സോഷ്യൽ മീഡിയ ഉദയംചെയ്യുന്നതിനൊക്കെ ഒരുപാടു മുന്നേ തന്നെ , വളരെ ചെറുപ്പത്തിലേ , ഒരു സിനിമ കണ്ടാൽ അതിനെക്കുറിച്ച് , പ്രത്യേകിച്ചും അതിലെ പാട്ടുകളെക്കുറിച്ച് എന്റെ അഭിപ്രായം ഒരു നോട്ടുബുക്കിൽ കുത്തിക്കുറിക്കുക ശീലമായിരുന്നു . കാലം ചാരം മൂടിക്കളഞ്ഞ അതെല്ലാം പിന്നെ ഒരുപാടു വർഷങ്ങൾക്കു ശേഷം മൗന വാല്മീകത്തിനുള്ളിൽ നിന്നും എഴുത്തിന്റെ കൂടു പൊട്ടിച്ചു പുറത്തു വരാൻ തുടങ്ങി . ഓർമ്മയെഴുത്തിൽ ആരംഭിച്ചെങ്കിലും ഗാന നിരൂപണങ്ങളിലേയ്ക്കും പടർന്നു പന്തലിക്കാൻ വെമ്പിയ അതിനെ 'എന്റെ പാട്ടോർമകൾ ' എന്നു നാമകരണം ചെയ്ത് ഒരു പംക്തിയായി ചെയ്യാനുള്ള പ്രേരക ശക്തി സോഷ്യൽ മീഡിയ തന്നെയാണ് . അങ്ങനെ എന്റെയുള്ളിൽ ചാരം മൂടിക്കിടന്ന പാട്ടോർമകളെ ഊതിപ്പറത്തി കനൽത്തിളക്കം കണ്ടറിഞ്ഞപ്പോൾ ആ ചൂടിനെ തൊട്ടറിഞ്ഞ നിമിഷം എന്റെ ഓർമകൾ അതിനെ ആളിക്കത്തിക്കാൻ തുടങ്ങി .
ഒരു പാട്ടു കേട്ടാൽ അത് ഏതു രാഗത്തിലുള്ളതാണെന്നു മനസ്സിലാക്കാനുള്ളത്ര പരിജ്ഞാനവും സംഗീത പാടവവും ഒന്നുമെനിക്കില്ല . ഇന്ന രാഗത്തിലാണു അതു ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന അറിവ് സമ്പാദനമാണ് . പിന്നെ സംഗീത ഉപകരണങ്ങളുടെ ഉപയോഗവും താളവും ശ്രുതിയും സംഗതിയുമൊക്കെ സംഗീത റിയാലിറ്റി ഷോകൾ കാണുന്നതു കൊണ്ടു മാത്രം ലഭിച്ച ചില ചെറിയ അറിവുകൾ മാത്രം . ഒരു പാട്ടു കേട്ടാൽ അതിന്റെ വരികളാണ് എന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം . ആ താളവും മനസ്സിൽ പതിയാറുണ്ട് എന്നതൊഴിച്ചാൽ സംഗീതം എന്നിൽ നിന്നും ഏറെ അകലെയാണെന്നതാണു സത്യം . അകലെയിരുന്നു കൊണ്ടു ചാരത്തണയാനൊരു കുഞ്ഞു മോഹം . ആ മോഹസാക്ഷാത്ക്കാരമാണീ ചെറു പുസ്തകം .
'പാഥേയം ' സിനിമയിലെ
"ചന്ദ്രകാന്തം കൊണ്ടു നാലുകെട്ട് ...."
എന്നു തുടങ്ങുന്ന വരികളുടെ വൈകാരിക തലം - അച്ഛൻ - മകൾ ബന്ധം ഒക്കെ എഴുതുമ്പോൾ , ഹൃദയത്തിൽ എന്നോ ഉറഞ്ഞു കൂടിയ സങ്കടത്തിന്റെ ഒരു കഷണത്തെ ഉരുക്കി കളയുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ . ആത്മാവിനെ ഉരുക്കാൻ ശേഷിയുള്ള 'ശിവരഞ്ജിനി ' രാഗം പോലെ അതെന്നിൽ നിന്നും പേപ്പറിലേയ്ക്ക് ഉരുകിയിറങ്ങി അക്ഷരങ്ങളായി രൂപാന്തരം പ്രാപിച്ചു .
ആശ്വാസ നിശ്വാസവുമായി അങ്ങനെയിരിക്കുമ്പോഴതാ , ഒരുപാടു പാട്ടുകൾ ഒന്നിനുപിറകേ ഒന്നായി അവിടെ വന്നുനിന്നെത്തി നോക്കുന്നു ! അതെന്നെ 'എന്റെ പാട്ടോർമകൾ '
എന്ന തലക്കെട്ടോടെ ഓരോരോ പാട്ടിലേയ്ക്കും , അതു കേട്ടപ്പോൾ എനിക്കുണ്ടായ മനോവ്യാപാരങ്ങൾ, അനുഭവ തലങ്ങൾ , അതെന്നിലുണ്ടാക്കിയ വികാര വിക്ഷോഭങ്ങൾ , സാന്ത്വനങ്ങൾ , ഒക്കെയിലേക്കും വഴിനടത്തിച്ചു .
ആ വഴിയിലൂടെ പിന്നെയും പിന്നെയും നടന്നപ്പോൾ കിട്ടിയ , കിട്ടിക്കൊണ്ടിരിക്കുന്ന , ഒരു സുഖം - എന്റെ കൂടെ നടന്നുവന്ന , ഒപ്പം ചിരിച്ച , കരഞ്ഞ , സന്തോഷിപ്പിച്ച , സങ്കടപ്പെടുത്തിയ , പ്രണയിക്കാൻ പഠിപ്പിച്ച മലയാള സിനിമാ പാട്ടുകളിലൂടെ ... ആ ഓളപ്പരപ്പിൻ മുകളിലൂടെ ഒഴുക്കിയൊഴുക്കിയങ്ങനെയങ്ങനെ ...
മലയാള സിനിമയും അതിലെ പാട്ടിന്റെ വരികളും സംഗീതവും എന്നെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നും അതു ഞാനുമായി എത്രമാത്രം ഇഴുകിച്ചേർന്ന് ഒരൊറ്റ ജീവനായിരിക്കുന്നുവെന്നും എന്റെ കഴിഞ്ഞ രണ്ടു പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർക്കറിയാം .
ചിന്നിച്ചിതറിക്കിടന്നിരുന്ന എന്റെ പാട്ടോർമകളെ അടുക്കിപ്പെറുക്കി ഒരു ചരടിൽ കോർത്തിണക്കി നിങ്ങളിലേക്കു പറത്തിവിടാൻ മോഹമുദിച്ചു . അങ്ങനെ ഈ വലിയ ലോകത്ത് ഞാൻ എന്നെത്തന്നെ അടയാളപ്പെടുത്താൻ ശ്രമിച്ചതാണ് ഈ ചെറിയ പുസ്തകം .
പാട്ടുപാടാനറിയാത്ത എന്റെയുള്ളിലെ പാട്ടാഗ്രഹങ്ങളുടെ പെരുമഴയെ ഇങ്ങനെയെങ്കിലും എനിക്കു തൃപ്തിപ്പെടുത്താൻ കഴിഞ്ഞ ചാരിതാർത്ഥ്യവുമായി -
'പാട്ടിൻചാരെ പാടാതെ '
സസ്നേഹം
അമ്പിളി കൃഷ്ണകുമാർ .
അമ്പിളി കൃഷ്ണകുമാർ .
_______________
കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശി. വിവാഹ ശേഷം പതിനഞ്ചു വർഷമായി കുംടുംബസമേതം മുംബെയിൽ സ്ഥിര താമസം.
എഴുത്ത്, വായന, യാത്ര, പാട്ട് കേൾക്കൽ, ഒക്കെ ഇഷ്ട വിനോദം. പാട്ടോർമ്മകൾ (ഗാന നിരൂപണം) സിനിമാ നിരൂപണം, കഥ , കവിത , ലേഖനം ഒക്കെ എഴുതാറുണ്ട് .
എങ്കിലും ഗാനരചനയാണ് ഏറെയിഷ്ടം.
ആദ്യ പുസ്തകം ആത്മാംശശമുള്ളതാണ്. 'ഓർമ്മച്ചിമിഴിലെ മഞ്ചാടി മണികൾ'
മലയാളം ഫൗണ്ടേഷൻ മുംബെയും മലയാളം ഫിലിം ചേംബറും കൂടി സംഘടിപ്പിച്ച (2021) സാഹിത്യത്തിനുള്ള 'യുവപ്രതിഭ' അവാർഡ് കിട്ടിയിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 'ജസ്റ്റിസ് ഡോ . ഡി.ശ്രീദേവി' സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
രണ്ടാമത്തെ പുസ്തകം യാത്രാവിവരണമാണ്. 'കുടകിലെ മേഘങ്ങൾ'
മൂന്നാമത്തെ പുസ്തകം ചലച്ചിത്ര ഗാന ആസ്വാദനമാണ്. ശ്രീ റഫീക്ക് അഹമ്മദ് അവതാരിക എഴുതിയിട്ടുള്ള
'പാട്ടിൻചാരെ പാടാതെ.' ( എൻ്റെ പാട്ടോർമ്മകൾ )
ഭർത്താവ് കൃഷ്ണകുമാർ പി.എൻ. മുംബൈയിൽ അക്കൗണ്ട്സ് മാനേജർ. മക്കൾ കൃഷ്ണേന്ദു , ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനി, കാവ്യേന്ദു മൂന്നാം ക്ലാസ് വിദ്യാർത്ഥിനി
അവതാരിക (റഫീക്ക് അഹമ്മദ്, കവി, ഗാനരചയിതാവ്)
അമ്പിളിയെപ്പോലെതന്നെ, പാട്ടുപാടാനറിയാത്ത, എന്നാല്‍ പാട്ടുകളെ അഗാധമായി പ്രണയിക്കുന്ന ഒരാളാണു ഞാനും. ഗാനരചനാ രംഗത്തേയ്ക്ക് ഞാന്‍ എത്തിപ്പെട്ടത് തീര്‍ത്തും യാദൃശ്ചികമായിട്ടാണ്. സാധാരണ മലയാളിയെ സംബന്ധിച്ചിടത്തോളം ചലച്ചിത്ര ഗാനങ്ങള്‍ തന്നെയാണ് അവന്റെ/ അവളുടെ കവിതയും സംഗീതവും. പോപ്പുലര്‍ മ്യൂസിക് എന്ന നിലയില്‍ ആബാലവൃദ്ധം പേരും തുറന്ന മനസ്സോടെയും ബുദ്ധിജീവികളും മറ്റും രഹസ്യമായും ആസ്വദിക്കുന്ന ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഇന്നു വരേണ്യ വിഹാരങ്ങളില്‍ ഒരു പതിത്വമുണ്ട്. സിനിമാപ്പാട്ട് ആസ്വദിക്കുന്നവനാണു ഞാനെന്നു തുറന്നു സമ്മതിക്കാന്‍ നമുക്കിടയിലെ പലര്‍ക്കും അൽപം ജാള്യതയാണ്. ഇത് സദാചാര കാര്യങ്ങളിലുള്‍പ്പെടെ മലയാളി പുലര്‍ത്തി വരുന്ന ഒരു ഇരട്ടത്താപ്പായോ കാപട്യമായോ കണ്ടാല്‍ മതി.
ഇവിടെ അമ്പിളി ഒരുക്കിയിരിക്കുന്ന ഈ പുസ്തകം അപൂര്‍വ്വതകളുള്ള ഒന്നാണ്. ചലച്ചിത്രഗാനങ്ങള്‍ തന്ന അനുഭൂതിയെ അവര്‍ വാങ്മയപ്പെടുത്തിയിരിക്കുന്നു. രസകരമായി വായിച്ചുപോകാവുന്ന ഈ പുസ്തകം അനേകായിരങ്ങളെ സ്വാധീനിക്കുന്ന ചലച്ചിത്ര ഗാനങ്ങളിലേയ്ക്കുള്ള ഒരു ഇറങ്ങിച്ചെല്ലലാണ്. ഇതു പോലുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവേണ്ടിയിരിക്കുന്നു. എഴുത്തുകാരിക്ക് എല്ലാ ഭാവുകളും നേരുന്നു.
റഫീക്ക് അഹമ്മദ്
കവി, ഗാനരചയിതാവ്