Image

പ്രകൃതി ദുരന്തങ്ങളും മനുഷ്യജീവിതവും (സുധീർ പണിക്കവീട്ടിൽ)

Published on 09 August, 2024
പ്രകൃതി ദുരന്തങ്ങളും മനുഷ്യജീവിതവും (സുധീർ പണിക്കവീട്ടിൽ)

വയനാട് ദുരന്തം മനുഷ്യനിര്‍മിതമാണെന്ന് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി(ഡബ്ല്യുജിഇഇപി) ചെയര്‍മാനായിരുന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിൽ പറഞ്ഞതായി നമ്മൾ പത്രങ്ങളിൽ  വായിച്ചു അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശങ്ങൾ  പാലിക്കുന്നതിൽ സർക്കാരിന് പറ്റിയ വീഴ്‌ചയാണ്‌ ഈ മഹാദുരന്തത്തിനു കാരണമെന്നു അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപ്പൊട്ടൽ  മേപ്പടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമായി 380 ലധികം പേർക്കാണ് പ്രകൃതിയുടെ കലിതുള്ളലിൽ ജീവൻ നഷ്ടമായത്  ഈ എണ്ണം കൂടിവരുന്നു. ക്വാറികളുടെ നിരന്തര പ്രവർത്തനവും പാറപ്പൊട്ടിക്കലുമാണ്  വയനാടിനെ ദുരന്തത്തിലേക്ക് തള്ളി വിട്ടതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാടിന് സംഭവിച്ചത് മനുഷ്യ നിർമിത ദുരന്തമാണെന്നും ഇതിൽ  സർക്കാരിനും പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകൃതിദുരന്തങ്ങൾ അനാദികാലം തൊട്ടേ മനുഷ്യന് ഭീഷണിയായിരുന്നു. ഭൂമി കുലുക്കം, ഉരുൾപ്പൊട്ടൽ, അഗ്നിപർവ്വതസ്ഫോടനം, പ്രളയം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ചക്രവാതങ്ങൾ, കാട്ടുതീ, സാംക്രമികരോഗങ്ങൾ തുടങ്ങിയവ ഒത്തിരി മനുഷ്യജീവിതം കവർന്നെടുത്തിട്ടുണ്ട്. അന്നുകാലത്ത് ജനങ്ങൾ അതിനെയൊക്കെ ദൈവകോപം എന്ന് വിശ്വസിച്ചു. അവർ എന്തോ കുറ്റങ്ങൾ ചെയ്യുന്നതിന് ദൈവം നൽകുന്ന ശിക്ഷയാണെന്നു അവർ കരുതി. വാസ്തവത്തിൽ പ്രകൃതിയെ കൊള്ളയടിക്കുന്നതിനുള്ള ശിക്ഷയായി നമ്മൾ ഇപ്പോൾ അതിനെ മനസ്സിലാക്കുന്നു.

കൃസ്തുവിനു മുമ്പ് 341 ഇൽ   ജനിച്ച ഗ്രീക്ക് ചിന്തകനായ  എപിക്യൂറസ് പ്രകൃതിയെക്കുറിച്ചുള്ള അദ്ദേത്തിന്റെ ദർശനത്തിൽ "പ്രകൃതിസംരക്ഷണം" എന്ന സങ്കല്പം  ഉൾപ്പെടുത്തിയതിനാൽ  അതിനൊരു പാരിസ്ഥിതികതലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുയായി ആയിരുന്ന  ലുക്രിഷ്യസ് ചോദിച്ച ചോദ്യങ്ങളിലും പാരിസ്ഥിതിക വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. ഖനനംകൊണ്ടുളള വായുപ്രദൂഷണം, മണ്ണ് ക്ഷയിക്കുന്നതുമൂലം കാര്‍ഷിക വിളവിലുണ്ടാകുന്ന കുറവ്, വനനശീകരണം തുടങ്ങിയ സമസ്യകള്‍അദ്ദേഹം അവതരിപ്പിച്ചു. പല ഖനനങ്ങളും  പാരിസ്ഥിതിക ദോഷം വരുത്തുന്നവയാണ്. അതിനുദാഹരണമാണ് സ്വർണ്ണ ഖനനം. ഇതുമൂലം മണ്ണിലെ ഖനനം കഴിഞ്ഞാൽ അവിടം ഉപയോഗശൂന്യമാകും മാത്രമല്ല ഈ മണ്ണിൽ മെർക്കുറി പോലെ ധാരാളം വിഷ മൂലകങ്ങൾ ഉണ്ടാകും. അങ്ങനെ മണ്ണ് ക്ഷയിക്കുന്നമൂലം കാർഷികവിളവുകളെ  അത് ബാധിക്കുന്നു.

പരിസ്ഥിതി എന്നാല്‍ ചുറ്റുപാട്.  നാം ജീവിക്കുന്നത് ചുറ്റുപാടിലാണ്. ആ ചുറ്റുപാട് നമുക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മാറുന്നു. തനിയെ മാറുന്നതല്ല. നമ്മള്‍ എല്ലാവരും കൂടി തന്നെ മാറ്റുന്നതാണ്. അതിന് നിയന്ത്രണം കൊണ്ടുവന്ന് എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാക്കണം എന്ന് വാദിക്കുന്നതാണ് പരിസ്ഥിതിവാദം. പാരിസ്ഥിതിക ശോഷണം കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്നു എന്ന് മാർക്സ് മനസ്സിലാക്കുകയും അത് പഠനവിധേയമാക്കുകയും ചെയ്തതായി നമ്മൾ കാണുന്നു. നമ്മുടെ ചുറ്റുപാടിനെക്കുറിച്ച്, കാട്, കടല്‍, അന്തരീക്ഷം, സസ്യങ്ങള്‍, സൂഷ്മജീവികൾ  എന്നിവ വിവിധ ശാസ്ത്രവിഷയങ്ങളായി ശാസ്ത്രജ്ഞന്മാർ  ശാസ്ത്രീയമായ (scientific)പഠനം നടത്തുന്നുണ്ട്. അങ്ങനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്ന ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള അത്തരം എല്ലാ വിഷയങ്ങളേയും ഒന്നിച്ച് നമുക്ക് പരിസ്ഥിതി ശാസ്ത്രം എന്ന് വിളിക്കാം.

മനുഷ്യർ എന്നും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നു. മനുഷ്യർ പ്രകൃതിയുടെ ഭാഗമാണ്. അങ്ങനെ  ആദ്യകാലങ്ങളിൽ ജീവിതായോധനത്തിനുവേണ്ടി  അവനു ചിലപ്പോൾ പ്രകൃതിയെ അറിഞ്ഞുകൊണ്ടുതന്നെ ചൂഷണം ചെയ്യേണ്ടിവരുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ അവനു അന്നറിഞ്ഞിരുന്നില്ല. ഒരു പക്ഷെ മണ്ണ് വിറ്റു കളയാമെന്ന അറിവ് അവനെ മണ്ണിനോടുള്ള സ്നേഹം കുറച്ചിരിക്കാം. ബൈബിളിലെ വചനങ്ങൾ നമ്മൾ ഇങ്ങനെ വായിക്കുന്നു. മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും.

നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.(ഉൽപ്പത്തി (3 :19). അധ്വാനിക്കുന്ന കർഷകന്  ഈ വചനങ്ങൾ ആശ്വാസമരുളുന്നതല്ല. ഭൂമിയിലുള്ളതെല്ലാം മനുഷ്യന് വേണ്ടി സൃഷ്ടിച്ചുവെന്നും ബൈബിൾ പറയുന്നുണ്ട്. മേല്പറഞ്ഞ വചനങ്ങൾ അനുസരിച്ച് അവനു വേണ്ടതെല്ലാം അവൻ തന്നെ ഉണ്ടാക്കണമെന്നാണ്.

അഗ്നി, ജലം, കാറ്റ് എന്നിവ മനുഷ്യരെ എന്നും ഭയപ്പെടുത്തിയിട്ടുണ്ട്.ഒരിക്കൽ അവൻ അതിനുമുന്നിൽ തോൽവി സമ്മതിച്ചു അവയെ ആരാധിക്കാൻ തുടങ്ങി. കേരളത്തിൽ ഗുരുതരമായ ഒരു പ്രളയം നമ്മൾ കണ്ടു. അതിവർഷം മൂലം വെള്ളം കെട്ടികിടക്കയും അതിനു ഒഴുകിപ്പോകാൻ അവസരമില്ലാതിരിക്കയും ചെയ്യുമ്പോൾ പ്രളയം ഉണ്ടാകുന്നു. മുകളില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോൾ  അതു താങ്ങാൻ  കഴിയാത്ത അവസ്ഥയിലാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മനുഷ്യർ ചെയ്ത പ്രവർത്തികളുടെ അനന്തരഫലങ്ങളാണിവ. പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' (Dialectics of Nature) എന്ന കൃതിയില്‍ ഏംഗല്‍സ് പറയുന്നു: ''മനുഷ്യന്‍ വരുന്നതോടെ ചരിത്രം ആരംഭിക്കുന്നു... അവന്റെ ചരിത്രനിര്‍മ്മിതി ചുറ്റുമുള്ള എല്ലാത്തിനേയും ബാധിക്കുന്നു.'' ഈ ചരിത്രനിര്‍മ്മിതി  തമ്മിൽ തമ്മിലുള്ള ആശ്രയം മറികടന്നു പോകുമ്പോൾ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാകുന്നു. നമ്മൾ ഭൂമിയുടെ ഉടമസ്ഥരല്ല മറിച്ച് അതിനെ കൈവശം വയ്ക്കുന്നവർ മാത്രം. നമ്മളുടെ കാലശേഷം അത് പുതിയതലർമുറക്ക് ലഭ്യമാകുന്നു. അതുകൊണ്ട് ഭൂമിയെ സുരക്ഷിതത്തോടെ സംരക്ഷിക്കേണ്ട ചുമതല എല്ലാ മനുഷ്യർക്കുമുണ്ട്. ദുരന്തങ്ങൾ സംഭവിച്ചിട്ട് പരസ്പരം പഴി ചാരിയിട്ടോ ദുഖിച്ചിട്ടോ എന്ത് ഫലം. ഇന്ന് ശാസ്ത്രം വളരെ പുരോഗമിച്ചിരിക്കുന്നതിനാൽ പണ്ടത്തെ മനുഷ്യരെപ്പോലെ ഓരോ വിഷയവും മനസ്സിലാക്കാൻ ഊഹങ്ങളും പ്രാർത്ഥനകളും ആവശ്യം  വരുന്നില്ല.

സർവ്വചരാചരങ്ങൾക്കും ശാന്തിവരട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു വൈദികകാലത്തെ ഋഷിമാർ. പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒത്തിരി വേദവാക്യങ്ങൾ അവർ നൽകിയിരുന്നു. നമ്മൾക്ക് പൂവ്വും കായയും ഇഷ്ടമാണ്. പക്ഷെ വൃക്ഷങ്ങളെ പരിപാലിക്കാൻ മനസ്സില്ല. വൃക്ഷത്തെ സത്പുരുഷനോട് ഉപമിക്കുന്നു ഒരു സുഭാഷിതം. സ്വയം വെയിലേറ്റു നിന്നുകൊണ്ട് അത് മറ്റുള്ളവർക്ക് തണലും, പഴങ്ങളും നൽകുന്നു. നമ്മുടെ ഭാരതം ഐശ്വര്യ സമൃദ്ധമായിരുന്നു. മാക്സ്മുള്ളർ ഭാരതത്തെ പറുദീസയോട് ഉപമിച്ചിട്ടുണ്ട്. ഇന്ന് അവിടത്തെ ജലവും വായുവും മലിനമായിരിക്കുന്നു. പാപപരിഹാരിണിയെന്നു വിശ്വസിച്ചിരുന്നു ഗംഗാ നദി രോഗം പരത്തുന്നു. പൊതുജനത്തെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.പ്രകൃതിയെ സ്നേഹിച്ചില്ലെങ്കിലും അതിനെ ഉപദ്രവിക്കരുതെന്നു ബോധം എല്ലാവരിലും ഉണ്ടായാൽ വിപത്തുകൾ ഒഴിവാക്കാം. പ്രകൃതിയുടെ തുലനാവസ്ഥയെക്കുറിച്ച് മനുഷ്യർ മാത്രം ബോധവാനല്ല.പഞ്ചതന്ത്രഥകളിൽ  ഒരു  പരുന്തിനെ കല്ലെറിഞ്ഞു അതിന്റെ പിടിയിൽ നിന്ന് എലിയെ രക്ഷിച്ചയാളിനോട് പരുന്ത്  പറയുന്നു അദ്ദേഹത്തിന് തുണലാവസ്ഥയെക്കുറിച്ചറിയില്ലെന്നു. പ്രകൃതിയിൽ ഓരോ ജീവിക്കും അതിന്റെതായ ഭക്ഷണക്രമമുണ്ടെന്നാണ്. അതാണ് തുലനാവസ്ഥയെപ്പറ്റിയുള്ള അറിവ്. പരിസ്ഥിതി ശാസ്ത്രം പറയുന്നത് പ്രകൃതിയെ പഠിക്കുക, പരിപാലിക്കുക,വൈകല്യം വരുത്താതെ പ്രയോജനപ്പെടുത്തുക എന്നാണ്.

ശുഭം

 

Join WhatsApp News
ജി. പുത്തൻകുരിശ് 2024-08-09 16:18:43
"പ്രകൃതിയെ പഠിക്കുക അതിനെ സ്നേഹിക്കുക അതിനോട് ചേർന്ന് നിൽക്കുക. പ്രകൃതി ഒരിക്കലും നമ്മളെ ചതിക്കില്ല " ഫ്രാങ്ക് ലോയിഡ് റൈറ്റിന്റെ വാക്കുകളാണിവ. സുധീർ പണിക്കവീട്ടിലിന്റെ ഈ ലേഖനം മേൽപ്പറഞ്ഞ ചിന്തയെ ഒന്നുകൂടി പ്രകാശിപ്പിക്കുകയാണ്. അമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും ലോകത്തിന്റെ വിവിധഭാഗങ്ങളിലും സഞ്ചരിച്ചുട്ടുള്ള ഒരു വ്യക്തിഎന്ന നിലയ്ക്ക് ഞാൻ പറയട്ടെ, ഓരോ രാജ്യവും പ്രകൃതിയുടെ സൗന്ദര്യം കാട്ടികൊടുത്താണ് വിദേശനാണ്യങ്ങൾ നേടുന്നത്. ഇതൊക്കെ കാണുമ്പോൾ ജന്മനാടായ കേരളത്തെക്കുറിച്ചോർത്ത് ദുഃഖിക്കാറുണ്ട്. ചങ്ങമ്പുഴ പാടി പുകഴ്ത്തിയ മലരണി കാടുകൾ എവിടെ! മലകൾ ഇടിച്ചു നിരത്തിയും കാടുകൾ നശിപ്പിച്ചും,കോറിക ൾ എന്ന മരണക്കുഴികൾ തീർത്തും മണലുമാന്തി വിറ്റും പ്ലാസ്റ്റിക്കും ചവറും പുഴകളിലും ആറിലും വലിച്ചെറിഞ്ഞും നാം, പ്രകൃതിയോട് (പ്രത്യകിച്ചു കേരളത്തിൽ ) കാണിക്കുന്ന ക്രൂരത അവസാനിക്കണമെങ്കിൽ പ്രകൃതിയെ പഠിക്കുകയും, പഠിപ്പിക്കുകയും, സ്നേഹിക്കുകയും കരുതുകയും ചെയ്യണം. അല്ലെങ്കിൽ ഇനിയും വയനാട് ദുരന്തങ്ങൾ ആവർത്തിക്കപ്പെടും എന്നതിൽ ആരും സംശയിക്കണ്ട. നല്ലൊരു ലേഖനത്തിന് സുധീറിന് നന്ദി.
Girish Nair 2024-08-10 15:04:02
നമ്മുടെ മുന്‍തലമുറകള്‍ കണ്ടിട്ടും അനുഭവിച്ചിട്ടുമില്ലാത്ത പലതുമാണ്‌ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്‌ നമ്മള്‍ ഇപ്പോള്‍ നേരിടുന്ന ദുരിതങ്ങള്‍. അതുതന്നെ പലതിന്റെയും തുടക്കം എന്നേ പറയാനാവുകയുളളു. കാരണം ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ശരിയായ ആഴവും ആഘാതവും നമ്മള്‍ തിരിച്ചറിഞ്ഞു വരുന്നതേയുളളു. കാടും സ്വാഭാവിക പ്രകൃതിയും വ്യവസായ മേഖലകളും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുമാക്കി മാറ്റിയതിന്റെ പ്രത്യാഘാതങ്ങള്‍ വിനാശകരമായ പ്രകൃതിക്ഷോഭങ്ങളുടെ രൂപത്തില്‍ കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്‌. പ്രകൃതിവിഭവങ്ങളുടെ മേല്‍ നാമിപ്പോള്‍ നടത്തിവരുന്ന ലക്കില്ലാത്ത ചൂഷണം സമീപഭാവിയില്‍ത്തന്നെ ഭൂമിയെ കൊണ്ടെത്തിക്കാവുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ച്‌ നമ്മൾ പലരും കണ്ടില്ലെന്നു നടിക്കുന്നു. ചൂഷണഫലമായി സ്വാഭാവിക സസ്യജാലത്തിന്‌ സംഭവിച്ച നാശത്തില്‍ പലതും മാരകവും തിരിച്ചുകൊണ്ടുവരാന്‍ പറ്റാത്തതുമാണ്‌. ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ മുന്നറിയിപ്പുകളും താക്കീതുകളുമെല്ലാം സത്യമാവും വിധം ഇപ്പോൾ വയനാട്ടിൽ ഉണ്ടായതിൽ ഉപരി സര്‍വ്വനാശത്തിലേക്കാണ്‌ നമ്മള്‍ നടന്നടുക്കുന്നതെന്ന്‌ പലരും ചിന്തിക്കുന്നില്ല. സമയം നമുക്ക്‌ എതിരായി നില്‍ക്കെ, എന്താണ്‌ ചെയ്യാനാവുക? ലേഖകന് അഭിനന്ദനങ്ങൾ
Sudhir Panikkaveetil 2024-08-11 01:41:11
പ്രതികരണം അറിയിച്ച പ്രിയപ്പെട്ട ജോർജിനും ശ്രീ ഗിരീഷ് നായർ സാറിനും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക