Image

നിറപ്പൊലിമ (കവിത: വേണു നമ്പ്യാർ)

Published on 09 August, 2024
  നിറപ്പൊലിമ (കവിത: വേണു നമ്പ്യാർ)

ഇല്ലായ്മയൊ
എന്റെ ഇല്ലം

വല്ലായ്മയൊ
എന്റെ വല്ലം

തുമ്പില്ലായ്മയൊ
എന്റെ വമ്പ്

നിറയായ്കയൊ
എന്റെ  പൊലിമ

2

ഇരിക്കും ഇല്ലത്തിനു
എങ്ങനെ  കൊളുത്തും തീ

എവിടെ വിസർജ്ജിക്കും
ഇല്ലായ്മയെ

ജീവൽപ്രതിസന്ധി
വെറുമൊരു മസ്തിഷ്കനോട്ട-
ക്കാരനായിപ്പോയതിന്റെ

വാലായ്മയായി
അനാത്മജ്ഞാനം

മരിക്കാത്ത പിതൃക്കളെയല്ലെ
മസ്തിഷ്കമഷിനോട്ടത്തിൽ  
മരിച്ചെന്ന് കണ്ടത്

ഇത്തിരി വെട്ടമാരു  തരും
ഹൃദയത്തിന്റെ വഴി കാട്ടാൻ?

മൺചിരാതെ നീ തരുമൊ
മിന്നാമിനുങ്ങെ നീ  തരുമൊ

വെട്ടം കൊണ്ട് ഇല്ലം നിറ
വെട്ടം കൊണ്ട് വല്ലം നിറ
നിറവെട്ടം കൊണ്ട് നിറ പൊലിക
പൊലിക നിറ പൊലിക
പുൽക നിറപ്പൊലിമ!

2

പകൽ സൂര്യവെട്ടം
രാത്രി അഗ്നിവെട്ടം
അപ്പൊ ദിവ്യവെട്ടംന്ന്
പറേണതൊക്കെ എന്തൂട്ടാ?
സൂര്യവെട്ടം! അഗ്നിവെട്ടം!!
അത്ര തന്നെ
തത്ര തത്രൈവ കുത്രചിൽ!

3

കാക്കയ്ക്കിലയിട്ടു
എട്ട് കുറി കൈ കൊട്ടി 
കാക്ക വന്നില്ല
വീണ്ടും ഒരു മൂന്ന് കുറി  കൊട്ടി 
കാത്തു നിന്നു
കാ.... കാ....കാകനാഗതനായില്ല
ചോറുരുള എടുത്തില്ല

ലഗ്നപിണ്ഡത്തിന് വയറ്റിൽ
സുന്ദരകാണ്ഡ വായന
ഒന്നും നോക്കാതെ 
വെള്ളയുരുള വിഴുങ്ങി
ഏമ്പക്കം വിട്ട ക്ഷണം
ലഗ്നം രൂപാന്തരപ്പെട്ടു 
നല്ല കൂരിരുട്ടിന്റെ 
ബലിക്കാക്കയായി!
പുന്നാമമെന്ന നരകത്തിൽ നിന്നും
ത്രാണനം ചെയ്യട്ടെ പിതാവിനെ
ഈ കറുത്ത ഏകദൃഷ്ടി!

തെക്കോട്ട് പോയ
മുരിങ്ങാക്കൊമ്പിലേറി
കാതു കൂർപ്പിച്ചു 
കിഴക്കോട്ടും പടിഞ്ഞാറോട്ടും
കഴുത്ത് തിരിച്ചു നോക്കി

ഒറ്റക്കയ്യുടെ കൈ കൊട്ട് കേട്ടതും
പെട്ടെന്ന് മേലോട്ട് പൊന്തുകയും
ഉടനെ താണു വെട്ടുകയും ചെയ്തു
നാക്കിലയിലേക്ക്

കൊത്തി കൊത്തി
മുറത്തിൽ കേറി കൊത്താതെ
അന്നമായ ബ്രഹ്മത്തെ
കൊക്കിലെടുത്ത് വിഴുങ്ങി
കരിക്കറിയും മൺകറിയും
തൈരും തവിടും
വായസത്തിനു രസം പകർന്നു

ഹൃദയത്തിന്റെ വഴിയിൽ
പിതൃക്കളുടെ പുഞ്ചിരി പാർത്തു
ഏകകാലത്ത് ലഗ്നം കൃതാർത്ഥനും
കൃതഘ്നനുമായി!
സർവ്വം അനിത്യം
അഹം ബ്രഹ്മാസ്മി
അഹം സ്വയമേവ പര്യപ്തഹ! ഹ! ഹ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക