രണ്ടുനാള്‍ മുമ്പു നടന്ന ഒരു സംഭവത്തിന്റെ ബാക്കിയാണ് അരങ്ങേറിയതെന്നാ അമ്മ പറഞ്ഞത്. ഒരു കറുത്തവന് വെളുത്തവളോട് തന്റെ ഇഷ്ടം അറീച്ചതിന്റെ ഫലം അന്നവിടെ വെന്തുമരിച്ച നൂറ്റുമുപ്പതു പേരും രണ്ടു നാള്‍ക്കു മുമ്പ് വെടിയേറ്റുമരിച്ച എട്ടും കൂടിയായാല്‍ നൂറ്റിമുപ്പത്തെട്ട്.അതില്‍ മൂന്നുവെളുത്തവര്....ബാക്കിയത്രയും കറുത്തവന്റെ രക്തം. കറുത്തവന് ചെയ്ത തെറ്റ് ഒരു വെളുത്തവളെ പ്രേമിച്ചു. അവര്‍ സ്കൂളില്‍ ഒരേ ക്ലാസില്‍ പഠിക്കുന്നവര്‍. വെളുത്തവള്ക്ക് ആ കറുത്തവനെ ഇഷ്ടമായിരുന്നു. അതവള് അവനോടു പറഞ്ഞിട്ടുണ്ട്. കറുത്തവന് ഒരിക്കലും അവളൊട് ഇഷ്ടം ആണെന്നു പറഞ്ഞു പുറകെ നടന്നില്ല. പകരം അവള് അവന്റെ കണ്ണുകളിലേക്ക് നോക്കി ലഞ്ചുസമയമത്രയും ഇരിക്കും. അവന്റെ ചുരുണ്ട മുടിയുടെ അഴകും, കണ്ണുകളിലെ തിളക്കവും അവളാണു കണ്ടെത്തിയത്. അവനെ രഹസ്യമായി അവളുടെ കുതിരപ്പുരയിലേക്ക് ക്ഷണിച്ചതവളാണ്.ആ രഹസ്യ സംഗമത്തിലൊക്കേയും അവളാണു എല്ലാത്തിനും മുന്‍കൈ എടുത്തത്. പിടിക്കപ്പെട്ടപ്പോള്‍ അവള് അവനെ തള്ളിപ്പറഞ്ഞുവോ... അറിയില്ല....അങ്ങനെപറഞ്ഞിട്ടുണ്ടാകും.... അല്ലെങ്കിലും ആരും അതൊന്നും ചോദിച്ചിട്ടുണ്ടാകില്ല. കുറ്റവും, വിചാരണയും ഒന്നും ഇല്ലാതെ നേരെ ശിക്ഷയിലേക്കല്ലെ പോയത്.
അവര്‍ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം കുതിരാലയിത്തില് അന്നു വൈകിട്ട് കണ്ടുമുട്ടാന്‍ ഇരിക്കെയാണ് വളരെ യാതൃച്ഛികമായി നാല്ക്കവലയില് കണ്ടുമുട്ടിയത്. രണ്ടുപേരും രണ്ടാവശ്യങ്ങള്ക്കായി പുറത്തിറങ്ങിയവര്‍ ആയിരുന്നു. അവളുടെ കയ്യില്‍ പള്ളിയില്‍ പോകുമ്പോള്തലയില് ഇടാനുള്ള നേര്‍ത്ത തുണിയില്‍ തുന്നിച്ചേര്‍ക്കാനുള്ള അലങ്കാര നൂലുകള്‍ ഉണ്ടായിരുന്നു. അവന്റെ കയ്യില്‍ അനുജത്തിമാരുടെ വിശപ്പിനുള്ള റൊട്ടിയും. രണ്ടുപേരും കണ്ണില്‍ കണ്ണില്‍ നോക്കിപരിസരം മറന്നതവര് അറിഞ്ഞില്ല. അവളുടെ കയ്യിലെ റേന്തനൂല് അവനെ കാണിച്ചവള്‍ ചിരിച്ചു. അവന് ആ നൂലില്‍ തൊട്ട് അവന്റെ സന്തോഷം അറിയിച്ചു.നാല്ക്കവലിയില് അവരെ കാണുന്ന കണ്ണുകളെ അവര്‍ കണ്ടില്ല. അവരുടെ കണ്ണുകളിലെ കിലുകിലുക്കം ചുറ്റുമുള്ളവര്‍ കേട്ടുകാണുമായിരിക്കും. കടകളുടെ മുറ്റത്തെവിടെനിന്നോ ഒരുവന് നാല്‍ക്കവലയിലേക്ക് ഇഴഞ്ഞെത്തി അവന്റെ മേല്‍ കുറ്റം ആരോപിക്കുകയായിരുന്നു. വെളുത്തവളെ ബലാല്ക്കാരം ചെയ്യാന്‍ ശ്രമിച്ച കറുത്തവന്. കറുത്തവന് എന്നും കുറ്റവാളിയാണല്ലോ....അവന് അത്യാചാരിയും, അതിക്രമക്കാരനും, എന്തു ക്രൂരതചെയ്യാനും മടിക്കാത്തവനും എന്ന പൊതുധാരണ അവനെതിരെ സാക്ഷ്യം പറഞ്ഞു.നാല്ക്കവല അവനു ചുറ്റും കൂടി. അവനെ നാല്ക്കാവലയിലെ വിളക്കുകാലില്‍ കെട്ടിയിട്ട് ചാട്ടവാറുകൊണ്ട് അടിച്ചു. അവന്റെ കയ്യിലെ പെങ്ങന്മാരുടെ വിശപ്പിനായി വാങ്ങിയ റൊട്ടി നാലുപാടും ചിതറി മണ്ണില്‍ കരഞ്ഞു.
വെളുത്തവളെ ആരും വിചാരണ ചെയ്തില്ല. അവള് അവളുടെ തീരം തേടുന്നത് അവന് ചോരയൊലിക്കുന്ന കണ്ണുകളാല്‍ കണ്ടു. തലക്കേറ്റ മാരകമായ അടിയില്‍ അവന് മരിച്ചു. അതോടെ കഥയാകെ മാറി. പട്ടാളത്തില്‍ തോക്കിന്റെ പരിശീലനം കിട്ടിയിട്ടുള്ള ചെറുപ്പക്കാരായ കറുത്തവര്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിച്ച തോക്കുകളുമായി തെരുവില്‍ ഇറങ്ങി. വെളുത്തവരും കരുതലില്‍ ആയിരുന്നു. മൊത്തം എട്ടുമരണം. മൂന്നു വെളുത്തവര്‍ക്ക് അഞ്ചു കറുത്തവര്‍ എന്ന മട്ടില്‍ അതു തീര്‍ന്നു എന്നാണു കരുതിയത്.ഇപ്പോള്‍ ഇതാ മൂന്നിന് നൂറ്റിമുമ്പത്തഞ്ച് എന്ന അനുപാദത്തിലതു വളര്‍ന്നിരിക്കുന്നു.... ഇനി എന്ത്....എല്ലാം നഷ്ടപ്പെട്ടു. അവശേഷിച്ചവര്‍ അവരവരുടെ വിധിയും തേടി യാത്രയായി. ലെമാര്‍ ന്യൂയോര്‍ക്കിലേക്ക് പോയി.അമ്മ.... ജോര്‍ജ്ജയിലെ അറ്റ്ലാന്റയിലേക്ക് എന്തിനു പോയി... തനിക്ക് യജമാനത്തിയും കൂട്ടുകാരിയുമായിരുന്ന ലിസ അവിടെ എവിടെയോ ഉണ്ടെന്ന അറിവായിരിക്കാം.
തന്റെ മകനേയും കൂട്ടിയുള്ളആ യാത്രയെക്കുറിച്ച് അമ്മ പറയുമ്പോഴൊക്കെയേശുവിനേയും കൂട്ടി ജോസഫും, മറിയയും മിസ്രേമിലേക്കു ചെയ്യ്ത ആയാത്ര മനസ്സിലേക്ക് തികട്ടി തികട്ടി വരും. മറിയ്ക്കും, ജോസഫിനും ഒരു കഴുതെങ്കിലും ഉണ്ടായിരുന്നു.ഈ യാത്രയുടെ സമാനത ആ രണ്ടമ്മമാരും പിന്നിട് ബലിയായ രണ്ടുമക്കളേയും കൊണ്ടായിരുന്നു അവരുടെ യാത്ര. അമ്മക്ക്....വെന്തെരിഞ്ഞ ക്യാബിനിലെ നൂറ്റിമുപ്പതു ജീവിതങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍...അമ്മ പിന്നീട് എല്ലാ വര്‍ഷവും ഒരു തീര്‍ത്ഥാടകയെപ്പോലെ ആ സെമെത്തേരിയില് പോയി മെഴുകുതിരി കത്തിക്കും.ഒരിക്കല്‍ അമ്മയോടൊപ്പം പോയതോര്‍മ്മയുണ്ട്.അന്ന് അമ്മ പറഞ്ഞ കഥകളും ഹൃദയത്തില്‍ പതിഞ്ഞു.എല്ലാ കാര്യങ്ങളുടെയും കാരണവും സാക്ഷിയും ജീവിച്ചിരിപ്പുണ്ടെന്ന അറിവില്‍ അവരെ ഒന്നു കാണാന്‍ അമ്മയ്ക്കൊപ്പം പോയതോര്‍മ്മയുണ്ട്. അവര്‍ അപ്പോള്‍ ജീവിതത്തിന്റെ എല്ലാ ആര്ഭാടങ്ങളില് നീന്നും അകന്ന് അറ്റ്ലാന്റയിലെ നൂറേക്കറില്‍ ഒറ്റപ്പെട്ട ഒരു കന്യാമഠത്തിന്റെ താക്കോല്കാരിയായി, കാവിക്കുപ്പായത്തില്‍ തന്റെ ഇന്നലകളെ കുഴിച്ചുമൂടി വീണ്ടും ജനിച്ചവളായി, തനിക്കുവേണ്ടി മരിച്ചവനുവേണ്ടിയുള്ള ആണ്ടുബലിയും നടത്തി സേവനത്തിലൂടെ തന്റെ മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്നു. ജീവകാരുണ്യത്തിനായി തന്റെ വിഹിതമായ പിതൃസ്വത്തൊക്കേയും ചിലവഴിക്കുന്നവളെ വെളുത്തവള്‍ എന്ന നിലയില്‍ വെറുക്കാന്‍ പാടില്ലന്ന് അമ്മയാണു പറഞ്ഞത്.അതെ… വെറുപ്പ് ഒന്നും പരിഹരിച്ചിട്ടില്ല. അതൂ തീ പെരുപ്പിക്കത്തെയുള്ള. ആ വലിയ പാഠം പഠിപ്പിച്ച അമ്മയും ഒത്താണവരെ ആദ്യം കണ്ടത്.
കാവിക്കുപ്പായത്തിനുള്ളില് അവരുടെ മുഖമല്ലാത്തതൊക്കെ മറച്ചിരുന്നു. അവരുടെ കണ്ണുകളിലെ പ്രാകാശത്തിനു നല്ല വെണ്മയായിരുന്നു. അവര്‍ തന്നെ തൊട്ടപ്പോള്‍ കാലത്തിനുമുമ്പുള്ള അവരുടെ പ്രണയമനസിന്റെ തുടിപ്പ് തന്നിലേക്ക് പ്രസരിക്കുന്നതായി തോന്നി. അവരില്‍ ഇപ്പോഴും ആ കറുത്തവനോടുള്ള പ്രണയം ഉണ്ടായിരിക്കും.അല്ല ഉണ്ട് അതു തീര്‍ച്ച. അവര്‍ അവന്റെ ഓര്‍മ്മകളില്‍ നിന്നും ഒളിച്ചോടാന്‍ കഴിയാത്തവള്‍ ആയിരിക്കും. അവള് നൂറ്റിമുപ്പത്തിയഞ്ച് ആത്മാക്കളുടെ കാവലിലാണ്.അവളുടെ പ്രേമത്തിനു കോട്ടകെട്ടി കാവല്നില്ക്കുന്നവരുടെ നടുവില്‍ നിന്നും അവര്‍ക്ക് മോചനം ഇല്ലായിരിക്കാം, അല്ലെങ്കില്‍ അവര്‍ മോചനം ആഗ്രഹിച്ചിട്ടുണ്ടാകില്ല. എല്ലാ വെള്ളിയാഴ്ചയും അവര്‍ ജാക്സണ് അവന്യുവിനോടു ചേര്‍ന്നുള്ള പള്ളിമുറ്റത്തെത്തും. അവരുടെ മിനി ആശുപത്രി എന്നു വിളിയ്ക്കുന്ന കുതിരവണ്ടി അവര്‍ ഉപേക്ഷിച്ചില്ല. അതില്‍ വിശക്കുന്ന കറുത്ത കുട്ടികള്‍ക്കുള്ള പാലും റൊട്ടിയും, ചെറിയ ചെറിയ അസുഖകങ്ങള്ക്കുള്ള മരുന്നുകള്‍ക്കൊപ്പം ഹൃദയം നിറയെ സ്നേഹവും ഉണ്ടാകും. അവര്‍ തനിക്കു ജനിക്കാതെ പോയ തന്റെ കറുത്തമക്കളെ തേടിവരുന്നതാകാം. അവരാണു ശരിക്കും ക്രിസ്തുവിന്റെ സ്നേഹത്തെ തിരിച്ചറിഞ്ഞവള്‍. നിങ്ങളില്‍ ചെറിയ ഒരുവനു ചെയ്യുന്നതൊക്കേയും എനിക്കാകുന്നു ചെയ്യുന്നത് എന്നു ക്രിസ്തു പറഞ്ഞതായി വചനത്തില്‍ ഉണ്ട്. അഥവാ ഇനി ഇല്ലെങ്കിലും, ശുദ്ധരക്തവാദികളായി സ്വയം അവരോധിച്ച, വെള്ളയില്‍ അടിമുതല്‍ മുടിവരെ മൂടിയ, കുരിശും, വാളും, തോക്കുമായി നടക്കുന്ന പ്രാകൃതന്മാരേക്കാള് ക്രിസ്തു ആ നല്ലവള്ക്കൊപ്പമായിരിക്കും.റീനയുടെ മനസ്സ് പല കാലങ്ങളിലൂടെ ബസ്സിനുള്ളില്‍ നെടുവീര്‍പ്പിട്ടു.
ബസ്സ് ഹൈവേയില്‍ നിന്നും വാഷിംഗ്ടനിലേക്കുള്ള നാട്ടുവഴിയിലേക്കിറങ്ങുകയാണ്.പെരുവഴിയുടെ വിശാലതയെവിട്ടതില് ബസിനു വിമ്മിഷ്ടമുള്ളതുപോലെ ഇടയ്ക്കിടക്ക് ഡൈവറുടെ ബ്രെയിക്കൊനൊപ്പം ആടിയുലഞ്ഞു.ബസ്സിലുള്ളവരെല്ലാം ഉണര്‍ന്ന് വഴിയോരക്കാഴ്ച്കള് കാണാനെന്നവണ്ണം പുറത്തേക്കു നോക്കി. പലരും ആദ്യമായിട്ടാണ് വാഷിംഗടന്‍ കാണാന്‍ പോകുന്നത്. ഒരാഘോഷത്തില്‍ പങ്കുചേരാന്‍ പോകുന്ന ആവേശമൊന്നും ആരുടെയേയും മുഖത്തില്ലായിരുന്നു. പലര്‍ക്കും അതിന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ടാകില്ല. ബസ്സിലേറയും സ്ത്രീകളായിരുന്നു. എല്ലാ സമര ചരിത്രത്തിലും സ്ത്രീകള്‍ മുന്നിലുണ്ടായിരുന്നു. പക്ഷേ ചരിത്രരേഖകളൊക്കേയും പുരുഷനിര്മ്മിതമായതിനാലാകാം സ്ത്രീകളെ അധികമൊന്നും കാണാറില്ല. പക്ഷേ ഹാരിയറ്റ് ടബ്മാനേയും റോസാ പാര്ക്കിനെയൊന്നും അവര്‍ക്കൊഴിച്ചു നിര്‍ത്താന്‍ കഴിയുമായിരുന്നില്ലല്ലോ... പെട്ടന്ന് തന്റെ ചിന്തകള്‍ വഴിമാറിയതോര്ത്ത് റീനയൊന്നൂറിച്ചിരിച്ചു. അമ്മയില്‍ നിന്നുംഹാരിയറ്റിലും, റോസാ പാര്‍ക്കിലും എത്തിച്ചേര്‍ന്ന ചിന്തകള്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ട ചരിത്ര പാഠങ്ങള്‍ അമ്മയില്‍ നിന്നും കേട്ടതിന്റെ ഓര്‍മ്മകള്‍ ആയിരിക്കാം. അമ്മയുടെ ചെറിയ ഓര്‍മ്മകളില്‍ വിട്ടുപോയ പലതും ലെമാര്അങ്കിള് പുരിപ്പിച്ചത് റീന ഓര്‍ത്ത് ബസ്സില്‍ പുറം കാഴ്ചകള്‍ കണ്ടിരിക്കുന്നവരെ നോക്കി. ഒരുകാലത്ത് തന്റെ പൂര്‍വ്വികര്‍ക്ക് ഇങ്ങനെയുള്ള ഒരു ബസ്സുയാത്രയെക്കുറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നുവോ... ഇതൊക്കെ കാലത്തിന്റെ ഔദാര്യമല്ലെന്നെത്രപേര്ക്കാറിയാം. സമരങ്ങളിലൂടെ, സഹനങ്ങളിലൂടെ, സായുധകാലാപങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെക്കുറിച്ച് ഈ തലമുറ എന്തെങ്കിലും അറിയുന്നുണ്ടോ... എത്രപേരുടെ ജീവന്റെ വിലയാണു നാം ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.അതുകെടാതെ സൂക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനത്തോട് റീനയും പുറം ലോകത്തിന്റെ തുറസിലേക്കു നോക്കി.
Read More:https://emalayalee.com/writer/119