Image

അയത്ന ലളിതം , കഥകൾ ..! ( കഥാമത്സരം - 2024: ആൻസി സാജൻ )

Published on 01 August, 2024
അയത്ന ലളിതം , കഥകൾ ..! ( കഥാമത്സരം - 2024: ആൻസി സാജൻ )

പ്രകാശനെ ശോഭ കണ്ടിട്ടുണ്ട്. ഇതിനു മുൻപൊരിക്കൽ . 

സുകുമാരന്റെ നാട്ടുകാരനാണ്. 

വായനശാലയിൽ പുസ്തകമെടുക്കാൻ ചെല്ലുമ്പോഴാണ് അവർ തമ്മിൽ കണ്ടു പരിചയമെന്ന് സുകുമാരൻ അവളോട് പറഞ്ഞിട്ടുമുണ്ട്.
അതൊക്കെ കുറെയേറെ നാളുകൾക്ക് മുമ്പായിരുന്നു.
ശോഭ സുകുമാരനെ ആദ്യം കാണുന്നതും ഒരു പുസ്തക പ്രദർശന സ്ഥലത്തു വച്ചായിരുന്നു. മുടിയും താടിയും വളർത്തി ഒരു കക്ഷത്തിലും മറ്റേ കയ്യിലുമായി വാരികകളും പുസ്തകങ്ങളുമൊക്കെ വാരിപ്പിടിച്ചൊരു നിൽപ്പും നടത്തയുമൊക്കെയായിരുന്നു അന്നയാൾക്ക് . തമ്മിൽ കാണുമ്പോഴൊക്കെയും അയാൾ സിഗററ്റ് വലിക്കുകയും ചെയ്തിരുന്നു.
പറഞ്ഞു വന്നത് ശോഭ ആ ധൂമപടലങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി എന്ന മഹാ കാര്യമാണ്.
സിനിമാ നടൻ ജയൻ മരിച്ച വാർത്തയറിഞ്ഞ് വാവിട്ട് കരഞ്ഞവളാണ് ശോഭ. 
പിന്നെയും കുറെക്കാലം കഴിഞ്ഞപ്പോൾ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് സിനിമയിലെ നാദിയാ മൊയ്തുവിന് ശോഭ കത്തെഴുതുക പോലുമുണ്ടായി.

ആയിടെ , സുകുമാരന്റെ രണ്ട് ചെറുകഥകൾ അല്പകാലം ഇടവിട്ട് മെച്ചപ്പെട്ട ഒരു സാഹിത്യ മാസികയിൽ പ്രസിദ്ധീകരിച്ചു വന്നു. അത്രയും അത്ഭുതകരമായ  സംഭവം നടന്നു കഴിഞ്ഞപ്പോഴേക്കും എല്ലാംകൊണ്ടും ലോല ഹൃദയയായ ശോഭ സുകുമാരന്റെയൊപ്പം ഓടിപ്പോയി എന്നു പറയുന്നില്ല. തീവണ്ടിയാപ്പീസിലേക്ക് ചെല്ലണമെന്നു സുകുമാരൻ പറഞ്ഞ സമയത്ത് ശോഭ അവിടെയെത്തി. അപ്പോഴേക്കും അന്ന് നല്ല കൃത്യനിഷ്ഠയൊക്കെയുണ്ടായിരുന്ന സുകുമാരൻ കൈയിൽ രണ്ട്  ടിക്കറ്റുമായി അവളെ കാത്തു നില്‌പുണ്ടായിരുന്നു.
പത്തു മിനിട്ടിനകം കൂകി വിളിച്ചു വന്ന തീവണ്ടിയിൽ കയറി അവർ ഒന്നിച്ച് യാത്ര തുടങ്ങി.

വടക്ക് കടലുള്ള നഗരംവിട്ട് ഉൾവലിഞ്ഞ ഗ്രാമത്തിലുള്ള അയാളുടെ വീട്ടിലേക്കാണവർ ആദ്യം പോയത്.
മുറ്റം കടന്നു ചെന്നപ്പോൾ തന്നെ കശപിശയായി.
വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെല്ലാം ചേർന്ന് അവരുടെ ഗൃഹപ്രവേശം തടഞ്ഞു.
ഏട്ടനൊരാൾ കൊടുത്ത ആദ്യത്തെ അടിയിൽ തന്നെ സുകുമാരൻ മുറ്റത്ത്  വേച്ചുവീണു.
ഉരുണ്ടു പിരണ്ടെണീറ്റ് അടിച്ച ആൾക്ക് നേരെ പുലിയായിച്ചീറിയെങ്കിലും വിരണ്ടു വിറച്ചു നിന്ന ശോഭയുടെ കരച്ചിൽ കണ്ടയാൾ പതറി..
പിന്നെ മുരണ്ടു കൊണ്ട് അവളുടെ കയ്യുംപിടിച്ച് ആവുന്നത്ര ആഞ്ഞു വലിഞ്ഞ് അയാൾ ആ വീടും വീട്ടുമുറ്റവും കടന്ന് പെരുവഴിയിലേക്ക് നടന്നു.
ആ നടത്ത അങ്ങനെ നീണ്ടുപോയി. രാത്രിയോളമെത്തിയപ്പോൾ , താനിറങ്ങിത്തിരിച്ച  യാത്രയത്ര പന്തിയായില്ലെന്നു ശോഭയ്ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് അവരുടെ മുന്നിലേക്ക് ഏറെ പ്രകാശവുമായെന്ന പോലെ പ്രകാശൻ വന്നുദിച്ചത്.
കാര്യങ്ങളറിഞ്ഞ പ്രകാശൻ വാടകക്കാരൊഴിഞ്ഞു പോയ അയൽപക്കത്തെ വീടിന്റെ ചായ്പ്മുറി അവർക്ക് സംഘടിപ്പിച്ചു കൊടുത്തു. അങ്ങനെ  സുകുമാരന്റെയും ശോഭയുടെയും കല്യാണരാത്രി ആ ചായ്പിനുള്ളിലാണ് ഇരുണ്ടു വെളുത്തത്.
അത് എത്രത്തോളം അലങ്കോലപ്പെട്ട രാത്രിയായിരുന്നോ അതിലുമധികം തകിടം മറിഞ്ഞ ഒരു ജീവിതമായിരുന്നു പിന്നീടിതുവരെയും അവരുടേത്.
കമലാലയം എന്ന് ഇരുമ്പ് ഗേറ്റിൽ തന്നെ വാർത്തെടുത്ത എഴുത്തുള്ള വീട്ടിലെ ശോഭ , സുകുമാരന്റെയൊപ്പം ജീവിതത്തിന്റെ ഞെരിയാണികളിൽ കുരുങ്ങിക്കിടപ്പായി പിൽകാലമെല്ലാം.

വർഷങ്ങൾക്കു മുമ്പ് എവിടെ അന്തിയുറങ്ങും എന്നറിയാതെ ഉഴറിയ നേരമെത്തിയ
ആ പ്രകാശനും അയാളുടെ ഭാര്യയുമാണ് ആകെ രണ്ടു മുറിയും അടുക്കളയുമുള്ള അവരുടെ ഇപ്പോഴത്തെ വാടക വീടിന്റെ ഒരു മുറിയിലേക്ക് ഉറങ്ങാൻ പോയിരിക്കുന്നത്.
അവർ നേരം വൈകിയതോടെ നാട്ടിലേക്ക് പോകാനാകാതെ നഗരത്തിലകപ്പെടുകയായിരുന്നു. 
കാലങ്ങൾക്കിപ്പുറം സുകുമാരന്റെ കൂട്ടുകാരൻ പ്രകാശനെ വീണ്ടും ശോഭ  കണ്ടുമുട്ടുന്നതും ഏറെ വൈകിയ ഒരു രാത്രിയിലാണെന്നത് എന്തെങ്കിലും യാദൃച്ഛികതയാണോ? ഏയ്, അങ്ങനെയൊന്നുമില്ല .
ഇപ്പോഴാണ് വീണ്ടും കാണാനിട വന്നത്; അത്രേയുള്ളു.
 എല്ലാം അത്രയൊക്കെയേ ഉള്ളു ശോഭയ്ക്കിപ്പോൾ.

ലൈറ്റണച്ച് കിടന്നിട്ടും ശോഭയ്ക്ക് ഉറക്കം വന്നില്ല..
സുകുമാരന്റെ കൂർക്കം വലിയോടൊപ്പമുയരുന്ന മദ്യഗന്ധമടിച്ച് അവൾക്ക് ചെടിച്ചു. ചത്ത പോലെയാണ് സുകുമാരന്റെ കിടപ്പെന്ന് അവൾക്ക് തോന്നി. കൂർക്കം വലിച്ചുകൊണ്ട് ആരും ചത്തു കിടക്കില്ല എന്നൊരു വ്യത്യാസം മാത്രം.
അപ്പുറത്തെ മുറിയിൽ പ്രകാശനും ഭാര്യയും ഇല്ലായിരുന്നെങ്കിൽ പതിവു പോലെ ശോഭ അവിടെക്കിടന്നുറങ്ങിയേനെ.

താമസിയാതെ , പ്രകാശന്റെ ഭാര്യ ഉറങ്ങിക്കാണുമോ എന്നൊരു സംശയചിന്ത ശോഭയിൽ ഉടലെടുക്കാൻ തുടങ്ങി. സാധാരണഗതിയിൽ ഒട്ടും സാധ്യതയില്ല.
തീർത്തും അപരിചിതമായൊരു സാഹചര്യത്തിൽ അവൾ വന്നുപെട്ടത് വൈകിയ രാത്രിയിലും.

വന്നു കയറിയപ്പോഴേ  പ്രകാശൻ എളിയിൽ താഴ്ത്തി വച്ചിരുന്ന മദ്യക്കുപ്പിയെടുത്ത്  സുകുമാരനെ ഏൽപ്പിച്ചു. നിരത്തിവച്ച  ഗ്ലാസ്സുകളിൽ വീണ്ടും വീണ്ടും പകർന്ന് വെള്ളമൊഴിച്ചും ഒഴിക്കാതെയുമൊക്കെയായി രണ്ടു പേരും ചേർന്നത് കാലിയാക്കി. എന്നിട്ടവർ ഇഴഞ്ഞിഴഞ്ഞ് ഏതാണ്ടൊക്കെ സംസാരിച്ചുകൊണ്ടിരുന്നു.
പിന്നെയവർ പതിയെ പാട്ടു തുടങ്ങി..
വരികളില്ലാതെ കുഴഞ്ഞുപോയ പാട്ടുകൾ.

ശോഭയ്ക്ക് ഇതെല്ലാം കണ്ട് വല്ലാത്ത അരിശം വന്നതു കൊണ്ട് പ്രകാശന്റെ ഭാര്യയോട് ഒരുപാടൊന്നും മിണ്ടാൻ കൂടി നിന്നില്ല. സത്യത്തിൽ അവളുടെ പേരെന്താണെന്ന് ചോദിക്കാൻ പോലും മറന്നു.

ഉണ്ടായിരുന്ന കഞ്ഞിയും കറിയും ശോഭയും സുകുമാരനും കഴിച്ചു കഴിഞ്ഞാണ് പ്രകാശൻ പടിക്കലെത്തി എന്നും പറഞ്ഞ് ഫോൺ വിളിച്ചത്.
വന്നു കേറിയപാടെ, ഹോട്ടലീന്ന് അത്താഴം കഴിച്ചിട്ടാണ് വരവെന്ന് പ്രകാശന്റെ ഭാര്യ പറഞ്ഞു. 
ശോഭയെ ബുദ്ധിമുട്ടിക്കുന്നതിൽ ആകെ വിഷമിച്ചെന്ന പോലെയായിരുന്നു അവളുടെ നിൽപ്പ്.

