വിങ്ങുന്ന മനസ്സുമായാണ് ഈ വരികൾ കുറിക്കുന്നത്. കേരളം എന്നല്ല, രാജ്യമാകെ ത്തന്നെ വയനാട്ടിലുണ്ടായ അതിദാരുണമായ ആ മഹാദുരന്തത്തിൻ്റെ ഞെട്ടലിലും അത് ഉള്ളിലുണർത്തിയ തേങ്ങലിലുമാണ്. നമ്മുടെ ചരിത്രത്തിലാദ്യമാണ് ഇത്ര വലിയ ഒരു പ്രകൃതിദുരന്തം.
അർദ്ധരാത്രിക്കുശേഷം ആദ്യ ഉരുൾ പൊട്ടലുണ്ടായി. ഒരു പ്രദേശം. അപ്പാടെ ഒലിച്ചുപോവുകയായിരുന്നു. ഒരു ജനവിഭാഗം അതിൻ്റെ ആഘാതം അപ്പാടെ അനുഭവി ക്കുകയായിരുന്നു. എത്രയോ പേർക്കു ജീവൻ നഷ്‌ടമായി എത്രയോ പേരെ കാണാ തായി. എത്രയോ പേർക്കു പരിക്കേറ്റു.
ഒന്നുകൊണ്ടും പരിഹരിക്കാനാവാത്തതും ഒന്നുകൊണ്ടും പകരം വെക്കാനാവാത്തതുമായ പരമമായ നഷ്‌ടമാണ് ജീവനഷ്‌ടം. പുനർനിർമ്മാണം പോലും പ്രായേണ ദുഷ്‌കരമാ വുന്ന വിധത്തിലാണ് കൃഷിക്കും സ്വത്തിനും പാതകൾ ഉൾപ്പെടെയുള്ള ഭൗതിക ഘടന യ്ക്കുമുണ്ടായ നഷ്‌ടം.
തുടർച്ചയായി ഒരു പ്രളയവും വൻ വെള്ളപ്പൊക്ക ദുരന്തവും നേരിട്ട സംസ്ഥാനമാണു നമ്മുടേത്. അവയുടെ ആഘാതങ്ങളിൽ നിന്നു മെല്ലെയൊന്നു രക്ഷപ്രാപിക്കുമ്പോഴാണ് ഈ ദുരന്തം. പുനർനിർമ്മാണത്തിലൂടെ വീണ്ടെടുത്തതുകൂടി ഒഴുകി നശിച്ചു. വീടുകൾ, കൃഷി, റോഡുകൾ ഒക്കെ നശിച്ചു. ജലനിരപ്പു താഴ്ന്ന്‌നാലേ നഷ്ടത്തിന്റെ യഥാർത്ഥ കണക്ക് വ്യക്തമാവൂ.
അടുത്തകാലത്ത് അടിക്കടിയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫല ങ്ങൾ തുടരെ നമുക്ക് അനുഭവിക്കേണ്ടിവരുന്നു. മിന്നൽ ദുരന്തങ്ങൾ ഉണ്ടായാൽ നേരിടാ നല്ലേ പറ്റൂ. നിമിഷങ്ങൾക്കിടയിൽത്തന്നെ നമ്മൾ ഉറക്കമിളച്ചിരുന്നു ജാഗ്രതയോടെ പ്രവർത്തിച്ചു. ഏകോപിപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ കേരള സർക്കാർ രക്ഷാ പ്രവർത്തനത്തിനുള്ള ഏകോപിത സംവിധാനമൊരുക്കി. മിന്നൽ വേഗത്തിൽ കരസേനയും നാവികസേനയും വ്യോമസേനയും എത്തി. ഹെലികോപ്റ്ററുകളും രക്ഷാ
സംവിധാനങ്ങളും ഒരുങ്ങി. കേന്ദ്ര സർക്കാർ നന്നായി സഹായിച്ചു. നാട്ടുകാരും സന്നദ്ധസംഘടനകളും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ ശ്രമത്തിൻ്റെ കൂടി ഫലമായാണ് ഒരുപാടു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
രക്ഷാസംഘങ്ങളും മെഡിക്കൽ ടീമുകളും എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സുകളും റസ് ടീമുകളും ഡോഗ് സ്ക്വാഡും കോസ്റ്റുഗാർഡും സർവോപരി നേവിയും ആർമിയും എയർ ഫോഴ്‌സും നമ്മുടെ പോലീസും എല്ലാം ഇമചിമ്മാതെ ജാഗ്രതയോടെ യുള്ള രക്ഷാപ്രവർത്തനത്തിലാണ്. ഫയർ ആൻഡ് റസ്‌ക്യൂ സർവ്വീസസ് സേനയുടെ പങ്കും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കാനും ക്യാമ്പുക ളിലാക്കാനും കുടിവെള്ളവും ഭക്ഷണവും ഔഷധവും വസ്ത്രവും എത്തിക്കാനും ഒരേ മനസ്സായി നമ്മൾ പ്രവർത്തിച്ചു. ഇതു തുടരേണ്ടതുണ്ട്.
ദുരന്തസാധ്യതയുള്ളതായി നേരത്തേ വിലയിരുത്തപ്പെട്ട പ്രദേശത്തെവിടെയുമല്ല, മറിച്ച് അവിടെ നിന്ന് ഏറെ അകലെയാണ് അപ്രതീക്ഷിതമായി ഇക്കുറി ദുരന്തമുണ്ടായത്. നേരത്തെ സൂചിപ്പിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു മുന്ന റിയിപ്പും എവിടെ നിന്നുമില്ലാതിരുന്നിടത്താണ് ദുരന്തമുണ്ടായത്. അതീവ ശ്രമകരമായ ഒരു ബൃഹദ് ദൗത്യമാണു മുമ്പിലുള്ളത്. എല്ലാം തകർന്ന കുടുംബങ്ങൾക്കു ജീവിതം ഏർപ്പാടാക്കിക്കൊടുക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കേണ്ടതുണ്ട്.
മുൻകാലങ്ങളിൽ അത്തരം സന്ദർഭങ്ങളിലെല്ലാം കേരളത്തെ സവിശേഷമായി കരുതി യിട്ടുള്ളവരാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. എല്ലാക്കാലത്തും കേരളത്തിൻ്റെ അഭിവൃദ്ധിക്കും ഉന്നമനത്തിനുമായി നിലകൊണ്ടിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള പ്രവാസികൾ. ഈ ഘട്ടത്തിലും നിങ്ങളതു ചെയ്യുമെന്ന ഉറച്ച ബോധ്യമുണ്ട്. നമ്മുടെ സഹോദരങ്ങളുടെ അതിജീവനം ഉറപ്പുവരുത്താനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
പിണറായി വിജയൻ