നാട്ടിൽ വെച്ച് ഒരിക്കൽമാത്രം പരിചയമുള്ള ഒരാൾ എന്നെ ഫോണിൽ വിളിച്ചു. മുഖവുരയൊന്നുംകൂടാതെതന്നെ ഒരു ചോദ്യം!
'സാർ ഒരു തമാശ പറയെട്ടെ'
' പറയൂ തമാശയല്ലേ '
ഞാനും തമാശ പറയുന്ന ആളാണെന്ന് അയാൾക്കറിയാവുന്നതുകൊണ്ടായിരിക്കണം അങ്ങനെ ചോദിച്ചത് .
' സാറിനൊരു പി എച്ച ഡി ഒപ്പിച്ചാലോ '
' മനസിലായില്ല, ഏതായാലും നല്ല തമാശതന്നെ '
' അതുകൊണ്ടല്ലേ, ഞാൻ മുഖവുരയായി തമാശ എന്നു പറഞ്ഞത് '
അയാൾ വിടുന്ന മട്ടില്ല
' ഇതു തമാശയല്ല സാർ, കാര്യമായിട്ടു പറയുക.'
അപ്പോഴേക്കും എനിക്ക് ഏതാണ്ടു കാര്യങ്ങളുടെ പോക്കു മനസ്സിലായി. കൊതുകുനിവാരണം മുതൽ മീൻമുട്ട വളർത്തലിനുവരെ പി എച് ഡിയും ഡോക്റ്ററേറ്റും കിട്ടുന്ന കാലമാ! ഞാൻ അൽപ്പം താല്പര്യം നടിച്ചു ചോദിച്ചു.
, എനിക്കൊക്കെ ആരു പി എച്ച ഡി തരാനാ . കുറച്ചെഴുതും അഭിനയിക്കും അത്രയല്ലേയുള്ളു '
' അതൊക്കെ ധാരാളം മതി ' എനിക്കാകാംഷ വർദ്ധിച്ചു
' ഏതു യൂണിവേഴ്സിറ്റിയാ അമേരിക്കയിൽ താമസിക്കുന്ന എനിക്കുവരെ ചുമ്മാ പി എച്ച ഡി വെച്ചു നീട്ടുന്നത് '
'ഇതങ്ങു തമിഴ് നാട്ടിലാ സാറേ' സാറിന്റെ പ്രൊഫൈൽ ഒക്കെ നോക്കിയിട്ട് അവർതന്നെ തീരുമാനിച്ചതാ.
അതുകൊള്ളാം പണ്ട് തമിഴ്‌നാടു മുഖ്യമന്ത്രി എം ജിയാറിന് അണ്ണാമല യൂണിവേഴ്സിറ്റി ഡോക്ട്രേറ്റ് കൊടുത്തെന്നു കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ നാട്ടിൽ ഒരു പഞ്ചായത്ത് മെമ്പറുപോലുമാസയിട്ടില്ല. പിന്നെയല്ലേ ഈ ഉന്നത പദവിയൊക്കെ. അതറിയാവുന്ന ഞാൻ തമാശയായിത്തന്നെ പറഞ്ഞു.
' ചുമ്മാ കിട്ടുവാണെങ്കിൽ പോരട്ടെ '
പിന്നെ കുറച്ചുനേരത്തെ നിശബ്ദത ' ഞാനും വിട്ടില്ല
'ഹെലോ .. ഹെലോ'
വീണ്ടും അയാൾ ശബ്ദിച്ചു
" ഹെലോ .. സാർ '
'പറഞ്ഞോളൂ മടിക്കേണ്ട '
'സാർ ഒരു മൂന്നു ലക്ഷം മുടക്കണം , പേരിന്റെ കൂടെ ഒരു ഡോക്ക്റ്ററേറ്റ് ഒക്കെ വെക്കുന്നത് ഒരു ഗമയല്ലേ'. എന്നിട്ട് ഏതോ ഒരു യൂണിവേസിറ്റിയുടെ പേരുപറഞ്ഞു. അപ്പോഴാണ് എനിക്ക് ശരിക്കും ചിരിവന്നത് .എന്റെ മകൾ നദി അമേരിക്കയിലെ പ്രശസ്തമായ റൈസ് യൂണിവേഴ്സിറ്റിയിൽനിന്നും ബയോ മെഡിക്കൽ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് എടുത്തിട്ട് ഇന്നുവരെ ഒരിടത്തും ഡോക്റ്റർ നദി തെക്കേക്ക് എന്നെഴുതിക്കണ്ടിട്ടില്ല. ഇപ്പോഴുള്ള പല ഡോക്റ്ററേറ്റുകാരെയും പേടിച്ചിട്ടായിരിക്കണം.
ഞാൻ വല്ലപ്പോഴും ഫേസ് ബുക്കിൽ ഡോക്ടർ വെച്ച്
എഴുതുന്നതുതന്നെ അവൾക്കിഷ്ടമല്ല. അതറിയാവുന്ന എന്നോടാ കളി.
' അതുകൊള്ളാം പക്ഷേ എന്നെ ആ കളിക്കു കിട്ടില്ല, ഉള്ള എഞ്ചിനീയറിംഗ് ഡിഗ്രി മതി. അതും നമ്മുടെ അഭിമാനമായ കേരളാ സർവ്വകലാശാലയുടെ. അതിൽകൂടുതൽ ഒന്നും വേണ്ടേ വേണ്ട.
' സാർ ആലോചിച്ചു തീരുമാനം അറിയിച്ചാൽ മതി, എന്നായി..
ആലോചിക്കാനൊന്നുമില്ല എനിക്ക് ആരുടേയും പി എച് ഡി വേണ്ടേ
അങ്ങനെ കാശുമുടക്കാനായിരുന്നെങ്കിൽ എനിക്കിപ്പോൾ എത്രയോ സംഘടനകളുടെ അവാർഡ് കിട്ടുമായിരുന്നു. തൽക്കാലം താല്പര്യമില്ല' എന്നു തീർത്തു പറഞ്ഞു
അപ്പോൾ വീണ്ടും നിശബ്ദത.
' ഹെലോ ഹെലോ എന്തുപറ്റി, പോയോ' ഞാൻ ചോദിച്ചു
' ഇല്ല സാർ ഇതൊക്കെയാ ഇവിടുത്തെ ഇപ്പോഴിവിടുത്തെ പി എച് ടി ‘
’തൽക്കാലം ഇതൊന്നും ആരോടും പറയണ്ട '
ഞാൻ പറഞ്ഞു
'ഏയ് ഞാനങ്ങനെ പറയുന്ന ആളല്ല. ഞാൻ ചോദിച്ചിട്ടുമില്ല സാർ ഒന്നും പറഞ്ഞിട്ടുമില്ല , ചാപ്റ്റർ ക്ലോസ്ഡ്'
അങ്ങനെ ആ അദ്ധ്യായം അവസാനിച്ചു. ഇപ്പോഴോർക്കുബോൾ ഈ വർഷത്തെ ഏറ്റവും നല്ല തമാശയായിട്ടുതന്നെയാ എനിക്കു തോന്നുന്നത്. ഒരിക്കൽ കാനഡായിലുള്ള ഒരു സംഘടന അവാർഡും സ്വീകരണവും പൊന്നാടയും തരാൻ സ്നേഹപൂർവ്വം ക്ഷണിച്ചു. അതുപറഞ്ഞുകഴിഞ്ഞു നല്ല തുകകൊടുത്തു സ്പോൺസർ ചെയ്യാമോ എന്നു ശബ്ദം താഴ്ത്തി ചോദിച്ചു. ഒരു സംഭാവനയൊക്കെ തരാം, അവാർഡും സ്വീകരണവും വേണ്ട എന്നു ഞാൻ പറഞ്ഞു . സംഘാടകർക്കു കാര്യം മനസിലായി എന്തായാലും അതിൽപ്പിന്നെ അവർ വിളിച്ചിട്ടില്ല.
എന്തായാലും ഇനി ആരും ഒരു ഡോക്റ്ററേറ്റിനോ സ്‌പോൺസേർഡ് അവാർഡിനോ എന്നെ വിളിക്കില്ല എന്നു വിശ്വസിക്കുന്നു.
P. S
ഇതിൽപറയുന്ന പ്രതികൾ ആരാണെന്നുപോലും ചോദിച്ചേക്കരുത്. ഞാൻ പറയൂല കട്ടായം.