Image

രാമായണാമൃതം: സിജിത അനിൽ, പാലാ

Published on 16 August, 2024
രാമായണാമൃതം: സിജിത അനിൽ, പാലാ

 

രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം രാമനും സീതക്കുമൊപ്പം വനവാസത്തിനായി കാട്ടിലേക്ക് പുറപ്പെടുന്ന ലക്ഷ്മണന് അമ്മ സുമിത്ര നൽകിയ ഉപദേശമാണ്.

'രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം'

രാമനെ അച്ഛനായ ദശരഥനെപ്പോലെയും സീതയെ അമ്മയായിട്ടും  കാടിനെ അയോദ്ധ്യയായിട്ടും കണ്ട് സുഖമായി ജീവിക്കുക മകനേ. ജീവിതത്തിലുണ്ടാകുന്ന സന്തോഷവും ദുഖവും സമദർശനത്തോടെ സ്വീകാര്യം ചെയ്യണം എന്നാണ് സുമിത്ര മകനെ ഉപദേശിച്ചത്. വനവാസത്തിനായി മകനെ അയക്കുമ്പോൾ ആ അമ്മ ചിന്തിച്ചത്  മകന്റെ ഭാവിയല്ല, മറിച്ച് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, ഐക്യവും, പരസ്പര വിശ്വാസവും, ധാർമ്മിക ചുമതലകൾ  പരിപാലിക്കുന്നതിൽ ഒരമ്മയുടെ സാമൂഹിക ഉത്തരവാദിത്ത്വവുമാണ്. സ്വന്തം താത്പര്യങ്ങൾ മാത്രം സംരക്ഷിച്ച് മക്കളെ ചേർത്തുപിടിക്കുന്ന സ്വാർത്ഥരായ അമ്മമാരിൽ നിന്നും സുമിത്രയെ വേറിട്ടു നിർത്തുന്നത് അവരുടെ ധാർമ്മികവും ആത്മീയവുമായ ഈ മാർഗ്ഗദർശനമാണ്.  

രാമായണം ഹൈന്ദവരുടെമാത്രം  മതഗ്രന്ഥമല്ല. എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന സാഹിത്യകൃതികൂടിയായ  ഇതിഹാസമാണ്. 'ഇതി ഇഹ ആസീത്' അതായത് ഇതിഹാസമെന്നാൽ  "ഇവിടെ ഇപ്രകാരം സംഭവിച്ചത് ' എന്നാണർത്ഥം. ആ മഹാസംഭവം സരസ്വതി കടക്ഷത്താൽ വാല്മീകി മഹർഷി ഇരുപത്തിനാലായിരം ശ്ലോകങ്ങളിലാക്കി. രാമൻ വെറും രാജാവായിരുന്നില്ല, മനുഷ്യരാശിയുടെ മാതൃകയായിരുന്നു. ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും, ബന്ധങ്ങളെയും, ചുമതലകളെയും, ആത്മീയതയെയും, സാമൂഹികമായ ഉത്തരവാദിത്വങ്ങളെയും ഉൾക്കൊണ്ട മനുഷ്യാവതാരം. എല്ലാ ജാതിയും മതവും ജനങ്ങളും ചേർന്നുകെട്ടിപ്പിണഞ്ഞ ലോകത്തിൽ, പരസ്പരസ്നേഹവും ബഹുമാനവും ഉൾക്കൊള്ളുന്ന ഒരു സമൂഹം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യമാണ് രാമായണം സമ്മാനിക്കുന്നത്.

രാമായണത്തിലെ സാമൂഹികപാഠങ്ങൾ  ഐക്യത്തിലും, നീതിന്യായത്തിലും, പരസ്പര സഹകരണത്തിലും അധിഷ്ഠിതമാണ്.  വ്യക്തിജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളിൽ അടിപതറാതെ ധാർമ്മികമായും ആത്മീയമായും നേരിടാൻ നമ്മെ  പ്രേരിപ്പിക്കുന്നു.
രാമായണത്തിലൂടെ ദർശിക്കുന്ന ആത്മാന്വേഷണം മാനവരാശിയുടെ മൂല്യങ്ങളെ സുഷ്പ്തമാക്കുന്നതോടൊപ്പം മനുഷ്യമനസ്സിന്റെ ആശയങ്ങൾക്കും പ്രബോധനത്തിനും  വെളിച്ചമേകാൻ ഈ മഹാകാവ്യത്തിന് കഴിയുന്നുണ്ട്.

മുതിർന്നവരോടും മാതാപിതാക്കളോടുമുള്ള ബഹുമാനവും അനുസരണയും ധാർമ്മിക ഉത്തരവാദിത്ത്വവും  കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിലും സുമിത്രയുടെ ഉപദേശത്തിന് പ്രാധാന്യമേറെയുണ്ട്. സാഹചര്യങ്ങൾക്ക് മാറ്റം വന്നാലും, ഉന്നതമനസ്സുള്ളവർക്ക് ഏതൊരു സ്ഥലവും ഒരുപോലെയാണ്. 'മമഹൃദി രമതാം ' ഈശ്വരവിശ്വാസത്താൽ  സ്നേഹവും സന്തോഷം സമാധാനവും  ഉള്ളിൽ നിറയട്ടെ. 
      
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക