Dr. പ്രേംരാജ് രചിച്ച ഷെഹ്നായ് മുഴങ്ങുമ്പോൾ എന്ന കൃതിയുടെ പ്രകാശനം 28/7/2024 ന് ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടന്നു.
അഡോർ പബ്ളിക്കേഷൻസാണ് പ്രസാധകർ. പ്രസ്തുത കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയും തദവസരത്തിൽ പ്രസിദ്ധീകൃതമായി.
191 പേജുകളിലായി മുപ്പത് അദ്ധ്യായങ്ങളുള്ള നോവലിൻ്റെ പശ്ചാത്തലം മഹാനഗരമായ ബോംബൈയാണ്. ഇറാനിൽ നിന്ന് മഹാരാഷ്ട്രയിൽ വന്ന് ചേർന്ന് ഭാരതത്തിൽ സ്ഥിരതാമസമാക്കിയ ഒരു പാഴ്സികുടുംബത്തിലെ മൂന്ന് തലമുറയുടെ കഥയിലൂടെയാണ് നോവലിൻ്റെ സഞ്ചാരം
നാദവിസ്മയമുണ്ടാക്കുന്ന മുഴക്കത്തിൻ്റെ തുടക്കം എന്ന ആദ്യ അദ്ധ്യായം തുടങ്ങുന്നത് സംഗീതത്തിലൂടെയാണ്.
വയലിൻ വാദകനും, സംഗീതോപാസകനുമായ തോമസ് ജേക്കബ് എന്ന കേരളദേശക്കാരൻ അനാഹിത എന്ന പാഴ്സി പെൺകുട്ടിയെ അവളുടെ സഹോദരനായ ആദിൽ മുഖാന്തിരം പരിചയപ്പെടുകയും ഒരു സുഷിരവാദ്യമാണ് ഷെഹ്നായും വയലിനും സംഗീതവും അവരുടെ ജീവിതത്തെ കൂടുതൽ ആഹ്ളാദകരമാക്കുകയും ചെയ്യുന്നു.
വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ് ഷെഹ്‌നായ്.
കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതൽ 9 വരെ തുളകളും ഇതിൽ ഉണ്ടായിരിക്കും..ഇന്ത്യയിൽ ഉസ്താദ് ബിസ്മില്ലാ ഖാൻ ഒരു പ്രശസ്തനായ ഷെഹ്‌നായ് വിദഗ്ദ്ധനാണ്
സൗഹൃദത്തിൻ്റെ തുടക്കം, സംഗീതമുണരുമ്പോൾ, ആകസ്മികം, ആഴങ്ങളിൽ, സായിപ്പിൻ്റെ കോട്ടേജ്, ചുവടുവയ്പ്,ഹോളി ആഘോഷം എന്നീ അദ്ധ്യായങ്ങൾക്ക് ശേഷം ഒമ്പതാമദ്ധ്യായത്തിലാണ് ഫാജിസ് ബെഹ്റോസ് എന്ന അദ്ധ്യായത്തിലൂടെയാണ് യഥാർത്ഥകഥ ആരംഭിക്കുന്നത്.
കഥ പറയുമ്പോൾ എന്ന പത്താം അദ്ധ്യായത്തിലൂടെ ബെഹ്റോസ് നബാവിയുടെ കുടുംബത്തിൻ്റെ ഇന്ത്യയിലെ വേരുകൾ ആരംക്കുന്നു.
റ്റാറ്റ ഓഡിറ്റോറിയവും, ഖീം പാവും, ഡബ്ബാവാലകളും തോമസ് ജേക്കബിൻ്റെ സംഗീതലോകവും കടന്ന് തികച്ചും വിഭിന്നമായ പാഴ്സികളുടെ ജീവസ്പന്ദങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നു.
പാഴ്സികളുടെ ജീവിതത്തിൻ്റെ പ്രത്യേകതകളും, വിവാഹ ആഘോഷങ്ങളും കൈയടക്കത്തോടെ എഴുതിയിട്ടുണ്ട്. ബെഹ്റോസ് നബാവിയുടെ മൂന്ന് ഭാര്യമാരും അവരുടെ കുട്ടികളും ചേർന്ന ജീവിതരേഖയിൽ പല അപ്രതീക്ഷിത ഉപകഥകളും ഈ നോവലിനെ വിശേഷപ്പെട്ടതാക്കുന്നു.
ഗോപുരമുകളിൽ എന്ന പത്തൊൻപതാം അദ്ധ്യായത്തിൽ ബെഹ്റോസ് നബാവിയുടെ മരണം സംഭവിക്കുന്നു.
പാഴ്സികളുടെ നിശ്ശബ്ദതയുടെ ഗോപുരമെന്ന പാഴ്സീസ് ടോമ്പിനെ നിശ്ശബ്ദതയുടെ സൈലൻ്റ് ടവറിനെ വളരെ വ്യക്തതയോടെ ഈ അദ്ധ്യായത്തിൽ കയ്യടക്കത്തോടെ എഴുത്തുകാരൻ എഴുതിചേർത്തിട്ടുണ്ട്.
ബെഹ്റോസ് നബാവിയുടെ മകനായ ഫാജിസ് ബെഹ്റോസ് ആണ് സ്വപിതാവിൽ നിന്ന് ഷേഹ്നായിയുടെ സംഗീതം ഹൃദയത്തിലേറ്റിയത്. പക്ഷെ പാരമ്പര്യത്തിൻ്റെയും, മതത്തിൻ്റെയും സങ്കുചിതമായ ചട്ടക്കൂടിൽ നിന്ന് സ്വയം താഴ്ന്ന് പോകുന്ന ഫാജിസിനെയാണ് കഥയിൽ കൂടുതൽ ദർശിക്കാനാവുന്നത്. പല തന്ത്രങ്ങളും മെനഞ്ഞ് എതിരായി നിൽക്കുന്നവരെയെല്ലാം നിശ്ശബ്ദരാക്കി ഫാജിസ്. അനാഹിതയെ ഇറാനിൽ നിന്ന് അന്താരാഷ്ട്രപുരസ്കാരം ലഭിച്ചു എന്ന തന്ത്രത്തിലൂടെ തോമസിൽ നിന്നകറ്റി. തോമസിൻ്റെ പല അവസരങ്ങളും സ്വന്തം പിടിപാടുപയോഗിച്ച് ഇല്ലാതാക്കി. സ്വന്തം സഹോദരനെപ്പോലും ഒളിവച്ച് വീഴ്ത്തി ഫാജിസ്.
ഷെഹ്നായ് മംഗളവാദ്യമെന്ന് പറയപ്പെടുന്നു.പക്ഷെ ഇവിടെ ഷെഹ്നായ് വാദകൻ ദുരന്തത്തിൻ്റെയും , സ്നേഹശൂന്യതയുടെയും , സങ്കുചിത്വത്തിൻ്റെയും പ്രതിനിധിയായി മാറുന്നു. ഫാജിസ്പക്ഷെ മനുഷ്യനെന്ന നിലയിൽ ഒരു പരാജയം ആയിരുന്നു
അപരിചിതമായ ഒരു ഭൂമികയെ സ്വപ്രയത്നത്താൽ മിനുക്കിയെടുത്ത് കഥയും, ഉപകഥയുമായി ചലച്ചിത്രത്തിലെന്ന പോൽ സംയോജിപ്പിച്ച് സൃഷ്ടികർത്താവ് വായനയെ പരിപോക്ഷിപ്പിക്കുന്നു.
മനുഷ്യത്വത്തിനും മാനവികതയ്ക്കും മേലെയുള്ള മതത്തിൻ്റെ ഇരുണ്ട കരങ്ങളുണ്ടാക്കുന്ന വിഭ്രമത്തിൽ നിന്ന് സംഗീതം സംരക്ഷിക്കുന്ന ഇന്നിൽ കഥയവസാനിക്കുമ്പോൾ എഴുത്തുകാരൻ ഇനിയും പൂർത്തികരിക്കാത്ത ഒരു കഥയിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നു. അത് കൊണ്ടാകാം ഈ നോവലിന് ഒരു സീക്വൽ ഉണ്ടാകുമോ എന്നൊരു ചോദ്യവും പ്രസക്തമാണ്.
നോവൽ റൊമാൻ്റിക് ക്ളാസിക് വിഭാഗത്തെ സ്പർശിക്കുന്നുണ്ട് എങ്കിലും ലളിതമായ ഭാഷയിലെഴുതപ്പെട്ട സൃഷ്ടിയാണിത്. ഏത് വായനക്കാർക്കും വായിച്ച് മനസ്സിലാവും വിധമുള്ള അകൃത്രിമശൈലിയാണ് ഇവിടെ എഴുത്തുകാരൻ സ്വീകരിച്ചിരിക്കുന്നത് അതീവ ഗഹനതയ്ക്കും, ലാളിത്യത്തിനും ഇടയിലുള്ള ഒരു സംവേദനശൈലിയിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. .
ഷെഹ്നായ് മുഴങ്ങുമ്പോൾ എന്ന കൃതിക്ക് ഇനിയും ഉത്തമ വായനകൾ ഉണ്ടാകട്ടെ.