വിദേശികൾക്കുള്ള അമേരിക്കയുടെ ഏറ്റവും വലിയ വിസാ പദ്ധതിയായ എച്-1ബി ലോട്ടറി സ്കീമിൽ വൻ തട്ടിപ്പു നടന്നതായി ബ്ലൂംബെർഗ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 446,000 അപേക്ഷകർ ഉണ്ടായിരുന്നപ്പോൾ ഏതാണ്ട് 85,000 വിസകളാണ് ലഭ്യമായിരുന്നത്. ബഹുരാഷ്ട്ര ഔട്സോഴ്സിങ് കമ്പനികൾക്കു 11,600 വിസകൾ പോയി. 22,600 എണ്ണം ഐ ടി സ്റ്റാഫിംഗ് കമ്പനികൾക്കും.
പകുതിയോളം വിസകൾ ഔട്സോഴ്സിങ്-സ്റ്റാഫിംഗ് കമ്പനികൾക്കു നൽകി എന്നു ചരുക്കം. ഒരേ അപേക്ഷകനു വേണ്ടി പല അപേക്ഷകൾ നൽകുന്ന വമ്പിച്ച തട്ടിപ്പാണ് നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം നൽകിയതിൽ ആറിലൊന്നു വിസകൾ -- 15,500 -- അങ്ങിനെ നൽകപ്പെട്ടവയാണ്.
തട്ടിപ്പെന്നു തന്നെയാണ് യുഎസ് സി ഐ എസ് അതിനെ വിളിക്കുന്നത്. എന്നാൽ അവർ ചട്ടങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടു എന്ന ആക്ഷേപമുണ്ട്.
ഒരു സ്റ്റാഫിംഗ് കമ്പനി ഒരാൾക്കു വേണ്ടി ഒരു ഡസനോളം കമ്പനികളെ ഉപയോഗിച്ചു 15 അപേക്ഷകൾ വരെ നൽകി. ഒട്ടേറെപ്പേർ വിസ കിട്ടാതെ വലയുമ്പോൾ നൂറു കണക്കിനു വിസകളാണ് ഇവർ അടിച്ചുമാറ്റിയത്.
ഒന്നിലേറെ അപേക്ഷ നൽകാൻ പല സ്ഥാപനങ്ങളുടെ പേരുപയോഗിച്ച കാൻഡി ശ്രീനിവാസ റെഡ്ഡി എന്നയാളെ ബ്ലൂംബെർഗ് കണ്ടെത്തി. 2013ൽ
Cloud Big Data Technologies LLC എന്ന സ്ഥാപനം തുടങ്ങിയ അയാൾ പിന്നീട് കച്ചവടം വിശാലമാക്കി മൂവായിരത്തോളം സ്ഥാപനങ്ങളുടെ പേരിൽ അപേക്ഷ നൽകിയതായി കണ്ടെത്തി.
ഒരു വർഷത്തിൽ 300 എച്-1ബി വിസകൾ വരെ റെഡ്ഡി സംഘടിപ്പിച്ചു എന്നാണ് ബ്ലൂംബെർഗ് പറയുന്നത്. മെറ്റാ, എച് എസ് ബി സി തുടങ്ങിയ സ്ഥാപനങ്ങളിലാണ് പലരെയും എത്തിച്ചത്. ഓരോ ആളിൽ നിന്നും കിട്ടുന്നത് ശരാശരി $15,000 ആയിരുന്നു.
Massive fraud seen in H-1B visa scheme