Image

മുക്തിഗീതം (കവിത: വേണുനമ്പ്യാർ)

Published on 14 August, 2024
മുക്തിഗീതം (കവിത: വേണുനമ്പ്യാർ)

പാതിരക്കു ലഭിച്ചോരു മുക്തി
പകലന്തിയോളം പുലരേണം
വിഘ്നമതിനു വന്നു പോവുകിൽ
വിഘ്നേശ്വരനും പൊറുക്കൊലാ.

സ്വതന്ത്രരായനുസരിച്ചിടാം
ദേശ പ്രകൃതി തൻ ഹിതം
ചെയ്തിടാം നന്മ തൻ വ്യായാമം
ജീവൽപുരോഗതിക്കുതകും വിധം.

കണ്ണീരാൽ വിയർപ്പാൽ 
ചോരയാൽ ഉപവാസത്താൽ
ഉയിരാൽ നേടിയതു നമ്മൾ
കേവലമൊരു ചവിട്ടുപടി.

അതിൽ കുടി വെക്കാതെ 
കുതിക്കണം നാം നാൾക്കു നാൾ 
പട്ടിണിപരിവട്ടമൊട്ടുമില്ലാത്തതാം
ജാതിമതനീചദേദമൊട്ടുമില്ലാത്തതാം
സമത്വസുന്ദരമാമൃതസ്ഥലിയിലേക്ക്!

ഭരിക്കുന്നോർക്കും തെല്ലും
ഭൂഷണമല്ലരാജകത്വമിവിടെ
ഭരിക്കപ്പെടുന്നവർക്കും
നൃശംസത വെടിഞ്ഞു നാം
ഉരുക്കഴിക്കേണം ശാന്തിമന്ത്രങ്ങൾ.

സ്വാതന്ത്യത്തിൻ ബന്ദിയാകാതെ
മംഗളഭാവിതൻ മുൻഗാമിയാകാൻ
എളിമയോടെ പഠിക്കണം, നയിക്കും നേതാക്കളും പിറകെ 
ഗോക്കളെപ്പോലെ ചരിക്കുമനുചരവൃന്ദവും പ്രജയും
സത്യധർമ്മാദിനിഷ്ഠ പ്രാണനായ്
കൈവെടിയാതെയൊട്ടും .

എടുക്കണം സ്വാതന്ത്ര്യം കയ്യിൽ
നാം സത്യം വചിപ്പാനും
അനീതിയെ,യെതിർപ്പാനും
അപരന്റെ കണ്ണിലെ കണ്ണീരൊപ്പുവാനും
ദാരിദ്ര്യത്തിൻ പാരതന്ത്ര്യത്തിൽ കഴിയുവോർക്കൊരു
കൈത്താങ്ങ് നീട്ടുവാനും!

എടുക്കണം സ്വാതന്ത്ര്യം കയ്യിൽ
നാം സഹനത്തിൻ സ്നേഹത്തിൻ
ഋതത്തിൻ ത്രിവർണ്ണക്കൊടി
ഹൃദയമാം ചെങ്കോട്ടമണ്ഡപത്തിൽ
ഉയരെയുയർത്തിപ്പറത്തുവാനും!!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക