തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. കേസിലെ പ്രതിയായ ഡോക്ടർ ദീപ്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിൻ്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നായായിരുന്നു ദീപ്തിയുടെ മൊഴി.
അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭർത്താവ് സുജിത്തും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. കൊവിഡ് കാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. അവിടെവച്ച് ഇവർ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട സുജിത്ത് ഈ ബന്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്ന കാലത്ത് സുജിത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ദീപ്തി മൊഴി നൽകിയിട്ടുണ്ട്.
സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്നു, പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രതി ദീപ്തിയെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ ദിവസം തന്നെ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.