Image

മുംബൈ മഴക്കാലം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 29 July, 2024
മുംബൈ മഴക്കാലം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

കൊടുംചൂടിൽനിന്നും ഒരൽപ്പം  ആശ്വാസം പകർന്നുകൊണ്ട് മുംബൈ നഗരത്തിൽ മഴയെത്തിയപ്പോൾ ആഹ്ലാദത്തിന്റെ ദിവസമായിരുന്നു അത്. ആ ആഹ്ലാദത്തിന്റെ തിമിർപ്പിൽത്തന്നെ പരസ്യബോഡ് പൊട്ടിവീണ് നിരവധി പേരുടെ ജീവൻ കൊണ്ടുപോയി എന്ന ആദ്യദുരന്തം സമ്മാനിച്ചുകൊണ്ടാണ് മഴയെത്തിയത്. എല്ലാവരും മഴ കാണാനും മഴ നനയാനും, ആസ്വദിക്കാനും ഇഷ്ടപ്പെടുന്നുവെങ്കിലും പെരുമഴക്കാലം മുബൈക്കാർക്കെന്നും പേടിസ്വപ്നം കൂടിയാണ്. കാരണം തുള്ളിക്കൊരുകുടം എന്ന തോതിൽ പേമാരി പെയ്യാൻ തുടങ്ങിയാൽ   കടലിനോടുചേർന്നുകിടക്കുന്ന മുംബൈ മഹാനഗരം വെള്ളത്തിലാഴാൻ മണിക്കൂറുകൾ മാത്രം മതി.

വിട്ടുമാറാത്ത മഴ പല അവസരങ്ങളിലും ജനജീവിതം പലപ്പോഴും മുംബൈയിൽ ദുസ്സഹമാകാറുണ്ട്. ഏറ്റവും ആദ്യം ബാധിക്കുന്നത് മുംബൈയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഇലക്ട്രിക് ട്രെയിൻ സർവീസിനെയാണ്. തുടർന്ന് ജനജീവിതത്തെ  വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ഗതാഗതത്തെ വ്യവസായങ്ങളെ എല്ലാം വളരെ മോശമായി ഇത് ബാധിക്കുന്നു. രണ്ടായിരത്തിയഞ്ച് ജൂലൈ 26-ന് മുംബൈ കണ്ട വെള്ളപൊക്കത്തിന്റെ നടുക്കം മുബൈ നഗരം മറക്കാൻ ശ്രമിക്കുകയാണ്. അന്നുണ്ടായ വെള്ളപ്പൊക്കവും അതേത്തുടർന്ന് മുബൈയിൽ പടർന്നുപിടിച്ച സാംക്രമിക രോഗങ്ങളും ഇന്നും ജനങ്ങൾക്ക് പേടിസ്വപ്നം തന്നെയാണ്. എന്നാൽ അതിനുശേഷം ഗവണ്മെന്റ്  ഏറ്റെടുത്ത ചില പ്രാരംഭ നടപടികൾകൊണ്ടാകാം മഴക്കെടുതികൾക്ക് കുറെ ആശ്വാസമുണ്ട്.

മഴക്കാലവും സാംക്രമികരോഗങ്ങളും മുംബൈയിൽ എന്നല്ല എല്ലായിടത്തും ജനങ്ങൾ ഭയക്കുന്ന ഒന്നാണ്. പുരാതന കാലം മുതൽ പ്രകൃതിയുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ച് മനുഷ്യർ ബോധവാന്മാരായിരുന്നു. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെടുന്ന  ഹിപ്പോക്രാറ്റ്സ്  ആണ് ആദ്യമായി പകർച്ചവ്യാധികളെക്കുറിച്ച്  രേഖപ്പെടുത്തിയിരിക്കുന്നത്. രോഗകാരണം പ്രകൃത്യാതീത ശക്തികള്‍ ആണെന്നുള്ള വിശ്വാസത്തെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.    ജനത്തിരക്കേറിയ പട്ടണങ്ങളിൽ ഒന്നായ മുംബൈ നഗരത്തിൽ മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ നിരവധിയാണ്. മഴപെയ്തു വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകൾക്ക് വളരെ പ്രിയമാണ്. അവ അതിൽ മുട്ടയിട്ട് പെരുകി പകർച്ചവ്യാധികൾ പരത്തുന്നു. കൂടാതെ പെരുകുന്ന എലികൾ, വഴിയോരങ്ങളിൽ വിൽക്കപ്പെടുന്ന ശുചിത്വമില്ലാത്ത ഭക്ഷണങ്ങൾ, നിറഞ്ഞൊഴുകുന്ന അഴുക്കുചാലുകൾ എന്നിവയെല്ലാം പ്രധാന കാരണങ്ങളാണ്.

മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന പ്രധാന  രോഗങ്ങളാണ്,വയറിളക്കം, കോളറ, ടൈപോയ്‌ഡ്‌, മഞ്ഞപ്പിത്തം എന്നിവ. കൊറോണയുടെ ഒന്നും രണ്ടും തരംഗങ്ങളിൽ ഏറ്റവും കൂടുതൽ വർദ്ധനവ് ഉണ്ടായത് മഴക്കാലത്താണ്. രണ്ടായിരത്തി മൂന്നിലെ മഴക്കാലവും അതിനാൽ വളരെ ഭീതിയോടെയാണ് കടന്നുപോയത്.

ഈ വർഷത്തെ മഴക്കാലത്ത് മുംബൈ നഗരത്തിൽ H1N1 ഉം, ലാപ്റ്റോസ്പൈറോസിസും, ഫ്ലൂവും, വായുസംബന്ധമായ അസുഖങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ മാസത്തിൽ 55 -ൽ കൂടുതൽ ആളുകൾക്ക് H1N1 ഉം, ഏകദേശം 53-ഓളം ആളുകൾക്ക് പപ്റ്റോസ്പൈറോസിസും സ്ഥിരീകരിച്ചു.

മുംബൈ നഗരത്തിന് താങ്ങാൻ കഴിയുന്നതിലും അധികം  ജനപ്പെരുപ്പമാണ് ഇവിടെയുള്ളത്. എവിടെ നോക്കിയാലും ജനങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളാണ് മുംബൈ. കെട്ടിടങ്ങളിലാണെങ്കിലും, ചേരിപ്രദേശങ്ങളിലാണെങ്കിലും ചെറിയ മഴപെയ്താൽപോലും വെള്ളം കെട്ടിനിൽക്കാൻ ഇടവരുന്നു. കൂടാതെ ചതുപ്പുനിലങ്ങൾ ധാരാളമുള്ളയിടമാണ് മുംബൈ മഴക്കാലത്ത് അവിടെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ചപ്പുചവറുകൾ ചീഞ്ഞളിഞ്ഞ അതിൽ കൊതുകുകൾ പെരുകുന്നു. മറ്റൊന്ന് മുംബൈയിൽ അവിടവിടെയായി കാണുന്ന കണ്ടൽകാടുകൾ ചതുപ്പുനിലങ്ങളാണ്. ഇത് കൊതുകിന്റെ ആവാസകേന്ദ്രങ്ങളാണ്. സമീപപ്രദേശങ്ങളിൽ ഇവിടെനിന്നും കൊതുകിന്റെ ആക്രമണം ഉണ്ടാകുന്നു. ഇത് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുള്ള പ്രധാന കാരണമാണ്.

മഴക്കാലത്ത് റോഡിലൂടെ നടക്കുമ്പോൾ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് അവിടവിടെയായി ചത്തുകിടക്കുന്ന എലികൾ. മഴവെള്ളത്തിൽ ചത്തുകിടന്നു ചീഞ്ഞഴുകുന്ന എലികളാണ് മറ്റൊരു രോഗാണുബാധയുടെ ഉറവിടം. ഈ വർഷം ജൂലൈ മാസത്തിൽ, മഴ ആരംഭത്തിനുശേഷം, മുംബൈയിൽ  മുബൈ നഗരപാലിക ഏകദേശം 13,255 എലികളെ കൊന്നൊടുക്കിയതായി കണക്കുകൾ പറയുന്നു.

എത്ര രുചിയുള്ള താണെങ്കിലും മഴക്കാലത്ത് പുറമെനിന്നും, പ്രത്യേകിച്ച് വഴിയോരങ്ങളിൽ  ശുചിത്വമില്ലാതെ പാചകം ചെയ്യുന്ന  ഭക്ഷണങ്ങൾ  കഴിക്കാതിരിക്കുക. കഴിയുമെങ്കിൽ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.   വഴിനീളെ കാണുന്ന തട്ടുകടകളിൽനിന്നും ഭക്ഷണം വാങ്ങികഴിക്കുന്നത് പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ വ്യത്യാസമില്ലാതെ, യാന്ത്രിക നഗരജീവിതത്തിന്റെ ഒരു ഭാഗമാണ്. ഇവിടെ ലഭ്യമാകുന്ന ഭക്ഷണം ശുചിയായി പാചകം ചെയ്യുന്നതോ, വൃത്തിയായി വിളമ്പുന്നതോ അല്ല എന്നും അറിയാവുന്നവർ തന്നെയാണ് ഉപഭോക്താക്താക്കൾ. വടാപാവ്, സമോസ, ബേൽ, ഉള്ളി ബാജിയ, ഡബിൾ റൊട്ടി, ഫ്രാങ്കി, സാൻവിച്ച് തുടങ്ങിയവയെല്ലാം മുംബൈക്കാരുടെ   ഇഷ്ടപ്പെട്ട ആഹാരങ്ങളാണ്. ഇവയെല്ലാം ചൂടോടെ, എളുപ്പത്തിൽ ലഭ്യമാകുന്നത് വഴിയോരങ്ങളിലാണ്. വിടാതെ മഴയുള്ള സമയങ്ങളിൽ ഈ കച്ചവടം ഏറ്റവും കൂടുതലായാണ് കാണപ്പെടാറുള്ളത്. ഇവയെല്ലാം പാകം ചെയ്യുന്നതിലുള്ള ശുചിത്വക്കുറവും, ഉപയോഗിക്കുന്ന മാലിന്യങ്ങൾ കലർന്ന വെള്ളവും, കഴുകിവൃത്തിയാക്കാത്ത പച്ചക്കറികളും ചേരുവകളും സാംക്രമിക രോഗവ്യാപനന്തത്തിനു മറ്റൊരു ഹേതുവാണ്‌.  

ഒരു മണിക്കൂറിൽ കൂടുതൽ മഴ നിന്നു പെയ്താൽ ഉടനെ നിറഞ്ഞൊഴുകുന്നതാണ് മുംബൈ നഗരത്തിലെ അഴുക്കുചാലുകൾ. നിറഞ്ഞൊഴുകുന്ന ഈ വെള്ളത്തിലെ മാലിന്യങ്ങൾ പ്രദേശമാകെ പരന്നൊഴുകുന്നതിലൂടെ ജനങ്ങൾക്ക് പല രോഗങ്ങളും ഉണ്ടാകുന്നു.  മഴക്കാലത്ത് പടർന്നുപിടിക്കുന്ന സാംക്രമികരോഗങ്ങളിൽ നിന്നും മുക്തിനേടുന്നതിന് ജനങ്ങൾ സ്വയം ശ്രമിക്കേണ്ടതുണ്ട്.  

