Image

ചിത്രങ്ങൾ (കവിത: വേണുനമ്പ്യാർ)

Published on 02 August, 2024
ചിത്രങ്ങൾ (കവിത: വേണുനമ്പ്യാർ)

കരിംപച്ചയുടെ പശ്ചാത്തലത്തിൽ
കടുംചുവപ്പ് കുടഞ്ഞിട്ട് വേരുകളിലേക്കിറങ്ങി പോയ അദൃശ്യനായ ചിത്രകാരീ,
നീ എവിടെയാണ് സ്വന്തം വർണ്ണത്തട്ട് സൂക്ഷിച്ചിരിക്കുന്നത്
എന്റെ ഹൃദയത്തിലൊ
നിന്റെ രഹസ്യസങ്കൽപ്പത്തിലൊ?

2
ചിത്രത്തിലെ ഇഴജീവിക്ക് വിഷമില്ലെങ്കിലും
ഫണം കണ്ടാൽ  
ആരും ഒന്ന് കിടുങ്ങിപ്പോകും

ഫ്രെയിമിനു വെളിയിൽ 
ഇലനിഴലുകളുടെ പശ്ചാത്തലത്തിൽ  
ക്ഷണികമായ ഒരു നോട്ടപ്പിഴവിന്റെ അനന്തരതിരുത്തലിൽ 
പത്തിയില്ലാത്ത പാമ്പ്
ഒരു കയറിൻതുണ്ടമായത്
എത്ര പെട്ടെന്ന്!

3
മരിച്ചവരെ
എളുപ്പം കൊല്ലാൻ കഴിയും
അവരെ മറന്നാൽ മതി
ശ്രാദ്ധത്തിനു അവരുടെ
എണ്ണച്ചായച്ചിത്രങ്ങൾക്കു കീഴെ
ധൂപക്കുറ്റി പുകച്ചാൽ മതി.

4

വിശ്വപ്രകൃതിയെ ഒരു കൊച്ചു
കോപ്പി പുസ്തകത്തിൽ 
കോപ്പിയടിച്ച് കോപ്പിയടിച്ച്
എന്റെ പെൻസിൽ
ചെറുവിരലിന്റെ പകുതിയോളമായി! മുറ്റത്തെ മൺചട്ടിയിൽ വളർന്ന കറ്റാർവാഴ 
ഒരു ഡസൻ പച്ചക്കഠാരകൾ നീട്ടി
സൂര്യനെ വിരട്ടുന്ന ദൃശ്യം  
പകർത്തുവാൻ
ആരെനിക്കൊരു തൂലിക തരും?

5
ചുവപ്പ് പുറത്തില്ല
ചുവപ്പ് അകത്തുമില്ല
എന്നിട്ടും നമ്മൾ സന്ധ്യയുടെ
ചിത്രത്തിൽ ചെമപ്പ് കാണുന്നു
വാസ്തവത്തിന്റെ സൗന്ദര്യമാകാം
അറിയില്ല
ഒരു രണ്ടാം ചുംബനം കൊതിക്കുന്ന
കവിൾ പിന്നെയും തുടുത്തു ചുവക്കുന്നു!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക