1
തഴുതാമ
കടലാമയൊ
കരയാമയൊ
ആക്രിക്കാരൻ
തമിഴനണ്ണൻ ശൊന്നാൻ:
ആമ ആമ!
2
നീയൊരു ആമ്ഫിബീനാമ
ആദ്ധ്യാത്മികതയുടെ ബിനാമി
നീ ലെസ്ബിയനാകേണ്ട
കട്ടിത്തോടിന്റെയുളളിലെ
ദേഹമാംസത്തിൽ
വലിപ്പച്ചെറുപ്പമില്ലാതെ
ശൂന്യമാം ദേഹിയല്ലയൊ
തന്നാലെ വെട്ടിത്തെളങ്ങ്‌ണ്!
3
പുറം ചൊറിയാനൊരാളുണ്ടേൽ
മാളത്തീന്ന് പൊറത്തിറങ്ങേണ്ട
ഒപ്പം സൊറ പറയാനൊരാളുണ്ടേൽ
ഇഴഞ്ഞുപോകാം ബീച്ചിലേക്ക്
സെലിബ്രിറ്റി ആയ നക്ഷത്രആമയെ കണ്ട് ഒരു സെൽഫിയുമെടുക്കാം
4
ആമയും
ഉസൈൻ ബോൾട്ടും
തമ്മിൽ ഒരു നൂറ് മീറ്റർ
ഓട്ടപ്പന്തയം വെക്കുന്നെന്നു
കരുതുക
ആമയുടെ സ്റ്റാർട്ടിങ്ങ് പോയിന്റ്
രണ്ടാം മീറ്ററിലാണെന്നും കരുതുക
കണക്കിന്റെ അനന്തമായ കണ്ണിലൂടെ
താത്വികമായി നോക്കുമ്പോൾ
ജയസാദ്ധ്യത
ഉസൈൻ ബോൾട്ടിനല്ല
ആമയ്ക്കാണത്രെ!
5
പിറകെ നടക്കൊലാ
കൂർമ്മാവതാരമേ
നയിക്കാനാളല്ല ഞാൻ
മുന്നെ നടക്കൊലാ
കൂർമ്മാവതാരമേ
പിന്തുടരാനാളല്ല ഞാൻ
കൂർമ്മാവതാരമേ
കൂടി നടക്കൂ എന്നോടൊപ്പം
ഒരാജന്മകല്യാണമിത്രമായ്
പയ്യെ നമുക്കൊന്നിറങ്ങണമാഴിയിൽ
മുങ്ങണം നീലപ്പളുങ്കിനു കീഴെ
ആഴത്തിൽ ഒരു വേള ആഴത്തിൽ
പിതൃക്കടെയസ്ഥികൾ പുറ്റായ്
മാറി വിളങ്ങുകയാവാമടിത്തട്ടിൽ
നല്ലോരു പവിഴപ്പുറ്റായ്!
6
കടൽസഞ്ചാരത്തിനിടെ
ആമ ശൊന്നത്:
കയ്യിൽ ശതകോടിയുണ്ടെങ്കിലും
മനുഷ്യാ, തനിക്ക് ശവക്കോടി
തട്ടി നീക്കാനാവില്ലഡേ!
7
സധ്ധർമ്മ പുണ്ഡരീക സൂത്രത്തിലെ
ആമ ഇന്നലെ എന്റെ തൊടിയിലെ തൈക്കുണ്ടിലിറങ്ങിയതിനു ശേഷം പറഞ്ഞ അന്യാപദേശകഥ:
"മുജജന്മത്തിൽ ഞാൻ
ഒരു കടലാമയായിരുന്നു.
നൂറ് വർഷത്തിലൊരിക്കലേ അടിത്തട്ടിൽ നിന്നും എനിക്ക് മേപ്പട്ട് പൊങ്ങി വരാനാകൂ. അപ്പോൾ മദ്ധ്യത്തിൽ
തുളയുള്ള ഒരു ചന്ദനത്തടി അവിടെ
പൊങ്ങിക്കിടപ്പുണ്ടാവും. ചന്ദനത്തടിയിലെ തുള കണ്ടെത്തി അതിലൂടെ മേൽപ്പോട്ട് നൂണ് ആകാശത്തിലെ സൂര്യനെ ദർശിക്കണം.
കാറ്റും തിരമാലകളും കൊണ്ട് തടി ആടിയുലയുന്നതിനാൽത്തന്നെ തടിയുടെ അടുത്തു പോലും എത്താനുള്ള സാധ്യത വളരെ വിദൂരമാണ്. ചന്ദനത്തടിയിലെ തുള കണ്ടെത്തി അതിലൂടെ നൂണ് മേൽപ്പോട്ടെത്തി ആകാശത്തിലെ സൂര്യനെ ദർശിക്കുന്ന കാര്യത്തെക്കുറിച്ച് പിന്നെ പറയണൊ. അതിലും അത്യപൂർവ്വമാകും മണ്ണിൽ മനുഷ്യനായി ജനിച്ച് ബോധോദയം വരിക്കുന്ന സംഗതി! ഇത് ഒരാമയായ ഞാൻ വെറുതെ പറയുന്നതല്ല. മനുഷ്യാ, ഇതിൽ ഒരു ആനക്കാര്യമുണ്ട്!"
കഥ കേട്ട ആക്രിക്കാരൻ
തമിഴനണ്ണൻ ശൊന്നാൻ:
ആമ ആമ! ആമേൻ!!