ആഴത്തിലേക്ക്
വലിയ്ക്കുന്ന ചുഴികൾ
ഉണ്ടെന്നറിയാതെ
ഓളപ്പരപ്പിലൂടെ നീങ്ങുന്ന
ഒരു കൊതുമ്പു തോണി
മുങ്ങും പോലെയോ
ചിറകു കരിയും
എന്നറിയാതെ
തീയിലേക്ക് ഒരു ശലഭം
പറന്നടുക്കും പോലെയോ
നിമിഷം കൊണ്ടുരുകി പോകുമെന്നറിയാതെ
ഒരു പുൽത്തുമ്പിൽ
ഇടം തേടുന്ന
ഹിമകണം പോലെയോ ആണ്
ചില ജന്മങ്ങൾ.
ഉണരും മുൻപ്
നിദ്രയിൽ നിന്നടർന്ന
രാപ്പാതി പോലെ
ചിലപ്പോൾ എങ്കിലും
ചില ജന്മങ്ങൾ
അത്ര മേൽ ക്ഷണികം
ദുർബ്ബലം.