Image

രാമ രാജ്യം (സന്തോഷ് പിള്ള)

Published on 17 August, 2024
രാമ രാജ്യം (സന്തോഷ് പിള്ള)

കർക്കിടക മാസാവസാനം, രാമായണവായന പൂർത്തിയാവുമ്പോഴാണ് ശ്രീരാമൻ്റെ രാജ്യ ഭാര ഫലം പാരായണം ചെയ്യാറുള്ളത്. ശ്രീരാമൻ്റെ രാജ്യം എങ്ങനെയുള്ളതായിരുന്നു?

വിധവകൾ ഇല്ലാത്ത രാജ്യം. രോഗ പീഡകളിൽ പെട്ട് ആരുംതന്നെ വലയുന്നില്ല. എല്ലാവർക്കും വേണ്ടത്ര ഭക്ഷണ പദാർത്ഥകൾ ലഭിക്കുന്നതിനു വേണ്ടി ,ഫലഭൂയിഷ്ടമായ ഭൂമി, സമൃദ്ധമായി വിളവുകൾ നൽകുന്നു. ആവശ്യമുള്ള സമയങ്ങളിൽ,  ആവശ്യമുള്ള അളവിൽ മഴ ലഭിക്കുന്നു.  തസ്കരൻമാരെ കൊണ്ടുള്ള  ശല്യം ആർക്കും തന്നെ ഉണ്ടാകുന്നില്ല.  മോഷണം സമൂഹത്തിൽ ഒരിടത്തും നിലനിൽക്കുന്നില്ല.  അവരവർക്ക് അറിയാവുന്ന തൊഴിൽ,  മുടക്കം കൂടാതെ എല്ലാവരും ചെയ്യുന്നു. പരസ്പരം അനുകമ്പ പുലർത്തിക്കൊണ്ടാണ് എല്ലാ ജനങ്ങളും വസിക്കുന്നത്. അന്യരുടെ  ഭാര്യമാരെയും. അന്യരുടെ  സ്വത്തുക്കളേയും  ആർത്തിപൂണ്ട്  ആരും ആഗ്രഹിക്കുന്നില്ല . പഞ്ചേന്ദ്രിയങ്ങളും നിയ്രന്തിച്ച്  മനസ്സിനെ അടക്കിനിർത്തി, പരസ്പര ബഹുമാനത്തോടെയും  സ്നേഹത്തോടെയുമാണ് എല്ലാവരും പെരുമാറുന്നത്.

അച്ഛൻ, മക്കളെ സംരക്ഷിക്കുന്നതുപോലെ, രാജ്യത്തിലെ എല്ലാ ജനങ്ങളേയും രാജ്യാധികാരി  സ്നേഹത്തോടെ സംരക്ഷിക്കുന്നു.  ഇങ്ങനെയുള്ള  ഒരുരാജ്യത്ത്  എല്ലാ പ്രജകളും സമാധാ നത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു.

ഇതാണ് രാമരാജ്യം!

എന്നാൽ മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം എങ്ങനെയുള്ളതായിരുന്നു?

പാവപെട്ടവരിൽ പാവപെട്ടവർക്കുപോലും,  രാജ്യനിർമ്മിതിയിൽ 
ഭാഗവാക്കാവുകയും, ഇത് എൻ്റെ രാജ്യമാണെന്ന  അഭിമാനിക്കുകയും  ചെയ്യാവുന്ന  ഭാരതം.  സമത്വ  സുന്ദരമായ  എല്ലാ മതാനുയായികളും സൗ ഹൃദത്തോടും,  സാഹോദര്യത്തോടും വാഴുന്ന നാട്.  ലഹരിപദാർത്ഥങ്ങ ൾ    ഉപയോഗം  ഇല്ലാത്ത രാജ്യം. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശമുള്ള  ദേശം. തുല്യ നീതി സമൂഹത്തിലെ എല്ലാ തലങ്ങളിലും നിലനിൽക്കുന്ന രാജ്യം

ഇങ്ങനെ  ഒരുരാജ്യം  ഉണ്ടോ?

മലയാളികൾക്ക്  ഇങ്ങനെയുള്ള ഒരു നാടിനെകുറിച്ചറിയാം. പണ്ട്   മാവേലി നാടുവാണിരുന്ന രാജ്യം.

രാമരാജ്യത്തിനോടടുത്തൊന്നും  എത്തില്ല  എങ്കിലും, ഇപ്പോൾ ഏറ്റവും അധികം സന്തോഷത്തോടെ  ജനങ്ങൾ വസിക്കുന്ന രാജ്യം ഏതാണ്?

 ഫിൻലൻഡ്‌ എന്ന രാജ്യമാണ് ലോകത്തിലെ ഏറ്റവും സന്തോഷവാന്മാർ ജീവിക്കുന്നു രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നില്കുന്നത്.   അവിടെ  ആരുടെയെങ്കിലും വാലെറ്റ് (പേഴ്‌സ്) നിരത്തിൽ വീണുപോയാൽ,  കണ്ടുകിട്ടുന്നവർ,  അതിന്റെ  ഉടമസ്ഥന്  തിരികെ  കൊണ്ടുകൊടുക്കുന്നു. മോഷണം ഒട്ടുമില്ല എന്ന് ചുരുക്കം. ആരോഗ്യപരിപാലനം, ഉന്നത വിദ്യാഭാസം ഒക്കെ സൗജന്യമായോ വളരെ ചിലവ് കുറഞ്ഞരീതിയിലെ  ലഭ്യമാണ്. അവിടുത്തെ ഭരണാധികാരി,  സമൂഹത്തിൽ തുല്യത നിലനിർത്താൻ പരമാവതി ശ്രമിക്കുന്നു.

രാമായണ പാരായണം, മലയാള ഭാഷയുടെ മാദക ഭംഗി ചുരളഴിക്കുന്നതിനോടപ്പം, മനുഷ്യ ജീവിതത്തിൽ അനുവർത്തിക്കേണ്ട മൂല്യങ്ങളെയും നമ്മളെ പഠിപ്പിക്കുന്നു. ശ്രീരാമന്റെ രാജ്യ ഭാര ഫലമാകട്ടെ, മാനവരാശിക്കാകമാനം വലിയ ഒരു പ്രത്യാശയും നൽകുന്നു. യുദ്ധക്കെടുതി, മഹാമാരികൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവകൊണ്ട്  ലോകമെമ്പാടുമുള്ള ജനങ്ങൾ  അഭിമുഖീകരിക്കുന്ന ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കുവാനായി, ശ്രീരാമനെ പോലെയുള്ള ഭരണാധികാരികൾ ക്ക് സാധിക്കും എന്ന പ്രത്യാശ.

അതെ ആ നല്ല നാളെകൾക്കായി നമ്മൾക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Join WhatsApp News
Haridasan 2024-08-17 15:00:58
Great Article A dream come true Hoping for more good articles like this
Sudhir Panikkaveetil 2024-08-17 13:10:54
രാമരാജ്യം വരേണമേ എന്ന് പറയുമ്പോൾ അയോധ്യയിലെ ദശരഥപുത്രൻ രാമന്റെ രാജ്യം എന്ന പൊതുവായ തെറ്റിദ്ധാരണയുണ്ട്. രാഷ്ട്രീയകാർ ജനങ്ങളുടെ ഈ തെറ്റിധാരണ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുന്നു. രാമായണവും ദുർവാഖ്യാനം ചെയ്യപ്പെടുന്നു. അറിയാൻ ആഗ്രഹിക്കുന്നവർ ഉത്തമന്മാരയ ഗുരുക്കളിൽ നിന്നും പഠിക്കണം. "പ്രാപ്യവരാൻ നിബോധിത" എന്ന് ഉപനിഷത് പറയുന്നു. ശ്രീ സന്തോഷ് പിള്ള ശ്രീരാമന്റെ ഭരണത്തെക്കുറിച്ച് വിശദമാക്കിയത് നന്നായി രാമായണമാസം കഴിഞ്ഞെങ്കിലും ഇത്തരം വിഷയങ്ങളിലുള്ള ചർച്ചകൾ അറിവ് പകരാൻ സഹായിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക