ഇന്ത്യൻ ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണാധികാരിയും ,സ്വാതന്ത്ര്യ സമര സേനാനിയുമാണ് ടിപ്പു സുൽത്താൻ.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണദ്ധേഹം. മുമ്പ് ബ്രിട്ടീഷുകാരും പിന്നീട് തീവ്രവലതുപക്ഷ ഹിന്ദുത്വ സംഘപരിവാര വിഭാഗങ്ങളുമാണ് അദ്ധേഹത്തെ തെറ്റായി ചിത്രീകരിക്കുന്നതിനു പിന്നിലുള്ളത്.
ബ്രിട്ടീഷുകാരോട് യാതൊരു ഒത്തുതീർപ്പിനും തയ്യാറാവാതിരുന്ന ടിപ്പുസുൽത്താൻ ഇന്ത്യൻ ദേശീയതയുടെയും മതസഹിഷ്ണുതയും പ്രതീകമാണ് .ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ നേതൃത്വത്തിൽ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കാൻ ധാരാളം ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇന്ന് രാഷ്ട്രീയം ലാഭം മാത്രം ലക്ഷ്യം വെച്ച് സംഘപരിവാര സംഘടനകൾ ടിപ്പുവിനെതിരെ ബ്രിട്ടീഷുകാർ ഉന്നയിച്ച ആരോപണങ്ങളെ ഏറ്റു പിടിക്കുന്നുണ്ട് .എന്നാൽ ഈ "ഭ്രാന്ത വൽക്കരണ"ത്തിനെതിരെ ധാരാളം ഗവേഷണപഠനങ്ങൾ നടക്കുകയും വസ്തുതകളെ പുറത്തുകൊണ്ടുവരികയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ വസ്തുതകൾ മനസ്സിലാക്കൽ ഓരോ ഇന്ത്യക്കാരന്റേയും ചരിത്ര കുതുകികളുടേയും ബാധ്യതയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ കർണാടകയിലെ നാടോടിപ്പാട്ടുകളിലെല്ലാം ടിപ്പു സുൽത്താനെ കുറിച്ചുള്ള പാട്ടുകൾ ധാരാളമുണ്ടായിരുന്നു. അതുപോലെ അവിടങ്ങളിൽ ആയിരക്കണക്കിന് വേദികളിൽ ടിപ്പുവിനെ കുറിച്ചുള്ള നാടകങ്ങൾ അരങ്ങേറിയിരുന്നു.
പ്രമുഖ അമർചിത്രകഥയിലെ ധീര പോരാളിയും, രാഷ്ട്രത്തിനായി രക്തസാക്ഷ്യം വഹിക്കുകയും ചെയ്ത ധീര കഥാപാത്രമായി സാഹിത്യങ്ങളിൽ ടിപ്പു വിരാചിക്കപ്പെട്ടു. ടിപ്പുവിൻറെ ആത്മകഥയെ ആസ്പദമാക്കി 1970 ൽ സംഘപരിവാർ തന്നെ അവരുടെ പ്രസിദ്ധീകരണത്തിൽ 'ഭാരതി ഭാരതി ' എന്ന പേരിൽ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു .ഈ പരമ്പരയിൽ ടിപ്പു ധീര ദേശാഭിമാനിയും, ധീര ദേശനായകനുമാണെന്ന് എഴുതുകയും ടിപ്പുവിനെ ധാരാളമായി അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതേ ടിപ്പുനെ ഇന്ന് ''ഹിന്ദുവിന്റെ ശത്രു" എന്ന രീതിയിൽ ജനമധ്യേ അവഹേളിക്കുന്നതും സംഘ് പരിവാറാണ്.ടിപ്പുവിനെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച് സാമുദായിക ദ്രുവീകരണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യുക എന്ന അജണ്ടയാണ് സംഘപരിവാർ പിന്തുടരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ അവസാന രണ്ടു ദശകങ്ങളിലാണ് ടിപ്പുവിനെ വർഗീയവാദിയായി ചിത്രീകരിക്കാൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ആളുകളെ ചുമതലപ്പെടുത്തുന്നത് .
ബ്രിട്ടീഷ് ഉദ്യോഗസ്ഥർ, എഴുത്തുകാർ, ചിത്രകാരന്മാർ , കാർട്ടൂണിസ്റ്റുകൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെട്ടിരുന്നുവെന്ന് 'മിഖായേൽ സൊറാക്കോ ' തന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി മിസൈൽ സാങ്കേതികവിദ്യ ഉപയോഗിച്ചത് ടിപ്പുസുൽത്താനായിരുന്നു. അതിനാലാണ് ഐഎസ്ആർഒയുടെ ഓഫീസ് ചുമരുകളിൽ ടിപ്പുവിൻറെ ചിത്രം തൂക്കിയത് . ടിപ്പുവിന്റെ മൈസൂർ രാജ്യത്ത് അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യ നിലനിന്നിരുന്നു.
ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധാവശ്യത്തിനായി ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന അഞ്ഞൂറിലധികം തോക്കുകൾ മൈസൂരിൽ നിർമ്മിക്കുന്ന തോക്കുകളുടെ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി ടിപ്പു തിരിച്ചയച്ചിരുന്നു.
നികുതി ശേഖരിക്കാനായി ആധുനിക രീതിയിലുള്ള 'ബ്യൂറോക്രാറ്റിക് ' സംവിധാനവും ടിപ്പു നിലനിർത്തിയിരുന്നു. ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ നമ്മുടെ പല രാജാക്കന്മാരും പലഘട്ടങ്ങളിലും സന്ധി ചെയ്യുകയോ ,അല്ലെങ്കിൽ ബ്രിട്ടീഷുകാരോട് ചേർന്ന് ഇന്ത്യൻ നാട്ടുരാജ്യങ്ങൾക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടുണ്ട് .എന്നാൽ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം ചെയ്ത ഇന്ത്യയിലെ ഒരേ ഒരു രാജാവായിരുന്നിരിക്കണം ടിപ്പു സുൽത്താൻ. പഴശ്ശിരാജയും, ഹൈദരാബാദിലെ നൈസാമും ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് ഇന്ത്യൻ നാട്ടുരാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട്. കുറുമ്പ്രനാട് താലൂക്കിലെ നികുതി പിരിക്കാനുള്ള അവകാശം തനിക്ക് നൽകാതെ തന്റെ അമ്മാവന് നൽകിയതിനാലാണ് പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടാൻ കാരണമായത്.
ടിപ്പുവിന്റെ മന്ത്രിസഭയിലെ ഉയർന്ന സ്ഥാനങ്ങളിലെല്ലാം മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ടിപ്പു നിയമിച്ചിരുന്നത് ഉയർന്ന സവർണ ബ്രാഹ്മണരെയായിരുന്നു. (Chandan Gowda,The Hindu,All about Tippu Sultan,Nov 9 - 16)
വിൻസ്റ്റൻറ് സ്മിത്ത്, മാർക്ക് വീൽക്കസ് തുടങ്ങിയ ചരിത്രകാരന്മാർ ടിപ്പുവിനെ വർഗീയവാദിയായി ചിത്രീകരിച്ച പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരന്മാരാണ്.ടിപ്പു ഉൾപ്പെടെയുള്ള ഇന്ത്യയിലെ മുസ്ലിം രാജാക്കന്മാരെല്ലാം കടുത്ത വർഗ്ഗീയ വാദികളും, മതഭ്രാന്തന്മാരും ക്ഷേത്രധ്വംസനം നടത്തിയ വരുമായിരുന്നുവെന്ന് പ്രചരിപ്പിക്കാൻ സംഘ്പരിവാർ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ട് .
എന്നാൽ വസ്തുതകൾ മറ്റൊന്നാണ്.
ക്ഷേത്രങ്ങൾ കൊള്ളയടിച്ചതാര്?
.............................................
ഹർബൻസ് മുഖിയ എഴു എഴുതുന്നു : 'മുസ്ലീങ്ങൾ രാഷ്ട്രീയ പ്രതിയോഗികളായി ഉയർന്നു വരുന്നതിനും എത്രയോ മുമ്പ് ശത്രു രാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ നേരെ ഹിന്ദു രാജാക്കന്മാരും ഇതേവിധം പ്രവർത്തിച്ചു പോന്നുവെന്നവസ്തുത അനുബന്ധമായി പ്രസ്താവിക്കട്ടേ. പർമാര വംശത്തിലെ ഭരണാധികാരിയായിരുന്ന സുഭത വർമൻ (1193-1210) ഗുജറാത്തിനെ ആക്രമിക്കുകയും ഭാഭേ ഭയിലേയും കംബോയിലേയും ജൈന ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും ചെയ്തു .കാശ്മീരിലെ ഭരണാധികാരിയായിരുന്ന ഹർഷൻ നാല് ക്ഷേത്രങ്ങളൊഴികെ തന്റെ സാമ്രാജ്യത്തിൽ പെട്ട എല്ലാ ക്ഷേത്രങ്ങളും കൊള്ളയടിച്ച് ഖജനാവിന് മുതൽക്കൂട്ടുണ്ടാക്കി(Ibid,Page :48)
പല ഹിന്ദു രാജാക്കന്മാരും ധനമോഹത്താലും, രാഷ്ട്രീയ താൽപര്യങ്ങളാലും ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറാത്തക്കാരും ,രജ പുത്രന്മാരും അന്യനാടുകളിൽ അനേകം അമ്പലങ്ങൾ കൊള്ളയടിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുസ്ലിം രാജാക്കന്മാരിൽ ഏറ്റവും അസഹിഷ്ണുതക്കാരനായി ചിത്രീകരിക്കപ്പെട്ടത് ഔറംഗസേബിനെയായിരുന്നുവല്ലോ? എന്നാൽ അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല നിരവധി അമ്പലങ്ങൾക്കും ക്ഷേത്രങ്ങൾക്കും അളവറ്റ സഹായം നൽകിയിട്ടുമുണ്ട്. സോമേശ്വർ നാഥ് മഹാക്ഷേത്രത്തിന് പണവും, ഭൂസ്വത്തും ദാനമായി നൽകിയതിന്റെ രേഖകൾ ഇന്നും ലഭ്യമാണ്. വരാണസിയിലെ ജംഗുബാഡി ശിവക്ഷേത്രത്തിന് ഔറംഗസേബ് ഭൂസ്വത്ത് നൽകി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ ആധാരങ്ങളിപ്പോഴും അവിടുത്തെ മഹന്തിന്റെ കൈവശമുണ്ട് .ഗിർനാറിലും, അസുഹലും ക്ഷേത്രങ്ങൾ നില നിൽക്കുന്ന സ്ഥലം നിർമ്മാണത്തിനായി നൽകിയത് ഔറംഗസേബായിരുന്നു.ശത്രുൻജയൻ ക്ഷേത്രമുൾപ്പെടെ നിരവധി ഹിന്ദു ആരാധനാലയങ്ങൾക്കും അവിടുത്തെ പൂജാരിമാർക്കും അദ്ദേഹം ഒട്ടേറെ സൗജന്യങ്ങൾ അനുവദിക്കുകയുണ്ടായി.(ബി.എൻ.പാണ്ഡേ. ഇസ്ലാമും ഇന്ത്യൻ സംസക്കാരവും.പേജ്: 58 - 73)
രാജാക്കന്മാർ പലപ്പോഴും സമ്പത്ത് സൂക്ഷിച്ചിരുന്നത് ക്ഷേത്രങ്ങളിലായിരുന്നു. ശത്രു രാജ്യങ്ങളിലെ രാജാക്കന്മാർ സമ്പത്തിനായി ക്ഷേത്രങ്ങൾ പിടിച്ചടക്കുന്നതും, നശിപ്പിക്കുന്നതും,കൊള്ള ചെയ്യുന്നതും സർവ്വസാധാരണമായിരുന്നു.
പല രാജാക്കന്മാരും അതിനുവേണ്ടി മാത്രം സൈന്യത്തിലെ ചില വിഭാഗങ്ങളെ നിലനിർത്തിപ്പോന്നിരുന്നു.
റൊമീള ഥാപ്പർ എഴുതുന്നു, ''പത്തൊമ്പതാം നൂറ്റാണ്ടിൽ കാശ്മീർ ഭരിച്ച ഹർഷന്റെ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്. ക്ഷേത്രധ്വംസനം ഒരു സംഘടിത കൃത്യമായിരുന്നു. 'ദേവോത്പതനായകൻ' എന്ന ഒരു ഉദ്യോഗസ്ഥനെ തന്നെ (ദേവന്മാരെ തകർക്കുന്ന ഉദ്യോഗസ്ഥൻ എന്നാണ് ഈ പദത്തിൻറെ അർത്ഥം )ഇതിനായി നിയമിച്ചിരുന്നുവെന്ന്
'രാജതരംഗിണി' എന്ന കൃതിയിൽ കൽഹൻ വ്യക്തമാക്കുന്നു. ആ ഉദ്യോഗസ്ഥന്റെ മുഖ്യ ജോലി ക്ഷേത്രങ്ങൾ കൊള്ളയടിക്കലായിരുന്നു.
ഗസ്നി മത ഭക്തനോ മതപ്രബോധകനോ അല്ലാത്ത തികഞ്ഞ സ്വേച്ഛാധിപതിയും, മർദ്ധക ഭരണാധികാരിയുമായിരുന്നു .ഗസ്നിയുടെ ക്ഷേത്ര കവർച്ചകൾ ഇന്ത്യൻ മുസ്ലിംകൾക്ക് കുറച്ചൊന്നുമല്ല ചീത്തപ്പേരുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കവർച്ചകൾക്ക് മതപരമായ മാനം ഉണ്ടായിരുന്നില്ല.
ഡോക്ടർ ഈശ്വരി പ്രസാദ് എഴുതുന്നു, "മുഹമ്മദ് ഗസ്നിയുടെ സൈന്യത്തിൽ ഒരു വിഭാഗം ഹിന്ദുക്കളായിരുന്നു, പട്ടാളമേധാവികൾ പലരും ഹിന്ദുക്കളായിരുന്നു.അദ്ദേഹത്തിൻറെ ലാഹോറിലെ ഗവർണർ പോലും ഹിന്ദുവായിരുന്നു''(Muslim rule in India, Dr.Iswari Prasad)
ടിപ്പുവിനെ കുറിച്ച് ഗാന്ധി
.............................................
ടിപ്പു സുൽത്താനെ കുറിച്ച് ഗാന്ധി ഇങ്ങനെ എഴുതുന്നു "വിദേശ ചരിത്രകാരന്മാർ ടിപ്പുസുല്ത്താനെ മതഭ്രാന്തനായും ഹിന്ദു പ്രജകളെ അടിച്ചമർത്തി ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്.
എന്നാൽ അദ്ദേഹം അത്തരക്കാരനായിരുന്നില്ല. മറിച്ച് ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിൻറെ ബന്ധം തികച്ചും സൗഹാർദ്ദപരമായിരുന്നു. മൈസൂർ നാട്ടുരാജ്യത്തിലെ പുരാവസ്തു വിഭാഗത്തിൽ ടിപ്പു ശൃംഖേരി മഠത്തിലെ ശങ്കരാചാര്യർക്ക് എഴുതിയ 30ലേറെ കത്തുകളുണ്ട് .ഹിന്ദു ക്ഷേത്രങ്ങൾക്ക് ടിപ്പു വൻതോതിൽ ഭൂസ്വത്തുക്കൾ ദാനംചെയ്തു. ടിപ്പുവിന്റെ കൊട്ടാരങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ശ്രീവെങ്കിട്ടരാമണ്ണശ്രീനിവാസ ക്ഷേത്രവും ശ്രീരംഗനാഥ് തുടങ്ങിയ ക്ഷേത്രങ്ങളും സഹിഷ്ണുതയുടെയും വിശാലമനസ്കതയുടേയും അനശ്വര സ്മാരകങ്ങളാണ്. അല്ലാഹുവിൻറെ ഭക്തനായിരുന്ന മഹാനായ ഈ രക്തസാക്ഷി സ്വാതന്ത്രസമരത്തിലെ രക്തസാക്ഷിയായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള മണിനാദങ്ങൾ പ്രാർത്ഥനകൾക്ക് ശല്യമായി അദ്ധേഹം കരുതിയിരുന്നില്ല.'' (യങ് ഇന്ത്യ 1930 ജനുവരി ,പേജ് 31)
1971 ൽ രഘുനാഥ റാവുപട് വർധന്റെ നേതൃത്വത്തിൽ മറാത്ത സേന പ്രശസ്തമായ ശൃംഖേരിമഠം കൊള്ളയടിക്കുകയും അനേകം വൈദികബ്രാഹ്മണരെ കൊല്ലുകയും ചെയ്തു.
എന്നിട്ട് ധാരാളം ധനം അപഹരിച്ചു, മഠാധിപതിക്ക് പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടേണ്ടി വന്നു. അന്ന് ശൃംഖേരി മഠാധിപതിയുടെ അഭ്യർത്ഥന മാനിച്ച് ക്ഷേത്ര സംരക്ഷണത്തിന് പട്ടാളത്തെ അയച്ച് അക്രമികളെ തുരത്തിയത് ടിപ്പുസുൽത്താനാണ്.(Bundle of Letters in the Temple Shringeri discovered by Shri Narasimhachar in 1951.Quated by K.H Khan -Tippu Sultan :Page-355)
ടിപ്പുസുൽത്താൻ അനേകം അമ്പലങ്ങൾ നിർമിക്കാൻ സഹായം നൽകിയതോടൊപ്പം നിരവധി ക്ഷേത്രങ്ങൾക്ക് സ്വത്തുക്കൾ സംഭാവന ചെയ്യുകയുണ്ടായി. മൈസൂർ പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് അദ്ദേഹം നഞ്ചൻകോട് താലൂക്കിലെ ലക്ഷ്മീകാന്തം ക്ഷേത്രത്തിനും, മേൽക്കാട് നാരായണ സ്വാമി ക്ഷേത്രത്തിനും ആനകളും സ്വർണ്ണ വെള്ളി തളികകളും സ്ഥലങ്ങളും മറ്റും സമ്മാനങ്ങളായി നൽകിയിരുന്നു.(Mysore Archaeological Report, 1917.Page:60)
ഇങ്ങനെ അനേകം സംഭവങ്ങളുണ്ട്. പക്ഷേ അവയെല്ലാം മറച്ചുവെച്ച് തന്ത്രപരമായി അസത്യവും അസഹിഷ്ണുതയും പ്രചരിപ്പിക്കുകയാണിന്ന്. നമ്മുടെ നാടുകളിൽ കാലപ്പഴക്കം കൊണ്ടും മറ്റും അനേകം ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നശിച്ച് പോയിട്ടുണ്ട് , എന്നാൽ ടിപ്പുവും സൈന്യവും കാലു കുത്താത്ത ആ നാട്ടിലെ ക്ഷേത്രവും തകർത്തത് ടിപ്പു സുൽത്താനാണെന്ന് അറിഞ്ഞോ അറിയാതയോ ഇന്ന് പ്രചരിക്കുന്നുണ്ട്. ഇത്യാദി അസഹിഷ്ണുതാ പ്രചരണങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്.
ഈ രാജ്യം എല്ലാ ഇന്ത്യക്കാരുടേതുമാണ്. മതത്തിന്റേയും , ജാതിയുടേയും, വർണത്തിന്റേയും പേരിൽ നമ്മുടെ സമൂഹത്തെ കീറിമുറിക്കാൻ അനുവദിക്കരുത്. നമ്മുടെ രാജ്യത്തേയും സമൂഹത്തേയും സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് .
പ്രമുഖ ഹിന്ദു ആചാര്യനും ചിന്തകനുമായിരുന്ന തുളസീദാസിന് തന്റെ പ്രശസ്ത കൃതിയായ 'രാമചരിതമാനസം ' രചിക്കാൻ മസ്ജിദിന്റെ ഓരത്ത് പായവിരിച്ചു നൽകിയത് ഉത്തരേന്ത്യയിലെ മുസ്ലിംകളായിരുന്നുവെന്നത് ഇവിടുത്തെ ഹിന്ദുവും മുസൽമാനും വിസ്മരിച്ചു കളയരുത് .ഇന്ത്യ മാനവ സൗഹൃദങ്ങളുടെ ഭൂമിയാണ് .ഇതിന് പോറലേൽക്കാതെ സംരക്ഷിക്കേണ്ടത് നാം ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ് .
(ലേഖകൻ സോഷ്യോളജിയിൽ പി. എച്ച് .ഡി ഗവേഷണ വിദ്യാർഥിയാണ്)