പൂവിൻ രസതന്ത്ര-
മാരായുവാൻ ഈ പൂവിനെ
കീറി മുറിക്കുന്നു
കാമക്കാപാലികർ
ഒത്തിരി ഒത്തിരിയറിഞ്ഞിട്ടെന്തു കാര്യം
ഇത്തിരി ഇത്തിരിയെക്കുറിച്ച്!
പകരണം പരിമളം
ദു:ഖിതർക്ക്
കാട്ടണം നിറം
നിസ്വരാം ബാലകർക്ക്
ഊറ്റി നൽകണം മധു
മധുമക്ഷികയ്ക്ക്
ലാസ്യമുദ്രയാൽ കാട്ടി-
ക്കൊടുക്കണം പാരിനു
ക്ഷണഭംഗുരമാം വാഴ് വിൻ
ക്രൂരനീതിയെല്ലാം.
ശാഖയിലൊറ്റപ്പെട്ടു
പോയൊരു പൂവെങ്കിലും
ഞെട്ടറ്റവനിയിൽ ഞാൻ
വീഴാനൊരുക്കമല്ലീക്ഷണം.
മഞ്ഞുതുള്ളി തൻ
ചുംബനമേറ്റ്
കോരിത്തരിക്കവെ
കന്യകാ സ്പർശമേറ്റ്
ദലങ്ങൾ ദശം
ഹർഷനിർവൃതി പൂകവെ
കുളിർകാറ്റൊന്ന്
സാന്ത്വനമേകവെ
കഴിയുമൊ അവനിവാസം
കിനാവെന്ന് കാണുവാൻ?
സൂര്യനും ചന്ദ്രനും
സ്വപ്നമാണൊ
ശിശുവിന്റെ പുഞ്ചിരി
സ്വപ്നമാണൊ
വെയിലും മഴയും
സ്വപ്നമാണൊ
ഓണവും വിഷുവും
സ്വപ്നമാണൊ
വിരഹത്തിൻ നൊമ്പരം
സ്വപ്നമാണൊ?
ക്ഷണഭംഗുരം
വാഴ് വെങ്കിലും
ക്ഷണം പൊൻ
പട്ടുകഞ്ചുകം
നിത്യത തൻ
മൃദുപരിലാളനം!
ക്ഷണത്തിലൊരു
ദിനം വിടർന്നു ഞാൻ
ക്ഷണത്തിലൊരു
ദിനം കൊഴിഞ്ഞു പോം
നിറദലതലത്തിലീ
ക്ഷണമന്യെ
ജീവനിലൊരു
മറുക്ഷണം നിശ്ചയം
ദുഃഖദായകം.
ശാഖയിലൊറ്റപ്പെട്ടു
പോയൊരു പൂവെങ്കിലും ഞെട്ടറ്റവനിയിൽ ഞാൻ
വീഴാനൊരുക്കമല്ലീക്ഷണം.
ഒത്തിരി ഒത്തിരിയെക്കുറിച്ച്
ഇത്തിരി ഇത്തിരി അറിക,
യെന്നാൽ ധന്യമായ്
ജീവനും നശ്വരജീവിതവും.
ബലമറിഞ്ഞ് വീശുക നീ
കൊടുങ്കാറ്റേ, ചീറിയടിക്ക
പൂവനികയിൽ ഉൾക്കടലിൻ
ജ്വലിക്കും രോഷവുമായ്;
സുബോധത്തിൽ സഹജമായ്
ഈശന്റെ പാദാരവിന്ദങ്ങളിൽ
ചെന്ന് ചേർന്നടിയുവോളം
ശിരസ്സ് കുനിക്കില്ലവനിയി
ലൊന്നിന്റെ മുന്നിലുമീസുമം!