കേന്ദ്രമോ കീഴുംമേലുമോ ഇല്ലാത്തൊരീ
അണ്ഡകടാഹത്തിൽ, ഞാനിപ്പൊഴും
ആകാശത്തേക്കു നോക്കുന്നതെന്ത്?
ഈ ദുഃഖത്തിൽ ബുദ്ധം ശരണമല്ല.
ഞങ്ങൾക്കുമുകളിൽ ഉരുൾപൊട്ടിയപ്പൊഴാണ്
ദൈവങ്ങൾ മലയിറങ്ങിപ്പോയത്.
നിസ്സഹായനു സഹായം എവിടെനിന്ന്? *1
കണ്ടാലും, അതു വരുന്നു: പർവ്വതത്തിൽനിന്നല്ല,
അയൽക്കാരിൽനിന്ന്, മറ്റു മനുഷ്യരിൽനിന്ന്.
അയൽക്കാരും എന്നെപ്പോലെ കഷ്ടം സഹിക്കെ,
ഇതാ, ഭൂമിയുടെ അറ്റങ്ങളിൽനിന്നുതന്നെ
മനുഷ്യർ സഹായത്തിനെത്തുന്നു.
മർത്ത്യനെ സ്തുതിപ്പിൻ; കുഴലിനോടും തപ്പിനോടും *2
നൃത്തത്തോടും, അവന്റെ കാരുണ്യമഹത്വത്തിന്നു
തക്കവണ്ണം അവനെ സ്തുതിപ്പിൻ.
*1. ഞാൻ എന്റെ കണ്ണ് പർവ്വതങ്ങളീക്ക് ഉയർത്തുന്നു;
എന്റെ സഹായം എവിടെനിന്നു വരും?
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു-- സങ്കീർത്തനം 121:1
*2. 150-ആം സങ്കീർത്തനം: യഹോവയെ സ്തുതിപ്പിൻ