മഴവെള്ളത്തിലൂടെ യാത്ര കഴിഞ്ഞുവന്നാൽ ഉടനെ വസ്ത്രങ്ങൾ കഴുകി അണുവിമുകതമാക്കുക, ശരീരം    ചൂടുവെള്ളത്തിൽ സോപ്പുപയോഗിച്ച് കുളിച്ച് ശുചിയാക്കണം. ഈർപ്പമില്ലാത്ത വസ്ത്രങ്ങൾ ധരിക്കണം. അതിനായി ദിവസത്തിൽ ഒന്നോ രണ്ടോ വസ്ത്രങ്ങൾ മാറിയിടണം.

കൊറോണക്കാലത്ത് മിക്കവാറും കുടുംബങ്ങളിൽ ചൂട് വെള്ളം കുടിക്കുന്ന ശീലം വശമാക്കിയിരുന്നു.  മഞ്ഞൾ, ഇഞ്ചി, ചെറുനാരങ്ങാ തുളസി തുടങ്ങിയ രോഗപ്രതിരോധശക്തിയുള്ള സാധനങ്ങൾ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കാൻ ജനങ്ങൾ ശീലിച്ചിരുന്നു.  മഴക്കാലത്ത്  പ്രതിരോധശക്തി വർദ്ദിക്കുന്നതിനായുള്ള ഭക്ഷണം കഴിക്കുക എന്നത് പ്രാധാന്യമുള്ള ഒന്നാണ്.   ഈ സമയത്ത് എണ്ണയുള്ള ഭക്ഷണങ്ങൾ കഴിയുന്നതും ഒഴിവാക്കുക. മഴക്കാലത്ത്  കട്ടിയുള്ളതും, എണ്ണയുള്ളതുമായ ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതെ വരുകയും  തുടർന്ന് വായുസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു

വീടുകളിൽ കൊതുകിന്റെ ശല്യം ഉണ്ടാകാതിരിക്കാൻ കൊതുവലകൾ ഉപയോഗിക്കണം. പുറമെനിന്നും വാങ്ങുന്ന പച്ചക്കറികൾ ഒന്നോ രണ്ടോ പ്രാവശ്യം നിറയെ വെള്ളത്തിൽ കഴുകി വൃത്തിയാക്കണം. പച്ചക്കറികൾ കഴുകുന്നതിനു ഉപ്പുവെള്ളം ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. നിരത്തുകളിലും ജനങ്ങൾ തിങ്ങിപാർക്കുന്നിടത്തും കൊതുകിന്റെ ശല്യം  വർദ്ധിക്കാതിരിക്കാൻ വേണ്ട നടപടികൾ ഉത്തരവാദിത്വപ്പെട്ടവർ ചെയ്യണം.   പെരുകി  ചത്തുചീയുന്ന എലികളുടെ നിർമ്മാർജ്ജനന്തത്തിനും ഗവണ്മെന്റ് വേണ്ടുന്ന നടപടികൾ എടുക്കേണ്ടതാണ്. അങ്ങിങ്ങായി കുമിഞ്ഞുകൂടികിടക്കുന്ന മാലിന്യങ്ങളെ സമയാസമയങ്ങളിൽ നീക്കം ചെയ്ത സംസ്കരിക്കുവാണത്തിൽ കൂടുതൽ കൃത്യനിഷ്ഠപാലിക്കേണ്ടതാണ്. ഇത്തരത്തിൽ പല നടപടികൾ കൈകൊണ്ട് മഴക്കാലത്തെ സാംക്രമിക രോഗങ്ങൾ എന്ന ഭയത്തെ അകറ്റി നിർത്തവുന്നതാണ്.

മഴയുടെ സംഗീതവും, ഹരിതാഭ ഭംഗിയും,  മഴത്തുള്ളികൾ തുടച്ചുവൃത്തിയാക്കിയ ആകാശത്തിന്റെ മനോഹാരിതയുമൊക്കെ കവി ഭാവനകൾ ഉള്ളവർക്ക് ആസ്വാദിക്കാമെന്നല്ലാതെ യഥാർത്ഥ ജീവിതത്തിൽ തോരാത്ത മഴയും അതോടനുബന്ധിച്ചുണ്ടാകുന്ന അനർത്ഥങ്ങളും മനുഷ്യജീവിതം സുഖകരമാക്കുന്നില്ല. മഹാരാഷ്ട്ര ഗവണ്മെന്റ് എല്ലാ വർഷവും പ്രതിരോധമാർഗ്ഗങ്ങൾ  കണ്ടുപിടിക്കുന്നെങ്കിലും കൂടുതൽ സംവിധാനങ്ങളും സൗകര്യങ്ങളും നടപ്പിലാക്കേണ്ടതാണ്.  വളരെയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമെന്ന നിലക്ക് പ്രകൃതിക്ഷോഭവും, പകർച്ചവ്യാധികളും എന്നും ഒരു ഭീഷണിയായി നിൽക്കും. ഒരു പക്ഷെ സമീപഭാവിയിൽ വളരെ ശക്തമായ സാങ്കേതികവിദ്യകൾ കണ്ടുപിടിച്ച് മഴക്കാല ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

ചിത്രങ്ങൾക്ക് കടപ്പാട്: സോഷ്യൽ മീഡിയ  

Join WhatsApp News
American Mollakka 2024-07-29 12:46:45
അസ്സലാമു അലൈക്കും നമ്പ്യാർ സാഹിബാ. ഇങ്ങള് എബടെ ആയിരുന്നു? ഞമ്മള് ബിസാരിച്ച് ഇങ്ങള് നിഖാഹ് ഒക്കെ കയിച്ച് ദുബായിയിൽ പോയിന്നു. മുംബയിലെ മയ കാലത്തെ മുസീബത്തുകൾ ബായിച്ചു. എല്ലാം മുന്നിൽ കാണുന്നപോലെ. ബയിയോരത്ത്‌ ബിൽക്കുന്ന തീറ്റ സാധനങ്ങൾക്ക് ഒരു പ്രത്യേക രുചി അണുക്കൾ ഉള്ളതുകൊണ്ടായിരിക്കും അല്ലെ. മുംബയിലെ ബിശേഷങ്ങളുമായി ബീണ്ടും ബരിക. പടച്ചോന്റെ കൃപ ഉണ്ടാകട്ടെ.
Abdul 2024-07-29 19:49:55
Jyothi, despite lengthy article, the observations and descriptions are great. As well as informing people to be aware of epidemic situations, including scary gigantic rats and dead rats - goes one...
Sudhir Panikkaveetil 2024-07-29 20:08:42
എല്ലാ മഴക്കാലത്തും മുംബൈ മെട്രോപൊളിറ്റൻ മേഖലയും പ്രാന്ത പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങിപോകാറുണ്ട്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പദ്ധതികൾ നഗരസഭയുടെ ശ്രദ്ധയിലുണ്ടെന്നു പത്രങ്ങൾ പറയുന്നെങ്കിലും ഒന്നും സംഭവിക്കുന്നില്ല. എല്ലാ വര്ഷകാലത്തും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്നു. നാട്ടിലെപോലെ അധികാരികളുടെ ശ്രദ്ധക്ക് എന്നും പറഞ്ഞു സമരം ചെയ്യാൻ അവിടെ ആരുമില്ലായിരിക്കും. പ്രതിവിധി കണ്ടുപിടിക്കേണ്ടത് അത്യവശ്യമാണ്. മുംബൈ മലയാളികൾ ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ ലേഖനം അധികാരികളുടെ ശ്രദ്ധക്കായി അയച്ചുകൊടുക്കട്ടെ.
വായന ഇഷ്ടപ്പെടുന്നവൻ 2024-07-30 01:49:17
ഏപ്രിൽ 20 നു താങ്കളുടെ (എലി മഹാത്മൃം) നോക്കുക... (ജനുവരി 13, 2023 മുതൽ കേന്ദ്ര ഗവൺമെൻ്റ് വന്യജീവി സംരക്ഷണ നിയമ ഭേദഗതി വരുത്തിയെന്നും അതുപ്രകാരം കക്ക, വാവൽ, എലി മുതലായ ജീവികളെ ഷെഡ്യൂൾ II-ൽ ഉൾപ്പെടുത്തിയിരിക്കുന്നു...) എന്നാൽ താങ്കളുടെ ഈ ലേഖനത്തിൽ 13255 എലികളെ മുനിസിപ്പാലിറ്റി കൊന്നൊടുക്കിയതായി കണ്ടു. അപ്പൊൾ ആ നിയമം പിൻവലിച്ചോ? അതോ താങ്കൾ വെറുതെ പുളൂ അടിക്കുന്നതോ? പിന്നെ മഴക്കാലത്ത് സാംക്രമിക രോഗങ്ങൽ പകരുന്നത് വെള്ളത്തിൽ കൂടിയും, പകരുന്നത് കൊതുകുകളിൽ കൂടിയാണ്ന്നും കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യം അല്ലേ? പിന്നെ എന്താണ് ഇതിൽ ഇത്ര മഹത്വം...
Rakesh Marar 2024-07-30 16:22:06
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ മുംബൈയിലും, ന്യുയോർക്കിലും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അവരുടെ രചനകൾ പരക്കെ വായിക്കപ്പെടുന്നുവെന്നതിനു ഉദാഹരണമാണ് വായന ഇഷ്ടപെടുന്നയാളുടെ കമന്റ് . എഴുത്തുകാർ നിയമം ഉണ്ടാക്കുന്നില്ല. അവർക്ക് അത് നടപ്പിൽ വരുത്താനും കഴിയില്ല. അവരുടെ നിരീക്ഷണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങൾ വായനക്കാരെ അറിയിക്കുകയാണ് എഴുത്തുകാർ ചെയ്യുന്നത്. കമന്റ് എഴുതിയ ആൾ പരാമർശിക്കുന്ന ലേഖനത്തിന്റെ രണ്ടാമത്തെ പാരഗ്രാഫിൽ ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ ഇങ്ങനെ എഴുതിയിരിക്കുന്നു."അതേസമയം  റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള എലി ശല്യം തടയാൻ (അവയെ കൊന്നു കളയാൻ ) ഏകദേശം മുപ്പത്തിയയ്യാരിം രൂപ പ്രതിമാസം ചെലവഴിക്കുന്നു.  തന്നെയുമല്ല റെയിൽവെ പ്ലാറ്റ്ഫോമിന്റെ അടിത്തറ കരണ്ടു നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ജീവികളെ (Rodents) കൊല്ലാൻ നാലു ലക്ഷത്തിൽ പരം രൂപക്ക് ഒരു സ്വകാര്യ കമ്പനിയെ ഏല്പിച്ചിരിക്കുന്നു.  റോഡെന്റ്‌സിൽ (Rodent ) എലി, മുയൽ, അണ്ണാൻ, തുടങ്ങിയ ജീവി വർഗ്ഗങ്ങൾ ഉണ്ട്. ആ ലേഖനത്തിന്റെ അവസാനപാരഗ്രാഫിന് മുന്നിലുള്ള പാരഗ്രാഫിലാണ് കമന്റ് എഴുതിയ ആളുടെ ചോദ്യം. അതിനു മറുപടി മഹാരാഷ്ട്ര ഗവണ്മെന്റിനോട് ചോദിക്കാം. ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരുടെ പ്രതികരണം കാത്തിരിക്കാം . https://emalayalee.com/vartha/288699.എലിമാഹാത്മ്യം ഈ ലിങ്കിൽ വായിക്കാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക