Image

കഥ- വിലാസമില്ലാത്ത സ്മാകരശിലകള്‍ ( രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് )

രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് Published on 15 August, 2024
കഥ- വിലാസമില്ലാത്ത സ്മാകരശിലകള്‍ ( രാജു ചിറമണ്ണില്‍, ന്യൂയോര്‍ക്ക് )

നനഞ്ഞ മണ്‍കൂനയില്‍ നിന്നും ഇറ്റിറ്റുവീണ വെള്ളത്തിന്റെ ചെറുതണുപ്പില്‍ അയാള്‍ കണ്ണുകള്‍ പതിയെ തുറന്നു. വലിച്ചുകെട്ടിയ താടിയും, തലമുൂടിയിരുന്ന വെളുത്ത പ്ലാസ്റ്റിക്ക് ഷീറ്റും പതുക്കെ നീക്കിയപ്പോള്‍ അയാള്‍ കണ്ടത  തന്റെ മുഖത്തോടുു ചേര്‍ന്നു കിടക്കുന്ന, അങ്ങുമിങ്ങും നരച്ചതാടിയുള്ള ഒരു രൂപമാണ്. പതിയെ മുഖം മൂടിയിരുന്ന വെളള ഷീറ്റ് മാറ്റിയപ്പോള്‍ വിശ്വസിക്കാനായില്ല. അതു തന്റെ അയല്‍വാസിയും ഉറ്റ സുഹൃത്തുമായ ഷെരീഫിന്റെ വിളറിയ മുഖമായിരുന്നു. വിറങ്ങലിച്ച വിരലുകള്‍കൊണ്ട് നീണ്ടതാടിയില്‍ തലോടിയപ്പോള്‍, ഏതോ അത്ഭുത ലോകത്തെന്നപോലെ ഷെരീഫ് തന്നെ നോക്കി 'ജോസേട്ടാ-, എന്താ നാമിവിടെ??... ഷെരീഫേ, ആരൊക്കെയോ നമ്മെ താങ്ങികൊണ്ടുവന്ന് ഇവിടെ കിടത്തി. നിന്റെ ചുമലില്‍ മുഖമമര്‍ത്തി കിടക്കുന്നത് ആരാണ്??...' ഷെരീഫ് അയാളുടെ താടിയിലെ കെട്ടുകള്‍ അഴച്ചു. മുഖംമൂടിയിരുന്ന വെളുത്ത പ്ലാസ്റ്റിക്ക് ഷീറ്റ് പതിയെ മാറ്റി,- 'സോമേട്ടന്‍...., തന്റെ വീടിന്റെ പടിഞ്ഞാറു ഭാഗത്ത് പലചരക്കു കട നടത്തുന്ന തന്റെ പ്രിയ സുഹൃത്ത് സന്ധ്യാനേരങ്ങളില്‍ 'സൊറ' പറയുവാന്‍ ഒത്തുക്കൂടിയിരുന്ന സകേതം. അവര്‍ സോമനെ തൊട്ടുവിളിച്ചു. തണുത്ത വിറങ്ങലിച്ച തങ്ങളുടെ കരസ്പര്‍ശം ഏറ്റതുകൊണ്ടാവാം അയാള്‍ പതിയെ, പതിയെ കണ്ണുകള്‍ തുറന്നു. സോമന്‍, ജോസിനേയും, ഷെരീഫിനേയും ആദ്യമായി കാണുന്ന മട്ടില്‍ തുറിച്ചു നോക്കി. എവിടെയെന്നോ, എന്തെന്നോ അറിയാനാവാതെ അയാളുടെ കണ്ണുകള്‍ മിഴിച്ചിരുന്നു. 'സോമാ....' ജോസ് ചിലമ്പിയ ശബ്ദത്തോടെ പതിയെ വിളിച്ചു. ഒന്നു മനസ്സിലാകാതെ അയാള്‍ തന്റെ പ്രിയക്കൂട്ടുകാരന്‍ ഷെരീഫിനെ പാതിയടഞ്ഞ കണ്ണുകലോടെ നോക്കി. ഷെരീഫ് കണ്ണുകളിറുക്കി. 'നാം ഇവിടെ എങ്ങിനെയെത്തി??... രണ്ടു ദിവസം മുമ്പ് നാം അന്യോന്യം സംസാരിച്ചു പിരിഞ്ഞതാണല്ലോ' പിന്നീട്...പിന്നീട്.... എന്തുപറ്റി??...' ശബ്ദം തൊണ്ടയില്‍ കുടുങ്ങി. ഒന്നുമറിയില്ല. ഒരാര്‍ത്തനാദം.... അത്രമാത്രം... ഒച്ചകള്‍... ബഹളങ്ങള്‍- കൂട്ടക്കരച്ചിലുകള്‍- എല്ലാം തകര്‍ന്നു- എല്ലാം കൈവിട്ടുപോയി-എങ്ങും അന്ധകാരം-സോമന്‍ ഓര്‍മ്മകളില്‍ പരതി എന്തെല്ലാമോ ഓര്‍ത്തെടുക്കുവാന്‍ പാടുപെടുകയായിരുന്നു- നാമിന്നിവിടെ പച്ചമണ്ണിന്റെ തണുപ്പില്‍-ആരോടുചോദിക്കാന്‍-ആരോടു പറയാന്‍'- നമ്മള്‍ മൂന്നുപേരെങ്കിലും മിണ്ടിപ്പറയാന്‍ ഈ മണ്‍ക്കൂനക്കടിയില്‍ ഉണ്ടല്ലോ-
ബാക്കിയുള്ളവര്‍ എവിടെ-?

സൈനയും, പാറുവും, ലക്ഷ്മിയും, അന്നയും...അവരൊക്കെ എവിടെയാണ്?.... അവര്‍ നമ്മെ തിരയുകയാവും, എങ്ങനെ കാണാന്‍, നാം ഈ ആറടി മണ്ണിന്റെ അവകാശികളായിത്തീര്‍ന്നില്ലേ...? സകലതും നഷ്ടപ്പെട്ട നമ്മുടെ വേണ്ടപ്പെട്ടവര്‍ നമുക്കുവേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവര്‍ക്കറിവുണ്ടാവില്ല നാം ഒരു ജീവിതത്തിന്റെ പരമമായ അവസ്ഥയില്‍ ആണെന്ന്.
നാം ഒന്നിച്ചിവിടെ-, ഈ ആറടിമണ്ണില്‍-,
ആറടി ഉണ്ടാവുമോ-? ആവോ-, നാമല്ലല്ലോ കുഴിമാടം തീര്‍ത്ത. വിലാസം നഷ്ടപ്പെട്ട നമ്മളെ അവര്‍ക്കെങ്ങനെ കണ്ടെത്താനാവും??
തിരഞ്ഞു... തിരഞ്ഞു... അവസാനം-,

ഓര്‍മ്മകള്‍ പിമ്പോട്ടു പാഞ്ഞപ്പോള്‍ സോമന്‍ മൗനം വെടിഞ്ഞ്, ഓര്‍മ്മയുണ്ടോ? പതിറ്റാണ്ടുകള്‍ക്കുമുമ്പ് നാമീ വഴികയറുമ്പോള്‍, കാടും, കാട്ടാനയും, മുള്ളന്‍പന്നിയും, മൂര്‍ഖന്‍ പാമ്പും തടസ്സമായിരുന്നൊരു കാലം-, അന്ന് മലമ്പനിക്കും, വസൂരിക്കും നമ്മെ കീഴടക്കാനായില്ല- കാടുവെട്ടിത്തെളിച്ചു-കായ്കനികള്‍ നട്ടുവളര്‍ത്തി. വെട്ടിമാറ്റിയ മരങ്ങളെക്കാള്‍ കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. കാടിനെ മനോഹരമായ നാടാക്കി മാറ്റി- പ്രകൃതിയോടു ചേര്‍ന്ന് ജീവിച്ചു. പച്ചപ്പു നിറഞ്ഞ പുല്‍മേടുകളില്‍ കാലിക്കൂട്ടം മേഞ്ഞു നടന്നു. ഏലത്തോട്ടത്തില്‍ നിന്നും വീശിയടിക്കുന്ന കാറ്റിന് പച്ചഏലക്കായയുടെ സുഗന്ധം.

മലമടക്കുകളില്‍ മൂടല്‍മഞ്ഞ് കെട്ടിപ്പുണര്‍ന്ന് കിടന്നിരുന്ന ഒരു കാലം-എല്ലാം-, എല്ലാം-, ഓര്‍മ്മയുണ്ട് സോമേട്ടാ-, കാട്ടുപൊന്തകളില്‍ നൃത്തച്ചുവടുവക്കുന്ന മയില്‍ക്കൂട്ടങ്ങള്‍-, വെള്ളാരംകല്ലുകളോട് കിന്നാരം പറഞ്ഞു കുണുങ്ങി ഒഴുകുന്ന ചാലിശ്ശേരിപ്പുഴ, 'എന്തോരു കാലമായിരുന്നു...' ജോസ്ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു. മണ്ണില്‍ പൊന്നുവിളയിച്ചകാലം- ഒന്നിനും ഒരു കുറവുണ്ടായിട്ടില്ല. ഓണത്തിനും, വിഷുവിനും നാട്ടിന്‍പുറത്തേക്ക് കൊടുത്തയച്ചിരുന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് ഒരു കുറച്ചിലും വന്നിട്ടില്ല.
ഒച്ചയും ബഹളവുമില്ലാതെ- സന്തോഷത്തോടും-സൗഹാര്‍ദ്ദത്തോടും കഴിഞ്ഞ ഒരു കാലം, മനുഷ്യനെ, മനുഷ്യനായി കണ്ടിരുന്ന ഒരു കാലം-,

അമ്പലവും, പള്ളിയും, മോസ്‌ക്കും ഒന്നിച്ചു ഒരു വഴിത്തലക്കല്‍ ഉണ്ടായിരുന്ന കാലം- ആഘോഷങ്ങള്‍-എന്നും ആഘോഷങ്ങള്‍-നമുക്കിവിടെ ജാതി-മത-വേറ്റവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല-ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിച്ചു. എന്നായിരുന്നു നമുക്കത് നഷ്ടപ്പെട്ടത്...??
ആവോ-,
നാമും അതില്‍ ഉള്‍പ്പെട്ടിരുന്നുവോ??...
ചിലപ്പോള്‍ ഉണ്ടാവാം-,

മൂടല്‍മഞ്ഞ് കട്ടപിടിച്ച് മൂടിക്കിടന്ന മലമുകളിലെ കറുത്ത പാറക്കെട്ടുകള്‍ പൊട്ടിച്ചിതറി-
ഭൂമിക്കടിയില്‍ തുരകങ്ങള്‍ ഉണ്ടാക്കി-
നാമറിയാതെ, നമ്മുടെ ചുറ്റും സംഭവിച്ചുപോയ ജീവിതപരിഷ്‌ക്കാരങ്ങളില്‍ നാമും ഉള്‍പ്പെട്ടു പോയി. ഇത്രയും നാള്‍ നമ്മെ പോറ്റി വളര്‍ത്തിയ അമ്മയുടെ മാറുപിളര്‍ക്കാന്‍ എപ്പോഴോ നാമുംക്കൂട്ടു നിന്നു. ഇത്രമാത്രം വരുമെന്ന് നാമുംകരുതിയില്ല.

നാനാദേശത്തു നിന്നും നമ്മുടെ കൊച്ചു നാട്ടില്‍ പുറങ്ങളില്‍ ആളുകള്‍ ക്കൂ്ട്ടംക്കൂട്ടമായി എത്തി.
പണ്ടുണ്ടായിരുന്ന നാടന്‍ ചായക്കടകള്‍ക്കു പകരം പുതിയ ഹോട്ടല്‍ സമുച്ചയങ്ങള്‍ ഉണ്ടായി. നാട് പട്ടണമായി- ലാഭക്കൊതിമൂത്ത്, സര്‍വ്വചരാചരങ്ങള്‍ക്കും വാസയോഗ്യമായിരുന്ന ഭൂമിയെ, നമ്മുടെ സ്വാര്‍ത്ഥമൂലം വികലമാക്കി. എല്ലാം നല്ലതെന്ന് കണ്ടു-.

മലമടക്കുകളില്‍ മുഴങ്ങുന്ന ഹുങ്കാര ശബ്ദം-,
ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. എല്ലാം പെട്ടെന്നായിരുന്നു.ഒന്നിച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നവര്‍-, കൂടെച്ചേര്‍ത്തു കിടന്നിയിരുന്നവര്‍-ഒറ്റരാത്രികൊണ്ട്- എവിടെ എല്ലാവരും-, എവിടെയോ കൈവിട്ടു പോയി.

മലവെള്ളപ്പാച്ചലില്‍ എല്ലാം തകര്‍ന്നു...,
'എന്താ ഷെരീഫേ, വീണ്ടും ഉറങ്ങിയോ....?'
ഇനിയും സമയം ഉണ്ടെടോ'- ദീര്‍ഘമായി ഉറങ്ങുവാനല്ലെ നമ്മെ ഇവിടെ കിടത്തിയിരിക്കുന്നത്-
അല്പം കൂടി 'സൊറ' പറഞ്ഞ് ഇരിക്കാമെന്നേ-,
'ഉറങ്ങിയില്ല, ജോസേട്ടാ...' നമ്മെ പുതപ്പിച്ചു വെള്ളവിരിച്ച മേശമേല്‍ കിടത്തി നമുക്കു വേണ്ടി പ്രാര്‍ത്ഥന നടത്തിയ കാര്യം ഓര്‍ത്തുകൊണ്ടുകിടക്കുകയായിരുന്നു'-

പ്രാര്‍ത്ഥനയും, പൂജയും, മയ്യത്തു നിസ്‌ക്കാരവും നമുക്കുവേണ്ടി പ്രത്യേകം നടത്തി. പരലോകത്തു ചെല്ലുമ്പോള്‍ തെറ്റിപ്പോകാതെ നമ്മുടെ ആത്മാക്കള്‍ അവരുടേതായ ദൈവങ്ങളുടെ അടുത്തു ചെല്ലെട്ടെയെന്നാകാം ഇവരുടെ ഉദ്ദേശം.'

മനുഷ്യന്റെ ജീവിതം രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു, അ്ത് രാവിലെ തഴച്ചു വളരുന്നു, വൈകുന്നേരം അത് അരിഞ്ഞ് വാടിപ്പോകുന്നു'-
'ജോസ് ചേട്ടന്‍ അച്ചന്‍ ചൊല്ലിയ പ്രാര്‍ത്ഥന ശ്രദ്ധിച്ചായിരുന്നോ?' ഷെരീഫിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് സോമനായിരുന്നു. 'എത്ര സത്യമായ പ്രാര്‍ത്ഥന'-

നമ്മുടെ ഇത്രയും നാളത്തെ അദ്ധ്വാനം, കെട്ടിപ്പടുത്ത കുടുംബജീവിതം. അതില്‍ നിന്ന ലഭിച്ച സന്തോഷം-, ഒരിക്കലും നഷ്ടമാകില്ലെന്ന് കരുതിയ സുഹൃദ്ബന്ധങ്ങള്‍-എല്ലാം-എല്ലാം-' നാവിടറിയ സോമനെ ആശ്വസിപ്പിച്ചുകൊണ്ട്,' നാമെന്നെങ്കിലും നൈമിഷികമായ ഈ ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?? എല്ലാം വെട്ടിപ്പിടിക്കുവാന്‍-, കൈപ്പിടിയില്‍ ഒതുക്കാനല്ലേ നാമെല്ലാം ചിന്തിച്ചിട്ടുള്ളത്-ജോസ് ചേട്ടന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് ജീവിച്ചിരിക്കുന്നവര്‍ നമുക്കു വേണ്ടി, ജീവന്റേയും മരണത്തിന്റേയും ഉടയവനായ ദൈവമേ-, ഈ പ്രിയപ്പെട്ട ആത്മാക്കളെ വിശുദ്ധരുടെ ക്കൂട്ടത്തിലേക്ക് ചേര്‍ത്തുകൊള്ളണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

നാളെ ഇവരുടെ സ്ഥിതി എന്താകുമെന്ന് ആര്‍ക്കറിയാം??... നമുക്ക് ആവശ്യമുള്ളതെല്ലാം നല്‍കി നമ്മെ പരിപാലിക്കുന്ന ഈ ഭൂമിയെ നൊമ്പരപ്പെടുത്തുമ്പോള്‍- ഒട്ടും സഹിക്കാനാവാത്ത സ്ഥിതിയിലാകുമ്പോള്‍, പ്രകൃതി പ്രതികരിക്കാതിരിക്കുമോ?? എല്ലാം വെട്ടിപ്പിടിക്കുവാന്‍ വെമ്പുന്ന മനുഷ്യര്‍ അറിയുന്നില്ല. നാളെ ്അവര്‍ക്കുവേണ്ടിയും കാത്തിരിക്കുന്നത് പച്ചമണ്ണിന്റെ ഗന്ധവും, ഈര്‍പ്പം പിടിച്ച ഈ കുഴിമാടവും ആകുന്നു എന്ന്....

ഒന്നിച്ചുറങ്ങാന്‍ നമുക്കുവേണ്ടി ഒരു കുഴിമാടം എങ്കിലും ഒരുക്കാന്‍ കുറെ ജന്മങ്ങള്‍ ഉണ്ടായിരുന്നു. വിലാസമില്ലാത്ത കുറെ കരിങ്കല്‍ ചീളുകള്‍ നമ്മുടെ മണ്‍ക്കൂനയില്‍ നാട്ടിവക്കാന്‍ ഒരു ജനസമൂഹം ഉണ്ടായിരുന്നു. ഈ ദുരന്തത്തിന്റെ സ്മരണയ്ക്കായി ഒരു സ്മാരകം പണിയുവാന്‍ ഇന്ന് കുറെ ജീവിതങ്ങള്‍ ശേഷിച്ചിരിക്കുന്നു.

നാളെ, ഒരു ദുരന്തം ഉണ്ടായാല്‍-, അതിനാരെങ്കിലും ഇവിടെ ഉണ്ടാവുമോ-?
ഉണ്ടാവാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്ക് നിത്യമായ സ്വസ്ഥതയിലേക്ക് പ്രവേശിക്കാം.

 

Join WhatsApp News
(ഡോ.കെ) 2024-08-15 19:36:38
സാഹിത്യത്തിന്റെ ഏറ്റവും ആദ്യരൂപമായ കഥയുടെ ലക്ഷ്യം തന്നെ സാമൂഹ്യശരീരത്തിന് നല്ല സന്ദേശത്തിന്റെ സംസ്‌കൃതിയുണ്ടാക്കി ജീവിതത്തെ പുനഃസംവിധാനം ചെയ്യുകയെന്നതാണ്.വളരെ വർഷങ്ങൾക്ക് ശേഷം ശ്രീ.രാജു ചിറമണ്ണിന്റെ അങ്ങേയറ്റം വിശ്വവിശാലമായ മതേതരത്വത്തിന്റെ ഒരൊറ്റ ജനത,ഒരൊറ്റ ശബ്ദം,ഒരൊറ്റ മനസ്സ്,ഒരൊറ്റ ലക്ഷ്യം ലോകസമൂഹത്തിന് വേണമെന്ന ആത്മീയ സന്ദേശത്തിന്റെ മനോമോഹനമായ ഈ കഥ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറത്തുള്ള ആദരിക്കത്തക്ക കഥയാണ്.ആത്മാവിന്റെയും വികാരങ്ങളുടെയും സപന്ദനങ്ങളിലാണ് ഈ കഥ നിലനിൽക്കുന്നത്.ശ്രീ രാജുവിന്റെ കഥയയുടെ പിന്നിലുള്ള കർമ്മപരമായ ശ്രേഷ്ട്ടത,വൈകാരികമായ മനോഹാരിത,വൈചാരികമായ ഇതിവൃത്തം, ആത്മീയമായ ഭാവങ്ങൾ എല്ലാം കൊണ്ടും വളരെ നന്നായിരിക്കുന്നു.നല്ല നാളെകൾക്കുള്ള കരുത്തിന്റെയും പൗരുഷത്തിന്റെയും തേജസ്സുള്ള കഥ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക