വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആഫ്രിക്കൻ വംശജയോ ഇന്ത്യൻ വംശജയോ എന്നു ചോദ്യം ചെയ്‌തു തിരഞ്ഞെടുപ്പിലെ എതിരാളി ഡൊണാൾഡ് ട്രംപ്. ഷിക്കാഗോയിൽ നാഷനൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേര്ണലിസ്റ്സ് (എൻ എ ബി ജെ) സമ്മേളനത്തിലാണ് മുൻ പ്രസിഡന്റ് ഈ ചോദ്യം ഉന്നയിച്ചത്.
"അവർ ഇന്ത്യൻ വംശജയാണ് എന്നാണ് പറയാറ്. ഇന്ത്യൻ പൈതൃകം മാത്രമാണ് അവർ പ്രചരിപ്പിക്കുന്നത്. ഏതാനും വർഷം മുൻപ് മാത്രമാണ് അവർ കറുത്ത വർഗക്കാരി ആണെന്ന് ഞാൻ അറിയുന്നത്. ഇപ്പോൾ അവർക്കു അങ്ങിനെ അറിയപ്പെടാനാണ് ആഗ്രഹം.
"എനിക്കറിയില്ല, അവർ ഇന്ത്യനോ ബ്ലാക്കോ? രണ്ടു കൂട്ടരോടും എനിക്ക് ബഹുമാനമാണ്. എന്നാൽ അവർ അത് അർഹിക്കുന്നില്ല."
ജമൈക്കൻ പിതാവിനും ഇന്ത്യക്കാരിയായ മാതാവിനും ജനിച്ച ഹാരിസ് സെനറ്റർ എന്ന നിലയിൽ കോൺഗ്രെഷനൽ ബ്ലാക്ക് കോക്കസ് അംഗമാണ്.
ഹാരിസ് കാമ്പയ്ൻ കമ്മ്യൂണിക്കേഷൻസ് ഡയറക്‌ടർ മൈക്കൽ ടൈലർ പ്രസ്താവനയിൽ പറഞ്ഞു: "ജീവിതകാലം മുഴുവൻ, ഭരണകാലം മുഴുവൻ, കാണിച്ചുപോന്ന വൈരാഗ്യബുദ്ധി ഡൊണാൾഡ് ട്രംപ് ഇപ്പോൾ വേദിയിൽ കാണിച്ചു. പ്രസിഡന്റാവാനുള്ള പ്രചാരണത്തിൽ ഉടനീളം അദ്ദേഹം അതു പ്രകടമാക്കും.
"കറുത്ത വർഗക്കാരായ വാർത്താ ലേഖകരോട് പ്രസിഡന്റായിരുന്ന കാലത്തു നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളും അധിക്ഷേപങ്ങളും അദ്ദേഹം ആവർത്തിക്കയാണ്. കറുത്തവരുടെ കുടുംബങ്ങളെ മുഴുവൻ അദ്ദേഹം പടുകുഴിയിൽ ഇറക്കി."
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു: "അധിക്ഷേപമാണിത്. ഒരാളുടെ വംശീയതയെ കുറിച്ച് ചോദ്യം ചെയ്യാൻ ഒരാൾക്കും അവകാശമില്ല."
Trump questions Harris' racial identity