സി.ബി.ഐ ഡയറിക്കുറിപ്പ് സിനിമാ സീരീസുകളിലൂടെ മലയാള സിനിമയ്ക്ക് കുറ്റാന്വേഷണ ചലച്ചിത്രങ്ങളുടെ സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. ഇന്നും സി.ബി.ഐ ഡയറിക്കുറിപ്പ് എന്നു പറയുമ്പോള്‍ അതിലെ കഥാപാത്രങ്ങളും അവരേക്കാള്‍ ഹിറ്റായ ബിജിഎമ്മും പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരും. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇവയെല്ലാം ഇന്നും സൂപ്പര്‍ഹിറ്റ് പദവിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. ഇങ്ങനെ അനേകം സൂപ്പര്‍ ഡ്യൂപ്പര്‍ വിജയം നേടിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ എസ്.എന്‍ സ്വാമി തന്നെ തിരക്കഥയും സംവിധാനവും ചെയ്ത് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി തിയേറ്ററുകളിലെത്തിയ ആദ്യ ചിത്രമാണ് 'സീക്രട്ട്'. ഒരു വ്യക്തിയുടെ മനസില്‍ തോന്നുന്ന ആപത്ക്കരമായ ചിന്തകളും ചില പ്രത്യേക സൂചനകളും കണക്കിലെടുത്ത് വരാനിരിക്കുന്ന അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതാണ് എസ്.എന്‍ സ്വാമി ഈ ചിത്രത്തില്‍ പറയുന്നത്.
വരാന്‍ പോകുന്ന ചില സംഭവങ്ങളെ കുറിച്ച് തന്റെ മനസില്‍ ചില മുന്‍കൂര്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ അത്തരം സംഭവങ്ങളില്‍ നിന്നും ഒഴിവാകാന്‍ കഴിഞ്ഞിട്ടുമുണ്ട് എന്ന സ്വന്തം ജീവിതത്തിലെ അനുഭവമാണ് എസ്.എന്‍ സ്വാമിക്ക് ഈ ചിത്രം സംവിധാനം ചെയ്യാനുളള പ്രചോദനം. നടക്കാനിരിക്കുന്ന അല്ലെങ്കില്‍ ഉടനെ സംഭവിക്കാന്‍ പോകുന്ന ചില സംഭവങ്ങളെ കുറിച്ച് ഉള്ളിന്റെ ഉള്ളില്‍ ഉരുത്തിരിയുന്ന ഇത്തരം മുന്‍കൂര്‍ ചിന്തകളെ ശാസ്ത്രത്തിന്റെ തന്നെ സഹായത്തോടെ വിശദീകരിക്കാനും സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.
ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മെഡിക്കല്‍ റെപ്രസന്റേന്റീവാണ് മിഥുന്‍. മാതാപിതാക്കളുടെ ഏകമകന്‍. സാമാന്യം സാമ്പത്തികശേഷിയുള്ള കുടുംബമാണ് അയാളുടേത്. നാലു നല്ല കൂട്ടുകാരും മിഥുനുണ്ട്. അയാളെ വിവാഹം കഴിപ്പിക്കുകയാണ് മാതാപിതാക്കളുടെ ലക്ഷ്യം. അതിനായി തങ്ങളുടെ കുടുംബസുഹൃത്തിന്റെ മകള്‍ ശ്രേയയെയാണ് അവര്‍ കണ്ടെത്തിയത്. ഭാവിവധുവിന്റെ സങ്കല്‍പ്പങ്ങളുമായി ചേര്‍ന്നു പോകുന്ന ശ്രേയ മിഥുന്റെ മനസില്‍ കൂട് കെട്ടുന്നു. മിഥുന്റെ ഏറ്റവുമടുത്ത സുഹത്തുക്കളില്‍ ഒരാളാണ് മൂര്‍ത്തി. കൂട്ടുകാരന്റെ കല്യാണത്തിന് പോയി വരും വഴി മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒരു ജ്യോത്സ്യനെ കാണാന്‍ പോകുന്നത്. നാഡീജ്യോതിഷത്തിലൂടെ ഭാവി പ്രവചിക്കുന്ന ആ ജ്യോതിഷിയുമായുളള കൂടിക്കാഴ്ച മിഥുന്റെ ജീവിതം മാറ്റി മറിക്കുന്നു.
ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്ന് ഉടന്‍ സംഭവിച്ചേക്കുമെന്നു കരുതുന്ന വലിയൊരു അപകടത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് ഇതില്‍പറയുന്നത്. തന്‌റെ ജീവിതത്തില്‍ ഉടന്‍ സംഭവിക്കും എന്നു വിശ്വസിക്കുന്ന ഒരാപത്തില്‍ നിന്നും രക്ഷ നേടാനുള്ള പഴുതന്വേഷിച്ച് അയാള്‍ പരക്കം പായുന്നു. ശാസ്ത്രവും സാങ്കേതികതയും ആകാശത്തോളം വളര്‍ന്നിട്ടും വിശ്വാസങ്ങള്‍ക്കൊപ്പം അന്ധവിശ്വസങ്ങളും വളരുന്ന വളക്കൂറുള്ള മണ്ണായി മനുഷ്യന്റെ മനസ്സ് മാറിയിരിക്കുന്നു എന്നതാണ് സംവിധായകന്‍ പറയുന്ന വസ്തുത. കാര്യങ്ങളെ മന:ശാസ്ത്രപരമായി നേരിടുന്നതെങ്ങനെയെന്നും സംവിധായകന്‍ വിശദീകരിക്കുന്നു.
മിഥുന്‍ എന്ന കേന്ദ്രകഥാപാത്രമായി എത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍ തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ കഥാപാത്രമാണ് സീക്രട്ടിലെ മിഥുന്‍. തന്റെ പതിവു ചിത്രങ്ങളിലെ കോമഡി കലര്‍ന്ന കഥാപാത്രമല്ല സീക്രട്ടിലേത് എന്ന് ഉറപ്പിച്ചു പറയാം. കുറച്ചു കൂടി ഗൗരവമുള്ള കഥാപാത്രം ധ്യാനിന്‍രെ കൈയ്യില്‍ ഭദ്രമായിരുന്നു. ജ്യോതിഷിയുടെ ഭാവി പ്രവചനത്തിനു ശേഷം ആന്തരിക സംഘര്‍ഷങ്ങളില്‍ പെടുന്ന മിഥുന്റെ ഭാവപ്രകടനങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ധ്യാനിന് കഴിഞ്ഞു. നായികയായി എത്തിയ ആര്‍ദ്ര മോഹനും അപര്‍ണ്ണ ദാസും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. മോട്ടിവേറ്ററുടെ കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തും ചിത്രത്തിലുണ്ട്. നായകന്റെ ജീവിതത്തിലെ വഴിത്തിരവും അതിനോടനുബന്ധിച്ച് ജീവിതത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍ രഞ്ജിത്ത് ഒരു മോട്ടിവേറ്ററായി എത്തുന്നുണ്ട്. രണ്‍ജി പണിക്കരുടെ കഥാപാത്രവും വളരെ ആര്‍ജ്ജവത്വം നിറഞ്ഞതാണ്. തലൈവാസല്‍ വിജയ്, അഭിരാം രാധാകൃഷ്ണന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര് തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സംഗീതവുമായി ജേക്ക്‌സ് ബിജോയി ഈ സിനിമയുടെ ഭാഗമാകുന്നു. ചിത്രത്തിന്റെ മൂഡിനനുസരിച്ച് ജാക്ക്‌സണ്‍ ജോണ്‍സണിന്റെ ഛായാഗ്രഹണവും ബസോദ്.ടി ബാബുരാജിന്റെ എഡിറ്റിങ്ങും മനോഹരമായിട്ടുണ്ട്. അധികം പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ആസ്വദിച്ചു കാണാന്‍ കഴിയുന്ന ചിത്രമാണ് 'സീക്രട്ട്' എന്നു പറയാം.