സുകുമാരനും പ്രകാശനും തമ്മിൽ ഇടയ്ക്കെപ്പോഴൊക്കെയോ കാണാറുണ്ടെന്നും
ഒരിക്കൽ അവരുടെ വീട്ടിൽ സുകുമാരൻ ചെന്നിരുന്നെന്നും ഇത്തിരി സംസാരിച്ചപ്പോഴേക്കും ശോഭ മനസ്സിലാക്കി.

നിർബന്ധിച്ച് നിർബന്ധിച്ച് ശോഭ കൊടുത്ത  ഏത്തപ്പഴവും ഒരു പാത്രത്തിൽ കുടിക്കാൻ വെള്ളവുമായാണ് കുഴഞ്ഞു നടന്ന പ്രകാശനെയും കൂട്ടി അവൾ മുറിയിലേക്ക് പോയത്.

ജോലിയന്വേഷിച്ച് ചെന്നൈയിലേക്ക് പോയിരിക്കുകയാണ് ശോഭയുടെയും സുകുമാരന്റെയും മകൻ . സൈദാപെട്ടിലുള്ള കൂട്ടുകാരൻ വിളിച്ചിട്ട് ചെന്നൈക്ക് പോയതാണവൻ.
വിഘ്നേഷിന്റെ മുറിയാണത് . 
മോൻ വരുമ്പോൾ വിരിക്കാൻ വച്ചിരുന്ന അലക്കിയ ഷീറ്റ് ശോഭ കിടക്കയിൽ വിരിച്ചിരുന്നു. പുതയ്ക്കാൻ 
അവന്റെ പുതപ്പും .

ഈ ആണുങ്ങളൊക്കെ എന്താ ഇങ്ങനെ? ഭാര്യയെ കൂട്ടി രാത്രി വൈകി ഒരു വീട്ടിലേക്ക് കേറിവരിക.
മൂക്കറ്റം കുടിക്കുക
വെളിവില്ലാതെ കിട്ടിയയിടത്ത് കിടന്നുറങ്ങുക.

ഇതിനിടയിൽ സ്വബോധമുള്ള ആ പെണ്ണ് എങ്ങനെയുറങ്ങും ?

ശോഭയ്ക്കും ഉറങ്ങാൻ കഴിഞ്ഞില്ല. വെറുതെയങ്ങ് കിടന്നുറങ്ങാൻ പറ്റുമോ ?

സുകുമാരൻ കൂർക്കം വലിയോടെ ചലനമറ്റ് കിടക്കുന്നു.
അയാൾക്കും എന്ത് !

പെട്ടെന്ന് സുകുമാരന്റെ പണ്ട് പ്രസിദ്ധീകരിച്ച രണ്ട് കഥകളിലൊന്ന് ശോഭയ്ക്ക് ഓർമ്മ വന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ കാമിനി വീണ്ടും പ്രണയംപൂണ്ട് ക്ഷണിച്ചപ്പോൾ ആനന്ദാതിരേകനായ കാമുകൻ അവളുടെ വാസസ്ഥലം അന്വേഷിച്ചെത്തി സൽക്കരിച്ച കഥ. ചുംബിച്ച് താരാട്ട് പാടി അവളോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു അവൻ . മേൽത്തരം ആവോലിക്കറിയും തരാതരം പച്ചക്കറികൾ വേവിച്ച് ഒരുപാട് തേങ്ങയൊക്കെയിട്ട അരപ്പ് ചേർത്ത് പച്ച വെളിച്ചെണ്ണയൊഴിച്ച അവിയലും മുട്ട പൊരിച്ചതുമൊക്കെ കൂട്ടി ഒന്നാന്തരമൊരൂണ് അയാളൊരുക്കി. കാമുകിക്ക് ഒന്നോ ഒന്നരയോ മണിക്കൂറത്തെ സമൃദ്ധമായ ഉറക്കം സമ്മാനിച്ചിട്ട് അവളും ഒന്നിച്ചിരുന്ന് ഊണ് കഴിച്ച് അയത്നലളിതമായി പുന:സമാഗമം അയാൾ ആഘോഷിച്ചു.

ശോഭ ഇരുട്ടിൽ കിടന്ന് ചിരിച്ചു.
അപരിചിതമായ അടുക്കളയിൽ കാമുകനെ മേയാൻ വിട്ട് സുഖമായുറങ്ങിയത്രെ കഥയിലെ പെണ്ണ്. 
അയാളാവട്ടെ യാതൊരു സന്ദേഹവുമില്ലാതെ കുറച്ചു സമയത്തിനുള്ളിൽ രുചികരമായ കറികളും ചോറുമൊരുക്കി വച്ചു. അന്യ അടുക്കളേൽ കേറി ഒറ്റയ്ക്ക് ഒരു ചായ പോലും ഉണ്ടാക്കുന്നത് എത്രമേൽ ദുഷ്കരമെന്നത് ആർക്കാണ് അറിഞ്ഞു കൂടാത്തത് !
ഈ സുകുമാരനൊക്കെ എന്തേലും അറിഞ്ഞിട്ടാണോ ഇതൊക്കെ എഴുതി വച്ചത് !

ഇനി എന്തുറങ്ങാനാണ് ?
മണി അഞ്ചായിട്ടുണ്ടാവും.
പ്രകാശനും ഭാര്യയ്ക്കും രാവിലെ കഴിക്കാനെന്തു കൊടുക്കും ?
തലേന്ന് വാങ്ങിയ  ഏത്തപ്പഴം രണ്ടെണ്ണം ബാക്കിയുണ്ട്. കുറച്ച് റവയും കാണും .
കൂർക്കംവലി നിർത്തി ചുരുണ്ടു കിടന്ന് സുകുമാരനുറങ്ങുന്നു. 
ശോഭ എണീറ്റ് അടുക്കളയിലേക്ക് പോയി..
ഏത്തപ്പഴം പുഴുങ്ങി റവയുപ്പുമാവും ഉണ്ടാക്കി അടച്ചു വച്ചു.
ചായയ്ക്ക് വച്ച വെള്ളം തിളയ്ക്കാൻ തുടങ്ങിയപ്പോഴേക്കും  പ്രകാശന്റെ ഭാര്യ അടുക്കളയിലേയ്ക്ക് വന്നു.
ചേച്ചി എന്താ നേരത്തെ എണീറ്റത്?
ഞാനും ഉറങ്ങിയില്ലായിരുന്നു..

അവളുടെ കണ്ണുകളിൽ ഉറക്കം കിട്ടാതെ കറുപ്പ് പിടിച്ചിരുന്നത് കണ്ട് ശോഭയ്ക്ക് ചെറിയ സങ്കടം വന്നു.
തലേന്ന് പേര് ചോദിക്കാഞ്ഞതിനാൽ അവളെ എന്തു വിളിക്കണമെന്നോർത്ത് ശോഭയൊന്നു പതറി.

പ്രകാശൻ ഉറങ്ങുവല്ലേ..?

അങ്ങേരിനി പത്തു മണിയെങ്കിലുമാവും ഉണരാൻ. നേരത്തെ പോകാമെന്നു കരുതി വിളിച്ചിട്ട് അനക്കം പോലുമില്ല.
അവൾ നാണംകെട്ടന്ന പോലെ പറയുന്നത് കേട്ടു ശോഭ പറഞ്ഞു.
സാരമില്ല കെടന്നോട്ടെ ,
സുകുമാരൻ എണീക്കുമ്പം എന്തായാലും ഉച്ചയാകും. അല്ലെങ്കിലും ഇന്ന് ഞായറാഴ്ചയല്ലേ.
നിങ്ങൾ ഏതായാലും ഊണ് കഴിച്ചിട്ട് പോയാൽ മതി.
പ്രകാശന്റെ ഭാര്യ ഒന്നും മിണ്ടാതെ നിന്നു.
തിളച്ച വെള്ളത്തിൽ തേയിലയിട്ട് പഞ്ചസാരയും ചേർത്ത് അവൾക്ക് കൊടുത്തിട്ട് ശോഭ പറഞ്ഞു.
ചായ കുടിച്ചിട്ട് പോയി ഉറങ്ങിക്കോ. 
രാവിലെ എനിക്ക് ഒരിടം വരെ പോകാനുണ്ട്. ഒരൊന്നര മണിക്കൂറിനുള്ളിൽ തിരിച്ചു വരും. അഥവാ വൈകിയാൽ ഭക്ഷണം എടുത്തു കഴിക്കണേ.
ശോഭ പറയുന്നത് കേട്ടതും
ചായയും കൊണ്ട് പ്രകാശന്റെ ഭാര്യ തിരികെ മുറിയിലേക്ക് പോയി. അവൾക്ക് പറയാൻ ഒരു മറുപടിയും ഉണ്ടായിരുന്നില്ല. കാര്യങ്ങൾ മാത്രം കൃത്യമായി പറയുന്ന ഒരു കാർക്കശ്യം ശോഭയുടെ ശബ്ദത്തിലുണ്ടെന്ന് അവൾ മനസ്സിലാക്കിയിരുന്നു.
സുകുമാരന്റെ കൂടെ ജീവിച്ചു കൈവന്ന സിദ്ധിയായിരിക്കുമതെന്നും പ്രകാശന്റെ 
ഭാര്യയ്ക്ക് തോന്നി.

ബീച്ചിനടുത്ത ഫ്ളാറ്റിൽ തനിച്ച് താമസിക്കുന്ന ഒരു സ്ത്രീയെ സഹായിക്കാൻ പോകുന്നതാണ് കുറച്ചു നാളായി ശോഭയുടെ ജോലി. ഞായറാഴ്ച ഒഴിവാണെങ്കിലും ഇന്ന് പോകാതെ വയ്യ. പ്രകാശനും ഭാര്യയ്ക്കും ഊണ് കൊടുക്കണമെങ്കിൽ ഒരു വക സാധനങ്ങളില്ല വീട്ടിൽ. കയ്യിൽ ആകെ പത്തമ്പത് രൂപയും മാത്രം.

സുകുമാരനോടൊപ്പം കമലാലയം വിട്ട് ഇറങ്ങിപ്പോന്നതിൽ പിന്നെ ശോഭ ഒരുപാട് ജോലികൾ ചെയ്തു. രണ്ട് കഥകൾ പ്രസിദ്ധീകരിച്ചു വന്നതിന്റെ കനം വിട്ടൊഴിയാത്ത ശിരസ്സുമായി ഇക്കാലമത്രയും സുകുമാരൻ ജ്വലിച്ച് നടക്കുകയായിരുന്നു. കള്ളുകുടിച്ച് ചങ്ങാതികളെയുണ്ടാക്കി ചുറ്റിനടന്നൊരു ജീവിതം. ഭോഷൻ .

ബീച്ചിലേക്കുള്ള ആദ്യ ബസ്സിൽ തന്നെ ശോഭ കയറി. ഇരുപത് മിനിട്ട് യാത്രയേ ഉള്ളു .എന്നും കടല് കാണാം എന്നതാണ് അവിടുത്തെ ജോലിയോട് ശോഭയ്ക്കുള്ള ഇഷ്ടം. 

തോന്നുമ്പോഴൊക്കെ ശോഭ കടലിലേക്ക് നോക്കി നിൽക്കും. ആദ്യമായി കാണുമ്പോലെ.

ഫ്ളാറ്റിലെത്തി
അഞ്ഞൂറ് രൂപയും മേടിച്ച്,
പോയ  ബസ് തിരികെ വരുമ്പോഴേക്കും ശോഭ അതിൽ ഓടിക്കയറി .
സീറ്റിലിരുന്നതും വിഘ്നേഷിന്റെ ഫോൺ വിളി.
അമ്മാ ..ഇന്നലെ രാത്രി വിളിച്ചിട്ട് കിട്ടിയില്ലല്ലോ.
എന്താ മോനേ..
ഇന്നൊരിന്റർവ്യൂ ഉണ്ട്. മിക്കവാറും കിട്ടും..
നല്ല ജോലിയാ ...
നമ്മൾ രക്ഷപെടും അമ്മാ..
പോയിട്ട് വാ മോനേ..
ശരിയമ്മാ..
ദൈവമേ... വിഘ്നേഷിനെ രക്ഷിക്കണേ ..
സന്തോഷത്തിന്റെ ഒരാന്തലുണ്ടായി ശോഭയ്ക്ക് .

വീട്ടിലേയ്ക്കുള്ള വഴി തിരിയുന്നിടത്ത് കടകളുണ്ട്.
ഞായറാഴ്ചയായതു കൊണ്ട് എല്ലാം തുറന്നിട്ടില്ല.
മീൻകാരൻ അലിയുടെയടുത്ത് പെണ്ണുങ്ങൾ കൂടിനിൽക്കുന്നു. ശോഭയും ചെന്ന്
മീൻപെട്ടിയിലേക്ക് നോക്കി.
നല്ല പെടയ്ക്കുന്ന മത്തിയുണ്ട് ചേച്ചീ ..
വില ചോദിയ്ക്കാൻ ശോഭ ഭയന്നു..
മത്തി മേടിച്ചോ ചേച്ചീ .. ഇച്ചിരി വയറ് പൊട്ടീതാ. നൂറ് രൂപ മതി കിലോയ്ക്ക് .
അരക്കിലോ എടുക്ക്..
ഒരു കിലോ ഇരിക്കട്ടെന്നും പറഞ്ഞ് അലി മത്തിവാരി പ്ലാസ്റ്റിക് കവറിലിടാൻതുടങ്ങി...
അരി ഒരുകിലോ
ഒരു കവറ്പാല് 
ഒരു തൈര്
പച്ചമുളക്
ഉള്ളി
കുറച്ചു വെളിച്ചെണ്ണ
പിന്നെയും ഓരോന്നോരോന്ന് ഓർത്തുകൊണ്ട് മീൻകാരൻ അലി ബാക്കി കൊടുത്ത നാല് നൂറു രൂപകളുമായി ശോഭ തുറന്നിരുന്ന പലചരക്കുകടയിലേക്കു നടന്നു.

കഥകളുമായൊന്നും ബന്ധമില്ലാത്ത അയത്നലളിതമേയല്ലാത്ത മാർഗ്ഗങ്ങളിലൂടെ ഒരുവളങ്ങനെ തുടരുകയാണ് ..
     
- - -     - - - -    - - - -
 

ആൻസി സാജൻ 

കോട്ടയം ഒളശ്ശയിലാണ് താമസം. ചങ്ങനാശ്ശേരി സ്വദേശി. അസംപ്ഷൻ കോളേജ് (ബിരുദം), എസ്.ബി.കോളേജ് (ബിരുദാനന്തരബിരുദം, മലയാളം), മദ്രാസ് ക്രിസ്റ്റ്യൻ കോളജ് , ചെന്നൈ ( ജേർണലിസം) 
മലയാള മനോരമ കോട്ടയം എഡിറ്റോറിയൽ വിഭാഗത്തിൽ പരിശീലനം.
1986 ലും '87 ലും ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ. 1986 - 87 - ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ വൈസ് - ചെയർ പേഴ്സൺ.
ഫീച്ചർ, അഭിമുഖം, ലേഖനം  തുടങ്ങിയവ പത്രമാസികകളിൽ  പ്രസിദ്ധീകരിച്ചു വരുന്നു. കഥയും കവിതയുമൊക്കെയും ഏറെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ദേവകി വാര്യർ സ്മാരകം
2022 - ലെ ചെറുകഥാ സമ്മാനം ലഭിച്ചിട്ടുണ്ട്.
ഭർത്താവ് - സാജൻ ടി. സണ്ണി (Commercial Tax Officer (Rtd), Kerala Govt.) , മൂന്ന് മക്കൾ .

Join WhatsApp News
Mini Antony 2024-08-01 15:06:37
ശോഭയുടെ അയത്നലളിതമായ ഈ യാത്ര വായനാക്കാരിലൂടെ തുടരും.
Remani ammal 2024-08-01 15:15:00
കഥ അനിതര സാധാരണം, അയത്ന ലളിതം..പുതുമയുളള കഥ.
Sujatha 2024-08-01 16:14:18
Lalitham sundaram..❤️
P. J. Thankachan 2024-08-01 18:27:30
ലളിതമായ കഥയിലൂടെ വലിയ കാര്യങ്ങൾ വിന്യസിച്ചിരിക്കുന്നു. അന്ത്യം ചിന്ത്യം. ഏറെ ഹൃദ്യം. അഭിനന്ദനങ്ങൾ.
രാജലക്ഷ്മി 2024-08-01 19:15:02
കാമ്പുള്ള കഥ 👌🏻👌🏻👌🏻👌🏻ലളിതം ഈ ഭാഷ 🧡
Sudhir Panikkaveetil 2024-08-01 21:46:20
ഒളി"ച്ചോട്ട" പന്തയങ്ങളിൽ പരാജയമാണ് മിക്കവർക്കും ഉണ്ടാകുന്നത്. പുരുഷന് പിന്നെ ലഹരിയുടെ പിടിയിൽ കിടന്നു ഒന്നുമറിയാതെ ഉറങ്ങാം പാവം പെണ്ണുങ്ങൾ സാരിതുമ്പ് അരയിൽ തിരുകി ജീവിതഭാരം ചുമക്കുന്നു. സ്വന്തം വീടിന്റെ സുരക്ഷയും, സമാധാനവും സ്നേഹവും വെടിഞ്ഞു എതിര്ലിംഗത്തിലുള്ള ഒരുവന്റെ കൂടെ ഓടിപോകുക. ഹോർമോണുകൾ പടയാളികളെ പോലെ ആരംഭശൂരത്വം കാട്ടി പ്രലോഭിപ്പിക്കുമ്പോൾ യുദ്ധഭൂമിയിലേക്ക് ചാടി ഉടനെ മുറിവേറ്റ് അംഗവിഹീനരായി പോകുന്നവരിൽ പെണ്ണുങ്ങൾ മുന്നിൽ, സ്നേഹമെന്ന കള്ളനാണയം കാട്ടി രതിരാജൻ മുതലെടുക്കുന്ന ഈ കളിയിൽ രാജ്യം പോകുന്ന രാജ്‌കുമാരികൾ പിന്നെ അതിജീവനത്തിനു പാടുപെടുന്നു. യാഥാർഥ്യങ്ങളുടെ മുൾമുന കൊള്ളുന്ന ജീവിതം പോലുള്ള ഒരു കഥ.
Pushpamma Chandy 2024-08-02 04:44:48
നല്ല എഴുത്തു , ആഖ്യാനരീതി ഗംഭീരം , അഭിനന്ദനം എഴുത്തുകാരിക്ക്
Remya 2024-08-02 09:43:25
ജീവിതം ഇങ്ങനെയും ആണല്ലേ... എത്രയെത്ര ശോഭമാർ... ഉള്ളിൽ തൊടുന്ന കഥ.. കയ്യടക്കം മനോഹരം ♥️
Mary T L 2024-08-03 06:02:14
ലളിതം സുന്ദരം വായനയെ നയിച്ചു കൊണ്ടു പോകുന്ന രചനാശൈലി ജീവിത യാഥാർത്ഥ്യങ്ങൾ എടുത്ത് കാണിക്കുന്ന കഥ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക