Image

മലയാളികളുടെ മണിമാളികകൾ ( ലേഖനം: തമ്പി ആന്റണി)

Published on 02 August, 2024
മലയാളികളുടെ മണിമാളികകൾ ( ലേഖനം: തമ്പി ആന്റണി)

പ്രവാസിമലയാളികളും അല്ലാത്തവരും, പണമുണ്ടെങ്കിലും ഇല്ലെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം പണിതുകൂട്ടുന്നത് മണിമാളികകളാണ്. ആർക്കു താമസിക്കാന്‍ എന്ന് ഒരിക്കലും അവര്‍ ചിന്തിക്കുന്നില്ല! 

​സ്വന്തം കുട്ടികള്‍ താമസത്തിനായി ഒരിക്കലും നാട്ടിലേക്കു തിരികെവരില്ലെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവരീ കടുംകൈ ചെയ്യുന്നത് എന്നതാണു വിചിത്രം! ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന തറവാടുകള്‍ ഇടിച്ചുനിരത്താന്‍ അവര്‍ക്കൊരു മടിയുമില്ല. വലിയ വരുമാനമില്ലാത്തവരാണെങ്കില്‍ വര്‍ഷങ്ങളെടുക്കും, പുതിയ സ്വപ്നക്കൂടു കൂട്ടാന്‍. 
​പണി നീണ്ടുപോകുമ്പോള്‍ എന്‍ജിനീയര്‍ പറഞ്ഞതിന്റെ മൂന്നിരട്ടിയെങ്കിലുമാകും, ബഡ്ജറ്റ്. പണിതുകഴിഞ്ഞാലാണ് അതിലും കഷ്ടം. ആരു താമസിക്കും, ആര്‍ക്കാണു സമയം എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ അവയുടെ മൂര്‍ദ്ധന്യത്തിലെത്തും. അങ്ങനെ തമ്മിലടിച്ചു പിരിഞ്ഞ ചരിത്രങ്ങള്‍ ധാരാളമുണ്ട്. തര്‍ക്കങ്ങളുടെ ഒത്തുതീര്‍പ്പെന്നവണ്ണം പലപ്പോഴും അകന്ന ബന്ധുക്കളോ വേലക്കാരികളോ ഉദ്യമം ഏറ്റെടുക്കുന്നു. അങ്ങനെ, നാട്ടില്‍ നമുക്കൊരു വീട് എന്ന സ്വപ്നം നാട്ടുകാരുടെയോ വേലക്കാരുടെയോ അധീനതയിലാകുന്നു! അല്ലെങ്കില്‍ ശമ്പളത്തിനു കാവല്‍ക്കാരനെ വയ്ക്കുന്നു. ആരായാലും അവര്‍ അവരുടെ ബന്ധുക്കളുമായോ കൂട്ടുകാരുമായോ കൂട്ടുകാരികളുമായോ ആ നാഥനില്ലാക്കളരി രാത്രികാലങ്ങളില്‍ പങ്കുവയ്ക്കുന്നു! 

​ചിലര്‍ സ്വന്തം വീട് എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്റെ ആദ്യപടിയായി അടിത്തറ കെട്ടും. പെട്ടെന്നു പണം സ്വരൂപിക്കാനായില്ലെങ്കില്‍ ആ പുരത്തറ കുറേനാള്‍ അനാഥപ്രേതംപോലെ കിടക്കം. കാലം കഴിയുന്തോറം ചെലവു കൂടിക്കൊണ്ടിരിക്കും. എന്നാലും മുന്നോട്ടുപോകാതെ പറ്റില്ലല്ലോ! 'നനഞ്ഞിറങ്ങിയാല്‍ കുളിച്ചുകയറണം; അല്ലെങ്കില്‍ മുങ്ങിച്ചാകണം' എന്നല്ലേ പറയുന്നത്! 

​ചിലകൂട്ടര്‍ അയല്‍പക്കത്തെ വലിയ വീട്ടുകാരുടെ അഹന്തയെ വെല്ലുവിളിക്കാന്‍ അതിലും വലിയൊരു വീടുവയ്ക്കുന്ന പതിവുമുണ്ട്! അങ്ങനെ നാട്ടുകാരുടെ മുമ്പില്‍ സ്വയം കോമാളിയാകുകയാണു പ്രവാസി! എങ്ങനെയെങ്കിലും കടമെടുത്തു കഷ്ടപ്പെട്ടു പണി പൂര്‍ത്തിയാക്കുമ്പോഴായിരിക്കും അയാള്‍ വലിയൊരു കടക്കാരനായ വിവരം അറിയുന്നതുതന്നെ. പിന്നെ നിധി കാക്കുന്ന ഭൂതത്തെപ്പോലെ, വീടിനുവേണ്ടി സകല ത്യാഗങ്ങളും സഹിക്കേണ്ടിവരികയാണ്. പല പ്രവാസികളും കോടികളുടെ വീട്ടില്‍ താമസിച്ചുകൊണ്ട് വയസ്സുകാലത്ത് ബസ്സിലും ഓട്ടോറിക്ഷയിലുംമറ്റും യാത്ര ചെയ്യേണ്ട ഗതികേടിലാണ്. അതിനുപകരം ഒരു കൊച്ചുവീടും കാറുമായിരുന്നെങ്കില്‍ അത്രയധികം കടംകയറുമായിരുന്നില്ല. അതൊക്കെയറിയുമ്പോഴേക്കും വടികുത്തി നടക്കേണ്ട അവസ്ഥയിലായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

​അമേരിക്കന്‍മലയാളികളെപ്പറ്റി മാത്രം പ്രതിപാദിക്കാന്‍ വിശേഷിച്ചു കാരണമുണ്ട്: പല കാരണങ്ങളാല്‍ അവരില്‍ ഭൂരിപക്ഷവും നാട്ടിലേക്കു തിരിച്ചുപോകുന്നില്ല. എന്നാല്‍ ഗള്‍ഫ് മലയാളികളെ സംബന്ധിച്ചിടത്തോളം വീട് അവര്‍ക്കൊരു സ്വപ്നത്തെക്കാളുപരി ഒരാവശ്യമാണ്. എങ്കിലും ഒരു മഹാസൗധമൊന്നും ആവശ്യമില്ലെന്ന കാര്യം അവരും മനസ്സിലാക്കേണ്ടതാണ്. 
​മറ്റൊരു ആനമണ്ടത്തരം കുന്നുംപുറത്തെ വീടാണ്! വീട് എല്ലാവര്‍ക്കും സ്വസ്ഥമായി താമസിക്കാനുള്ളതല്ല, മറ്റുള്ളവര്‍ക്കു കാണാനുള്ളതാണ് എന്ന തോന്നലാണ് മഹാസൗധങ്ങള്‍ മലമുകളില്‍ പണിയാനുള്ള കാരണം. പക്ഷേ അങ്ങനെയുള്ള വീടു വയ്ക്കുമ്പോഴുള്ള ചെലവിനെപ്പറ്റി അവര്‍ ചിന്തിക്കുന്നേയില്ല. ആദ്യം കുന്നിന്റെ മുകളില്‍ വീടിനുള്ള സ്ഥലം നിരപ്പാക്കിയെടുക്കണം. പിന്നില്‍ മുറ്റം വേണമെങ്കില്‍ വീണ്ടും കുന്നു വെട്ടമാറ്റി സ്ഥലമുണ്ടാക്കണം; അല്ലെങ്കില്‍ കെട്ടിപ്പൊക്കണം. ഈ ഒരുക്കങ്ങള്‍ക്കെല്ലാംകൂടി രണ്ടു വീടുവയ്ക്കാനുള്ള തുക ചെലവാകും. പിന്നെ മലമുകളിലേക്കു റോഡ് വെട്ടണം. അതിനും ചെലവാകും ഭീമമായൊരു തുക. 
​അങ്ങനെ വീടൊരു പബ്ലിക് സ്ഥാപനമെന്ന നിലയില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ആ വീട്ടില്‍ താമസിക്കുന്നവര്‍ക്കു സ്വകാര്യത പൂര്‍ണമായും നഷ്ടമാകുന്നു. അതേസമയം, താഴെ റോഡിനടുത്തോ മറ്റു നിരപ്പായ സ്ഥലങ്ങളിലോ വീടുവയ്ക്കാനിടമുണ്ടെങ്കിലും അതൊന്നും നാട്ടിലെ എന്‍ജിനീയറോ കോണ്‍ട്രാക്ടറോ ഉടമസ്ഥനു വിവരിച്ചുകൊടുക്കാറില്ല. കാരണം ബഡ്ജറ്റ് കുറഞ്ഞാല്‍ അത് അവര്‍ക്കു കിട്ടുന്ന വിഹിതത്തെ ബാധിക്കും! 

​അമേരിക്കയിലെ സാധാരണക്കാരായ വെളുത്തവര്‍ഗക്കാരിലെ കുട്ടികള്‍ കോളേജ് കഴിഞ്ഞു പറക്കമുറ്റിയാലുടന്‍ വീടു 'ഡൗണ് സൈസ്' ചെയ്യും; അതായത് വലിയ വീട്ടില്‍നിന്നു കൊച്ചു വീട്ടിലേക്കു ചേക്കേറും. അതിലവര്‍ക്ക് ഒരു നാണക്കേടുമില്ല. പ്രായമാകുമ്പോള്‍ പലരും വീണ്ടും അപ്പാര്‍ട്‌മെന്റുകളില്‍ അഭയം തേടാറുണ്ട്. എന്നിട്ടു മിച്ചംവരുന്ന തുകകൊണ്ടു വിനോദയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ്. ഇഷ്ടമുള്ള കാര്‍,അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്നു. കൊച്ചുമക്കളുമായി കളിക്കാനും അവരുമായി പുറത്തുപോകാനും ഇഷ്ടംപോലെ സമയം കണ്ടെത്തുന്നു. അങ്ങനെ ശിഷ്ടജീവിതം ആസ്വദിക്കുന്നു. ആ പ്രായത്തിനെ അവര്‍ വിളിക്കുന്ന ഓമനപ്പേര്, 'ഗോള്‍ഡന്‍ എയ്ജ്' എന്നാണ്. അവസാനകാലങ്ങളില്‍ സ്വാതന്ത്ര്യത്തിനും സമയത്തിനുമാണു നമ്മള്‍ വിലകൊടുക്കേണ്ടത്; അല്ലാതെ ഇല്ലാത്ത കാശുണ്ടാക്കി വന്‍സൗധങ്ങള്‍ പണിയുന്നതിനല്ല. 

​പൂര്‍ത്തിയായ വീടിന്റെ ലോണടയ്ക്കാന്‍വേണ്ടി വീണ്ടും കഷ്ടപ്പെടേണ്ടിവരികയും സ്വയം ബന്ധനസ്ഥനായി ഉള്ള സ്വാതന്ത്ര്യം ഇല്ലാതാകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്ന വയസ്സുകാലത്തിനെ നമുക്കു ഗോള്‍ഡന്‍ എയ്ജ് എന്നു പറയാന്‍ കഴിയുമോ? 
​അമേരിക്കയില്‍ വലിയ കോടീശ്വരന്‍മാരും ബിസിനസ്സുകാരും മാത്രമാണ് സാധാരണരീതിയ്ക്ക് അപവാദമായി കാണപ്പെടുന്നത്. അവര്‍ക്കൊക്കെ ഏക്കര്‍കണക്കിനു സ്ഥലവും അവിടെയൊക്കെ ഒന്നിലധികം വീടുകളും ഔട്ട് ഹൗസുകളും കാണും. അപ്പോള്‍പ്പിന്നെ കുട്ടികള്‍ ആ വീടുകളില്‍ താമസിച്ച്, മാതാപിതാക്കളുടെ ബിസിനസ്സ് ഏറ്റെടുത്തു നടത്തും. പക്ഷേ അതൊക്കെ വളരെ ചെറിയൊരു ശതമാനമാണ്. കൂടുതല്‍ കുട്ടികളും പ്രാപ്തരായാല്‍ സ്വന്തം വീടിനോടു ഗുഡ് ബൈ പറയുന്നു. മാതാപിതാക്കളുടെ മരണശേഷം അതൊക്കെ വില്‍ക്കുകയോ കൈമാറ്റം നടത്തുകയോ ചെയ്യുന്നു. 
​ഇവിടെ, നമ്മുടെ നാട്ടില്‍,
പ്രത്യേകിച്ച് പ്രവാസികള്‍ ഈ 'ബിഗ് മാന്‍ഷന്‍സ്' പണിതുകൂട്ടുന്നത് ആര്‍ക്കുവേണ്ടിയാണ്? ആര്‍ക്കുംവേണ്ടിയല്ല എന്നതല്ലേ യാഥാര്‍ത്ഥ്യം?!

P. S 
മുണ്ടക്കൈ മഹാഹാദുരന്തം വീണ്ടും നമ്മെ മാറി ചിന്തിപ്പിക്കുന്നു. ടി വി യിലെ ദൃശ്യങ്ങൾ കണ്ടു കാണുന്നനയാത്തവർ ആരുമുണ്ടാവില്ല. 
മനുഷ്യൻ പ്രകൃതിയുടെ മുൻപിൽ എത്രയോ നിസാരനാണ് എന്നുള്ളതിനുള്ള മറ്റൊരു ഒരു മുന്നറിയിപ്പുകൂടിയാണിത്.
വെള്ളപൊക്കത്തിൽ തകർന്നത് അധികവും പുഴയുടെയും തോടുകളുടെയും അടുത്തുള്ള വീടുകളാണ്. പുതിയ വീടുവെക്കാനുള്ള സ്ഥലം നോക്കുബോൾ, ഇനിമുതൽ വെള്ളപൊക്കത്തിന്റെ മുൻകാല ചരിത്രംകൂടി പഠിക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ സർക്കാർ തന്നെ അതിനായുള്ള പുതിയ നിയമങ്ങൾ നടപ്പാക്കണം, 

മുണ്ടക്കൈയിലെ മഹാദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലി.
 

Join WhatsApp News
Sudhir Panikkaveetil 2024-08-03 00:20:57
ശ്രീ തമ്പി സാറിന്റെ ഈ ലേഖനം വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. ഇപ്പോൾ വായന കുറഞ്ഞതുകൊണ്ട് ആരും ഇതേപ്പറ്റി അറിയാൻ പോകുന്നില്ല. ഇനിയിപ്പോൾ സ്‌ക്രീനിൽ വരുന്ന വരെ കാത്തിരിക്കേണ്ടി വരും. ദൃശ്യമാധ്യമങ്ങളിലൂടെ മാത്രമേ ജനങ്ങളെ പ്രബുദ്ധരാക്കാൻ കഴിയു എങ്കിൽ പുരോഗതി വൈകും കഷ്ടപ്പാടുകൾ കൂടും. എന്നാലും ജനം പഠിക്കില്ല. കുറച്ചുപേരെങ്കിലും വായിക്കും അതുകൊണ്ട് സാർ എഴുത്തു തുടരുക. അഭിനന്ദനങ്ങൾ.
വിദ്യാധരൻ 2024-08-03 18:46:27
മത്സരം ജീവിത വിജയത്തിന് ആവശ്യമാണ്. അല്ലെങ്കിൽ ഭൗതികമായി ഒന്നും നേടാൻ കഴിയില്ല. അതായത് നിങ്ങളെ എങ്ങനെ തോൽപ്പിച്ച് ഔന്നത്യത്തിൽ എത്താം എന്നാണ് എന്റെ നോട്ടം. അതായത് നിങ്ങളുടെ തോളിൽ ചവുട്ടി എങ്ങനെ അടുത്ത പടി കയറാം എന്നാണ് എന്റെ നോട്ടം. പക്ഷെ ഇതൊക്കെ ചെയ്യാൻ ഒടുങ്ങാത്ത മോഹവും ആവശ്യമാണ്. കുണ്ടിലിരിക്കും തവളകുഞ്ഞിന് കുന്നിനു മീതെ പറക്കാൻ മോഹം എന്ന് പറഞ്ഞതുപോലെ. അമേരിക്കയിൽ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല ' നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങള്ക്ക് കൊള്ളാം " അതാണ് അവരുടെ നിലപാട്. പക്ഷെ മലയാളിക്ക് അതു പോരാ. എനിക്കുള്ളതിനെ നീ അഭിനന്ദിക്കണം, എന്നെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിറുത്തി അഭിനന്ദിക്കണം. പക്ഷെ അതിവിടെ നടക്കില്ല . അപ്പോൾ എന്തു ചെയ്യും അവൻ നിരാശനായി നാട്ടിലേക്ക് മടങ്ങും അവിടെ അവൻ മണിമാളികൾ കെട്ടും, അവിടെയുള്ളതിൽ വച്ച് ഏറ്റവും വലിയ മണിമാളിക- പക്ഷെ നിർഭാഗ്യകരം എന്ന് പറയട്ടെ പലർക്കും അവിടെ താമസിക്കാൻ കഴിയുന്നില്ല. ആരൊക്കയോ അവിടെ താമസിക്കുന്നു. ചിലപ്പോൾ അത് ഭാർഗവി നിലയം പോലെ കാടും പള്ളയും പിടിച്ചു കിടക്കുന്നു - വളരെ ശോചനീയം . "സ്ഥിതാഃ ക്ഷണം പക്ഷ്മ സുതാഡിതാധരാ പയോധരോത്സധനിപാത ചൂർണിതാ വലീഷു തസ്യ സ്ഖലിതാ പ്രപേദിരേ ചിരേണ നാഭീം പ്രഥമോദബിന്ദവഃ " (കാളിദാസൻ ) മനുഷ്യജീവിതത്തിന്റെ നശ്വരവാസ്ഥയേയും അനേക പ്രകാരത്തിൽ വന്നു ചേരുന്ന ആപത്തുകളേയും കുറിച്ച് വേണ്ട വിധത്തിൽ ചിന്തിച്ചാൽ അതിന്റെ അതുല്യമായ ശോച്യാവസ്ഥ വ്യക്തമായി കാണാൻ കഴിയും. വിദ്യാധരൻ
Thampy Antony 2024-08-03 20:38:27
ലേഖനം ശ്രദ്ധയോടെ വായിച്ചു പ്രതികരിച്ചതിനു സുധീർ പണിക്കവീട്ടിലിനും , വിദ്യാധരനും നന്ദി, സ്‌നേഹം
ആനകൂട്ടം 2024-08-04 00:28:04
രുൾ പൊട്ടലിനെ കുറിച്ചുള്ള മുന്നറിവ് ഞങ്ങൾ മൃഗങ്ങൾക്ക് കിട്ടി ഞങ്ങൾ ഓടി രക്ഷപ്പെട്ടു . എത്ര ആനകൾ മൃഗങ്ങൾ ചത്തു എന്ന് കണക്കെടുത്താൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ നിങ്ങൾക്ക് മനസിലാകും. ഞങ്ങളുടെ വാസ സ്ഥലം വെട്ടി തെളിച്ച് നിങ്ങൾ മണിമാളികൾ പണിയുന്നു. ആഹാരത്തിന് നിവർത്തിയില്ലാതെ ഞങ്ങൾ നിങ്ങളുടെ കൃഷി സ്ഥലങ്ങളിൽ കയറുമ്പോൾ നിങ്ങൾ കാട്ടിൽ നിന്ന് ആഹാരം തേടി വന്ന മനുഷ്യനോട് കാണിച്ച അതെ നിലപാട് തന്നെ. മനുഷ്യരെപ്പോലെ ഇത്ര ഒരു വൃത്തികെട്ട വർഗ്ഗം. പക്ഷെ നിങ്ങളെപ്പോലെ ഞങ്ങൾ അത്ര വൃത്തികെട്ടവരല്ല . ഞങ്ങളുടെ മുന്നിൽ വന്നു രക്ഷിക്കണേ എന്ന് യാചിച്ച ആ അമ്മയേയും കുഞ്ഞുങ്ങളെയും നേരം വെളുക്കോളം കാത്തു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക