Image

പ്രകൃതിയുടെ താണ്ഡവം ഇനിയും ആവർത്തിക്കാതിരിക്കട്ടെ (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 01 August, 2024
പ്രകൃതിയുടെ  താണ്ഡവം ഇനിയും ആവർത്തിക്കാതിരിക്കട്ടെ (മീട്ടു റഹ്മത്ത് കലാം)

കാലാവസ്ഥാ വ്യതിയാനവുമായി തട്ടിച്ചുനോക്കുമ്പോൾ കോവിഡ് മഹാമാരിക്ക് പരിഹാരം കാണുക എന്നത് എളുപ്പമുള്ള കാര്യമാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്.How to avoid climate disaster എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെയും തന്മൂലമുള്ള അപകടങ്ങളെയും കുറച്ചുകാണരുതെന്ന മുന്നറിയിപ്പുമുണ്ട്. മനുഷ്യരാശി നേരിടാൻ പോകുന്ന വെല്ലുവിളികളിൽ ഏറ്റവും വലുതാണ് കാലാവസ്ഥാ വ്യതിയാനം എന്ന വസ്തുതയിലേക്ക് വിരൽചൂണ്ടുന്ന അനുഭവങ്ങൾ നമ്മുടെ കൊച്ചുകേരളത്തിലേക്കും എത്തിയിരിക്കുന്നു. മഴ എന്നത് ഗൃഹാതുരതയായി കൊണ്ടുനടന്ന മലയാളികൾ നെഞ്ചിടിപ്പോടെ മഴയെ കാണാൻ തുടങ്ങിയിട്ട് ഏഴെട്ടുകൊല്ലമായി. മിക്കവാറും  മഴക്കാലങ്ങൾ മഹാദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നു. 2018 ലെ പ്രളയത്തിൽ കേരളത്തിൽ  483 പേരുടെ ജീവൻ പൊലിഞ്ഞപ്പോൾ അഭൂതപൂർവമായ നടുക്കമാണ് ഉണ്ടായത്. ഇപ്പോൾ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കെെയിലും അട്ടമലയിലും നൂൽപുഴയിലും ഉണ്ടായ മണ്ണിടിച്ചിൽ അതിനേക്കാൾ ഭീതിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഭൗമശാസ്ത്രവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 7 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ മണ്ണിടിച്ചിലും അനുബന്ധ നാശനഷ്ടങ്ങളും സംഭവിച്ചത് കേരളത്തിലാണ്.ചെറുതും വലുതുമായി 2239 മണ്ണിടിച്ചിലുകൾ!

ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം ദുരന്തങ്ങളെക്കുറിച്ച് സൂചനകൾ ലഭിക്കുമായിരുന്നില്ലേ എന്നും ഇതൊക്കെയും ഒഴിവാക്കാമായിരുന്നില്ലേ എന്നതുമാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യങ്ങൾ.2010 ൽ മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരിക്കെ പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാനായി 14 അംഗ വിദഗ്ദ്ധ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.മാധവ് ഗാഡ്ഗിൽ എന്ന ഭൗമശാസ്ത്രജ്ഞനായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷൻ.തമിഴ്‌നാട്,കേരളം,കർണാടകം,ഗോവ,മഹാരാഷ്ട്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയിൽ 25 കോടിയോളം ജനങ്ങളാണുള്ളത്.
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമായ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്വാറികളും ഖനനവും നിയന്ത്രിക്കണം എന്നുമായിരുന്നു പഠനത്തിനുശേഷം മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ശുപാർശ ചെയ്തത്.നമ്മുടെ മണ്ണും ജലസ്രോതസ്സുകളും വികസനത്തിന്റെ പേരിൽ ചൂഷണം ചെയ്ത് പരിസ്ഥിതിയുടെ സന്തുലനം തകർത്തതാണ് മുൻപ് കണ്ടിട്ടില്ലാത്ത തരം ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടാകാൻ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.ബ്രിട്ടീഷുകാർ വയനാടൻ മേഖലയെ  തേയില തോട്ടങ്ങളാക്കിയതുമുതൽ ഇന്ന് വിനോദസഞ്ചാരികളെ ആകർഷിക്കാൻ അവിടെ നിർമ്മിച്ചിരിക്കുന്ന റിസോർട്ടുകളും കെട്ടിടങ്ങളുമെല്ലാം പരിസ്ഥിതിയെ ബാധിച്ചു.റോഡുകളുടെയും കലിംഗുകളുടെയും അശാസ്ത്രീയ നിർമ്മാണം പലയിടത്തും നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നത്  മലയോര കർഷകരെ ദോഷകരമായി ബാധിക്കുമെന്ന വ്യാജപ്രചാരണത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മണൽ മാഫിയകൾക്കും റിസോർട്ട് ഉടമകൾക്കും ഒത്താശ ചെയ്തുകൊടുത്തപ്പോൾ നാടിന് ഇങ്ങനൊരു ദുർവിധി വരുമെന്ന് അറിഞ്ഞിരിക്കില്ല.അനിയന്ത്രിതമായ ഭൂമികൈയേറ്റവും വനനശീകരണവും അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് പ്രളയദുരന്തങ്ങളിലേക്ക് കേരളത്തെ തള്ളിയിട്ടതെന്ന് 2018 സെപ്റ്റംബറില്‍ പുണെയിലെ അന്താരാഷ്ട്ര സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിൽ 14.56 ശതമാനമാണ് പരിസ്ഥിതി ദുർബല പ്രദേശങ്ങൾ. ഇടുക്കി,പാലക്കാട്,മലപ്പുറം,പത്തനംതിട്ട,വയനാട് ജില്ലകളിലാണ് ഉരുൾപൊട്ടൽ സാധ്യത ഏറെ.ഇടുക്കി-വയനാട് ജില്ലകളിലെ വനഭൂമിയിൽ കൃഷി പാടില്ലെന്നാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം എക്കാലത്തും തുറന്നുപറയാൻ ധൈര്യം കാണിച്ചിട്ടും ആരുമത് ചെവിക്കൊണ്ടില്ല.
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പ്രൊജക്ടിനെതിരേയും മാധവ് ഗാഡ്ഗിൽ വിമർശനമുയർത്തി. ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാർഗിൽ ചോദിച്ചു.കേന്ദ്ര സർക്കാരോ കേരള സർക്കാരോ പരസ്പരം പഴിചാരേണ്ട സമയമല്ലിത്. നിലവിലെ ദുരന്തമുഖത്തുനിന്നെങ്കിലും പാഠം ഉൾക്കൊണ്ട് ഈ ദുരിത താണ്ഡവം ആവർത്തിക്കപ്പെടാതിരിക്കാനുള്ള പോംവഴി ഒത്തുചേർന്ന്  ആലോചിക്കുകയാണ് വേണ്ടത്.ഇത്തരം മനുഷ്യനിർമിത ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ.

Join WhatsApp News
കാറ്റ് വിതച്ചത് കൊടുകാറ്റിനു കൊയ്യാം , എന്നാൽ മനുഷ്യൻ വിതച്ചത് കൊടുകാറ്റു കൊയ്താൽ ! 2024-08-01 15:01:32
സഹ്യ പർവതത്തിന്റെ മുകളുകളിൽ ഇപ്പോൾ നമ്മൾ കാണുന്ന മൊട്ട കുന്നുകൾ ഒരു കാലത്തു വൃക്ഷ നിബിഡങ്ങൾ ആയിരുന്നു. അന്ന് നേടിയ നേട്ടങ്ങളും ഇന്ന് നഷ്ടപെടുന്ന ജീവിതങ്ങളും ഇരുകയ്യിൽ വച്ച് തൂക്കി നോക്കിയാൽ സമകാലിക ജീവിത സംസ്കാര ശൈലിയിൽ സൂചിക എങ്ങോട്ടു ചെരിയും !
G. Puthenkurish 2024-08-01 15:33:17
വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി 🥲 സത്യസന്ധതയോടെ നാം ഭൂമിയെ പരിപാലിക്കുന്നില്ലെങ്കിൽ അവൾ നമ്മൾക്ക് തുടർച്ചയായി വിളവ് തരികയില്ല. നമ്മൾ ഭൂമിയെ സ്നേഹിക്കുന്നു എന്ന് വരാൻ പോകുന്ന തലമുറയ്ക്കുവേണ്ടി അതിനെ നശിപ്പിച്ചുകൊണ്ട് അവകാശപ്പെടാൻ കഴിയുകയില്ല. https://youtu.be/c-bDL4r2ZwQ?si=Uic0wM3iU_UlwwHi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക