Image

ഹാരിസ് നെതന്യാഹുവിനോട് അനാദരവ് കാട്ടിയെന്നു ട്രംപ്; യുഎസ് കൊണ്ടുവന്ന യുദ്ധവിരാമ പദ്ധതി താളം തെറ്റിയെന്നു ഇസ്രായേലി നേതാവ് (പിപിഎം)

Published on 27 July, 2024
ഹാരിസ് നെതന്യാഹുവിനോട് അനാദരവ് കാട്ടിയെന്നു  ട്രംപ്; യുഎസ് കൊണ്ടുവന്ന യുദ്ധവിരാമ പദ്ധതി താളം തെറ്റിയെന്നു ഇസ്രായേലി നേതാവ്  (പിപിഎം)

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഗാസയിലെ സിവിലിയൻ മരണങ്ങളെ കുറിച്ചു പ്രകടിപ്പിച്ച അഭിപ്രായങ്ങൾ 'അനാദരവ്' ആണെന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വീകരിച്ചപ്പോൾ യഹൂദ വംശജർ തനിക്കു വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

"അവരുടെ അഭിപ്രായങ്ങൾ അനാദരമാണെന്നു ഞാൻ കരുതുന്നു," ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. ഇസ്രയേലിനെ കുറിച്ച് അവർ പറഞ്ഞതൊന്നും നല്ല കാര്യങ്ങളല്ല. എങ്ങിനെയാണ് ഒരു യഹൂദന് അവർക്കു വോട്ട് ചെയ്യാൻ കഴിയുക എന്നെനിക്കറിയില്ല."

ഗാസയിൽ വളരെയധികം സിവിലിയന്മാരെ ഇസ്രയേൽ കൊന്നൊടുക്കിയെന്നു നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോഴാണ് യഹൂദനായ ഡഗ് എൻഹോഫിന്റെ ഭാര്യ കൂടിയായ ഹാരിസ് പറഞ്ഞത്. നെതന്യാഹു അമ്പരന്നു പോയി എന്നാണ് യുഎസ് മാധ്യമങ്ങളുടെ വിലയിരുത്തൽ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിയോഗിയായ ഹാരിസ് തീവ്ര ഇടതുപക്ഷ വാദിയാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. "സാൻ ഫ്രാന്സിസ്കോയെ അവർ നശിപ്പിച്ചു. നശീകരണമാണ് അവർക്കറിയാവുന്നത്. നിർമിക്കാൻ അറിയില്ല."  

ഗാസയിൽ യുഎസ് മുൻകൈയെടുത്തു കൊണ്ടുവന്ന യുദ്ധവിരാമ പദ്ധതി ഹാരിസ് താളം തെറ്റിച്ചിരിക്കാം എന്നു നെതന്യാഹു പറഞ്ഞു. വെടി നിർത്തലിനു ആവേശമൊന്നും കാട്ടിയിട്ടില്ലാത്ത അദ്ദേഹം നവംബർ തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിക്കുമോ എന്നു കാണാൻ കാത്തിരിക്കയാണ് എന്നാണ് നിഗമനം. ബൈഡൻ-ഹാരിസ് ഭരണകൂടം മുന്നോട്ടു വച്ചിട്ടുള്ള നിർദേശം ഇസ്രയേൽ ഉടൻ തന്നെ യുദ്ധം അവസാനിപ്പിക്കണം എന്നാണ്.

ഇറാനെ ഒതുക്കുമെന്നു വാഗ്‌ദാനം 

ഇറാനെതിരെ ഇസ്രയേലിനു ശക്തമായ പിന്തുണ നൽകുമെന്നു ട്രംപ് ഉറപ്പു നൽകി. ഇറാന്റെ മേലുള്ള ഉപരോധം പൂർണമായി നടപ്പാക്കാൻ ബൈഡൻ ഭാരണകൂടത്തിനു കഴിഞ്ഞില്ല. ഇസ്രയേൽ വിരുദ്ധ സായുധ സംഘങ്ങളെ ഇറാൻ വളർത്തി -- ഹമാസ്, ഹിസ്‌ബൊള്ള, ഹൂത്തികൾ എന്നിവ ഉൾപ്പെടെ.

ഇറാനു പണത്തിനു ഞെരുക്കമുണ്ടാക്കിയ ഉപരോധം അവരുടെ ഭീകര പ്രവർത്തനവും തടഞ്ഞുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഉപരോധം തുടരാൻ ബൈഡൻ ശ്രമിച്ചില്ല. "ആർക്കും എണ്ണ വിൽക്കാൻ കഴിയാതിരുന്ന ഇറാൻ ഇപ്പോൾ സമ്പന്ന രാജ്യമായി."

തന്നെ ജയിപ്പിച്ചാൽ താൻ മൂന്നാം ലോക മഹായുദ്ധം തടയുമെന്നു ട്രംപ് പറഞ്ഞു. "അത് വളരെ എളുപ്പത്തിൽ സാധിക്കാം. ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധം ഉണ്ടാവും. ഒരു പക്ഷെ മൂന്നാം ലോക യുദ്ധവും.”

2020ൽ യഹൂദരുടെ വോട്ട് തേടിയ ട്രംപ് അത് കിട്ടിയില്ലെന്നു മനസിലായപ്പോൾ പിന്നീട് അവരെ വിമർശിച്ചിരുന്നു. യഹൂദർ വൻ തോതിലാണ് ബൈഡനു വോട്ട് ചെയ്തത്. ബൈഡനെ നെതന്യാഹു അഭിനന്ദിച്ചപ്പോൾ ട്രംപ് രോഷാകുലനായി.

ഇറാനെതിരായ ഉപരോധം ശക്തമായി നടപ്പാക്കുന്നില്ല എന്നു ഡെമോക്രറ്റുകൾ തന്നെ ബൈഡനോട് പറഞ്ഞിരുന്നു. ജനുവരിയിൽ അക്കര്യം ചൂണ്ടിക്കാട്ടി 62 ഹൗസ് ഡെമോക്രറ്റുകൾ അദ്ദേഹത്തിനു കത്തയച്ചു.

Trump calls Harris remarks 'disrespect'

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക