ചാനൽറിപ്പോർട്ടർ അട്ടമല ചോലനായ്ക്കർ കോളനിയിൽ
കുവൈറ്റ് യുദ്ധം കേരളത്തിലെ അടുക്കളകളിൽ വരെ തത്സമയം എത്തിച്ചുകൊണ്ടാണ് 1990ൽ സിഎൻഎൻ ലോകത്തെ അത്ഭുതപ്പെടുത്തിയത്. എന്നാൽ മൂന്നര പതിറ്റാണ്ടിനു ശേഷം മലയാളം ചാനലുകൾ പ്രകൃതിദുരന്തത്തിനെതിരായ യുദ്ധം ലോകമെമ്പാടുമുള്ള മലയാളികൾക്കു കൂടുതൽ കരുത്തോടെ ലൈവ് ആയി പകർന്നു നൽകിക്കൊണ്ടിരിക്കുന്നു.
ഒരേസമയം രണ്ടു ഡസനോളം ഹൈ ടെക് വീഡിയോ കാമറകളാണ് ഈ ദൃശ്യങ്ങൾ ദുരന്തം നടന്ന ഗ്രൗണ്ട് സീറോയിൽ നിന്നു നേരിട്ടും ഹെലികാംമുഖേനയും ആകാശ വിതാനത്തുനിന്നും പകർത്തി സാറ്റലൈറ്റ് മുഖേന ലോകമെമ്പാടും എത്തിക്കുന്നത്. റിപ്പോർട്ടർമാരും ക്രൂവും ഉൾപ്പെടെ ഇരുനൂറോളം മാധ്യമ പ്രവർത്തകർ. അവരുടെ മുമ്പിൽ പത്രങ്ങളെല്ലാം പിന്നിലായി.
1993ൽ മഹാരാഷ്ട്രത്തിലെ ലാത്തൂരിൽ ആയിരങ്ങൾ ഭൂകമ്പത്തിനു ഇരയായപ്പോഴും 2003ൽ തമിഴ് നാട്, കേരള തീരങ്ങളിൽ സുനാമി പതിനായിരക്കണക്കിന് ജീവൻ അപഹരിച്ചപ്പോഴും കാണാത്ത മാധ്യമ പടയോട്ടം. ചില ചാനൽ സംഘത്തിൽ രണ്ടു ഡസനോളം പേരുണ്ട്.
റിപ്പോട്ടർ തത്സമയം
അര നൂറ്റാണ്ടു മുമ്പ് മോൺട്രിയോൾ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തപ്പോൾ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു മനോരമക്ക് വേണ്ടി. ഇപ്പോൾ നടക്കുന്ന പാരീസ് ഒളിമ്പിക്സിന് മനോരമക്ക് രണ്ടു പേരുണ്ട്-ഒരു റിപ്പോർട്ടറും ഒരു കാമറാമാനും --ജോമിച്ചൻ ജോസും മനോജ് ചേമഞ്ചേരിയും.
അന്ന് റോയിട്ടേഴ്‌സ് എന്ന അന്താരാഷ്ട്ര ന്യൂസ് ടീമിൽ 35 പേരുണ്ടായിരുന്നു അവരെ നയിച്ചതാകട്ടെ ഒരു വനിതയും. പക്ഷെ എനിക്ക് പോകാൻ താല്പര്യമില്ലാത്ത ചില വേദികളിൽ ഒന്നിലധികം പ്രതിനിധികളെ കടത്തിവിടാൻ എന്റെ പാസ്സ് അവർ ചോദിച്ചു വാങ്ങിയത് ഓർക്കുന്നു. ഇന്റർനറ്റ് ജനിച്ചിട്ടില്ലാത്ത കാലത്തു ഫാക്സ് നാടുവാഴുന്ന നാളുകളിൽ റിപ്പോർട്ടും ചിത്രങ്ങളും മനോരമയിൽ അന്ന് എത്തിക്കാൻ കഴിഞ്ഞത് അത്ഭുതമായി ഓർമയിൽ അവശേഷിക്കുന്നു.
ഇന്ന് വയനാട്ടിലെ ദുരന്തം റിപ്പോർട്ട്ചെയ്യുന്ന ടീമുകളിൽ മലയാളികൾക്കു ചിരപരിചിതമായ പല വനിതാ മുഖങ്ങളും കാണാനുണ്ട്. മഴയും തണുപ്പും ചെളിയും പാറക്കെട്ടുകളുമുള്ള ദുരന്തഭൂമിയിൽ ഒരു കയ്യിൽ കുടയും മറുകയ്യിൽ മൈക്രോഫോണുമായി അവർ ആണുങ്ങൾക്കൊപ്പമോ അതിലേറെ വേഗത്തിലോ ഓടിനടക്കുന്നു.
ചാനലിന്റെ ഇന്ററാക്ടീവ് ജനസേവനം
മലയാളചാനലുകൾ ഇന്ററാക്ടീവ് ആയി എന്നതാണ് കൂടുതൽ ശ്രദ്ധേയം. മരണനാട്ടിൽ നിന്ന് അവരുടെ സംപ്രേക്ഷണം കണ്ടു സഹായത്തിനായി കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും മറുനാടുകളിൽ നിന്നുപോലും എത്തുന്ന വിളികൾക്കു അവർ കാതോർക്കുന്നു. വിവരം റിപോർട്ടർമാർ മുഖേന ഉടനടി രക്ഷാപ്രവർത്തകർക്ക് എത്തിച്ച് മറുപടി വാങ്ങി നൽകുന്നു.
രക്ഷാപ്രവർത്തനത്തിന് അഞ്ചാം ദിവസം ലഫ് കേണലിന്റെ വേഷത്തിൽ ആർമി ഗ്രീൻ കാറിൽ മേജർ രവിയോടൊപ്പം മോഹൻ ലാൽ എത്തിയപ്പോഴുള്ള തിരക്കിനിടയിലും ഇടവിട്ടിടവിട്ടു റിപ്പോർട്ടർ ചാനൽ നടത്തിയ ലൈവത്തോൺ എന്നു വിളിച്ച സംപ്രേഷണത്തിനിടയിൽ നടത്തിയ ഇന്ററാക്ടീവ് ജന സേവനം തികച്ചും ആകർഷകമായിരുന്നു.
ചാനൽ ആങ്കർ അഞ്ജലിയാണ് നായിക. അവർ സംസാരിക്കുന്നതു അട്ടമലയിൽ ഒരു ആദിവാസി കോളനിയിൽ എത്തിയ റിപ്പോർട്ടർ അർജുനനോടാണ്. മഴവിസ്പോടനത്തിന്റെ പ്രഭവസ്ഥാനത്തിനടുത്ത് നിന്ന് തേയില തോട്ടത്തിലെ പാഡികളിൽ (ലയങ്ങൾ) ഒന്നിലേക്കു വനം വകുപ്പു ഉദ്യോഗസ്ഥർ മാറ്റിപ്പാർപ്പിച്ച ചോലനായക്കാർ കുടുംബത്തിന് ഭക്ഷണമോ വസ്ത്രമോ കിട്ടിയില്ല എന്നതാണ് പ്രശ്നം.
കുഞ്ഞുകുട്ടികൾ അടക്കം 28 പേരുണ്ട് ആ പാർപ്പിടത്തിൽ അവരുടെ നേതാവ് ഭാസ്കരൻ ചേട്ടനോട് അർജുൻ സംസാരിച്ചപ്പോൾ രാവിലെ കട്ടൻ ചായയും ബേക്കറി പലഹാരങ്ങളും കഴിച്ച അവർ ഉച്ച ഭക്ഷണത്തിനായി അരി അടുപ്പത്തിട്ടിരിക്കുന്നു എന്ന് മനസിലായി. അരിയും മറ്റും എപ്പോൾ വേണമെങ്കിലും തീരാം.
സഹായം നോക്കിപ്പാർത്തിരിക്കുന്ന 28 വയറുകൾ.
ദുരന്തം ഉണ്ടായ അന്ന് തന്നെ തന്നെ ഫോറസ്ററ് അധികൃതർ അവരെ മാറ്റിപ്പാർപ്പിച്ചതാണ്, കറന്റ് ഇല്ല. മിനിഞ്ഞാന്നും ഇന്നലെയും വൈകുന്നേരം ഉദ്യോഗസ്ഥർ വന്നു പോയി. ശനിയാഴ്ച്ച ഇത് റിപ്പോർട്ട് ചെയ്യുന്ന ഉച്ച വരെയും ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
അഞ്ജലി വിവരം ഉടനെ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന വനം വകുപ്പു മന്ത്രി എകെ ശശിധരനെ അറിയിച്ചു. അവർ പണിയാരാണെന്നാണ് മന്ത്രിയുടെ അറിവ്. അവർക്കു വേണ്ടതെല്ലാം വനം വകുപ്പ് ചെയ്‌തെന്നും. അതൊന്നും ശരിയല്ല ചോലനായ്ക്കർക്കു അരിയും പലവ്യഞ്ജനവും മരുന്നും വസ്ത്രവും എത്തിക്കണമെന്ന് അഞ്ജലി ശഠിക്കുന്നു. പാർക്കലാം എന്നു എന്ന് മന്ത്രി.
ഇതിനിടെ നിലമ്പൂരിൽ നിന്ന് ചാനലിലേക്ക് വിളി വരുന്നു. അവിടെ നാനൂറു പേർക്കുള്ള ബിരിയാണി പാക്ക് ചെയ്തു കൊണ്ടിരിക്കുന്നു. അത് ആദിവാസി കോളനിയിലേക്ക് അയക്കാമെന്നു ഓഫർ. അവർ ബിരിയാണി കഴിക്കില്ല. പകരം ഒന്നോ രണ്ടോ ചാക്ക് അരി കൊടുത്തയച്ചാൽ മതിയെന്ന് അഞ്ജലി.
ഞാൻ ഈ റിപ്പോർട് തയ്യാറാക്കുന്ന വൈകുന്നേരവും ചാനൽ വീണ്ടും കണ്ടു നോക്കി. അവർ വിടുന്നില്ല. വിശപ്പ് സഹിക്കാനാവാതെ നിലവിളിക്കുന്ന ആദിവാസി പാഡികളിൽ അരിയും പലവ്യഞ്ജനവും മരുന്നും വസ്ത്രവും എത്തുന്നതു വരെ ആ സംപ്രേക്ഷണം തുടർന്നുകൊണ്ടേയിരിക്കും.
അതാണ് ചാനലിന്റെ ഇന്ററാക്ടീവ് ശക്തി. ടെലിവിഷൻ രംഗത്ത് പ്രഗത്ഭനായ എംവി നികേഷ് കുമാർ ആരംഭിച്ചു ഇടയ്ക്കു നിന്ന് പോയ ചാനൽ റിപ്പോർട്ടർ എന്ന പേരിൽ റീലോഞ്ച് ചെയ്തത് കഴിഞ്ഞ വർഷം. നികേഷ് വീണ്ടും രംഗം വിട്ടപ്പോൾ ഡോ. അരുൺ കുമാർ, സ്മൃതി പരുത്തിക്കാട്, ഉണ്ണി ബാലകൃഷ്ണൻ, സുജയ പാർവതി തുടങ്ങിയവരുടെ സാനിധ്യത്തിൽ ചാനൽ മുന്നേറുകയാണ്.
ദുബൈ മീഡിയ സിറ്റി ആസ്ഥാനമാകയി പ്രവർത്തിക്കുന്ന ടീമാണ് ചാനലിലെ പിന്നിൽ. ആന്റോ അഗസ്റ്റിൻ എംഡി. ആദ്യം ദുരന്തഭൂമിയിലേക്കു പോയ പതിനാറു പേരുടെ സംഘത്തിൽ അരുണും ആന്റോയും ഉണ്ടായിരുന്നു.
എസ്‌കെഎൻ എന്ന അനുഭവസമ്പന്നനായ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ 2018ൽ തുടങ്ങിയ 24 ന്യൂസ് ചാനലാണ് റിപ്പോർട്ടറിന്റെ തൊട്ടു പിന്നിൽ. അവരുടെ എം വിജയകുമാറും ഹാഷിം താജ് ഇബ്രാഹിമും ദുരതമേഖലയിൽ തുടരുന്നു. പ്രമോദ് രാമന്റെ നേതൃത്വത്തിൽ മീഡിയ വണ്ണും മോശമല്ല.
രജതജൂബിലി അടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസും മാധ്യമ ഭീമൻമാരുടെ തോളിലേറിയ മനോരമ, മാതൃഭൂമി ചാനലുകലും പുതുമുഖങ്ങളുടെ കടന്നാക്രമണത്തിൽ കിതയ്ക്കുന്നതായി തോന്നുന്നു. എങ്കിലും ഈ മത്സരം മലയാളി കാഴചക്കാർക്കു ഒട്ടേറെ ഹ്യൂമൻ ഇന്ററസ്റ് റിപ്പോർട്ടുകൾ എത്തിച്ച് കൊടുക്കുന്നുണ്ട്.
മനുഷ്യനും യന്ത്രങ്ങളും ഒത്തുചേർന്നു നടത്തുന്ന പോരാട്ടം പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ ഒരു സ്പെക്റ്റക്കിൾ ആണ്. എച്ച്ബിഒയുടെ ബ്ലോക്ബസ്റ്റർ ചിത്രം ഗെയിം ഓഫ് ത്രോൺ പോലെ അല്ലെങ്കിൽ പാരീസ് ഒളിമ്പിക്സിന് തൊട്ടു മുമ്പ് സെൻ നദിയിൽ ഷർക്കുകൾ തേർവാഴ്ച നടത്തി ഒളിമ്പിക്സ് സന്നാഹങ്ങൾ തകർത്തു തരിപ്പണമാക്കുന്ന അണ്ടർ പാരീസ് എന്ന നെറ്റ് ഫ്ലിക്സ് ത്രില്ലർ പോലെ.
എങ്കിലും സ്‌പെക്ടക്കിളും റിയാലിറ്റിയും രണ്ടും രണ്ടാണ്. വയനാട്ടിൽ പ്രേക്ഷകർ കാണുന്നത് റിയാലിറ്റി ഷോ ആണ്. കരളലിയിക്കുന്ന രംഗങ്ങൾ ടെലിവിഷനു കൂടുതൽ ജനപ്രീതിയും അങ്ങിനെ കൂടുതൽ പരസ്യ വരുമാനവും ലഭിക്കാനുള്ള മീഡിയ തന്ത്രങ്ങളുടെ ഭാഗമാണ്. അതിനിടെ വീണുകിട്ടുന്ന മനുഷ്യ കഥകൾ ബെയ്‌ലി പാലത്തിനു മുകളിലൂടെ പറന്ന് വ്യോമസേനാ ഹെലികോപ്റ്ററുകൾ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾ എന്ന് കരുതിയാൽ മതി.