Image

പാടുന്നു പാഴ്മുളം തണ്ട് പോലെ 100 (നൂറ്) :ജയൻ വർഗീസ്

Published on 03 August, 2024
പാടുന്നു പാഴ്മുളം തണ്ട് പോലെ 100 (നൂറ്) :ജയൻ വർഗീസ്

( CUNY / സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘ Towards The Light ‘ ലേക്കുള്ള യാത്ര. 8 )    

ഒരു തവണ കൂടി നാട്ടിൽ പോയി വന്നു. പൗലോസ് അളിയനും സാറാക്കുട്ടി ചേച്ചിയും ഉണ്ടായിരുന്നു. അവർക്കും, മേരിക്കുട്ടിക്കും ഒരാഴ്ചത്തെ തിരുമ്മു ചികിത്സക്ക് ആയിട്ടായിരുന്നു ഈ യാത്ര. കോതമംഗലത്തെ പ്രശസ്തമായനങ്ങേലിൽ ആശുപത്രിയിൽ പോയി വരാനുള്ള സൗകര്യത്തെ മാനിച്ച് കോതമംഗലത്ത് തന്നെയായിരുന്നുതാമസം. അവരുടെ മകൻ ജോഷിയുടെ ഭാര്യ ജൈമിക്ക് വീതമായി കിട്ടിയ സ്ഥലത്ത്  അവർ പണിയിച്ച പുത്തൻവീട്ടിലായിരുന്നു ഞങ്ങൾ. ചാത്തമറ്റത്തെ ഞങ്ങളുടെ സ്ഥലങ്ങൾ നോക്കുന്ന ഷൈജുവും, ഷീബയും എത്തിച്ചുതന്ന കാർഷിക വിഭവങ്ങൾ ഒക്കെ ആവോളം ആസ്വദിച്ച് ഒരു മാസത്തോളം നീണ്ട സുഖ ജീവിതംതന്നെയായിരുന്നു അത്.

ഇതിനിടയിൽ മൂന്നു ദിവസം മാത്രമേ ഞങ്ങൾ എല്ലാവരും കൂടി ചാത്തമറ്റത്ത് താമസിച്ചുള്ളു എന്നതിനാൽവളരെപ്പേരെയും നേരിട്ട് കാണാൻ കഴിഞ്ഞില്ല. മാത്രമല്ലാ, ഞങ്ങളുടെ സ്ഥലങ്ങളുടെ പോക്കുവരവ് മുതലായനിയമ നടപടികൾ സാധിച്ചെടുക്കുന്നതിനായി മിക്കവാറും ഞാൻ യാത്രയിൽ ആയിരുന്നു എന്നത് കൊണ്ട്കൂടിയാണ് ഇങ്ങിനെ സംഭവിച്ചത്. കടവൂരിലെ വില്ലേജ് ഓഫീസറായി പ്രവർത്തിക്കുന്ന ശ്രീ വി. എം. റഷീദ് എന്നമനുഷ്യ സ്നേഹിയായ യുവാവിനെ എന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായി ചേർത്തു നിർത്താൻസാധിച്ചു എന്നുള്ളതാണ് ഈ യാത്രയുടെ ഏറ്റവും വലിയ നേട്ടമായി ഞാൻ അടയാളപ്പെടുത്തുന്നത്.  

എന്റെ അനുജൻ ബേബി രോഗ ബാധിതനായി നാട്ടിലേക്ക് തിരിച്ചു പോയി. മകളുടെ കൂടെ ഹൂസ്റ്റണിൽകഴിയുകയായിരുന്ന അവന് ഡയാലിസിസ് ആവശ്യമായി വരികയും, അവന്റെ ഗ്രീൻകാർഡ് നടപടികൾകോവിഡിൽ കുടുങ്ങിപ്പോവുകയും ചെയ്ത സാഹചര്യത്തിൽ ഇവിടെ തുടരാൻ പറ്റാതെ വരികയായിരുന്നു. ഡൽഹിയിൽ നിന്നുള്ള ഒരു ആയുർവേദ മരുന്നിന്റെ കൂടി സഹായത്തോടെ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു എന്നാണ്‌ അറിയാൻ കഴിയുന്നത്. എന്റെ പ്രാർത്ഥനകളിൽ ആദ്യം വന്നവർ ആദ്യം എന്ന നിലയിൽതിരിച്ചു പോരാൻ അവസരം തരേണം എന്നത് ഒരു പ്രധാന ഭാഗമാണ്. അങ്ങിനെ വരുമ്പോൾ ഇനി എനിക്കാണ്ആദ്യ അവസരത്തിന്‌ അർഹത എന്നും ഞാൻ അറിയുന്നുണ്ട്.

ആൻസിക്ക് അസിസ്റ്റന്റ് നേഴ്സിങ് ഡയറക്ടറായി പ്രമോഷൻ ലഭിച്ചു. അവളുടെ വിശ്വസ്തതയും, കാര്യക്ഷമതയും ഒക്കെ ആയിരിക്കാം മാനേജുമെന്റിനെ പ്രചോദിപ്പിച്ചത് എന്ന് കരുതുന്നു. അവളുടെ കൊച്ചുപ്രായത്തിൽ ഈ പദവിയിൽ എത്താൻ കഴിയുന്നത് ഒരു വലിയ കാര്യമാണെന്ന് സമ്മതിക്കേണ്ടി വരുന്നുണ്ട്.

കോവിഡിന്റെ അലയൊലികൾ പതുക്കെ അവസാനിക്കുകയാണ്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. പുസ്തക പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ ഏകദേശം അവസാനിച്ചു കഴിഞ്ഞ ഒരു സമയത്ത് വീണ്ടുംഅപ്രതീരക്ഷിതമായി നമ്മുടെ പ്രസാധകനെ കണ്ടു മുട്ടി. തന്റെ തിരക്കൊഴിഞ്ഞാൽ അടുത്ത ഒരവസരത്തിൽതന്നെ പ്രസിദ്ധീകരണ നടപടികൾ ആരംഭിക്കാം എന്നദ്ദേഹം പറഞ്ഞു. കൊടിയ വേനലിൽ വാടിക്കരിഞ്ഞപ്രതീക്ഷകളുടെ ചെടിയിൽ പുതിയ നാമ്പുകൾ വീണ്ടും വിടരുകയാണ്.

പല കാലങ്ങളായി ഞാനെഴുതിയതും, കേരളത്തിലെയും, അമേരിക്കയിലെയും മലയാള മാധ്യമങ്ങളിൽപ്രസിദ്ധീകരിച്ചതുമായ കവിതകൾ സമാഹരിച്ചു പുസ്തകം ആക്കുന്നത് നന്നായിരിക്കും എന്നൊരു നിർദ്ദേശംബഹുമാന്യനായ ശ്രീ സുധീർ പണിക്കവീട്ടിൽ മുന്നോട്ടു വച്ചു. കേട്ടപ്പോൾ ശരിയാണ് എന്നെനിക്കും തോന്നി. അങ്ങിനെയാണ് നൂറ് കവിതകൾ സമാഹരിച്ച് ഗ്രീൻ ബുക്സ് വഴി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഈ ശ്രമങ്ങൾക്കിടയിലാണ് ഗ്രീൻ ബുക്സിന്റെ ഉത്തരവാദിത്വപ്പെട്ട ചുമതലകൾ വഹിക്കുന്ന ബഹുമാന്യയായഡോക്ടർ വി.ശോഭ എന്ന മഹതിയെ നേരിൽ കാണാതെ പരിചയപ്പെടുന്നതും, അവരുടെ ഇടപെടലുകളിലെക്ലാരിറ്റി അംഗീകരിക്കേണ്ടി വന്നതും.

കവിതകൾ അവർക്ക് ഇഷ്ടപ്പെട്ടു എന്ന പ്രതികരണം വന്നപ്പോൾ അവരുടെ മനസ്സിൽ തോന്നുന്നത് ഒരാസ്വാദനംആയി എഴുതി പുസ്തകത്തിൽ ചേർക്കാമോ എന്ന ഒരപേക്ഷ ഞാൻ അവരുടെ മുന്നിൽ വച്ചു. ആദ്യം അവർ മടികാണിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. അവരെഴുതിയ വളരെ ശ്രദ്ധേയമായ അഭിപ്രായവും കൂടിഉൾച്ചേർന്നിട്ടാണ് ‘ സൂര്യജന്മം ‘ എന്ന കവിതാ സമാഹാരം  പുറത്തിറങ്ങുന്നത്. ‘ ആകാശത്തിന്റെ അടിയിലെമനുഷ്യ സൗഹൃദങ്ങളുടെ വിശാല വാതായനങ്ങൾക്ക് മുന്നിൽ ഏഴാഴങ്ങളുടെ കടൽ ദൂരം ഒന്നുമേയല്ല ‘ എന്ന്അവർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഞാനെഴുതി. ( അമേരിക്കയിലെയും ബ്രിട്ടനിലെയും ജർമ്മനിയിലെയുംമലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച എന്റെ നാൽപ്പതോളം ലേഖനങ്ങൾ സമാഹരിച്ച്‌ ‘ അഗ്നിച്ചീളുകൾ ‘ എന്നലേഖന സമാഹാരവും ഒരു വർഷത്തിനുള്ളിൽ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഫൊക്കാനയുടെ2024 ലെ ലേഖന വിഭാഗത്തിനുള്ള സുകുമാർ അഴീക്കോട് സാഹിത്യ പുരസ്ക്കാരം  ‘ അഗ്നിച്ചീളുകൾ ’ ക്ക് ലഭിച്ചു. )

എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോയ അനേകം രചനകളുണ്ട്. അവയൊന്നും എനിക്കിനിയും തിരിച്ചു കിട്ടാൻപോകുന്നേയില്ല എന്ന് വേദനയോടെ ഇന്ന് ഞാൻ തിരിച്ചറിയുന്നു. അപ്പൻ പൂച്ചക്കാക്കയ്ക്ക് വിറ്റു കളഞ്ഞബുക്കുകളിൽ ഉൾപ്പെട്ടിരുന്ന രണ്ട് നോവലുകളും, ഡസൻ കണക്കിന് ചെറുകഥകളും ആയിരുന്നു ആദ്യ വിഭാഗം. പിൽക്കാലത്ത് ഡയറികളിൽ കുറിച്ചിടുകയും, തിരിച്ചെടുക്കാൻ കഴിയാതെ എവിടെയോ നഷ്ടപ്പെടുകയും ചെയ്ത  കുറെയേറെ കവിതകളായിരുന്നു മറ്റൊരു വിഭാഗം. എന്റെ പതിനേഴാം വയസിൽ ശെമ്മാശ്ശനു വേണ്ടി ശാലേംപള്ളിയങ്കണത്തിൽ അവതരിപ്പിച്ചു കയ്യടി നേടിയ ’ സംഗമം ‘ ആർ.എസ്. തീയറ്റേഴ്സ് ഡസൻ കണക്കിന്വേദികളിൽ അവതരിപ്പിച്ച ’ ഒരു മനുഷ്യന്റെ കഥ ‘  എന്നീ നാടകങ്ങൾ, കുട്ടികളുടെ ദീപിക അവാർഡ് നേടിയത്ഉൾപ്പടെയുള്ള അനേകം ഏകാങ്കങ്ങൾ, ആദ്യമായി അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ മൂവാറ്റുപുഴയിലെ സംഘടിതകോൺഗ്രസ്സ് തൊഴിലാളികൾ അടിച്ചോടിച്ചതിനാൽ സംഘാടകനായ ഡോക്ടർ വശം നഷ്ടപ്പെട്ട ’ കഴുതകൾ ‘ എന്ന മുഴു നീള ഹാസ്യ നാടകം, എറണാകുളം ടൗൺ ഹാളിൽ ക്ഷണിക്കപ്പെട്ട സദസിനു മുമ്പിൽ ആദ്യഅവതരണം അരങ്ങേറിയ ‘ അജപാലകർക്ക് ഒരിടയ ഗീതം ’ എന്ന നാടകം, ആകാശവാണി പ്രക്ഷേപണംചെയ്തതും, അല്ലാത്തതുമായ എത്രയോ റേഡിയോ നാടകങ്ങൾ, ഇവയെല്ലാം ഇന്ന് വെറും കണ്ണുനീർ തുള്ളികൾമാത്രം.

ഒന്ന് പൊക്കാൻ ആളുണ്ടായിരുന്നെങ്കിൽ പൊങ്ങിപ്പൊങ്ങി ആകാശങ്ങൾ കീഴടക്കുമായിരുന്ന ഈ രചനകൾആർക്കും വേണ്ടാതെ നാട്ടുമ്പുറത്തെ കൂട്ടിൽ നെഞ്ചു പൊട്ടിപ്പാടുന്ന രാക്കുയിലിന്റെ ദീന രോദനം പോലെവ്യർത്ഥമായി അലിഞ്ഞ് അവസാനിച്ചിരിക്കുന്നു. ഏതെങ്കിലും ആഢ്യന്റെ തുപ്പൽ കോളാമ്പിയുമായി പിറകേനടന്നിരുന്നെങ്കിൽ ഒരു പക്ഷെ സിനിമയിൽ ഒക്കെ നടപ്പിലുള്ളത് പോലെ എനിക്കും ഒരു ‘ ചാൻസ് ’ കിട്ടുമായിരുന്നിരിക്കണം. അങ്ങിനെ ചെയ്യാൻ എന്നെ അനുവദിക്കാതിരുന്നത് എന്റെ അഹങ്കാരമോ, ദുരഭിമാനമോ ആയിരുന്നില്ല. മറിച്ച് എന്തിനോ വേണ്ടി എന്റെ ജീവിതത്തിൽ ഞാൻ വച്ച് പുലർത്തിയിരുന്നതും, എന്തെങ്കിലും ഒരു ഗുണം എനിക്ക് സമ്മാനിച്ചതായി എനിക്ക് പോലും ഓർമ്മയില്ലാത്തതുമായ ‘ പിൻ വാതിലിലൂടെഅകത്ത് കടക്കില്ല ’ എന്ന ധാർമ്മികമായ ഒരു അവബോധം ഒന്ന് കൊണ്ട് മാത്രമായിരുന്നു.

പിൻ  വാതിലിലൂടെ  അകത്തു കടക്കുന്നത് പാപമാണ് എന്ന് ഞാൻ കരുതുമ്പോളും അങ്ങിനെ ഒളിച്ചുകടന്നവരാണ് നമ്മുടെ ആരാധനാ  മൂർത്തികളിൽ മിക്കവരും എന്നും ഞാൻ അറിയുന്നുണ്ട്. തേനുള്ള പൂക്കളെതേടി വണ്ടുകൾ പറന്നു വരുമെന്ന് ലോഹിത ദാസിനെപ്പോലെ ഞാനും വിശ്വസിച്ചു. വെറുതെ!  ഇന്നും വണ്ടുകൾതേൻ തേടി പറന്ന് വരുന്നുണ്ട്. അവർ എന്റെ പൂക്കളിൽ എത്തുന്നതിന് മുൻപേ തന്ത്ര ശാലികളായ പ്രതിഭാദരിദ്രർ  ലഹരിയുള്ളതും കൃത്രിമ നിർമ്മിതവുമായ ഇൻസ്റ്റന്റ് തേൻ പകർന്നു കൊടുത്ത് അവരെ ആകർഷിച്ചുകൊണ്ട് പോവുകയാണ്. ഒരുപക്ഷേ പുതിയ വണ്ടുകൾ തേടി  നടക്കുന്നത് ലഹരിയുള്ള ഇത്തരം കൃത്രിമത്തേൻതന്നെ ആയിരിക്കാം..

എന്റെ പ്രിയ സഹോദരി ലീലാമ്മ എനിക്ക് മുൻപേ മരണത്തിന് കീഴടങ്ങി. രണ്ട് വർഷം മുൻപുണ്ടായസ്‌ട്രോക്കിനെ തുടർന്ന് ശാരീരിക അവശതകൾ അനുഭവിച്ചു വരുമ്പോൾ കോവിഡ് പിടിപെടുകയായിരുന്നു. തുടർന്നുണ്ടായ ആശുപത്രി  ചികിത്സകൾക്കൊടുക്കുവിൽ മരണം സംഭവിച്ചു.( ലീലാമ്മയുടെ മൂത്ത മകൾലീനയുടെ ഭർത്താവ് എൽദോസും രണ്ടാഴ്ച മുൻപ് കോവിഡ് മൂലം മരണമടഞ്ഞിരുന്നു. )  ലോകത്താകമാനമുള്ളമനുഷ്യരാശിക്കു മേൽ  കാലം വലിച്ചെറിഞ്ഞ കോവിഡ്  എന്ന അശനി പാതങ്ങളിൽ അടിപിണഞ്ഞ് അവസാനിച്ചഅനേക കോടികളിൽ നിന്ന് വ്യക്തിപരമായി എനിക്ക് അളന്നു കിട്ടിയ വീതം. ആദ്യം വന്നവർ ആദ്യം പോരുവാൻഅനുവദിക്കേണം എന്ന എന്റെ പ്രാർത്ഥനകൾ നിരാകരിക്കപ്പെട്ടതിന്റെ അടയാളങ്ങളുമായി അടിമാലി പള്ളിയുടെശവക്കോട്ടയിൽ അവൾ ശാന്തമായി ഉറങ്ങുന്നു. മനുഷ്യ ബന്ധങ്ങളെ ചേർത്ത് കെട്ടിയിടുന്ന ഈ മൺ ചരട്  ഇത്രമേൽ ദുർബലമായി അറ്റു പോകുന്നവയാണെന്ന്  ഞാൻ അറിഞ്ഞിരുന്നില്ലല്ലോ എന്ന് ഹൃദയ വേദനയോടെഞാൻ തേങ്ങിപ്പോയ നിമിഷങ്ങൾ…..! എന്നോടുള്ള സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും തളിരോർമ്മകൾഒരു തുള്ളി കണ്ണീരിൽ ചാലിച്ച മരതക തിളക്കമായി എന്നെന്നും മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ജീവിത വീഥിയിലെഅടുത്ത മൈൽക്കുറ്റി തേടി ഞാൻ യാത്ര തുടരുകയാണ്.

എന്റെ ജീവിതവുമായി ഏറ്റവും അടുത്തു നിന്ന എത്രയെത്ര ജീവിതങ്ങളാണ് ഇതിനകം കാല യവനികക്കുള്ളിൽഎന്നേക്കുമായി മറഞ്ഞു കഴിഞ്ഞത് ! മാതാ പിതാക്കളും അവരുടെ മാതാപിതാക്കളും മാത്രമല്ലാ കണ്ണിലെകൃഷ്ണമണി പോലെ നമ്മളെ കരുതിയ  എത്രയോ  ബന്ധു മിത്രാദികളും സുഹൃത്തുക്കളും. ?

നമ്മുടെ ജീവിത പരിസരങ്ങളെ സജീവമാക്കിയ നമുക്കോർമ്മയുള്ളവരുടെ മാത്രം കണക്കെടുത്താൽ ഇന്ന്ജീവിക്കുന്നവരേക്കാൾ എത്രയോ ഇരട്ടിയാണ് മരിച്ചു മൺ മറഞ്ഞ മനുഷ്യർ ? പകർച്ച വ്യാധികളിലും  പ്രകൃതിദുരന്തങ്ങളിലും മാത്രമല്ലാ അപകട മേഖലകളിലും യുദ്ധക്കെടുതികളിലും മനുഷ്യൻ അവന്റെ സ്വപ്നങ്ങളോടെവീണടിയുന്നു.!  

എന്തിനായിരുന്നു ജീവിതം എന്ന സാർവ്വലൗകികമായ ചോദ്യത്തിന് ഏറ്റവും തൃപ്തികരമായ ഒരുത്തരമേയുള്ളു : മരിക്കാൻ. അതെ !  അയ്യായിരം കോടി സ്ത്രീ പുരുഷന്മാർ അനുവർത്തിച്ച മരിക്കാൻ വേണ്ടിയുള്ള ഈ പെടാപ്പാട്നമ്മളും തുടർന്നു കൊണ്ടേയിരിക്കുകയാണ് !

ഈ യാത്രയിൽ എന്റെ പങ്ക് ഒന്നുമേ ആയിരുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ ‘ അന്നം ഹി ഭൂതാനാം ജേഷ്‌ഠം ’ എന്ന ഗീതാ ദർശനം ശരിവച്ചു കൊണ്ട് എനിക്ക് ചുറ്റും വളർന്നു വികസിച്ച സാഹചര്യങ്ങളുടെ സമ്മർദ്ദതന്ത്രങ്ങളെ നിരാകരിക്കാതെ ആസ്വദിച്ചു എന്നത് മാത്രമാണ് ഇവിടെ എനിക്ക് അവകാശപ്പെടാനുള്ളത്.  ‘ ഞാൻപഠിച്ചു മിടുക്കനായി ഉദ്യോഗവും ഉന്നത പദവിയും നേടി പണവും പ്രതാപവും നേടി ജീവിക്കുന്നു ‘ എന്ന് കരുതുന്നഅനേകരുണ്ട്. അവരറിയാതെ അവർക്കു ചുറ്റും വളർന്നു നില നിന്ന സാഹചര്യങ്ങളുടെ ഗുണ ഭോക്താക്കൾമാത്രമായിരുന്നു അവർ എന്ന പ്രപഞ്ച സത്യം മനസ്സിലാക്കുവാൻ സാമാന്യ ബോധത്തിന് അപ്പുറത്തുള്ള ഒരുദാർശനിക ബോധം തന്നെ ആവശ്യമുണ്ട്.

‘ പരിശ്രമം ചെയ്യുകിൽഎന്തിനെയും കരത്തിലാക്കാൻ കഴിയുന്ന വണ്ണം,  ദീർഘങ്ങളാം കൈകളെ  നൽകിയത്രേമനുഷ്യരെ പാരിലയച്ചതീശൻ ’ എന്ന കവി ദർശനം ഞാൻ നിരാകരിക്കുന്നു. ഏതൊരു  ജീവിതവും എന്തിനോവേണ്ടിയുള്ള നിയോഗമായി സംഭവിക്കുന്നു എന്നറിയുന്നതോടെ ആയതിന് വേണ്ടിയുള്ള അനിവാര്യസാഹചര്യങ്ങളാണ് എവിടെയും രൂപപ്പെടുന്നത് എന്നതാണ് എന്റെ കണ്ടെത്തൽ.  

‘ ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതുവാൻ വേണ്ടിയല്ലാ ഞാൻ വന്നത് എന്ന് സ്വയമറിയുന്നതോടെ  ‘ ഭൂപാളരാഗത്തിൻ ശ്രുതികളിലുണരുമെൻ ഭൂമിക്ക് വേണ്ടൊരു ചരമ ഗീതം, എന്നും,  ‘ ഒരുനൂറ്‌ മോഹങ്ങൾപുഴയായിട്ടൊഴുകുമീ  ഹൃദയേശ്വരിക്കൊരു പ്രണയ ഗീതം ‘ എന്നും  ഞാൻ എഴുതി.

വേനലും, മഞ്ഞും, മഴയുമായി കാലം പതുക്കെ കടന്നു പോയി എന്ന കവിത പോലെ കാല വൃക്ഷത്തിന്റെ കുറെപഴുത്ത ഇലകൾ കൂടി വീണ്ടും കൊഴിഞ്ഞു വീണു. വലിയ ശക്തിയായ റഷ്യ ചെറിയ രാജ്യമായ യുക്രെയിന്റെ മേൽഅഴിച്ചു വിട്ട യുദ്ധക്കെടുതികളിൽ അനേകായിരങ്ങൾ ജീവൻ വെടിയുകയും, തകർക്കപ്പെട്ട സാങ്കേതികസംവിധാനങ്ങളിൽ വീടുകൾ ചൂടാക്കാനാവാതെ തണുത്ത് മരവിച്ച് ലക്ഷക്കണക്കിന് മനുഷ്യർ നരക യാതനഅനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. '

മനുഷ്യ വേദനകളിൽ മനം നൊന്ത് കരഞ്ഞ ഞാൻ തുടരെ യുദ്ധവിരുദ്ധ കവിതകൾ എഴുതി. USA, UK, ജർമനിഎന്നിവിടങ്ങളിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ അവ പ്രസിദ്ധീകരിക്കപ്പെട്ടുവെങ്കിലും നമ്മുടെ ഇന്ത്യൻമാധ്യമങ്ങൾ അവയൊന്നും കണ്ടതായേ ഭാവിച്ചില്ല. മലയാളത്തിലെ ഒരു പ്രമുഖ പത്രം ഉൾപ്പടെയുള്ള ചിലരെങ്കിലുംഎന്റെ ഇ മെയിലുകൾ നിലവിൽ ബ്ളോക് ചെയ്തിരിക്കുകയുമാണ്. എനിക്ക് വേണ്ടി റെക്കമെന്റ്‌ ചെയ്യാൻ ഒരുഓർത്തഡോക്സ് മെത്രാനോ, പാലക്കാടൻ മേനവനോ, ഡയറിത്തൊഴിലാളി സഖാവോ ഉണ്ടായിരുന്നില്ലഎന്നതാവാം കാരണം.

സ്റ്റാറ്റൻ ഐലൻഡിലെ പഴയ കെട്ടിടത്തിന്റെ വിശാലമായ പുറം ചുവരിൽ അമ്മസിംഹങ്ങൾ പാലൂട്ടുന്നആട്ടിൻകുട്ടിയുടെ ചിത്രം വരച്ചിട്ട അനശ്വരനായ ആ അജ്ഞാത ചിത്രകാരനെപ്പോലെ,  മനുഷ്യ രാശിക്കുമേൽപറന്നിറങ്ങുന്ന മണ്ണിലെ സ്വർഗ്ഗം സ്വപ്നം കണ്ടു നടന്ന ഞാൻ ഒരിക്കലും നിരാശനാവുന്നില്ല. ഗർജ്ജിക്കാൻവിങ്ങുന്ന യന്ത്രത്തോക്കുകൾക്കും, കുതിക്കാൻ കൊതിക്കുന്ന ഭൂഖണ്ഡാന്തര മിസ്സൈലുകൾക്കും നടുവിൽഅപരന്റെ വേദന നെഞ്ചിലേറ്റുന്ന അയൽക്കാരനെയും, അവന് സംഗീതമാവുന്ന പുതിയ മനുഷ്യനേയുംകാത്തിരിക്കുകയാണ് ഞാൻ - എന്റെ എളിയ സ്വപ്നങ്ങളിലെങ്കിലും !

മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഒരു ദിവസം ഞാൻ നമ്മുടെ പ്രസാധകനെ വിളിച്ചു. അദ്ദേഹത്തെ ഒന്ന് വിളിക്കണമെന്നും, പുസ്തക പ്രസിദ്ധീകരണത്തെപ്പറ്റി ചോദിക്കണമെന്നും എന്നും  ഞാൻആഗ്രഹിച്ചിരുന്നു. ഇതിനിടയിൽ ചിലപ്പോളൊക്കെ അദ്ദേഹത്തെ കണ്ടു മുട്ടിയെങ്കിലും അതിനുള്ള ധൈര്യംഎനിക്കുണ്ടായില്ല എന്നതാണ് സത്യം. അത് എന്റെ ഒരു രീതി അല്ലാതിരുന്നതിനാലും, എനിക്ക് ഒരു സഹായംചെയ്യാമെന്ന് പറഞ്ഞു പോയി എന്നതിന്റെ പേരിൽ അദ്ദേഹത്തെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്നും ഞാൻകരുതിയിരുന്നു. എങ്കിലും ഒരു ദിവസം രണ്ടും കൽപ്പിച്ച് ഞാൻ അദ്ദേഹത്തെ വിളിച്ചു. അങ്ങയെ ഒന്ന് നേരിൽകാണണം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്നെ പ്രതീക്ഷിച്ചിരുന്നത് പോലെ അദ്ദേഹം സംസാരിച്ചു. പത്ത് ദിവസങ്ങൾക്കു ശേഷമുള്ള ഒരു തിങ്കളാഴ്ചഎന്റെ വീട്ടിൽ വരാമെന്നും, സംസാരിക്കാമെന്നും പറഞ്ഞു. പറഞ്ഞിരുന്നത് പോലെ അദ്ദേഹം വന്നു. കയ്യിൽ  കരുതിയിരുന്ന  ‘ റ്റുവാർഡ്‌സ് ലൈറ്റ് ‘ ന്റെ പ്രൂഫ് കോപ്പി മകനെ ഏൽപ്പിച്ചു കൊണ്ട് ആവശ്യമായ പുനഃക്രമീകരണം നടത്തിത്തരണം എന്ന് ആവശ്യപ്പെട്ടു. പുസ്തകത്തിൽ മലയാളം കൂടി വരുന്നത് കൊണ്ടും മലയാളംഅദ്ദേഹത്തിന് വശമില്ലാത്തതു കൊണ്ടും ആയിരുന്നു ഈ നിർദ്ദേശം. വളരെ സൗഹാർദ്ദത്തോടെകുടുംബാംഗങ്ങളുമായി കുശലം പറഞ്ഞിരുന്ന അദ്ദേഹം ആൻസി കൊടുത്ത ചുടു ചായയും കഴിച്ചാണ്മടങ്ങിയത്.

എന്നെപ്പോലെ നിസ്സാരനും, നിരവലംബനുമായ ഒരു മനുഷ്യന്റെ ജീവിതത്തിൽ ദൈവം എങ്ങിനെ ഇടപെടുന്നുഎന്നുള്ളതിന് തെളിവുകളുമായി നിൽക്കുന്നു ഈ പുസ്തക പ്രസിദ്ധീകരണം. സ്‌പെയിൻ എന്ന ഞാനറിയാത്തരാജ്യത്തെ ഏതോ പ്രദേശത്ത് ജനിച്ച ഒരു മനുഷ്യൻ യു. എൻ. മനുഷ്യാവകാശ കമ്മീഷന്റെ ചുമതലക്കാരനായിഅമേരിക്കയിൽ എത്തുന്നു. അവിടെ നിന്ന് പിരിഞ്ഞ അദ്ദേഹം ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയുടെ ഭാഗമായക്യൂൻസ് ബോറോ കോളേജിന്റെ വിശ്വപ്രസിദ്ധമായ ആർട്ട് മ്യൂസിയത്തിന്റെ പരമാധികാരി ആയിരിക്കുമ്പോൾഇതൊന്നുമറിയാതെ ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുന്നു. എനിക്ക് വേണ്ടി ആരെയെങ്കിലും അയക്കേണമേ എന്നഎന്റെ പ്രാര്ഥനക്കുള്ള മറുപടി പോലെയായിരുന്നു ആ സംഗമം. ഓൺലൈനിൽ  ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചനാടകത്തിന് അദ്ദേഹത്തിൽ നിന്ന്  ഒരഭിപ്രായം കിട്ടുമോ എന്നറിയുക മാത്രമായിരുന്നു അന്നത്തെ എന്റെ ഏകലക്ഷ്യം.

എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ ഞാൻ വിവരിച്ചു കഴിഞ്ഞു. പണവും അദ്ധ്വാനവും മുതലിറക്കി അദ്ദേഹം ‘ ടുവാർഡ്സ് ദി ലൈറ്റ് ’ പ്രസിദ്ധീകരിക്കുകയാണ്. അദ്ദേഹവും ഞാനും നിശ്ചയിക്കപ്പെട്ട നിയോഗങ്ങളുടെഭാഗമായി അതിനു വേണ്ടി സൃഷ്ടിക്കപ്പെട്ട ആയിരം സാഹചര്യങ്ങളിലൂടെ ഒന്ന് ചേർന്ന് ഒരു ചരിത്ര സംഭവത്തിന്സാക്ഷികളാവുകയാണ്. മലയാള ഭാഷയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ യൂണിവേഴ്സിറ്റി ഒരു മലയാളനാടകം മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരുമിച്ച്‌ പ്രസിദ്ധീകരിക്കുന്നു. - അതും എന്നെപ്പോലെ യാതൊരുഅക്കാദമിക് യോഗ്യതകളുമില്ലാത്ത ഒരാളുടെ രചന. ഇതിനെ യാദൃശ്ചികം എന്ന് പറഞ്ഞ് തള്ളിക്കളയുവാൻഎനിക്കാവുന്നില്ല എന്നതിനാൽ ദൈവീകം എന്ന് തന്നെ വിളിച്ച് ഞാനിതിനെ ആദരിക്കുന്നു!

മനുഷ്യ വർഗ്ഗം അടിസ്ഥാനപരമായി നന്നാവണം എന്നാഗ്രഹിച്ചു രണ്ട് മനുഷ്യ സ്നേഹികൾ ആയിരുന്നുയഹൂദയിലെ ദരിദ്ര മേഖലയിൽ ജനിച്ച യേശുവും, ജർമ്മനിയിലെ സമ്പന്ന മേഖലയിൽ ജനിച്ച കാറൽ മാർക്‌സും. തന്നെപ്പോലെ തന്നെ അടുത്ത മനുഷ്യനെയും കരുതണം എന്ന് പഠിപ്പിച്ച യേശു ക്രിസ്തുവും ഒരുവന്റെ ജീവിതംഅപരന്റെ സംഗീതമാവണം എന്നാഗ്രഹിച്ച കാറൽ മാർക്‌സും  ഒരേ ലക്‌ഷ്യം നടപ്പിലാവുന്നതിന് ചൂണ്ടിക്കാണിച്ചവ്യത്യസ്ത മാർഗ്ഗങ്ങൾ അനുയായികൾക്കു മനസ്സിലാവാതെ പോയത് കൊണ്ടായിരിക്കാം  രണ്ടും നടപ്പിലാവാതെപോയത്. പാവങ്ങൾക്ക് വേണ്ടി നിന്നതിനാൽ മാർക്സിനോട് ബഹുമാനം ഉണ്ടെങ്കിലും പറഞ്ഞ കാര്യങ്ങൾ ചോരകൊടുത്തും നടപ്പിലാക്കിയ യേശു തന്നെയാണ് എന്നും എന്റെ റോൾമോഡൽ.

ഏതാണ്ട് നാമാവശേഷമായിക്കഴിഞ്ഞ ഈ സിദ്ധാന്തങ്ങൾ കാലസനുസൃതമായ മാറ്റങ്ങളോടെ ഒന്നായിക്കണ്ട്വീണ്ടും നടപ്പിലാക്കണമെന്നും, എക്കാലവും മനുഷ്യ വർഗ്ഗം സ്വപ്നം കണ്ട മണ്ണിലെ സ്വർഗ്ഗംയാഥാർഥ്യമാവണമെന്നും ഞാനും ആഗ്രഹിക്കുന്നതിനാൽ ആയതിനുള്ള എന്റെ എളിയ അക്ഷരതർപ്പണങ്ങളാണ് ‘ ടുവാർഡ്‌സ് ദി ലൈറ്റ് ‘ ഉൾപ്പടെയുള്ള എന്റെ രചനകൾ.

‘ ഭൂമിക്ക് ഒരു ചരമഗീതം ‘ എഴുതിയ ബഹുമാന്യനായ  ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയുംനമ്മുടെ ഭൂമിക്കു വേണ്ടത് ചരമ ഗീതങ്ങളല്ലാ, പകരം ഉണർത്തുപാട്ടുകളാണ് എന്നൊരു ഓർമ്മപ്പെടുത്തലുമായിഅനശ്വര സ്വപ്‌നങ്ങൾ എന്ന ഈ കവിത ഞാനെഴുതി :

ഭൂപാള രാഗത്തിൻ 
ശ്രുതികളിലുണരുമെൻ 
ഭൂമിക്ക് വേണ്ടൊരു 
ചരമ ഗീതം ! 
ഒരു നൂറ് മോഹങ്ങൾ 
പുഴയായിട്ടൊഴുകുമീ 
ഹൃദയേശ്വരിക്കൊരു 
പ്രണയ ഗീതം !

തരള മരാളികേ 
മനുഷ്യാഭിലാഷങ്ങൾ 
ഇതളിതളായ് നിന്നിൽ 
വിരിയുമ്പോൾ, 
മനസ്സിന്റെ വയൽക്കാട്ടിൽ 
വിളയുന്ന മോഹത്തിന്റെ 
കതിർക്കുല യറുക്കുവാൻ 
വരട്ടയോ ഞാൻ ?

അകലത്തെ യാകാശത്തിൽ 
അനിവാര്യ മരണത്തിൻ 
ചിലമ്പൊലി യാരോഹണം 
തുടരുമ്പോൾ, 
മടങ്ങുന്നു ഞാനെന്നാലും 
തരുന്നു ഞാനാത്മവിന്റെ 
തലമുറക്കുരുന്നിനെ 
പകരമായി.

അവനാണ് ഞാൻ, നാളെ 
തിരി വെട്ടമെരിയുവാൻ 
കരുതുന്ന കാലത്തിന്റെ 
കതിരാണവൻ. 
കരയാതെ കാത്തീടേണം 
വരുന്നുണ്ട് വീണ്ടും വീണ്ടും 
കുരുന്നുകൾ ജ്വലിക്കുമെൻ 
മൺ ചിരാതങ്ങൾ. *

ചരമ ഗീതങ്ങൾ വേണ്ട 
ചരിത്രത്തിൻ കരുത്തായി 
ഉണർത്തു  പാട്ടതിൽ വേണം 
സുപ്രഭാതങ്ങൾ ! 
മനുഷ്യന്റെ മണ്ണ് ദൈവ 
തറവാട്ടിൽ നിന്നും വന്ന 
ഹൃദയേശ്വരി എന്റെ 
മൃൽസ്‌ന ദേവിക !

അങ്ങിനെ അവസാനം 2024 ജൂൺ ആദ്യ വാരത്തിൽ യൂണിവേഴ്സിറ്റി നിലവാരത്തിൽ ‘ റ്റുവാർഡ്‌സ് ദി ലൈറ്റ് ‘  പ്രസിദ്ധീകരിച്ചു.  നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും ഇതഃപര്യന്തമുള്ള ചരിത്രത്തിൽ ആദ്യമായി ഒരുമലയാളി രചിച്ച മലയാള ഗ്രന്ഥം മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരു വിദേശ യൂണിവേഴ്സിറ്റിപ്രസിദ്ധീകരിച്ചിരിക്കുന്നു. ചരിത്രത്തിന്റെ ഭഗമാവാൻ കഴിഞ്ഞ ഈ മുന്നേറ്റത്തിൽ ആശയങ്ങൾക്ക് ചോർച്ചസംഭവിക്കാതെ അതീവ ശ്രദ്ധയോടെ മൊഴിമാറ്റം നടത്തുകയും പ്രസിദ്ധീകരണത്തിന്റെ എല്ലാ ഘട്ടങ്ങളിലുംഎന്നെക്കാളേറെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുകയും ചെയ്തത് എന്റെ മകൻ എൽദോസ് വർഗീസ്ആയിരുന്നു എന്നത് തികഞ്ഞ കൃതജ്ഞതയോടെ ഇവിടെ രേഖപ്പെടുത്തുന്നു. ഒരു പിതാവിന് സ്വന്തം മകനിൽനിന്ന് ലഭിക്കാവുന്ന വിലപ്പെട്ട ആദരം.

പുസ്തകത്തിന്റെ മുന്നൂറോളം കോപ്പികൾ പ്രസാധകൻ തന്നെ  എന്റെ വീട്ടിൽ എത്തിച്ചു തന്നു. പുസ്തകംഅതുള്ള സ്ഥലത്ത് വന്ന് ഞാൻ എടുക്കാം എന്ന് പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല എന്ന് മാത്രമല്ല എന്നോടൊപ്പംകുറെ ബോക്സുകൾ കാറിൽ നിന്ന് സ്വന്തം ചുമലിൽ ചുമന്നാണ് അദ്ദേഹം അവ വീട്ടിൽ എത്തിച്ചത്. ബാക്കികോപ്പികൾ യൂണിവേഴ്സിറ്റിയിലും ആമസോണിലുമായി വിൽക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് എന്ന്അദ്ദേഹം പറഞ്ഞു.

ഒരെഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ലഭിച്ച ഈ അംഗീകാരം എന്നെ സംബന്ധിച്ചിടത്തോളംഞാർഹിക്കുന്നതിനേക്കാൾ കൂടുതലാണ്. അമേരിക്കയിലെയും ഇന്ത്യയിലെയും സാഹിത്യ സംഘടനകൾ ഈവിവരം അറിഞ്ഞുവെങ്കിലും മലയാള ഭാഷയ്ക്ക് ലഭിച്ച ചരിത്ര പരമായ ഒരു അംഗീകാരം എന്ന നിലയിൽ എങ്കിലും‘ അഭിനന്ദനം ‘ എന്നൊരു വാക്ക് ഇതുവരെയും പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ആരോടും പരിഭവം ഇല്ലാതെഎല്ലാവരോടുമായി ഞാൻ വിനയപൂർവം ഇവിടെ മനസ്സ് തുറക്കുന്നു : ഞാൻ സംപ്രീതനാണ്. ഒരു ടീനേജർആയിരിക്കുമ്പോൾ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമായ ‘ ഓണക്കോടി ‘ ഉൾപ്പടെ ഇപ്പോൾ ഒൻപത് പുസ്തകങ്ങൾപ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ദക്ഷിണ ഭാരതത്തിലെ തെക്കു പടിഞ്ഞാറേ കോണിൽ മകരക്കുളിരും മാമ്പൂ മണവും തഴുകി നിന്ന കൊച്ചുകേരളത്തിൽ സസ്യ ശ്യാമളിമ നിഴൽ വിരിച്ചു നിന്ന  ഒരു കുഗ്രാമത്തിൽ ദരിദ്രവും, പ്രാകൃതവുമായ ജീവിതസാഹചര്യങ്ങളിൽ ജനിച്ചു വളർന്ന്, ഔപചാരിക  വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം ആസ്വദിക്കുവാൻഅവസരം ലഭിക്കാതെ പോയ  ഞാൻ, അനിവാര്യമായ ജീവിതായോധനത്തിന്റെ അരീനകളിൽ കടലുകൾ കടന്നുംകണ്ടെത്തിയ അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ എളിയവയെങ്കിലും എന്റെ സ്വപ്നങ്ങളെ ചേർത്തു പിടിച്ചുസംരക്ഷിച്ച എത്രയെത്ര മനുഷ്യർ, അവരുടെ ജീവിതങ്ങൾ ! അവരുടെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയുംഇളം കാറ്റ് ഏറ്റു വാങ്ങിക്കൊണ്ടാണ് കാല പ്രവാഹിനിയുടെ ഈ തീരത്ത് ഇന്ന് ഇവിടെ ഇപ്പോൾ ഞാൻ ഉള്ളത്  എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, മഹാ കാല മടക്കുകളിൽ എന്നേ മൺ മറഞ്ഞു കഴിഞ്ഞ അവരുടെ തീഷ്ണസ്മരണകൾ ബഹുമാന പൂർവ്വം നെഞ്ചിൽ ചേർത്ത് വച്ച് അടുത്ത ഊഴക്കാരനായി ഞാനീ യാത്ര തുടരുകയാണ്.

ഇന്നിവിടെ അമേരിക്കൻ ജീവിത താളങ്ങളിൽ അഭിരമിക്കുമ്പോളും എന്റെ  വീടും, എന്റെ നാടും മൗനവേദനകളായി എന്നോടൊപ്പമുണ്ട്. ഒരു പക്ഷേ മരണത്തിനു മാത്രം മായ്ക്കാൻ കഴിയുന്ന  ആ കുളിരോർമ്മകൾചേർത്തു പിടിച്ച് ആശ്വസിക്കുമ്പോൾ അതെനിക്ക് സമ്മാനിച്ച എല്ലാവരോടും എന്നെന്നും എനിക്ക്നന്ദിയുണ്ടായിരിക്കും. ആ നന്ദിയുടെ എളിയ പ്രകാശനമാണ് എന്റെ ജീവിതം. ഈ ജീവിതം കൊണ്ട് എന്നെങ്കിലുംഏതെങ്കിലും ഒരാൾ വേദനിച്ചിട്ടുണ്ടെങ്കിൽ ഹൃദയ പൂർവം അതിനു മാപ്പു ചോദിക്കുന്നു.

എന്റെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ഇഴചേർന്ന് കൊണ്ട് അതിനെ പ്രചോദിപ്പിക്കുകയും, ത്രസിപ്പിക്കുകയും, കഴിഞ്ഞ നൂറ്റാണ്ടിന്റെ കർപ്പൂര നാളങ്ങളായി കത്തി നിൽക്കുകയും ചെയ്തആയിരക്കണക്കായ ഇതിലെ കഥാപാത്രങ്ങളിൽ മിക്കവരും  അനിവാര്യമായ അസ്തമയത്തിന്റെ ചിറകിലേറിമഹാ കാലത്തിന്റെ മടക്കുകളിൽ മറഞ്ഞു കഴിഞ്ഞു. അവർ എനിക്ക് വേണ്ടിയും, അവർക്ക് ചുറ്റും നിറഞ്ഞാടിയസാഹചര്യങ്ങളുടെ  താള നൃത്തങ്ങൾക്ക്‌ വേണ്ടി അർപ്പിച്ച അനശ്വരങ്ങളായ ആത്മ തർപ്പണങ്ങൾക്ക് വേണ്ടിയുംഹൃദയത്തിന്റെ ഭാഷയിൽ  ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തുന്നു. ഇത് അവർക്ക്‌ കൂടി വേണ്ടിയുള്ള  അക്ഷരസ്മാരകമാണ് ,  അഭിവാദനങ്ങൾ !

ഒരു ജീവിത കാലത്തിന്റെ ഓർമ്മച്ചെപ്പുകൾ ഇവിടെ തുറന്നു വയ്ക്കുമ്പോൾ അത് സമ്മാനിച്ച സമകാലീനചരിത്രത്തിന്റെ കണ്ണീരും, പുഞ്ചിരിയും നെഞ്ചിടിപ്പുകളും കൂട്ടി വച്ച് അധികമാർക്കും സുപരിചിതമല്ലാത്ത ഒരുകാലഘട്ടം അനാവരണം ചെയ്യുകയായിരുന്നു ഞാൻ. നിസ്സഹായനും, നിരവലംബനുമായ മനുഷ്യന്റെ മുന്നിൽഅനിവാര്യവും, അനിഷേധ്യവുമായ അനേകം സാഹചര്യങ്ങളിലൂടെ പ്രപഞ്ചാത്മാവായ ദൈവം ഇന്നുംപ്രത്യക്ഷപ്പെടുന്നുണ്ട് എന്ന നഗ്നസത്യം എന്റെ ജീവിതം എന്നെ പഠിപ്പിച്ച വലിയ പാഠമായിരുന്നു എന്നതിനാൽ, പിന്നാലെ വരുന്ന ഏതെങ്കിലും സാധു ജീവിക്ക് ഈ അനുഭവങ്ങൾ തിരിവെട്ടം ആവുമെങ്കിൽ ഞാൻകൃതാർത്ഥനായി.

‘ അനന്തരം ജയൻ വർഗീസ് തന്റെ പിതാക്കന്മാരെപോലെ നിദ്ര പ്രാപിച്ചു ‘ എന്ന് എന്റെ മക്കൾക്കോ, കൊച്ചുമക്കൾക്കോ എഴുതിച്ചേർക്കാൻ അവസരം ബാക്കി വച്ചു

കൊണ്ട് ‘ പാടുന്നു പാഴ്മുളം തണ്ട് പോലെ ‘ എന്ന ഈ അനുഭവക്കുറിപ്പുകൾ ഇവിടെ അവസാനിപ്പിക്കുന്നു, നന്ദി - എന്റെ ചുറ്റുമുള്ള എല്ലാവർക്കും നന്ദി.

Read: https://emalayalee.com/writer/127

 

Join WhatsApp News
Jayan varghese 2024-08-03 19:33:05
എന്നെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്ത ഒരു ന്യൂന പക്ഷം നാട്ടിലെപ്പോലെ ഇവിടെയുമുണ്ട് എന്നറിയുന്നതിൽ നിർവൃതി തോന്നുന്നു. അവർക്കു നന്ദി. കണ്ണടച്ചുണ്ടാക്കിയ ഇരുട്ടിൽ മുഖമൊളിച്ച അഭിനവ ആചാര്യന്മാർക്ക് സത്യം കാണണമെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾ തുറന്ന്‌ പിടിച്ചു കൊണ്ട് നോക്കണം?
Sudhir Panikkaveetil 2024-08-04 00:56:54
"അനന്തരം ജയൻ വർഗീസ് തന്റെ പിതാക്കന്മാരെപോലെ നിദ്ര പ്രാപിച്ചു."(quote from the above article)ജയൻ വർഗീസ് എന്ന വ്യക്തി നിദ്ര പ്രാപിച്ചേക്കാം പക്ഷെ ജയൻ വർഗീസ് എന്ന എഴുത്തുകാരന് മരണമില്ല. അക്ഷരങ്ങൾ ഉള്ള കാലം വരെ ആ പേര് അനശ്വരമായി നില നിൽക്കും. നന്മകൾ നേരുന്നു.
Ninan Mathulla 2024-08-04 09:54:14
' A eventful life indeed! 'Sambhava bahulamaya jeevitham' with lots of colorful memories. For some, recognition comes posthumous. As Krishna said in Gita, we do our duties without expecting fruits of it. Personally speaking, I don't go after recognition. If it comes after you, it is ok.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക