സൗണ്ട് എഞ്ചിനീയറും എഡിറ്ററും കൂടി സുപ്രസിദ്ധ വ്യവസായ പ്രമുഖനായ കുബേർ കുഞ്ചിയെ കാണാൻ വീട്ടിലെത്തി . ക്യാമറാമാൻ കൂടി വേണം ചർച്ചയ്ക്ക് എന്ന് കുബേർ കുഞ്ചി അവരോട് പറഞ്ഞു . അതു പ്രകാരം എഡിറ്റർ ക്യാമറാമാനെ വിളിച്ചു . അര മണിക്കൂർ കൊണ്ട് ക്യാമറൻ പറന്നെത്തി .
കുബേർ കുഞ്ചി ചർച്ച തുടങ്ങി - ബഡ്ജക്റ്റ് എത്രയായാലും പ്രശ്നമില്ല .
അതു കേട്ട് സിനിമാക്കാർക്ക് സന്തോഷമായി - ഫീൽഡിൽ ഏറ്റവും ക്ഷാമമുള്ള ജീവിവർഗം പ്രൊഡ്യൂസർമാരാണല്ലോ ....
ഇപ്പോഴത്തെ ട്രെൻ്റ് വിഎഫ്എക്സ് സൗണ്ട് ഇഫക്ടാണ് . അതിന് റീഷൂട്ടിൻ്റെ ആവശ്യമില്ല .
എന്നാൽ എനിക്ക് നായികയെ മാറ്റേണ്ടതുണ്ട് . അപ്പോൾ നാലുപേർക്കുള്ള ചായയുമായി ഒരു സ്ത്രീ അവിടേക്ക് വന്നു .
ചായ ടീപ്പോയിൽ വച്ച് സ്ത്രീ പോയി .
കുബേർ കുഞ്ചി അവരെ ചൂണ്ടിക്കാട്ടി പറഞ്ഞു - ഇതാണ് പഴയ നായിക . ഇവളെ മാറ്റി ഒരു ഇരുപതുകാരിയെ നായികയാക്കണം .
ക്യാമറാമാൻ ആകാംക്ഷയോടെ ചോദിച്ചു - അപ്പോ നായകൻ ?
കുബേർ കുഞ്ചി ചിരിച്ചു - അത് അന്നും ഇന്നും ഞാൻ തന്നെ . എന്താ സംശയമുണ്ടോ ? എന്നെ കണ്ടാൽ ആർക്കെങ്കിലും തോന്നുമോ - അമ്പതിലധികമായീന്ന് ?
സൗണ്ട് എഞ്ചിനീയർ ഒരു പടി കൂടി സുഖിപ്പിച്ചു - അയ്യോ . അമ്പത് തന്നെ തോന്നിക്കുന്നില്ല .
എഡിറ്റർ ചോദിച്ചു - ശരിക്കും എത്രയാണ് സാർ ?
കുബേർ കുഞ്ചി ക്ഷുഭിതനായി - എടോ സിനിമാക്കാരായിട്ടും നിങ്ങൾക്കറിഞ്ഞു കൂടേ , സൂപ്പർ താരങ്ങളുടെയും കോടീശ്വരന്മാരുടെയും വയസ്സ് ചോദിച്ചു കൂടാന്ന് .
സോറി സാർ , സൗണ്ട് എഞ്ചിനീയറാണ് എഡിറ്റർക്ക് വേണ്ടി ക്ഷമാപണം നടത്തിയത് .
ക്യാമറാമേന് സംശയം തീർന്നിട്ടില്ല - അല്ല സാർ , ഏത് സിനിമയാണ് നിങ്ങൾ റീ റിലീസിങ്ങിന് ഉദ്ദേശിക്കുന്നത് ?
സിനിമയല്ല ,
കുബേർ കുഞ്ചി പഴയൊരു വീഡിയോ കാസറ്റ് എടുത്ത് നീട്ടി . എന്നിട്ട് പറഞ്ഞു - ഇവിടെ രണ്ടാം നിലയിൽ എനിക്ക് പ്രൈവറ്റായി ഒരു മൾട്ടിപ്ളക്സ് തീയറ്ററുണ്ട് . എല്ലാ ഇഫക്ടോടും കൂടി അവിടിരുന്ന് കാണാനാ .
ക്യാമറാമാൻ അമ്പരപ്പ് മാറാതെ കാസറ്റ് എഡിറ്റർക്ക് കൈമാറി .
അത് നോക്കിയ എഡിറ്റർ ഞെട്ടി -
കുബേർ കുഞ്ചിയുടെ കല്യാണ വീഡിയോ !