Image

എന്നെ ഉറക്കൂ (കവിത:രാജു തോമസ്)

Published on 27 July, 2024
എന്നെ ഉറക്കൂ (കവിത:രാജു തോമസ്)

പ്രസ്ത്ഥാനമെല്ലാം ചവിട്ടിക്കുഴച്ച
സംസാരം വിട്ടു ഞാൻ പോയി.
അതിലെന്റെ വാക്ക് കുഴഞ്ഞുവീഴ്കെ
എന്നാത്മാവുമായങ്ങു നിഷ്ക്രമിച്ചേൻ.
നന്നായൊരുങ്ങി ഞാൻ നല്ലൊരു നാൾ
കാശിക്കു പോകാനിറങ്ങി പിന്നെ.
ഒരുമിച്ചു കാറ്റും മഴയും വന്നു;
എന്റെ മണ്ണാങ്കട്ട അലിഞ്ഞുപോയി,
കരിയില അമ്പേ പറന്നുപോയി.
പനി മുഴുവൻ മാറിയി,ല്ലതിനുമുമ്പേ
ഒരു യാത്രപോയ്, അതു നീണ്ടൂപോയി.
പ്രേതവും പാമ്പുമിറങ്ങിവരും മുള-
ങ്കൂട്ടം ആ രാവിനെക്കാളും കറുത്ത്
എന്നേകാന്ത പാത വിലങ്ങിനിൽക്കെ,
സ്വന്തം കവിതകൾ മന്ത്രങ്ങളാക്കി
ഓടി ഞാൻ ഭീതനായ് നീളെ.
അറിവീല ഞാനെങ്ങു വീണു,
എഴുന്നേൽക്കുവാനാവാതെ വീണു.

നീറുന്നു രണ്ടുകയ്യും നിരക്കെ
സിറിഞ്ചിന്റെ ചോരപ്പാടുകൾ,
ഒരുനൂറു കൈകളാലുന്തുന്നു
വേദന നൈരാശ്യനരകത്തിലേക്ക്--
നേഴ്‌സേ, മരുന്നു തന്നെന്നെ ഉറക്കൂ.
വിശ്രമാർത്ഥിയാം ക്ഷീണദേഹത്തെ
തുണയ്‌ക്കുവാനാവാതെ തപ്തമാം
മനസ്സിനെ ശാന്തമാക്കിക്കിടത്തൂ.
വാഴ്‌വിന്റെ മുറിവായൊലിക്കുന്നു
ഞാൻ, ചിന്തയുടെ കറുത്ത ചറം.
മാഞ്ഞുപോയെന്റെ തെളിനീർക്കയങ്ങൾ,
വേറിട്ട കൊച്ചുകൊച്ചൊഴുക്കുകൾ,
പുളിനപുളകങ്ങളും മാഞ്ഞുപോയ്.
കൂലംകുത്തിക്കലങ്ങിപ്പായുമെൻ
ബോധമിരമ്പുന്ന ചഞ്ചലവാക്യത്തി-
നർത്ഥം നിവർത്തിമാറൊരു
പകലിന്റെ വെളിവിലേക്കുണരാൻ
നേഴ്‌സേ, മരുന്നു തന്നെന്നെ ഉറക്കൂ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക