ഷീബ അസ്വസ്ഥയായി. മുകളിലത്തെ നിലയിൽ കിടപ്പുമുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ കൈവരിയും പിടിച്ചുകൊണ്ടു മുന്നിൽക്കാണുന്ന ആ കൊച്ചുവീട്ടിലേക്കവൾ നോക്കി നിന്നു. ആ വീട് പൂട്ടിക്കിടക്കുകയാണ്. കുട്ടിയുടെ ദുർമരണത്തിനു ശേഷം അവന്റെ അച്ഛനും അമ്മയും ആ വീട്ടിൽ താമസിച്ചിട്ടില്ല.മകൻ മരിച്ച വീട്ടിൽ അവർക്ക് താമസിക്കാൻ കഴിയില്ല. ഒരു മോൾ കൂടി ഉണ്ട്. അവളെ അനുജന്റെ ഓർമ്മകൾ വേട്ടയാടും. ആ മകന്റേത് തൂങ്ങി മരണമെന്ന നിഗമനത്തിൽ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും വിരലടയാള വിദഗ്ധരുമെത്തി.അന്വേഷണത്തിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടുപിടിക്കാൻ സാധിക്കാത്തതുകൊണ്ട് ആത്മഹത്യ എന്ന് പോലീസ് വിധിയെഴുതി കേസ് അവസാനിപ്പിച്ചു. ഷീബയെ എന്തുകൊണ്ട് ആ മരണം ഉത്കണ്ഠപ്പെടുത്തുന്നു? അതിനുകാരണം അവന്റെ പ്രായമായിരുന്നു. ആ ബാലന് ഒൻപതുവയസ്സായിരുന്നു!
ഒൻപതുവയസ്സുള്ള കുട്ടി സ്വയംക്കെട്ടിത്തൂങ്ങി എന്നു പറഞ്ഞാൽ! കുരുക്കിട്ടു തൂങ്ങാൻ എവിടെനിന്നും കിട്ടി ആ വേണ്ടാത്ത അറിവ്? കുട്ടി മരിച്ച സമയം അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. പുറത്ത് വീടിന്റെ താഴ്ഭാഗത്തു അടുത്ത വീട്ടിലെ കുട്ടികളുടെകൂടെ ചേച്ചിയും അനുജനും കളിക്കുകയായിരുന്നു. വിശക്കുന്നു എന്നു പറഞ്ഞു വീടിന്റെ അകത്തേക്കുപോയ കുട്ടിയെ കുറേ നേരമായിട്ടും കാണാഞ്ഞു കുട്ടികൾ വീടിനുള്ളിൽ കയറി നോക്കിയപ്പോൾ കുട്ടി മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നു. കുഞ്ഞുങ്ങളുടെ കരച്ചിൽകേട്ടുവന്ന അടുത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ഒൻപതുവയസുള്ള കുട്ടി തൂങ്ങാൻ പാകത്തിനുള്ള കുരുക്കുകൾ അഴിഞ്ഞുപോകാത്തവിധം മുറുക്കിയതെങ്ങനെ? ഉയരം കുറഞ്ഞ വീടാണ്. കസേരയിൽ കയറിനിന്നാൽ കുട്ടിക്ക് ഉത്തരത്തിൽ കൈയെത്തും. ആ ഒരു കാരണം കൊണ്ടും മറ്റുള്ള ആരുടേയും വിരലടയാളം ഇല്ലാത്തതുകൊണ്ടും വീട്ടിൽ ആരും കയറിപ്പോകുന്നത് കണ്ടിട്ടില്ലാത്തതുകൊണ്ടും കുട്ടിയുടെ ദേഹത്ത് മറ്റുപാടുകളൊന്നും ഇല്ലാത്തതുകൊണ്ടും മാത്രം അവൻ അത് സ്വയം ചെയ്തു എന്നു പറയുന്നതെങ്ങനെ? ആ കുരുക്കിടാനുള്ള അറിവും ബലവും അവനുണ്ടോ എന്നുംമറ്റുമുള്ള സംശയങ്ങൾ ഷീബയിൽ ബലപ്പെട്ടു.
ബാൽക്കണിയിൽനിന്ന് ഷീബ ചുറ്റുപാടും വീക്ഷിച്ചു. ആ വീടിന്റെ പുറകുവശത്തുകൂടിയാണ് റെയിൽപാളം കടന്നുപോകുന്നത്. മതിലുകളില്ലാത്തതുകൊണ്ട് റെയിൽപാളം വഴി നടന്നു പോകുന്ന ആളുകൾക്ക് യഥേഷ്ട്ടം ഇരുവശത്തുമുള്ള വീടുകളിലേക്ക് കയറാൻ സാധിക്കും. അങ്ങനെയാരെങ്കിലും കയറിയാൽ അതുതെളിയിക്കാൻ കഴിവുള്ള സിസിടിവി അവിടെയെങ്ങുമില്ല. പാളത്തിനപ്പുറം കുട്ടിയുടെ വീടിനോട് അഭിമുഖമായുള്ള ഏക വീട്ടിലെ എന്തേവാസികൾ രാവിലെതന്നെ ജോലിക്കുപോകും. ആ വീട്ടിലൊരു അച്ഛനും മകനുമാണുള്ളത്. അവർതമ്മിൽ ബദ്ധശത്രുക്കളാണ്. അച്ഛൻ വീടിനുള്ളിൽ കയറാൻ പൂമുഖ വാതിൽ ഉപയോഗിക്കും. മകൻ അടുക്കള വാതിലും. അച്ഛന്റെ മുറിയിൽ മകനോ മകന്റെ മുറിയിൽ അച്ഛനോ പ്രവേശനമില്ല. മകൻ ഭാര്യയുമായി അകന്നു കഴിയുകയാണ്. കുട്ടിയുടെ വീട്ടിലേക്ക് റെയിൽപാളം വഴി ആരെങ്കിലും കയറിയാൽ അത് വ്യക്തമായി കാണാൻ സാധ്യതയുള്ളത് ആ വീട്ടുകാർ മാത്രമാണ്. അന്നും പതിവുപോലെ അച്ഛനും മകനും ജോലിക്കുപോയിരുന്നു. കുട്ടി മരിച്ച സമയം ഉച്ചക്ക് രണ്ടുമണിയോടടുത്ത്.
കുട്ടിയുടെ വീടിന്റെ മുൻവശത്തുകൂടി കടന്നുപോകുന്ന ട്ടാറിട്ട റോഡിന്റെ ഒരു വശത്ത് വീട്ടിൽനിന്നും അൻപത് മീറ്റർ മാറി ഒരു പെട്രോൾ പമ്പുണ്ട്. അവിടെ വാഹനങ്ങൾ വന്നും പോയുമിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്ന ലോറികൾക്കുള്ള വിശ്രമസ്ഥലം പമ്പുകാരൊരുക്കിയിരുന്നു. ലോറി ഡ്രൈവർമാർക്കുള്ള താമസസഥലവും കുട്ടിയുടെ വീടും തമ്മിലുള്ള അകലം ആ ട്ടാറിട്ട റോഡുവഴി കുറുകെ വരയ്ക്കുന്ന നേർവരയായിരുന്നു. റോഡ് മുറിച്ചു കടന്ന് കുട്ടിയുടെ വീട്ടിലേക്ക് അവിടുന്ന് ആരെങ്കിലും പോയാൽ അത് ആരെങ്കിലുമൊക്കെ കണ്ടെന്നിരിക്കും. കുട്ടിയെഉപദ്രവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവരാരെങ്കിലും അവിടെ പോകാനുള്ള സാധ്യത കുറവാണ്. ഒരു കാരണവുമില്ലാതെ ആരെങ്കിലും കൊല്ലാനിറങ്ങുമോ?
ഡ്രൈവർമാരുടെ തൊട്ടപ്പുറമുള്ള ഷീബയുടെ വീട്ടിൽ അവരെക്കൂടാതെ പ്രായമായ അച്ഛനും അമ്മയും മാത്രമേയുള്ള. പോലീസ് ചുറ്റുവട്ടമുള്ള വീട്ടിലൊക്കെ ചോദ്യം ചെയ്യാൻ കയറി. ഷീബയുടെ വീട്ടിലേക്ക് ആരും വന്നില്ല.ഒന്നും ചോദിച്ചില്ല. പ്രഥമദൃഷ്ട്യ സംശയിക്കത്തക്കതായി ഒന്നുമില്ലാത്തതുകൊണ്ടാകാം. ആരൊക്കെയാണ് ഷീബയുടെ വീട്ടിലെ അന്തേവാസികളെന്ന് അന്വേഷിച്ചറിഞ്ഞിരിക്കാം.
ഇനിയുള്ളത് കുട്ടിയുടെ ഇടത്തും വലത്തുമുള്ള വീടുകളാണ്. ആ വീടും ഇടത്തുള്ള വീടും ചേർന്നു ചേർന്നിരിക്കുകയാണ്. ഇടത്തുള്ള വീട്ടിൽ ഒരാൾ മാത്രമേ താമസമുള്ളൂ. അയാളും ഭാര്യയും വേർപിരിഞ്ഞിട്ട് നാളുകളായി. അയാൾ മതിൽവഴി ചാടി തുറന്നു കിടക്കുന്ന വാതിൽ വഴി അകത്തുകടന്നു എന്നിരിക്കട്ടെ. ഒരാളും അറിയില്ല. അയാൾക്ക് ആ വീടിനെപ്പറ്റി നല്ല ധാരണയുണ്ട്. പക്ഷേ അയാൾ ആ കുട്ടിയെ എന്തിന് കൊല്ലണം? അയാൾ വീടിന്റെ തൊട്ടടുത്തുള്ള താമസക്കാരനായ സ്ഥിതിക്ക് വൈരാഗ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്കിലും കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്ക് യാതൊരുവിധ പീഡനമോ മറ്റുപദ്രവങ്ങളോ ഏറ്റിട്ടില്ലാത്ത സ്ഥിതിക്ക് വെറുതേ എങ്ങനെ അയാളെ സംശയിക്കും! എങ്കിലും ഷീബ വൈകുന്നേരം അയാളെക്കണ്ടു കുട്ടി മരിച്ചതിനെപ്പറ്റി ചോദിച്ചു. “കുട്ടി അത് സ്വയം ചെയ്തതാ.അബദ്ധം പറ്റിയതെന്തോ ആണ്.കുട്ടികൾ ഒരുമിച്ച് കളിക്കുകയെല്ലായിരുന്നോ.ഇടയ്ക്കിവൻ അകത്തേക്കുപോയിട്ട് കളിക്ക് എന്തോ ചെയ്തതാ”. അത് പറയുമ്പോൾ അയാൾക്ക് കുറ്റബോധത്തിന്റെ കണികയില്ല. അയാളെ സംശയിച്ചതേ വെറുതെയാണ് എന്ന് ഷീബയ്ക്ക് പിന്നെ തോന്നി.
കുട്ടിയുടെ വീടിന് വലത്തുള്ള വീട് പൂട്ടിക്കിടക്കുകയാണ്.അവിടെ കുറച്ചു വർഷങ്ങൾക്കുമുൻപ് ഇരുപത്തെട്ടുകാരൻ ഗർഭിണിയായ കാമുകിയോടു വഴക്കുണ്ടാക്കി വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. അയാൾ തൂങ്ങി മരിച്ചകാര്യം അടുത്തദിവസം അയാളുടെ കൂട്ടുകാരൻ വന്നപ്പോഴാണ് കാമുകി അറിയുന്നത്. അവർ കരുതിയത് അയാൾ കതകടച്ചുകിടന്നുറങ്ങുന്നു എന്നായിരുന്നു. വിവരമറിഞ്ഞു വിദേശത്തായിരുന്ന അച്ഛനും അമ്മയും ഓടിവന്നു. കാമുകിയെ അവളുടെ വീട്ടുകാർ വന്നു കൊണ്ടുപോയി. തൂങ്ങി മരിക്കാനും മാത്രമുള്ള വഴക്കുണ്ടായിരുന്നില്ല എന്നവൾ ആവർത്തിച്ചു പറഞ്ഞു. ഗർഭംതന്നിട്ടു അയാൾ എന്തിന് അവളെയും കുഞ്ഞിനേയും തനിച്ചാക്കി എന്നായിരുന്നു അവൾ ലോകത്തോടായ് ചോദിച്ചത്. അയാളുടെ അച്ഛനും അമ്മയും പിന്നവിടെ താമസിച്ചിട്ടില്ല. കുട്ടി ആ വീട്ടിൽ താമസിക്കാൻ വന്നപ്പോൾ അടുത്തവീട്ടിൽ തൂങ്ങിമരിച്ച ആളെപ്പറ്റി കേട്ടിരിക്കാം. അവരുടെ വീട്ടിൽ അതേപ്പറ്റി സംസാരം നടന്നിരിക്കാം. അയാൾ വഴക്കിട്ടിട്ട് തൂങ്ങിയതാണ് എന്ന് കേട്ടിരിക്കാം.തൂങ്ങി മരണമെന്താണെന്നു ആ കുട്ടി ഇന്റർനെറ്റിൽ പരതിയിരിക്കാം.
പെട്ടെന്ന് ഇരുട്ടിന് ശക്തി കൂടിയതുപോലെ. പലയിടത്തുനിന്നും കൂട്ടത്തോടെ ശ്വാനന്മാർ ഓലിയിട്ടു.ഷീബ മുറിക്കുള്ളിൽ കയറി വാതിലടച്ചു. അവൾ പുതപ്പെടുത്തു മൂടി ചുരുണ്ടുകിടന്നു.
പേപ്പറിൽ എന്തുകൊണ്ട് ആ കുട്ടിയെപ്പറ്റി ഒരു വാർത്തയും വന്നില്ല? ചരമക്കോളത്തിൽ മരിച്ചു എന്നുമാത്രം. അച്ഛനും അമ്മയ്ക്കും സംശയമില്ലാത്തതെന്ത്? ഒൻപതു വയസ്സുള്ള കുട്ടി തൂങ്ങി മരിച്ചു എന്ന റിപ്പോർട്ടിൽ സംതൃപ്തി അടഞ്ഞതെന്തുകൊണ്ട്?
-------------------------
കുട്ടികൾ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചേച്ചിയും അനുജനും പെട്ടെന്ന് വഴക്കുകൂടി. അനുജനെ കളിക്കു കൂട്ടാൻ പിന്നെ ചേച്ചി സമ്മതിച്ചില്ല. കുട്ടികൾ കൂട്ടം ചേർന്ന് അവനെ കളിയാക്കി. അവൻ പൊട്ടിക്കരയാൻ തുടങ്ങി. അവന്റെ കരച്ചിൽക്കണ്ടൊന്നും അവർ കളിയാക്കൽ നിർത്തിയില്ല. ചേച്ചി അനുജനെപ്പറ്റിയുള്ള രഹസ്യങ്ങളെല്ലാം കൂട്ടുകാരോട് പറഞ്ഞു. അവരുടെ അപഹാസ്യങ്ങൾ കൂടി വന്നു. നിന്നെ ഒരിക്കലും ഞങ്ങളോടൊപ്പം കളിക്കാൻ കൂട്ടില്ല, ചേച്ചി ആക്രോശിച്ചു. കുഞ്ഞനുജൻ കരഞ്ഞുകൊണ്ടോടി വീടിനുള്ളിൽ കയറി. അയൽപ്പക്കത്തെ ചേട്ടൻ തൂങ്ങി മരിച്ചതെങ്ങനെ എന്ന് മനസ്സിലാക്കിയ അറിവുവെച്ചു അവൻ കസേരയിൽ കയറിനിന്ന് ഫാനിലേക്ക് കുരുക്കിടാൻ കൈയെത്തുമോയെന്നുനോക്കി. അവൻ കുരുക്കിട്ടു. അവന്റെ കൈകൾ പിടിച്ചു കുരുക്കിടാൻ സഹായിച്ചത് മറ്റുരണ്ടു കൈകൾ.കറുത്ത പുകയിലുണ്ടായ ഇരുകൈകൾ.അത് കഴുത്തിൽ ചുറ്റി മുറുക്കിട്ടു. കസേരയുടെ ആംറെസ്റ്റിൽ ചവിട്ടി നിന്നിരുന്ന കുഞ്ഞിന്റെ കാലുകൾ ആ കറുത്ത കൈകൾ തട്ടി.അവൻ ശ്വാസംകിട്ടാതെ പിടഞ്ഞു.
ഷീബ കൈയെത്തി അവനെ പിടിക്കാൻ നോക്കി. ആ കൈകൾ അവളെ പുറകോട്ടുതള്ളി. അലറിക്കൊണ്ടവൾ ചാടിയെഴുന്നേറ്റു. ഷീബ മുറിയിലെ ലൈറ്റിട്ടു. സമയം അതിരാവിലെ മൂന്നുമണിയായിരുന്നു. മുഖത്തു മുളച്ച വിയർപ്പുതുള്ളികൾ കരതലംകൊണ്ട് തുടച്ചു.മുറിയിൽ കുടിക്കാൻ ഒരുതുള്ളി വെള്ളമില്ല.ആ കറുത്തവാവിൽ ഒരുകൂട്ടം ശുനകന്മാരുടെ ഓലി പ്രതിധ്വനിച്ചു കേട്ടു.