താതനില്ലാതെ ജീവിച്ചു
തായയില്ലാതെ ജീവിച്ചു
അനാഥാലയത്തിൽ
സ്വയം നാഥനായി ജീവിച്ചു
ദുരന്തം ഉദാരമായി
പിന്തുടരുന്നു ജീവപര്യന്തം
ഇനി പഠിക്കണം ഞാൻ
ഞാനില്ലാതെ ജീവിക്കാൻ!
2
മണിയൊച്ചയെന്നു കുറിച്ചാൽ
മണിയൊച്ചയൊട്ട് മുഴങ്ങുമൊ
ആകയാൽ തിരുനടയിൽ വന്നങ്ങ്
മണിയടിക്കുന്നു വട്ടം മൂന്ന് ഞാൻ
മാറ്റൊലി മാത്രമെന്തേ മടങ്ങുന്നു
ഈ മണിമുഴക്കം കേൾക്കാതിരിക്കാൻ-
വണ്ണം നല്ല ചെകിടനൊ നീ
എന്റെ പൊന്നു ദൈവമേ!
3
അരങ്ങിന്റെ
അതിരിനപ്പുറം
ഓവറായി നടിച്ചതു മൂലം
നാടകത്തിനു
വെളിയിലാക്കപ്പെട്ട
ഒരു നടൻ ഞാൻ
ഇനിയെനിയ്ക്ക്
അണിയറ തന്നെ
കളിയരങ്ങ്
4
ആത്മഗതത്തിലാലപിക്കുന്നു
ആത്മാവിൻ ഗീതിക കബീർ:
ജപമാല പൊട്ടിയതിൻ മണികൾ ചിന്നിച്ചിതറിയല്ലോ മഹാലാഭം
രാമനാമം ജപിച്ചിനി പണി
കൊടുക്കേണ്ട പഴംനാവിന്
ശ്രാവണസന്ധ്യ തോറും
രാമനെന്നെ ജപിക്കട്ടെ
ചമ്രം പടിഞ്ഞിരുന്നതു
ശ്രവിക്കാം ഞാൻ ശരണാഗതിയിൽ
നിറവിശ്രാന്തിയിൽ നിരന്തരം!
5
കൊളുത്തിയ വിളക്കുമേന്തി
പടുവിഡ്ഢി തിരഞ്ഞു പോകുന്നു തീ
സത്യമേറെ സുതാര്യമിവിടെ-
യിപ്പോൾ കണ്ടെത്തലതികഠിനവും!
6
കാർക്കോടകന്മാർ നാട്ടിൽ
വാണിടും കാലം കള്ളക്കർക്കടകവും
നേർമാർഗ്ഗം വിട്ട് ചരിപ്പൂ
ചുഴറ്റുന്നു നാശത്തിൻ പുത്തനാം
ചുഴലികൾ, അതിതീവ്രന്യൂന-
മർദ്ദനദല്ലാൾശൈലിയിൽ!