Image

നീറ്റ് : കണ്ണൂര്‍ സ്വദേശിയടക്കം 17 വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്ക്; ശ്രീനന്ദിന് ചരിത്ര നേട്ടം

Published on 26 July, 2024
നീറ്റ് :  കണ്ണൂര്‍  സ്വദേശിയടക്കം 17 വിദ്യാർത്ഥികൾക്ക് ഒന്നാം റാങ്ക്; ശ്രീനന്ദിന് ചരിത്ര നേട്ടം

കണ്ണൂർ: നീറ്റ് അഖിലേന്ത്യ പരീക്ഷ ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ലഭിച്ചു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമ്മിലാണ് 720 മാർക്ക് നേടി ഒന്നാം റാങ്ക് നേടിയത്. ഡോക്ടർ ഷർമ്മില്‍ ഗോപാലിന്റെയും ഡോക്ടർ പ്രിയ ഷർമ്മിലിൻ്റെയും മകനാണ്.

പത്ത് വരെ കണ്ണൂർ ചിന്മയ വിദ്യാലയത്തിലായിരുന്നു ശ്രീനന്ദിന്റെ പഠനം. മാന്നാനം കുര്യാക്കോസ് എലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ശ്രീനന്ദ് പ്ലസ് ടു പഠിച്ചത്. ഇവിടെത്തന്നെയായിരുന്നു നീറ്റ് പരീക്ഷാ പരിശീലനവും. 720ല്‍ 720 മാർക്കുകളും നേടിയാണ് വിജയം.

ശ്രീ നന്ദിൻ്റെ ചരിത്ര നേട്ടത്തിന് ഉപഹാരമായി പാല ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഒരു കോടി രൂപ നല്‍കി.

കണ്ണൂരിൻ്റെ ചരിത്രത്തില്‍ ആദ്യമായാണ് നീറ്റ് അഖിലേന്ത്യാ പരീക്ഷയില്‍ ഒരു വിദ്യാർത്ഥി ഒന്നാം റാങ്കെന്ന അപുർവ്വ നേട്ടം കരസ്ഥമാക്കുന്നത്. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ സാമുഹ്യപ്രവർത്തകരും അഭിനന്ദനവുമായി ശ്രീ നന്ദിൻ്റെ വീട്ടിലെത്തി.

സുപ്രീം കോടതി നിർദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എൻടിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിൽ ഒരു മലയാളിയടക്കം 17 പേർക്കാണ്   ഒന്നാം റാങ്ക് ലഭിച്ചത്.

 ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നാണ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചത്.

പുതിയ പട്ടിക വന്നതോടെ  16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. 

ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരി​ഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. നാല് ലക്ഷത്തോളം വിദ്യാർത്ഥികളുടെ മാർക്കിൽ ഇതോടെ വ്യത്യാസമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രീം കോടതി നിർദേശം നൽകിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക