Image

ലക്ഷണം കെടുന്ന ലക്ഷണ ഗ്രന്ഥങ്ങൾ (പ്രൊഫ. കോശി തലയ്ക്കൽ)

Published on 27 July, 2024
ലക്ഷണം കെടുന്ന ലക്ഷണ ഗ്രന്ഥങ്ങൾ (പ്രൊഫ. കോശി തലയ്ക്കൽ)

ലക്ഷണ ഗ്രന്ഥങ്ങൾ! അതെന്തു പണ്ടാരമാ?

ഈ തലമുറ അങ്ങനെ ചോദിച്ചു പോയാൽ കുറ്റം പറയാൻ പാടില്ല. കാരണം ആധുനികാനന്തര ലോകത്ത് അവയ്ക്ക് പ്രസക്തി ഇല്ലാതായി. കോളേജു ക്ലാസ്സുകളിൽ ലക്ഷണഗ്രന്ഥങ്ങൾ പഠിപ്പിച്ച് ചെറുകഥാകൃത്തുകളേയും നോവലിസ്റ്റുകളേയും പണിതെടുക്കുവാൻ ഓരോ വർഷവും എത്രയോ മണിക്കൂറുകൾ ചെലവിട്ടവരാണ് എന്നേപ്പോലെയുള്ളവർ. പണ്ഡിതനായിരുന്ന എം. പി.  പോളിന്റെ വിഖ്യാത ലക്ഷണ ഗ്രന്ഥങ്ങളാണ് ‘ചെറുകഥാ സാഹിത്യവും, നോവൽ സാഹിത്യവും’. മഹാകാവ്യത്തിനുമുണ്ട് ലക്ഷണം. മഹാകാവ്യങ്ങൾ പഠിപ്പിക്കുന്നതിന് ആമുഖമായി ലക്ഷണം പഠിപ്പിച്ചിരിക്കണമല്ലോ :

‘സർഗ്ഗബന്ധോമഹാകാവ്യ-

മുച്യതേ തസ്യലക്ഷണം

ആശിർനമസ്ക്രിയാവസ്തു

നിർദ്ദേശോവാപിതൻ മുഖം

ഇതിഹാസകഥോദ്ഭൂതം

‘ഇതരദ്വാതദാശ്രയം’ എന്നു തുടങ്ങി മലയാളത്തിലും,

‘സർഗ്ഗശ്ച പ്രതിസർഗ്ഗശ്ച

വംശോമന്വന്തരാണിച

വംശാനുചരിതം ചൈവ

പുരാണം പഞ്ചലക്ഷണം

എന്ന സംസ്കൃതത്തിലുമുള്ള ലക്ഷണവാക്യം പഠിപ്പിച്ചിട്ടേയുള്ളൂ മഹാകാവ്യ പഠനം. ഇന്ന് ആർക്കുവേണം മഹാകാവ്യം ? നോവൽ ചെറുകഥാ ലക്ഷണ ഗ്രന്ഥങ്ങൾ പോലും അപരിചിതമായ ക്ലാസ്സുമുറികളിൽ മഹാകാവ്യത്തിന്റെ പഞ്ചലക്ഷണങ്ങൾ പഠിച്ചിട്ടെന്തുകാര്യം ? സാഹിത്യത്തിന്റെ പരിസരത്തുനിന്ന് അപ്രത്യക്ഷമായ ലക്ഷണങ്ങൾക്കും ലക്ഷണഗ്രന്ഥങ്ങൾക്കും വേണ്ടി വ്യയം ചെയ്ത ബൗദ്ധികാദ്ധ്വാനവും അതിന്റെ നിരർത്ഥകതയും ഓർത്തു വിലപിച്ചു പോകുുമ്പോഴും ഈ ലക്ഷണ ശാസ്ത്രത്തിന് ഇപ്പോഴുമില്ലേ അവയുടെ പ്രസക്തി എന്ന് ഓർത്തു പോവുകയാണ്.

മഹാകാവ്യ പ്രസ്ഥാനത്തെ തൽക്കാലം നമുക്ക് മാറ്റി വയ്ക്കാം. അത് ചരമഗിരിയെ പ്രാപിച്ചിട്ട് എത്രയോ കാലമായിരിക്കുന്നു. എന്നാൽ ചെറുകഥയും നോവലും അനുക്ഷണവികസ്വരമാണ്, കാലം പോലെ, ചക്രവാളം പോലെ. നോവലിനെക്കുറിച്ച് പഠിക്കുവാൻ പുറപ്പെടുമ്പോൾ ആദ്യം ശ്രദ്ധയിൽ ഉടക്കുന്ന ഒരു നിരൂപകനുണ്ട് – ഫോർസ്റ്റർ. അദ്ദേഹം പറഞ്ഞു “ The fundamental aspect of the Novel is its story – telling aspect, aspect without which it could not exist.” ആർക്കും നിഷേധിക്കാനാവാത്ത നോവൽ ലക്ഷണമുള്ളത്. ഇവിടെയാണ് എം. പി. പോളും തുടങ്ങുന്നത്. തുടർന്ന് കഥയുടെ വികാസ പരിണാമങ്ങളുടെ വിശദീകരണമാണ്. അതിനോടനുബന്ധമായി ഇതിവൃത്ത (plot) ത്തേക്കുറിച്ചും ഉപപാദിക്കുന്നു. മഹാകാവ്യത്തിന്റെ ലക്ഷണം പോലെ ഇതിവൃത്തത്തിലും പഞ്ചഘടകങ്ങൾ നിർദ്ദേശിക്കുന്നുണ്ട് പോൾ. ആമുഖഘടകം, ഉദ്വേഗ ഘടകം, പ്രതീക്ഷാ ഘടകം, വിമോചന ഘടകം, നിർവ്വഹണ ഘടകം, ഇങ്ങനെ ഇവയെല്ലാം ആധുനിക നോവൽ രചയിതാക്കൾക്ക് അപരിചിതമായി തോന്നാം. എങ്കിലും, അവരെല്ലാം അറിഞ്ഞോ അറിയാതെയോ ഈ പടവുകൾ എല്ലാം ചവിട്ടിയാണ്  രചനയുടെ കൊടുമുടി കയറുന്നത്. ചെറുകഥാ രചനയുടെ കാര്യത്തിലും ഇതാണു സത്യം.

         കഥാപാത്രം നോവലിസ്റ്റിന്റെ ‘കണ്ടുപിടിത്തം’ (invention) ആണെന്നാണ് പ്രസിദ്ധനായ എച്ച്. ജി. വെൽസ് പറയുന്നത്, (* Ten Novels and Their Authors). ചരിത്രാഖ്യായികകളിലെ കഥാപാത്രങ്ങൾ മറ്റൊരു തരമാണ്. മലയാളത്തിൽ  ഇപ്പോൾ നോവലിസ്റ്റിന്റെ സർഗ്ഗ വൈഭവത്തിൽ സൃഷ്ടിക്കപ്പെടാത്ത ‘നോവലു’കളുമുണ്ടല്ലോ! ‘ആടു ജിവിത’ത്തിൽ എവിടെയാണ് നോവലിസ്റ്റിന്റെ ഇൻവെൻഷൻ. അതിൽ നോവലിസ്റ്റ് എന്നു പറയുന്ന ആളിനെ ഒരു ജേർണലിസ്റ്റ് എന്നു വിളിക്കുന്നതാവും ഉചിതം. സാന്ദർഭികമായി പരാമർശിച്ചു പോയതാണ്, എന്റെ നിലപാടിന്റെ സാധൂകരണത്തിനായി.

ചുരുക്കത്തിൽ ലക്ഷണ ഗ്രന്ഥങ്ങളെ പുറം കാലുകൊണ്ട് തട്ടിനീക്കുമ്പോഴും എഴുത്തെല്ലാം അവയൊക്കെ പറഞ്ഞു വച്ച വഴിയേ തന്നെ. സോമർസെറ്റ് മോമിലൂടെയും, എച്ച്. ജി. വെൽസ്, ഫോർസ്റ്റർ, ജോർജ്ജ് എലിയറ്റ്, ജോർജ്ജ് സാൻഡ് തുടങ്ങിയവരിലൂടെയും നാം കേൾക്കുന്നതും ഇതു തന്നെയാണ്.

         സാഹിത്യത്തിന്റെ ആദിപാഠങ്ങൾ വരിഞ്ഞിട്ട ലക്ഷണഗ്രന്ഥങ്ങൾ എഴുത്തുകാരും നിരൂപകരും അവഗണിക്കുമ്പോഴും അവരറിയാതെ അത്തരം കൃതികളും അവരുടെ രചനകളുടെ ശരീരത്തിൽ ചേർന്നു നിൽക്കുന്നു എന്ന കാര്യം വിസ്മരിക്കേണ്ട.

         അതു കൊണ്ട് ഞാനും എന്റെ വ്യർത്ഥതാ ബോധത്തിൽ നിന്നും മോചനം തേടട്ടെ!
*Ten Novels and Their Authors - W. Somerset Maugham
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക