവിലെ അമ്പല ദർശനം നടത്തി.  അച്ഛന്റെ കടയിലേക്ക് പോയി കടയിലെ സാധനങ്ങൾ എല്ലാം ഒന്ന് അടുക്കിപ്പെറുക്കി വെച്ചു. തിരുച്ചു വരുന്ന വഴി ദിവാകരൻ ചേട്ടന്റെ കടയിൽ പച്ചക്കറി വാങ്ങാൻ നിൽക്കുന്ന ബിനീഷിനോട് വൈകുന്നേരം അമ്പലത്തിൽ വരണമെന്ന് പറഞ്ഞു. എന്റെ മുഖത്തെ പ്രസന്നതയിൽ ബിനീഷിൽ നിന്നും ചോദ്യമുതിർന്നു. കാര്യം പറ ഇന്ന് എന്താ അമ്പലത്തിൽ അത്താഴ സദ്യ ഉണ്ടോ? നീ വൈകുന്നേരം വന്നാൽ കാര്യം എല്ലാം മനസിലാകും എന്ന് പറഞ്ഞിട്ടും അവൻ കാര്യം അറിയാൻ വെമ്പൽകൊണ്ടു. കാര്യമെന്തെന്നു പറയാതെ സർപ്രൈസ് എന്ന് പറഞ്ഞു ഞാൻ സൈക്കിൾ മുന്നോട്ടു ചവിട്ടി കുതിച്ചുപോകുന്നതിനിടയിൽ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. വരുന്നതും വരാതിരിക്കുന്നതും നിന്റെ ഇഷ്ടം ഞാൻ പോകുന്നു. പക്ഷേ എന്റെ വാക്കുകൾക്ക് മുഖവിലക്കെടുത്തു ബിനീഷ് വൈകുന്നേരം എത്തുമെന്ന് ഉറപ്പുണ്ടായിരുന്നു.

ഉച്ചയൂണുകഴിഞ്ഞു പുതിയ പുസ്തകങ്ങളിലേക്കു അഭിരമിച്ചു മുറിയിൽ കിടക്കുന്നതിനിടയിൽ 'അമ്മ ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദം കേട്ട് ഞാൻ പുറത്തേക്കു ഓടിച്ചെന്നു. അൽപക്കത്തെ വീട്ടിലേക്കു വർത്തമാനം പറയാൻ പോയി തിരിച്ചു വരുന്നതിനിടയിൽ ഗേറ്റിനു മുന്നിൽ ആനന്ദവല്ലിയമ്മ തലയടിച്ചു വീണു ചോരവാർന്ന് കിടക്കുന്നതാണ് കാണുന്നത്. അമ്മയുടെ നിലവിളി കേട്ട് ചുറ്റുപാടുമുള്ള ആളുകൾ ഓടിക്കൂടി. ആനന്ദവല്ലിയമ്മയെ തട്ടിവിളിച്ചിട്ടും വെള്ളം കുടഞ്ഞിട്ടും നിശ്ചലാവശായിൽ കിടക്കുന്നതു കണ്ടു ആശുപത്രിയിലെത്തിക്കാനായി കൂട്ടംകൂടിയതിൽ ആരൊരാൾ ഓട്ടോ വിളിച്ചു. അമ്മയും ഞാനും അയല്പക്കത്തെ മണിയേട്ടനും ചേർന്ന് ആനന്ദവല്ലിയമ്മയെ വയലാർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു. പ്രാഥമിക സൗകര്യങ്ങൾ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഹോസ്പിറ്റലിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചതിനെത്തുടർന്നു ആംബുലൻസിൽ കോട്ടയത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ നടത്തി. അതിനിടയിൽ കടയിൽ നിന്നും അച്ഛനും ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. പിന്നീട് ആംബുലൻസിൽ നിമിഷനേരങ്ങൾകൊണ്ട് ഞങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.

അത്യാഹിതത്തിലെ ഒബ്സെർവഷനിലേക്കു മാറ്റി പ്രായമായതിനാൽ തലയ്ക്കു ക്ഷതം സംഭവിച്ചിട്ടുണ്ടാകുമെന്നും വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലുകൾ നുറുങ്ങിയിരിക്കാന് സാധ്യതയുള്ളതിനാൽ എക്സ്റേയും മറ്റു ടെസ്റ്റുകളും നടത്തി കഴിഞ്ഞു കൂടുതൽ വിവരങ്ങൾ പറയാമെന്നു പറഞ്ഞു ഡോക്ടർമാർ മറ്റു രോഗികളിലേക്കു തിരിഞ്ഞു. നേരവും കാലവും ഇങ്ങനെയാണ് മനുഷ്യനെ ചിലപ്പോൾ വട്ടം ചുറ്റിക്കും പറഞ്ഞു പറ്റിക്കും. ഘടികാരത്തിലെ സൂചികളിലെ സ്പന്ദനംപോലെ നമ്മൾ പ്രതീക്ഷയുടെ വക്കുപറ്റി തിരിയുകതന്നെ ചെയ്യും. അച്ഛനും അമ്മയും ആവലാതിപ്പെട്ടു ആനന്ദവല്ലിയമ്മയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കൂടുതൽ ചിന്തകളിലേക്കും വർത്തമാനത്തിലേക്കു കടന്നു. അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്ന മറ്റു രോഗികളുടെയും അവർക്കു കൂട്ട് നിൽക്കുന്നവരുടെയും മുഖഭാവത്തിൽ ഉരുത്തിരിയുന്ന കഥകൾ ഞാൻ വായിച്ചെടുത്തു. വേദനയുടെ നിർവികാരതയോടെ പ്രതീക്ഷയോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രത്യാശയുടെ കഥകൾ ഓരോ മുഖങ്ങളിലും മിന്നിമാഞ്ഞു.

സ്കാനിങ്ങിന്റെയും എക്സ്റേയുടെയും വിവരങ്ങൾ വന്നു. തലയിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിന് അടിയന്തിരമായി സർജ്ജറിക്കായി ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. മണിക്കുറുകൾ കഴിഞ്ഞു ഗാഢനിദ്രയിലെന്നപോലെ ആനന്ദവല്ലിയമ്മയെ വാർഡിലേക്ക് കൊണ്ടുവന്നു. ഇടയ്ക്കു ഞരക്കവും മൂളലുകളും കേട്ട് തുടങ്ങിയിരുന്നു. അമ്മ മാത്രം വാർഡിൽ കൂട്ടിനു നിന്നു. അർദ്ധരാത്രിയിലെപ്പോളോ ഞാനും അച്ഛനും വരാന്തയിൽ ഇരുന്നും ചരിഞ്ഞുമൊക്കെയായി പാതിയുറങ്ങി നേരം വിളിപ്പിച്ചു. രാവിലെ ആനന്ദവല്ലിയമ്മയ്ക്കു ബോധം വന്നു. ഡോക്ടർമാർ പരിശോധനക്കെത്തി നട്ടെല്ലുകൾക്കു പൊട്ടലുണ്ട് വീട്ടിൽ പോയാലും രണ്ടുമൂന്നു മാസം വിശ്രമിക്കേണ്ടിവരും രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്നും പറഞ്ഞു മറ്റു രോഗികളിലേക്കു നീങ്ങി. തല്ക്കാലം വേറെ വിശേഷങ്ങൾ ഇല്ലാത്തതിനാൽ മുഴിഞ്ഞ വസ്ത്രങ്ങളും അത്യാവശ്യത്തിനുള്ള പണവും ആഹാരവും കൊണ്ടുവരുന്നതിനായി അച്ഛനും അമ്മയും വീട്ടിലേക്കു യാത്രയായി. ആനന്ദവല്ലിയമ്മയുടെ കാര്യങ്ങൾ എനിക്ക് നോക്കാവുന്നതേ ഉള്ളു എന്ന എന്റെ മാതാപിതാക്കളുടെ വിശ്വാസവും പിന്നെ പരസഹായത്തിനു നഴ്സും മറ്റു സഹായികളും ഇവിടെ ഉണ്ടെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. മരണക്കിടക്കയിലും മനുഷ്യനെ ഉയർത്തെഴുന്നേൽപ്പിക്കാൻ പ്രേരിക്കിക്കുന്ന ഉത്തേജക മരുന്ന്. ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളുമായി നേഴ്സ് എത്തി. ആനന്ദവല്ലിയമ്മ എന്റെ നേർക്ക് നോക്കി പതുജീവിതത്തിന്റെ നാൾവഴിയിലേക്കുള്ള ചെറുപുഞ്ചിരി അവരുടെ മുഖത്ത് വിടരാൻ തുടങ്ങി.

(തുടരും.....)
വിനീത് വിശ്വദേവ്

Read: https://emalayalee.com/writer/278

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക