മുഷിഞ്ഞ ഭാണ്ഡക്കെട്ട് അല്പമൊന്നു നീക്കിവച്ചു മഴയിൽനിന്ന് അകത്തേക്കു കയറിക്കൂടിയിരിക്കാൻ നോക്കിയതാണ്.
പക്ഷേ,
"അങ്ങോട്ട്, ... അങ്ങോട്ട് ...
എന്നു വിരൽചൂണ്ടി തന്നെയും ഭാണ്ഡത്തെയും വെളിയിലാക്കാനാണവരുടെ ശ്രമം. പെട്ടെന്നു മഴയുടെ ശക്തി കൂടിവന്നു. ഇരുണ്ടുമൂടി കൊട്ടിയടച്ചു ഹുങ്കാരത്തോടെ ആഞ്ഞുപെയ്യുന്ന മഴ. വെളിയിൽ ശേഷിച്ചവർകൂടി ബസ് സ്റ്റാൻഡിനകത്തേക്കു തള്ളിക്കയറി. താൻമാത്രം വെളിയിലാക്കപ്പെട്ടതിൽ വിഷമം തോന്നിയില്ല. മഴയത്തു കുളിരാത്ത, വെയിലത്തു തളരാത്ത, തനിക്കെങ്ങനെ വിഷമം വരാൻ?
പകൽ അവർക്കവകാശപ്പെട്ടതാണല്ലോ ഇവിടം. രാത്രിയിൽ ആ ബഞ്ച് എനിക്കു സ്വന്തം. പാതിരാത്രി കഴിഞ്ഞാൽ നിർത്തിയിട്ടിരിക്കുന്ന ബസുകളും താനും മാത്രം. ഉറ്റ സുഹൃത്തുക്കളെപോലെ എന്തെല്ലാം കഥകളാണ് ഞങ്ങൾ കൈമാറാറുള്ളത്. എന്തെല്ലാമെന്തെല്ലാമോർമകളാണ് രാത്രി മുഴുവൻ പങ്കുവയ്ക്കാറുള്ളത്. സാമ്പാറിൽ പുളിശ്ശേരി കോരിയൊഴിച്ചതുപോലത്തെ നിറമുള്ള ഈ ബസുകൾ എത്ര കണ്ടാലും മതിവരില്ല. പുതിയ നിറങ്ങളൊക്കെ ചുറ്റും വന്നിട്ടും തന്റെ ചങ്ങാതിമാർ അവർ മാത്രം.
ഈ ബസുകളോടുള്ള ഇഷ്ടം കൊണ്ടാവാം താനിവിടം വിട്ടുപോകാത്തത്. ചെറുപ്പത്തിൽ അമ്മയുടെ കൈപിടിച്ച് അതിൽ കയറി സൈഡ്സീറ്റിലിരുന്നു മെലിഞ്ഞ മഴക്കൈകളെ വാരിപുണർന്നത് ...
" ഇഞ്ചിമുട്ടായ് … ഇഞ്ചിമുട്ടായ് എന്ന വിളികേട്ടു കൊതിയൂറിയപ്പോൾ അമ്മ വാങ്ങിത്തന്നത് … എല്ലാം മധുരമുള്ള ഓർമ്മ. അക്ഷരമാല പുസ്തകവും ബസിൽ നിന്നാണു വാങ്ങിയതെന്നാണോർമ്മ. അന്നൊക്കെ എന്നും അമ്മ തന്നെയുംകൊണ്ട് ആശുപത്രിയിൽ പോയിരുന്നതെല്ലാം ഈ ബസുകളിലായിരുന്നു. അന്നത്തെ പതിവു യാത്രക്കാരെല്ലാം ഇപ്പോൾ എവിടെയായിരിക്കും..?
കോളേജിൽ പോകുന്ന ഒരു ചേച്ചിയുണ്ടായിരുന്നു. ആ ചേച്ചി ഉറപ്പായിട്ടും വലിയൊരു ഉദ്യോഗസ്ഥയായിട്ടുണ്ടാകും. സീറ്റ് കിട്ടിയാലുടൻ ബുക്കു തുറന്ന് പഠിക്കുന്നതു കാണാമായിരുന്നു. ആ ചേച്ചിയെ ഒളികണ്ണിട്ടുനോക്കി അടുത്തു കൂടുന്ന ഒരു ചേട്ടനുമുണ്ടായിരുന്നു. അവരിപ്പോൾ കല്യാണം കഴിച്ചിട്ടുണ്ടാകുമോ..?
കഞ്ഞിപ്പശ മുക്കിത്തേച്ച കോട്ടൻസാരി ഭംഗിയിൽ ഉടുത്ത ഒരു ടീച്ചർ കയറുമ്പോൾ ഹമാം സോപ്പിന്റെ വാസന കിട്ടുമായിരുന്നത്..
എന്തോ പണിക്കു പോകാൻ , ലുങ്കിയുടുത്തു തോർത്തുമുണ്ടു ചുറ്റിയ ഒരമ്മ കയറുമ്പോൾ കൈത്തണ്ടയിൽ തൂക്കിയിട്ടിരുന്ന സ്റ്റീൽ ചോറ്റുപാത്രം വണ്ടിയുടെ ബോഡിയിൽ തട്ടിയുണ്ടായ
'ണിം .. ' ശബ്ദം കേട്ട് ഡ്രൈവർ ബസെടുക്കാൻ തുടങ്ങിയത്. കണ്ടക്ടർ ആ അമ്മയെ ചീത്ത പറഞ്ഞതും പിറ്റേന്നും ഓർക്കാതെ ചോറ്റുപാത്രം തട്ടി ശബ്ദം കേട്ടതും ചീത്തവിളി പ്രതീക്ഷിച്ച് കാതു കൂർപ്പിച്ചവരെ നിരാശപ്പെടുത്തി അന്നു വേറൊരു പാവം കണ്ടക്ടർ ആയിരുന്നതും.. രണ്ടു കൊച്ചുമക്കളെ രണ്ടു കൈയിലും പിടിച്ച് രണ്ടു തോളിലും അവരുടെ ബാഗുകളുമിട്ട് ബദ്ധപ്പെട്ട് വണ്ടിയിൽ കയറിയിരുന്ന ഒരു മുത്തച്ഛൻ ...ഓർമ്മകൾക്കെന്തൊരു സുഗന്ധം.
മഴയല്പം കുറഞ്ഞു. എല്ലാവരും ധൃതിയിൽ കുട നിവർത്തിയും നിവർത്താതെയും പലവഴിക്കു പോയി. ചിലർ ബോർഡ് നോക്കി ബസിൽ കയറുന്നു..
ബസിറങ്ങി അമ്മയുടെ കൈപിടിച്ച് ഈ വഴി കടന്നുപോയപ്പോഴൊക്കെ എതിർവശത്തെ കളിപ്പാട്ടക്കടയിൽ തൂക്കിയിട്ടിരുന്ന ചെറുവിമാനത്തിൽ കണ്ണുടക്കാറുണ്ടായിരുന്നു. ഒരു ദിവസം ആ വിമാനം വാങ്ങി കൈയിൽ വച്ചു തന്നിട്ടു കണ്ണുകളിൽ സ്നേഹം നിറച്ച് അമ്മ പറഞ്ഞു: " എന്റെ മോൻ പഠിച്ച് വലുതായി അസ്സല് വിമാനം പറത്തുന്ന പൈലറ്റാവണംട്ടോ.."
വണ്ടിയും ഡ്രൈവിംഗും തനിക്കിഷ്ടമാണെന്നമ്മയ്ക്കറിയാമായിരുന്നെങ്കിലും അമ്മയുടെ സ്വപ്നം ആകാശത്തോളമെത്തിയതു കണ്ട് അന്ന് അന്തംവിട്ടു നിന്നുപോയി. !!
ഉച്ചയായപ്പോൾ സ്റ്റാൻഡിനുളളിൽ തിരക്കൽപ്പം കുറഞ്ഞു. സിമന്റു ബെഞ്ചിൽ ഒരു കുട്ടിയും അമ്മയും മാത്രമായ തക്കത്തിൽ അതിനറ്റത്തിരുന്നു. ആ കുട്ടി കൈയിലിരിക്കുന്ന മൊബൈലിൽ കളിക്കുകയാണ്. അതിലേയ്ക്കൊന്നെത്തി നോക്കാൻ ആശിച്ചെങ്കിലും ആ അമ്മ അസ്വസ്ഥത യോടെ തന്നെ നോക്കുന്നു. പക്ഷേ മറ്റുള്ളവരെ പോലെ നികൃഷ്ടജീവിയെ കണ്ട മാതിരി മുഖംതിരിക്കുന്നില്ല. ഭ്രാന്തനെന്ന് അവർക്കു മാത്രം തോന്നിയില്ലായിരിക്കാം. വലിയ ആശ്വാസം. ഇവിടിരിക്കാം.
ഭാണ്ഡം തുറന്ന് അതിൽ നിന്നൊരു ബണ്ണെടുത്ത് തിന്നുകൊണ്ടു ചുറ്റും നോക്കി. ഇപ്പോഴത്തെ കണ്ടക്ടർമാരിൽ അധികവും പെണ്ണുങ്ങളാണ്. നീല കോട്ടിട്ട അവരെ കാണുമ്പോൾ എന്തുകൊണ്ടോ ചെറുപ്പത്തിൽ സ്ഥിരമായി പോയിരുന്ന ആശുപത്രിയിലെ നഴ്സുമാരെ ഓർമ്മ വരും. ഒരു ദിവസം നീല കോട്ടിട്ട ഒരു കണ്ടക്ടർ പെണ്ണ് ടിക്കറ്റ് റാക്ക് ഒരു കക്ഷത്തിൽ വച്ചിട്ടു മറ്റേ കൈകൊണ്ടു തനിക്കായി പൊതിച്ചോർ വച്ചുനീട്ടി. വിശ്വാസം വരാതെ അവരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ അമ്മയെ ഓർമ്മ വന്നു. അന്നുമുതൽ പണ്ട് നഴ്സുമാരെ കാണുമ്പോൾ അനുഭവിച്ചിരുന്ന അതേ ആശ്വാസം ഈ കണ്ടക്ടർ പെണ്ണുങ്ങളെ കാണുമ്പോഴും തോന്നാൻ തുടങ്ങി. രണ്ടും യൂണിഫോംധാരികൾ എന്നതൊഴിച്ചാൽ അവർ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാലും എന്തോ ഒരു ബന്ധം.
ചിലപ്പോൾ ഒരു ഓറഞ്ചോ ഒരു കവർ ബിസ്കറ്റോ ഒക്കെയായി അതു കിട്ടാറുമുണ്ട്.
അമ്മയുണ്ടായിരുന്നെങ്കിൽ ...,
തന്റെ ചികിത്സ മുടങ്ങാതിരുന്നെങ്കിൽ..., തന്നെ ഏതെങ്കിലും ബന്ധുക്കൾ സംരക്ഷിച്ചിരുന്നെങ്കിൽ.... അമ്മയുടെ സ്വപ്നം പോലൊരു മനുഷ്യനായേനെ. പൈലറ്റായില്ലെങ്കിലും ഒരുപക്ഷേ കെ.എസ്. ആർ.ടി.സി ഡ്രൈവറെങ്കിലുമായേനെ. ഡ്രൈവിംഗ് അത്രയിഷ്ടമുള്ള തന്റെ ജീവിതത്തിന്റെ സ്റ്റിയറിംഗിൽ തൊടുമ്പോൾ ചക്രങ്ങൾ ഊരിത്തെറിച്ചു പോകുന്നു...
ചക്രങ്ങളില്ലാതെ തറയിലമരുന്നൊരു നിസ്സഹായത ! മോചനമില്ലാത്താരു ഉൾഭയം.
നാലഞ്ചു നാളായി മഴ സംഹാരരുദ്രയായി ആടിത്തിമിർക്കുകയാണ്. കടകളൊന്നും തുറക്കുന്നില്ല. വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ബസ് സ്റ്റാൻഡിലെ ടി.വി യിൽ മണ്ണിടിച്ചിലിന്റെ വാർത്തകൾ...
പെട്ടെന്ന് അമ്മയെ ഓർമ്മവന്നു. മണ്ണിനടിയിൽ നിന്നു രക്ഷതേടിയെന്നോണം ഉയർന്നുനിന്ന കൈകൾ. നടുക്കത്തോടെ ഓർമ്മകളിൽ നിന്നു മനസ്സിനെ ബലമായി വിടുവിച്ചു.
അമ്മയുടെ കൈത്തലത്തിന്റെ ചൂട് കിട്ടാൻ അതിയായി കൊതിച്ചുപോയൊരു നേരത്താണ് ഒരു കവർ ബ്രഡ് നീട്ടിയൊരു വളയിട്ട കൈ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ബ്രഡ് പായ്ക്കറ്റിൽ നോക്കുന്നതിനു മുന്നേ ആ കൈയിലായിരുന്നു തന്റെ നോട്ടം. ഒന്നേ തൊട്ടുള്ളൂ. കവിളത്തൊരു പടക്കം പൊട്ടി. പിന്നെയൊന്നും ഓർമ്മയില്ല. പക്ഷെ ഒട്ടും വേദനിച്ചില്ല. അമ്മ അത്രമാത്രം ഉള്ളിൽ നിറഞ്ഞിരുന്നു. അമ്മയോടൊപ്പം പോകാൻ കൊതിച്ച നിമിഷം. പോയേ മതിയാവൂ. ഇനി അമ്മയില്ലാതെ പറ്റില്ല. ഉള്ളിലെ കൊച്ചുകുട്ടി കേണു.
കോതമംഗലം ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ഭാണ്ഡക്കെട്ട് ! അസ്വസ്ഥനായി ഒന്നു ചുറ്റിനടന്നു വന്നപ്പോഴേക്കു ടി.വി.യിൽ വാർത്ത വന്നു. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. ഭാണ്ഡത്തിൽ സ്ഫോടക വസ്തുക്കളൊന്നുമില്ലെന്നു സ്ഥിരീകരിച്ചു. ഗ്ലൗസിട്ട കൈകളാൽ ഒരു പോലീസുകാരൻ ആ ഭാണ്ഡക്കെട്ടഴിച്ചു. അതിൽ നിന്നു വന്ന മുഷിഞ്ഞ നാറ്റം കാരണം ചുറ്റുമുള്ളവർ മൂക്കു പൊത്തി. പോലീസ് അതിലെ സാധന സാമഗ്രികൾ അലക്ഷ്യമായി വലിച്ചു പുറത്തേക്കിട്ടു.
പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ, കീറിയ ഒരു നോട്ട്ബുക്ക്, അടപ്പില്ലാത്ത ഒരു പേന, പൊട്ടിയ ചില കളിപ്പാട്ടങ്ങൾ, ടയറുകളില്ലാത്ത ഒരു ബസ്സ് ,
വിമാനത്തിന്റെ ഒരു ചിറക്. ....
പുറത്തേക്കു വലിച്ചെറിഞ്ഞ നോട്ടുബുക്കിനുള്ളിൽ നിന്നു നിറംമങ്ങിയ ഒരു ഫോട്ടോ റോഡിനു നടുക്കു പാറിവീണു. മകനെ ചേർത്തുപിടിച്ചു ചിരിച്ചു നില്ക്കുന്നൊരമ്മയുടെ പടമായിരുന്നതെന്ന് ആരും കണ്ടില്ല. സ്റ്റാൻഡിൽ നിന്നു പുറത്തേക്കു ചീറിപ്പാഞ്ഞ ബസ്സുയർത്തിയ പൊടിക്കാറ്റിലത് എങ്ങോട്ടോ പാറി മറഞ്ഞിരുന്നു.