(ദുരന്ത ഭൂമികയിലെ സുമനസുകൾക്ക് സമർപ്പിക്കുന്നു)
മനുഷ്യ വേദനകളിൽ
മനം നൊന്തു കരയുന്ന
മലയാളി മനസ്സുകൾക്കഭിവാദനം !
അതുകൊണ്ടാണലിയുന്ന
കരളുള്ള യീ മണ്ണിനീ
മുഖപടം :’ ദൈവത്തിന്റെ പ്രിയ ഭൂമിക ‘
ഒരുനൂറ് മോഹം പേറി
ചിറകടിച്ചകാശത്തിൻ
കടലുകൾ കടന്ന് നാം ഇര തേടുമ്പോൾ
*ചിറയിലെ പനയിൽ തീർത്ത
കരിയിലക്കൂട്ടിൽ നിന്നാ
ഹൃദയത്തിൻ കുറുകലുകൾ അറിയുന്നു നാം !
ഇണയുണ്ട് , പ്രേമത്തിന്റെ
നിറവായ കുരുന്നുണ്ട്,
വടിയൂന്നി വാർദ്ധക്യമായ് വാത്സല്യമുണ്ട് !
മടങ്ങുവാൻ വെമ്പുമ്പോളും
മനസ്സിന്റെ പാടങ്ങളിൽ
വിള കാക്കാൻ നാം കെട്ടിയ മതിലുകൾ ഉണ്ട് .
ഒരുവേള വന്നില്ലെങ്കിൽ
കരയേണ്ട; കാലത്തിന്റെ
മറുകര തേടിപ്പോകാൻ കാത്തു നിൽക്കുന്നു !
അതിരുകൾ തിരിക്കാത്ത
യനശ്വര പ്രപഞ്ചത്തിൽ
അതിസൂക്ഷ്‌മം വിഘടിച്ചു നാം വീട്ടിലെത്തുന്നു !
ചിറയിലെ പനയിലെ കരിയിലക്കൂട് - സി ജെ മണ്ണുംമൂടിന്റെ വാക്കുകൾ.