ന്യൂ യോർക്ക് ലോവർ മൻഹാട്ടനിൽ നിരവധി സ്ത്രീകളെ കവർച്ച ചെയ്ത ഒരു കുറ്റവാളി രണ്ടു എൻ വൈ പി ഡി ഓഫിസർമാരെ വെടിവച്ചു. ഇരുവരെയും ബെലെവ്യൂ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവരുടെ ജീവനു ഭീഷണി ഇല്ലെന്നു പോലീസ് പറഞ്ഞു.
ജോഷ്വ ഡോർസെറ്റ് (22) എന്ന അക്രമിയെ അറസ്റ്റ് ചെയ്തു. അയാളെ പിടിക്കാനുളള ശ്രമത്തിൽ മൽപിടിത്തം ഉണ്ടായി. അതിനിടെയാണ് അയാൾ വെടിവച്ചത്.
നഗരത്തിലെ 'അപ് ദ ഹിൽ' എന്നറിയപ്പെട്ട സംഘത്തിൽ പെട്ട അക്രമി മുൻപ് മൂന്നു പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ലഹരി മരുന്നു സൂക്ഷിച്ച കുറ്റമാണ് അതിലൊന്ന്. അതിന്റെ പേരിൽ പ്രൊബേഷൻ ലഭിച്ച അയാൾ വ്യാഴാഴ്ച രാവിലെയും പ്രൊബേഷൻ ഓഫിസറെ കണ്ടിരുന്നു.
വൈകിട്ട് ഏതാണ്ട് 04:45 നു കനാൽ സ്ട്രീറ്റിലെ മഹ്‌ജോങ് പാർലറിനടുത്തു നിരവധി സ്ത്രീകളെ തോക്കു ചൂണ്ടി അയാൾ കവർച്ച ചെയ്തെന്നു ഡിറ്റക്റ്റീവ് ചീഫ് ജോസഫ് കെന്നി പറഞ്ഞു. ഏഴു മിനിറ്റ് കഴിഞ്ഞു പോലീസ് എത്തിയപ്പോൾ ഡോർസെറ്റ് ഡെലൻസി സ്ട്രീറ്റിലേക്കു പാഞ്ഞു.
ഡോർസെറ്റ് ചെറുത്തു നിന്നതിനെ തുടർന്നു ഏറ്റുമുട്ടൽ ഉണ്ടായി. അയാൾ വെടിവച്ചെങ്കിലും പോലീസ് തിരിച്ചു വെടിവച്ചില്ല.
ഡോര്സെറ്റിന്റെ കൈയ്യിൽ നിന്നു 45 ടോറസ് സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ കണ്ടെടുത്തതായി കെന്നി വെളിപ്പെടുത്തി.
വെടിയേറ്റ സാർജന്റുമാരിൽ ഒരാൾക്കു 43 വയസുണ്ട്. അദ്ദേഹം 16 വർഷമായി എൻ വൈ പി ഡി യിൽ പ്രവർത്തിക്കുന്നു. 34കാരനായ രണ്ടാമത്തെ സാർജന്റ് 11 വർഷവും.
തിരക്കേറിയ സ്ഥലത്തു പട്ടാപ്പകൽ നടന്ന ഏറ്റുമുട്ടൽ വഴിപോക്കരെ പരിഭ്രാന്തരാക്കി.
Robber shoots cops in New York