Image

യുവാക്കളില്‍ താത്പര്യം സൃഷ്ടിച്ച ഈവര്‍ഷത്തെ തെരഞ്ഞെടുപ്പ് (ഏബ്രഹാം തോമസ്)

Published on 27 July, 2024
യുവാക്കളില്‍ താത്പര്യം സൃഷ്ടിച്ച ഈവര്‍ഷത്തെ തെരഞ്ഞെടുപ്പ് (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുവാക്കളിൽ വലിയ താല്പര്യം സൃഷ്ടിച്ചിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചതിനു ശേഷം ഉള്ള 48  മണിക്കൂറിനുള്ളിൽ 38,500  വോട്ടർ രജിസ്ട്രേഷനുകൾ ഉണ്ടായതായി വോട്ടർ രജിസ്ട്രേഷനുകൾ പ്രോത്സാഹിപ്പിക്കുന്ന വോട്ട്.ഓർഗ് പറഞ്ഞു. ഇവരിൽ 85 % വും 35  വയസിൽ താഴെ ഉള്ളവരാണ്. 18  വയസുള്ളവർ മാത്രം 18 % വരും. സാധാരണയായി രജിസ്‌ട്രേഷൻ നടത്തുന്നവരിൽ 80 % വും വോട്ടു ചെയ്യുകയാണ് പതിവ്.


മുൻ പ്രസിഡന്റ് ട്രംപിനെയും ഒഹായോ സെനറ്റർ ജെ ഡി വാൻസിനെയും പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് സ്ഥാനാർഥികളായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ച ആഴ്ച അവസാനം 27,077 പേര് രജിസ്റ്റർ ചെയ്തു. 2020  തിരഞ്ഞെടുപ്പിൽ ഏതാണ്ട് 48 % 18  മുതൽ 29  വയസു വരെ പ്രായമുള്ളവർ വോട്ടു ചെയ്തു. 65 മുതൽ 74  വയസു വരെ പ്രായക്കാർ 73 % വും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 2016  ൽ 40 % യുവാക്കൾ മാത്രമേ വോട്ടവകാശം ഉപയോഗിച്ചുള്ളൂ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.


വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പാക്കുന്നതിന് മുൻപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2020  ന്റെ ഒരു റീമാച്ചായി മാത്രമേ പലരും കരുതിയിരുന്നുള്ളു. അതനുസരിച്ചു വോട്ട്  ചെയ്യുവാനുള്ള താല്പര്യം പലരിലും കുറവായിരുന്നു. എന്നാൽ ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥിയായി കമല ഹാരിസ് വരും എന്ന വാർത്ത ഒരു വലിയ ശതമാനം വോട്ടർമാരിൽ താൽപ്പര്യം ഉണർത്താൻ പര്യാപ്‌തമായതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
80  ലക്ഷം പേരാണ് 18  വയസുകാരായോ 18  തികഞ്ഞവരായോ നവംബര് 5 നു പോളിങ് സ്റ്റേഷനുകളിൽ എത്തുക. പുതിയ രജിസ്ട്രേഷനുകൾ ഇവരുടെ വർധിച്ചു വരുന്ന താല്പര്യം വ്യക്തമാക്കുന്നു.


പുതിയ അഭിപ്രായ സർവേകളിൽ ഹാരിസും ട്രംപും തമ്മിൽ ജനപിന്തുണക്കു വലിയ അന്തരം കാണുന്നില്ല. റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിൽ ഹാരിസിന് 44 %വും ട്രംപിന് 42 %വും പറയുന്നു. എന്നാൽ എൻ പി ആർ/പി ബി എസ്‌ ന്യൂസ്/മാറിസ്ററ് നാഷണൽ പോളിൽ ട്രംപിന് 46 % വും ഹാരിസിന് 45 % വും ആണ് പിന്തുണ.


ടെക്സാസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് ഹാരിസിനെതിരെ വലിയ വിമര്ശനം ഉന്നയിച്ചു. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡണ്ട് നോമിനി ആകാനുള്ള വിധം വളരെ വേഗം ഹാരിസ് ഉയർന്നു വന്നത് ന്യൂന പക്ഷങ്ങളെ ഉൾക്കൊള്ളാനുള്ള അമേരിക്കയുടെ നിയമങ്ങളാണെന്നു പാട്രിക് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവർ ഡി ഇ ഐ (ഡിവേഴ്സിറ്റി, ഇക്വാളിറ്റി, ഇൻക്ലൂഷൻ) യുടെ റാണി ആയിരിക്കും എന്നും അവർ നോമിനീ ആയതു ഒരു ഡി ഇ ഐ ഹയർ ആണെന്നും വിശേഷിപ്പിച്ചു. ട്രംപിന്റെ ടെക്സസിലെ തിരഞ്ഞെടുപ്പ് പ്രചാരണ തലവനാണ് പാട്രിക്. ടെക്സാസ് പബ്ലിക് യൂണിവേഴ്സിറ്റികളിൽ ഡി ഇ ഐ പദ്ധതികൾ 2023 ൽ നിർത്തലാക്കുവാൻ മുൻകൈ എടുത്ത വ്യക്തിയാണ് പാട്രിക്.


എന്നാൽ യു എസ്‌ സ്പീക്കർ മൈക്ക് ജോൺസൻ ഉൾപ്പടെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ ഹാരിസിന്റെ ലിംഗത്തെയോ വർഗ്ഗത്തെയോ വിമര്ശിക്കരുത് എന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താൽ വോട്ടർമാരെ അകറ്റുകയായിരിക്കും ഫലം എന്നവർ മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക