വസന്തത്തിൽ
നവാങ്കുരങ്ങളുടെ മർമ്മരം--
കൈകാലുകളിളക്കിക്കളിക്കൂം
ശിശുവിന്റെ ഹൃദ്യലീല;
ഗ്രീഷ്‌മത്തിൽ, കാമിച്ചുപോകും
പത്രസമൃദ്ധിയുടെ ഭേരി--
പച്ചനോട്ടുകളെണ്ണുന്ന
ഉണ്ടായ്‌മയുടെ രജോജാഗ്രത;
ശരത്തിൽ, കൊഴിയുംമുമ്പു
വിറച്ചുപാർത്ഥിക്കുന്ന
പഴുത്തിലകളുടെ വിതുമ്പൽ--
അനിവാര്യതയ്‌ക്കു മുന്നിൽ
ഡയറിയുടെ മങ്ങിയ താളുകൾ
മറിച്ചുനോക്കുന്ന തയ്യാറെടുപ്പ്;
ശിശിരത്തിൽ, ശിഖരപഞ്ജരങ്ങളിലൂടെ
ചൂളംവിളിക്കുന്ന ശീതം--
ശ്‌മശാനത്തിലെ നിശ്ശൂന്യത.
നിർന്നിദ്രയാമങ്ങളിൽ
വെളിവാകുമവയെല്ലാം:
എണ്ണമറ്റ മനുഷ്യജന്തുസസ്യങ്ങളുടെ
ജനനമരണങ്ങൾക്കിടയിലെ
പാടിത്തീരാത്ത കഥകൾ--
കാമനയുടെ മുഗ്ദ്ധതയുടെ,
വീണപൂക്കളുടെ അദൃശ്യതയുടെ,
ഉദഗ്രാവേഗങ്ങളിലെ
അമിതാത്മവിശ്വാസത്തിന്റെ,
അവയുടെയടിക്കൽസ്വാർത്ഥതയുടെ,
വാർദ്ധക്യത്തിന്റെ ദൈന്യതയുടെ--
സംക്രമങ്ങളുടെ സൗരഗാനവും,
‘വെളിപ്പാടു’ കൊടുക്കാതെ
അവയ്‌ക്കെല്ലാമെപ്പൊഴും
അനുപല്ലിവിപാടി ഗൂഢ-
തമമായേ മുഴങ്ങും സനാ-
തനസാഗരസ്വരങ്ങളും.
അശാന്തസമുദ്രത്തിൽ
ആമയും തിമിംഗലവുംവരെ
ജീവികളെല്ലാം ചത്തുമലച്ച്
കപ്പലിനെ നിശ്ചലമാക്കുമ്പോൾ,
ദിക്കുകാട്ടാത്ത രാത്രിയിൽ
കാലസന്ധിയിലകപ്പെട്ടവൻ
ഉറങ്ങുവതെങ്ങനെ?
കടലിന്റെ ചീയുംഗന്ധവും
കഴുത്തിൽ തൂക്കപ്പെട്ട
അഴുകുന്ന ‘ആലബട്രോസ്സും’
തന്നെ ഉറക്കുകയില്ല.
കൂടെപ്പോന്നവർ ‘ലോട്ടസ്‌ക്കനി’ തിന്ന്
ഉറങ്ങിപ്പോയിരിക്കുന്നു.
ഇനി ശത്രു കള്ളനെപ്പോലെ വരുമ്പോൾ
അയാൾ തിരിച്ചറിഞ്ഞൂപിടിക്കപ്പെടുന്നതും
കുറ്റംവിധിക്കപ്പെടുന്നതും
ഉറങ്ങാതിരിക്കയാലാവും.