Image

ഇണപിരിയുമ്പോൾ (നമുക്ക് ചുറ്റും - 3:സുധീർ പണിക്കവീട്ടിൽ)

Published on 13 August, 2024
ഇണപിരിയുമ്പോൾ (നമുക്ക് ചുറ്റും - 3:സുധീർ പണിക്കവീട്ടിൽ)

പിതൃബലിയും നാലമ്പലദർശനവും കഴിച്ച് പെട്ടെന്ന് തിരിച്ചുപോരാമെന്നു കരുതി നാട്ടിലേക്ക് ഒരു യാത്ര. വർഷങ്ങളോളം വിദേശത്ത് താമസിച്ച് തർപ്പണം മുതലായ ആചാരങ്ങൾ അനുഷ്ഠിക്കാൻ കഴിയാതെ വരുന്നതുമൂലം പിതൃക്കളുടെ ശാപം തലമുറകളെ ബാധിക്കുമെന്നു പ്രിയപ്പെട്ടവരുടെ ഉപദേശം. തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും വിശ്വാസമുണ്ട്. എന്തായാലും അതുകഴിഞ്ഞു നാലമ്പലദർശനവും നടത്താം. അതിനായി ആകാശമാർഗ്ഗം യാത്രചെയ്യേണ്ടായിവരുന്നത് ഒരു നിമിത്തമായിരിക്കാം. ഒരു പക്ഷെ പിതൃക്കൾക്ക് വളരെ അടുത്ത് നിന്ന്  കാണാം.മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹിന്ദുമതവിശ്വാസം. അവിടെ നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു. ചെറുപ്പം മുതൽ മുത്തശ്ശിയുടെ കയ്യും പിടിച്ച് അമ്പലങ്ങളിലും വീട്ടിൽ നടത്തുന്ന പൂജകളിലും പങ്കു കൊണ്ടിട്ടുള്ളതിനാൽ  ഇതൊക്കെ വളരെ ഭക്തിപൂർവ്വം നിർ വ്വഹിക്കാൻ താൽപ്പര്യമാണ് എപ്പോഴും.

നാട്ടിൽ മഴക്കാലം. നിറഞ്ഞുകിടക്കുന്ന ജലാശയങ്ങൾ. ഓർമ്മകൾക്ക് കുളിർമ്മയേകുന്ന ദിനരാത്രങ്ങൾ. നാലമ്പലദർശനത്തിനു  ദിവസം നിശ്ചയിച്ച് ആ ദിവസം സന്തോഷത്തോടെ കാത്തിരിക്കയാണ് സഹോദരി.  ശ്രീകൃഷ്ണൻ ഒരു ദിവസം കൊണ്ട് ദശരഥപുത്രന്മാരെ ദർശനം  നടത്തിയതിന്റെ ഓർമ്മക്കാണത്രെ നാലമ്പലദർശനം.

തൃശ്സൂരിലെ തൃപ്രയാർ മുതൽ പായമ്മേൽ (ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ ക്ഷേത്രങ്ങൾ)വരേയുളള ദൂരം 80 കി.മീ വരും ഇന്ന് വാഹന സൗകര്യങ്ങളുണ്ട്. എല്ലാ സമയത്തും നാലമ്പലദർശനം പുണ്യമാണെങ്കിലും ദക്ഷിണായനവും രാമന്റെ അയനവുമായ രാമായണമാസത്തിൽ നാലമ്പല ദർശനം നടത്തുന്നതാണ്പുണ്യപ്രദം. ആദ്യം പിതൃക്കളെ ധ്യാനിച്ച ശേഷം ഹനുമാൻ ദർശനവും നടത്തിയ ശേഷമേ നാലമ്പല ദർശനം ആരംഭിക്കാവൂ. വീടിന്റെ തൊട്ടരികിലാണ് തൃപ്രയാർ ക്ഷേത്രം. അമ്പലങ്ങളും ദേവന്മാരും ഇപ്പോൾ യൗവ്വനകാലത്തെപോലെ  സ്വാധീനിക്കുന്നില്ല. അതുകൊണ്ട് വലിയ ഉൾപുളകമൊന്നും ഉണ്ടായില്ല.  എന്നാലും പുഴയുടെ ഓളങ്ങളിലേക്ക് നോക്കിയപ്പോൾ ഒരു ഉമ്മാച്ചു പെൺകുട്ടി അലക്കിയ ഉടുപ്പുകൾ അടക്കിപ്പിടിച്ച് നടന്നു വരുന്നു. അവളുടെ ചുണ്ടിലൂടെ പണ്ട്  കേട്ട ഗാനം " വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ...ഒഴുകുമീയാറ്റിലെ ഓളങ്ങൾക്കന്നത്തെ ഒരു പാട് കഥയറിയാം."  അവളുടെ തത്തമ്മ ചുണ്ടുകൾ നാണം കൊണ്ട് ചുവക്കുന്നത് കണ്ടു. അവൾ പറഞ്ഞത് ശരിയാണ് കഥകൾക്കാണോ ക്ഷാമം മനസ്സ് തുറക്കേണ്ട താമസം കഥാസമാഹരങ്ങൾ തുറന്നുവരുന്നു. കോളേജ് കുമാരനെപോലെ വെറുതെയവിടെയൊക്കെ ചുറ്റിക്കറങ്ങി പടിഞ്ഞാറേ നടയിൽ കൂടി നടന്നു സഹോദരിയുമായി വരുമ്പോൾ. ആരോ നേർന്ന വെടിപഴിപാട് പ്രകാരം കതിനവെടികൾ മുഴങ്ങി. അതിനേക്കാൾ ശബ്ദത്തിൽ ഒരു സ്ത്രീ പേര് വിളിക്കുന്നു. തിരിഞ്ഞുനോക്കിയപ്പോൾ നെറ്റിയുടെ രണ്ടു വശവും നല്ലപോലെ നരച്ച, വെളുത്ത് ഉയരം കൂടിയ ഒരു സ്ത്രീ. ഓർമ്മയുടെ ചുരുളുകൾ നിവർന്നു. അവൾ വിജയകുമാരി. “എന്തേ ഇങ്ങനെ വാടിപ്പോയത്” എന്ന ചോദ്യത്തിന് അവൾ വിങ്ങിപ്പൊട്ടി. “ഗോപിയേട്ടൻ  പോയി.” ഞാൻ ഇന്ന് ഒറ്റക്കാണ്. ഒരു നിമിഷം വേണ്ടിവന്നില്ല. മനസ്സ് ഭൂതകാലത്തിലേക്ക് പാഞ്ഞു. സുന്ദരിയായ അന്നത്തെ പാവാടക്കാരി. ഇന്ന് സമുദായം ചാർത്തികൊടുത്ത വിധവ എന്ന ഭാരവും പേറി നിൽക്കുന്നു. സഹോദരി അവളോട് സംസാരിക്കുമ്പോൾ അവളോടോത്ത് പഠിച്ചിരുന്ന കാലം മുന്നിൽ നിറഞ്ഞു നിന്നു. അവളുടെ കവിളിൽ എപ്പോഴും പാറിക്കളിച്ചിരുന്ന അളകങ്ങൾ. സ്വർണ്ണകവിളുകളിൽ അവളുടെ മനോവികാരത്തിനൊപ്പം ആ കുറുനിരകൾ എന്തോ എഴുതി മായ്ച്ചുകൊണ്ടിരുന്നു. തമ്പിസാറിന്റെ വരികൾ കടമെടുത്തു അവളോട് പറഞ്ഞു "നുണക്കുഴി പൂമൂടും കുറുനിരകൾ, കാറ്റ് വന്നവയുടെ രചനാഭംഗികൾ മാറ്റുവാൻ നീ എന്തിനനുവദിച്ചു.” അവൾക്ക് കവിതകൾ ഇഷ്ടമായിരുന്നു.

കോളേജിൽ അപ്പോൾ ഒരു വാർത്ത പരന്നു.പ്രീഡിഗ്രിക്ക് പഠിക്കുന്ന ചെക്കൻ ആ ക്ലാസ്സിലെ തന്നെ പെൺകുട്ടിക്ക് പ്രേമലേഖനം കൊടുത്തു. ഇന്നത്തെപോലെ വാട്സാപ്പ്, ഫോൺ, അതേപോലെ സോഷ്യൽ മീഡിയകൾ ഇല്ലാതിരുന്ന കാലം. പെൺകുട്ടി അത് വായിച്ച് കാൽ നഖം കൊണ്ടൊരു വര വരച്ചു അന്ധാളിച്ചിരിക്കുമ്പോൾ കൂട്ടുകാരി അത് തട്ടിപ്പറിച്ചു. അതു മറ്റു കൂട്ടുകാരികൾ ചേർന്ന് വായിച്ച രസിക്കവെ ലെക്ച്ചറർ ക്ലാസ്സിൽ വന്നു. ആൺകുട്ടികളുടെ സൈഡ് സൈലന്റ് ആണ്. പെമ്പിള്ളേരാണ് ബഹളം വയ്ക്കുന്നത്. ഗൗരവമുഖം മൂടി ധരിച്ച് നടക്കുന്ന വത്സല മാഡം ചോദിച്ചു എന്താണവിടെ.?  വിജയകുമാരിക്ക്  ആരോ പ്രേമലേഖനം കൊടുത്തു. അത് ലെക്ച്ചറർ അവരുടെ കയ്യിലേക്ക് വാങ്ങി. മര്യാദക്ക് പഠിക്കുന്നതിനു പകരം പ്രേമവും ലേഖനവുമൊക്കെ ആയി നടക്കാൻ നാണമില്ലേ പിള്ളേരെ എന്ന് ശാസിച്ച് മാഡം ലേഖനം വായിക്കാൻ തുടങ്ങി. ലേഖനത്തിലെ വരികൾ ടീച്ചറുടെ കവിളിൽ മഴവില്ല് വിരിയിച്ചു. ചുണ്ടിൽ മുല്ലമൊട്ടുകൾ വിരിഞ്ഞു കൊഴിയുന്നു. ടീച്ചർ കോപിഷ്ടയാകുന്നില്ല മറിച്ച് തരളിതയായ ഒരു തരുണിയെപോലെ ലജ്ജനമ്രമുഖിയാകുന്നു. പിന്നെ തല ഉയർത്തി ഇതാരാണ് എഴുതിയത് എന്ന് ചോദിച്ചു. ആരായാലും എണീറ്റ നിൽക്കുക. ഒരു കൂസലും കൂടാതെ അവൻ എഴുന്നേറ്റുനിന്നു. ടീച്ചർ ഗൗരവത്തിൽ താൻ എന്നെ ഫാക്കൽറ്റി ലൗഞ്ചിൽ വന്നു കാണുക. ക്ലാസ്സ് കഴിഞ്ഞു മാഡത്തിനെ കാണാൻ ചെന്നപ്പോൾ മാഡം ശൃംഗാരലോലയായ് നിൽക്കുന്നു. അതേസമയം ഗൗരവം വിടാതെ അവർ ചോദിച്ചു. ഞാൻ സുന്ദരിയല്ലേ, താൻ എനിക്ക് ഒരു പ്രേമലേഖനം നാളെ വരുമ്പോൾ എഴുതികൊണ്ടുവരിക അതുകേട്ട് പതിനെട്ടുകാരൻ പ്രീഡിഗ്രിക്കാരന്റെ മുട്ടിടിച്ചു. ക്‌ളാസിൽ പോടോ എന്ന് മാഡം ആജ്ഞാപിച്ചപ്പോഴാണ് അയാൾക്ക് ബോധം വീണത്.

അതേക്കുറിച്ച് ഓർക്കുമ്പോഴേക്കും വിജയകുമാരി ചോദിച്ചു. ഇപ്പോൾ എവിട്യ? അവൾ കൈലേസ് കൊണ്ട് കണ്ണുനീർ ഒപ്പുന്നുണ്ടായിരുന്നു. കാലം നമുക്കായി  ഭാവിയിൽ എന്ത് കരുതുന്നുവെന്നറിയാതെ നമ്മൾ തിമിർത്തു ആഘോഷിക്കുന്ന  കൗമാരയൗവന കാലഘട്ടങ്ങൾ. വിധവയെപോലെ വിജയകുമാരിയെ കാണേണ്ടിവരുമെന്നു ഒരിക്കലും വിചാരിച്ചില്ല. ഗോപി ആ കോളേജിൽ തന്നെ സീനിയർ ആയി പഠിച്ച ആളാണ്. ശ്രീരാമചന്ദ്രൻ എന്ന വിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. പെൺകുട്ടികളുടെ മുഖത്ത് നോക്കിയിരുന്നില്ല. വിജയകുമാരി സംതൃപ്തയായിരുന്നു. പക്ഷെ ഇണകൾ പിരിഞ്ഞുപോകുന്നു. പിന്നെ തുണയില്ലാത്ത ജീവിതം. വരൂ നമുക്ക് ഭാരതനെയും, ലക്ഷമണനെയും, ശത്രുഘ്നനെയും തൊഴുതു വരാം. അവർ വിസ്സമ്മതിച്ചില്ല. ഞങ്ങളോടൊപ്പം കാറിൽ കയറി. കാറ് കൂടൽമാണിക്യം ലക്ഷ്യമായി ഓടി. അവിടെപ്പോയി അവിടത്തെ വിശേഷവഴിപാട് താമരമാല കഴിപ്പിക്കണം. ആ മാല ഭരതന് അർപ്പിച്ച് മനസ്സിൽ പാടണം "തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ" അതുകേട്ട് അദൃശ്യനായി നിന്റെ ഗോപിയേട്ടൻ വരും. ഭരതൻ അദ്ദേഹത്തെ നിന്റെ മുന്നിലേക്ക് കൊണ്ടുവരും. അവളുടെ കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ അടർന്നുവീണു.
ശുഭം

 

Join WhatsApp News
Girish Nair 2024-08-15 02:05:15
ഇണ പിരിയുമ്പോൾ ഒരു വ്യക്തിയുടെ ജീവിതം, മുമ്പ്‌ ഏകാകിയായിരുന്നപ്പോഴുള്ള അവസ്ഥയിലേക്ക്‌ മടങ്ങിപ്പോകുകയാണ്‌ എന്നത്‌ ശരിയല്ല. വിവാഹജീവിതം വർഷങ്ങൾ പിന്നിടുമ്പോൾ, ഭാര്യ വിഷാദമോ നിരാശയോ അനുഭവിക്കുന്ന സമയങ്ങളിൽ അവളെ എങ്ങനെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം എന്ന്‌ ഒരു ഭർത്താവ്‌ മനസ്സിലാക്കിയിട്ടുണ്ടാകും. അദ്ദേഹത്തിന്റെ വിയോഗത്തോടെ, അവളുടെ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവുകൂടെയാണ്‌ ഇല്ലാതാകുന്നത്‌. സമാനമായി, ഭർത്താവിന്റെ സന്തോഷവും ആത്മവിശ്വാസവും തനിക്ക്‌ എങ്ങനെ നിലനിറുത്താനാകുമെന്ന്‌ കാലാന്തരത്തിൽ ഭാര്യയും മനസ്സിലാക്കുന്നു. ഭർത്താവിനെ സംബന്ധിച്ചിടത്തോളം, അവളുടെ ആർദ്രമായ സ്‌പർശത്തിനും ആശ്വാസവാക്കുകൾക്കും തന്റെ കാര്യത്തിലുള്ള അവളുടെ ശ്രദ്ധയ്‌ക്കും സമംവെക്കാൻ പറ്റുന്ന മറ്റൊന്നുമുണ്ടാവില്ല. അവൾ പിരിയുമ്പോൾ, അദ്ദേഹത്തിന്‌ ജീവിതത്തിൽ തികഞ്ഞ ശൂന്യത അനുഭവപ്പെടുന്നു. അതുകൊണ്ട്‌, ഇണയുടെ വിയോഗത്തിൽ ദുഃഖാർത്തരായ പലർക്കും ഭാവി അനിശ്ചിതത്വവും ഭയവും നിറഞ്ഞതാണ്‌. സമാധാനവും സുരക്ഷിതത്വവും കണ്ടെത്തുകയും നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടാതിരിക്കുകയും ചെയ്യുക..
G. Puthenkurish 2024-08-15 19:08:44
സുധീറിന്റെ ലേഖനം വായിച്ചു കഴിഞ്ഞ് ഭൂതകാലത്തിന്റ നടക്കാവിലൂടെ ഓർമ്മകളുടെ കയ്യിൽ പിടിച്ചു നടക്കുമ്പോളാണ് ഭാര്യ വിളിക്കുന്നത് . ‘ശ്ശെ’ എന്നു പറഞ്ഞു ചാടി എഴുന്നേറ്റപ്പോൾ ഭാര്യ ചോദിച്ചു ഏതു ലോകത്താണ് നിങ്ങൾ ? ഞാൻ പറയുന്നതിന്റെ പൊരുൾ മനസ്സിലാക്കണം എങ്കിൽ നിങ്ങൾ ഇതൊന്നു വായിച്ചു നോക്കു. ഒരു ഇന്ദ്രജാലക്കാരനെപ്പോലെ നിങ്ങളെ അദ്ദേഹം കഴിഞ്ഞ കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോകും . ബന്ധങ്ങൾ, വിശാസങ്ങൾ, മോഹം, മോഹഭംഗങ്ങൾ, നർമ്മത്തിൽ ചാലിച്ച വ്യംഗ്യാര്‍ത്ഥ പ്രയോഗങ്ങൾ എല്ലാംകൊണ്ടും നല്ലതെന്നെ പറയാനുള്ളു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക