Image

മണപ്പുറം ഫിനാന്‍സില്‍ 20 കോടിയുടെ തട്ടിപ്പ് : പ്രതി ധന്യ മോഹന്‍ കീഴടങ്ങി

Published on 26 July, 2024
മണപ്പുറം ഫിനാന്‍സില്‍  20 കോടിയുടെ തട്ടിപ്പ് : പ്രതി ധന്യ മോഹന്‍ കീഴടങ്ങി

തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സില്‍ 20 കോടിയുടെ തട്ടിപ്പ് നടത്തിയ അസിസ്റ്റന്റ് ജനറല്‍ മാനേജറായ ധന്യ മോഹന്‍ കീഴടങ്ങി.

വൈകുന്നേരത്തോടെ പ്രതി ഒറ്റക്ക്  കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിയാണ്  കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. തട്ടിപ്പ് അന്വേഷിക്കുന്ന വലപ്പാട് സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

18 വര്‍ഷമായി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നാണ് ധന്യ 20 കോടി തട്ടിയെടുത്തത്. വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ധന്യയുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ വിവിധ സമയങ്ങളിലായി 19.9 കോടി രൂപയാണ് ധന്യ തട്ടിയെടുത്തത്. വര്‍ഷങ്ങളായുളള ജീവനക്കാരിയായതിനാല്‍ മാനേജ്‌മെന്റിനും സംശയം തോന്നിയിരുന്നില്ല. കണക്കുകളിലെ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. ഈ സമയം പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച്‌ ഓഫീസില്‍നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ഇവരും ബന്ധുക്കളും ഒളിവില്‍ പോയി.

ആഡംബര വസ്തുക്കളും വീടും ഭൂമിയും ധന്യ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയോളം രൂപ ഓണ്‍ലൈന്‍ റമ്മി കളിക്കാനായും ചിലവഴിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക