Image

ഇനിവരുമോ ഇതിലെ നീ... (വിജയ് സി.എച്ച്)

Published on 12 August, 2024
ഇനിവരുമോ ഇതിലെ നീ... (വിജയ് സി.എച്ച്)

ജ്യോത്സ്നയെന്നാൽ നിലാവ്. കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന സൂപ്പർഹിറ്റ് പടത്തിൽ കൈതപ്രം രചിച്ച 'സുഖമാണീ നിലാവ്...' എന്നു തുടങ്ങുന്ന തേനൂറും വരികൾ തൻ്റെ പതിനാറാമത്തെ വയസ്സിൽ ആലപിച്ചു സംഗീതപ്രേമികളുടെ ഗാനചന്ദ്രികയായി മാറി ജ്യോത്സ്ന. പിന്നീട്, 'ചതിക്കാത്ത ചന്തു'വിലെ 'മഴ മീട്ടും ശ്രുതി കേട്ടും...', സ്വപ്നക്കൂടി'ലെ 'കറുപ്പിനഴക് ഓ വെളുപ്പിനഴക്...', 'മനസ്സിനക്കരെ'യിലെ 'മെല്ലെയൊന്നു പാടി നിന്നെ ഞാനുണർത്തി...', 'ഫോർ ദ പീപ്പിളി'ലെ 'നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു ബല്ലേ ബല്ലേ...' മുതലായ ഗാനങ്ങൾ കേട്ടവരെല്ലാം ഏറ്റുപാടാൻ തുടങ്ങിയപ്പോൾ, മലയാള ചലച്ചിത്ര പിന്നണി ലോകത്ത് ജ്യോത്സ്‌ക്കു കൂടി ഒരിടം ലഭിച്ചു. സംഗീതനഭസ്സിൽ മെലഡിയും, പ്രണയവും, ന്യൂജെനുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഒരു യുവഗായികയുടെ ഉദയമായിരുന്നു അത്! മുതിർന്ന ഗായികമാർ കൂടൊഴിഞ്ഞു പോകുന്നൊരു കാലത്ത്, ജ്യോത്സ്നയെപ്പോലെയുള്ളവരുടെ പ്രതിഭ വീണ്ടും ജനശ്രദ്ധയിലെത്തുകയാണ്...

🟥 പാടി അഭിനയിച്ച ആൽബം
കോവിഡെത്തുന്നതിനു തൊട്ടു മുമ്പെ പാടി അഭിനയിച്ച ആൽബം, തിയേറ്ററുകൾ അടച്ചു പൂട്ടപ്പെട്ട കാലത്ത് എല്ലാവരും വീടിനകത്തിരുന്നു കണ്ടു. പ്രതീക്ഷിച്ചതിലധികം പ്രേക്ഷകരെ അതിനാൽ ആൽബത്തിനു നേടാനായി. ഇപ്പോഴും അതിന് പ്രേക്ഷകരുണ്ട്. പ്രിയപ്പെട്ടവൻ്റെ വരവിനായി കാത്തിരിക്കുന്ന പ്രണയിനിയുടെ ശോകവും, പിന്നീട് അവനെത്തിയപ്പോൾ ആയിരം പൂർണ്ണചന്ദ്രന്മാരായി അവൾ മാറുന്നതുമൊക്കെയാണ് 'ഇനി വരുമോ' എന്ന ആൽബത്തിലുള്ളത്.
ഇനിവരുമോ ഇതിലെ നീ
അരികിലെൻ ജീവനേ...
ഒരു മിഴിനീർ ശലഭമായ്
അലയുകയാണു ഞാൻ...


ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. വരികൾക്ക് സംഗീത സംവിധാനം ഒരു വെല്ലുവിളി തന്നെയായിരുന്നുവെങ്കിലും, ശ്രുതിചേർന്ന ആലാപനത്തിന് അതെന്നെ സഹായിച്ചു. അവസാനം കേമറയ്ക്കു മുന്നിലും നായികയായി ജീവിയ്ക്കാൻ ഞാൻ ചെയ്ത സംഗീതവും ആലാപനവും എന്നെ പിന്താങ്ങി. പാട്ടുകാരിമാത്രമല്ല, നല്ലൊരു അഭിനേത്രി കൂടി ആണല്ലൊയെന്ന റിവ്യൂകൾ നിരന്തരമായി ലഭിച്ചിരുന്നു. വളരെ സന്തോഷം തോന്നി. 'ഇനി വരുമോ' ചെയ്തതിനു ശേഷമാണ് ദൃശ്യമാധ്യമങ്ങളിലെ അവസരങ്ങൾ വന്നുതുടങ്ങിയത്. ഒരു ജനപ്രിയ പരിപാടിയുടെ അവതാരകയായും ക്ഷണം ലഭിച്ചു. എല്ലാം സ്വീകരിച്ചു. എന്നാൽ, എൻ്റെ പേഷൻ ഇപ്പോഴും ആലാപനം തന്നെയാണ്.

 

🟥 ഇടക്കൊരു ക്രിയേറ്റിവിറ്റി
ആൽബങ്ങൾ ചെയ്യുന്നതിലൂടെയാണ് ഇടക്കൊരു ക്രിയേറ്റിവിറ്റി അനുഭവം ലഭിക്കുന്നത്. 'ഇനി വരുമോ' ചെയ്തതിനു ശേഷം രണ്ടുമൂന്നെണ്ണം വേറെയും ചെയ്തു. ഒന്ന് പ്രകാശനം ചെയ്തത് ടൈംസ് മ്യൂസിക്കായിരുന്നു. കൂടുതൽ ആൽബങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്. ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തനിയെ ചെയ്യണമല്ലൊ. പതിവായുള്ള പാട്ട് റിക്കാർഡിങ്ങിനോടൊപ്പം ആൽബങ്ങളുടെ വർക്കുകളും കൊണ്ടു പോകാവുന്നതേയുള്ളൂ. വ്യക്തിപരമായ സർഗഭാവനകൾക്ക് കൂടുതൽ അവസരം ലഭിക്കുന്നത് സ്വന്തമായൊന്ന് സൃഷ്ടിക്കുമ്പോഴാണ്.

🟥 കാറ്റേ കാറ്റേ...
2018-ൽ, കോവിഡെത്തും മുന്നെ, ഇറങ്ങിയ 'സുഖമാണോ ദാവിദേ'യിലെ 'കാറ്റേ കാറ്റേ, ദൂരെയെൻ്റെ നാട്ടിൽ ചെല്ലുമോ...' എന്ന ഗാനം ഗായിക എന്ന നിലയിൽ സംതൃപ്തി നൽകി. കൈതപ്രത്തിൻ്റെ വരികളും മോഹൻ സിതാരയുടെ സംഗീതവും. പടം പോലെത്തന്നെ, ഈ ആലാപനവും അതിൻ്റെ സംഗീതവും പുതുമകൾ നിറഞ്ഞതാണ്. നജീം അർഷാദാണ് കൂടെ പാടുന്നത്. കമ്പോസിഷൻ്റെ വ്യത്യസ്തമായ ട്രീറ്റുമെൻ്റ് ശ്രോതാക്കൾ സ്വീകരിച്ചു. ഗാനം ഹിറ്റായി. കോവിഡ് കാലം മുതൽ ഈ പാട്ട് യുവാക്കൾ പാടിനടക്കുന്നു. ധാരാളം പ്രതികരണങ്ങൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിയ്ക്കുന്നു. 'ഒരു വാതിൽ കോട്ട' യിലെ 'പ്രിയനേ വരൂ...' എന്നു തുടങ്ങുന്ന ഗാനവും ജനപ്രിയമായി മാറി.

 

🟥 പുതിയ പാട്ടുകൾ
ഏറ്റവും പുതിയ പടങ്ങളായ 'ക്ഷണ'ത്തിലെ 'ഇതൾ ഇതളായ്...' എന്ന ഗാനവും, 'യാനാ'യിലെ 'കനവിൻ തോണിയിലേറാൻ...' എന്നതും ഏറെ പ്രശസ്തമാണ്. റഫീഖ് അഹമ്മദും, ഹരിനാരായണനും, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമെഴുതിയ വരികൾ എന്നും ശ്രോതാക്കൾക്ക് ഇഷ്ടമാണ്. 'മാർച്ച് രണ്ടാം വ്യാഴ'ത്തിലും, 'ഒരു പക്കാ നാടൻ പ്രേമ'ത്തിലും, 'വിധി'യിലും നല്ല ഗാനങ്ങളുണ്ട്. നിർമാണത്തിലിരിയ്ക്കുന്ന സിനിമകൾക്കു വേണ്ടിയും റിക്കാർഡിങ് നടന്നുകൊണ്ടിരിയ്ക്കുന്നു.

🟥 ഒപ്പം ഉന്നതരും ന്യൂജെനും
ദാസേട്ടൻ മുതൽ, മകൻ വിജയ് വരെയുള്ളവരുമൊത്ത് പാടിയിട്ടുണ്ട്. വിജയ് കൂടാതെ, വിധു, നജീം, വിനീത്, സച്ചിൻ, അൻവർ, രാഹുൽ, കാർത്തിക് മുതലായ യുവ ഗായകന്മാരുമൊത്ത് ധാരാളം ഡ്യൂവെറ്റ് പാടി. അഫ്സൽ എൻ്റെ സീനിയറാണ്. ഞങ്ങൾ ഒരുമിച്ചും പല പാട്ടുകൾ പാടി. കൂടെ പാടിയവരിൽ ദാസേട്ടൻ, ജയേട്ടൻ, M. G. ശ്രീകുമാർ, ഉണ്ണി മേനോൻ, വേണുഗോപാൽ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ മുതൽ ഫ്രേങ്കൊ വരെയുള്ള സൂപ്പർസീനിയേർസും, സീനിയേർസുമുണ്ട്.

🟥 മാറ്റങ്ങൾ അനിവാര്യം
ഞാൻ ജനിച്ചത് കുവൈത്തിലാണ്. അച്ഛൻ (രാധാകൃഷ്ണൻ) അവിടെ എൻജിനീയറായിരുന്നു. പിന്നീട് കുവൈത്തിൽ നിന്നു ഞങ്ങൾ അബുദാബിയിലേക്കു പോയി. പത്താം ക്ലാസ്സു വരെയുള്ള എൻ്റെ വിദ്യാഭ്യാസം അവിടെയായിരുന്നു. അബുദാബിയിലെ ഒരു മ്യൂസിക് ട്രൂപ്പിൽ സജീവമായി പ്രവർത്തിച്ചു. ഈ ട്രൂപ്പ് മുഖേനയാണ് ഞാനൊരു സ്റ്റേജ് പെർഫോർമറായത്. 2002-ൽ, നാട്ടിൽ വന്നു വിദ്യാഭ്യാസം തുടർന്നു. ആ സമയത്താണ് ആദ്യത്തെ പിന്നണിഗാനം പാടുന്നതും അത് ഹിറ്റാവുന്നതുമെല്ലാം. യഥാർത്ഥത്തിൽ, തൃശ്ശൂരിൽ താമസമാക്കിയ ഉടനെ തിരക്കോടു തിരക്കായിരുന്നു. സിനിമയ്ക്കുവേണ്ടിയുള്ള ആലാപനങ്ങളും, റിക്കോർഡിങ്ങും, സ്റ്റേജ് ഷോകളും. അതിൻ്റെ സൈഡിലൂടെ പ്ലസ് ടു പഠനവും, ഡിഗ്രിയും കടന്നുപോയി. 

 

വീട്ടിൽ അമ്മയാണ് എൻ്റെ പെർഫോർമൻസ് വിലയിരുത്തി സംസാരിക്കുന്നയാൾ. ചേച്ചി വീണ ഗായികയാണ്, പക്ഷെ അവർ അമേരിക്കയിലാണ്. അമ്മ (ഗിരിജ) നർത്തകിയായതിനാൽ പ്രോത്സാഹനവും, വിമർശനവുമൊക്ക അവർ ഏറ്റെടുത്തിരിക്കുന്നു! (ഗായികമാരായ) ചിത്രചേച്ചിയുടെയും, സുജാതചേച്ചിയുടെയുമൊക്കെ തുടക്ക കാലത്ത്, സ്റ്റേജ് പരിപാടികളിൽ നമ്മൾ വെച്ചുപുലർത്തിയിരുന്ന കുറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഒരു കോസ്മോപോളിറ്റൻ സാഹചര്യത്തിൽ ജനിച്ചു വളർന്നു സ്റ്റേജ് ഷോകൾ ചെയ്തിരുന്ന എനിയ്ക്ക് യാഥാസ്ഥിതികമായ നിലപാടുകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. അംഗചലങ്ങളോടെ പാടുമ്പോഴേ ഗാനങ്ങൾ അർത്ഥപൂർണമാകുന്നുള്ളൂ. ഇപ്പോൾ ഇവിടെയും വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. ലോകം എവിടെ എത്തിനിൽക്കുന്നുവെന്ന് ഇന്ന് എല്ലാവർക്കുമറിയാം. മാറ്റങ്ങൾ അനിവാര്യമാണ്.

🟥 യേശുദാസിൽ നിന്നു പഠിച്ചു
ഞാൻ ദാസേട്ടനിൽ നിന്നാണ് അർപ്പണമനോഭാവവും, പ്രവൃത്തിയോടുള്ള ആത്മാർത്ഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടൻ്റെ കൂടെ സിംഗപ്പൂരിൽ ഒരു പരിപാടിയ്ക്കു പോയി. സ്റ്റേജ് ഷോയ്ക്കു മുന്നെ അദ്ദേഹം എത്ര ആത്മാർത്ഥമായാണെന്നോ പ്രാക്ടീസ് ചെയ്യുന്നത്! ദാസേട്ടൻ സംഗീതത്തിൽ എത്ര അനുഭവജ്ഞനാണ്, എന്നിട്ടും ഇത്രയും ഉള്ളഴിഞ്ഞു തയ്യാറെടുക്കുന്നതു കാണുമ്പോഴാണ്, അദ്ദേഹത്തിൻ്റെ മഹത്ത്വം, അല്ലെങ്കിൽ സംഗീതത്തിനോടുള്ള ഭക്തി വ്യക്തമാകുന്നത്! I was really impressed... പുതിയ തലമുറയ്ക്ക് ദാസേട്ടൻ ഒരു മഹത്തായ പാഠമാണ്. എൻ്റെ സംഗീത ജീവിതത്തിൽ അദ്ദേഹമാണ് ഏറ്റവും വലിയ പ്രചോദനം.

🟥 കുടുംബപശ്ചാത്തലം
തൃശ്ശൂരിലെ കിഴക്കുംപാട്ടുകരയിലാണ് തറവാടു വീട്. റിക്കാർഡിങ് സൗകര്യാർത്ഥം ഇപ്പോൾ എറണാകുളത്തു താമസിക്കുന്നു. ഭർത്താവ് ശ്രീകാന്ത് ബെംഗളൂരുവിൽ സോഫ്റ്റുവേർ എൻഞ്ചിനീയറാണ്. മകൻ ശിവം രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക