സുൽത്താൻ ബത്തേരിക്കടുത്ത് വാകേരിയിലെ പ്രീതി മധുസൂദനൻ ഉരുൾ പൊട്ടൽ മൂലം വയനാട്ടിലുണ്ടായ ദുരന്തത്തിൽ നിന്നുയർത്തെഴുന്നേറ്റു ജീവിതം കെട്ടിപ്പടുത്ത അതിജീവിതകളിൽ ഒരാളാണ്. മണ്ണിനടിയിൽ പുതഞ്ഞുകിടന്ന ആ അഞ്ചാംക്ലാസ്സുകാരി മൂന്നു പതിറ്റാണ്ടിനു ശേഷം ഇന്ന് ബത്തേരി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. 43 വയസ്
വടക്കേ വയനാട്ടിൽ പടിഞ്ഞാറെത്തറയിൽ ബാണാസുര ഡാമിന്റെ പരിസരത്തുള്ള കാപ്പിക്കളത്തിൽ 1992 ജൂൺ 9നു വെളുപ്പിനു നാലരക്കുണ്ടായ മണ്ണിടിച്ചിലിൽ അച്ഛനും അമ്മയും സഹോദരങ്ങളും അച്ഛന്റെ സഹോദരന്മാരും അടക്കം പതിനൊന്നു പേരാണ് നഷ്ട്ടമായത്.
മരിച്ചു ജീവിച്ച പ്രീതി ഗുണ്ടൽപേട്ടയിലെ ജമന്തിപ്പാടത്ത്
അച്ഛൻ മൂലമ്പലിൽ പുഷ്പൻ, അമ്മ പദ്മിനി, സഹോദരൻമാരായ മനോജ്, ഉമേഷ്, ഭൂപേഷ്, പുഷ്പന്റെ അച്ഛൻ വാസു, അമ്മ, ഭാർഗവി, അനുജൻ സുധൻ, ഭാര്യ ശോഭ, മകൾ നീതു, ഇളയ സഹോദരൻ വിനോദ് എന്നീ പതിനൊന്നു പേർ മരിച്ചപ്പോൾ പ്രീതിമാത്രം മണ്ണിനടിയിൽ കരഞ്ഞു കിടന്നു.
ഉരുൾ പൊട്ടലുണ്ടായ ഉടൻ പുഷ്പൻ മക്കളെയും കൂട്ടി മലയുടെ താഴെയുള്ള തറവാട്ടിലേക്ക് ഓടിയിറങ്ങുക യായിരുന്നു. പക്ഷെ അതിനു മുമ്പ് ഉരുൾ വെള്ളം തറവാട് തകർത്തു കല്ലും മണ്ണുമായി പരന്നൊഴുകി. മണ്ണിൽ പുതഞ്ഞു കിടന്നിരുന്ന പ്രീതിയുടെ കരച്ചിൽ തൊട്ടടുത്ത് മണിനടിയിലായിരുന്ന വിനോദ് കേട്ടു.
രക്ഷാപ്രവർത്തകർ എത്തിയപ്പോൾ വിനോദ് അക്കാര്യം വിളിച്ചു പറഞ്ഞു. അങ്ങിനെയാണ് പ്രീതിയെ അവർ രക്ഷപ്പെടുത്തിയത്. എന്നാൽ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി വിനോദ് മരണമടഞ്ഞു. ഗുരുതരമായിപരിക്കു പറ്റിയ പ്രീതിയുടെ ജീവൻ തിരികെക്കിട്ടി. അവളെ സർക്കാർ ദത്തെടുത്തു, ഭക്ഷണവും വസ്ത്രവും നൽകി പഠിപ്പിച്ചു.
പ്രീതി, മധുസുദനൻ, ദേവതീർത്ഥ, ദേവദർശൻ
പാൽസൊസൈറ്റി ജീവനക്കാരനായിരുന്നു അച്ഛൻ പുഷ്പൻ. ആരും ഇല്ലാതായപ്പോൾ പ്രീതിയെ വളർത്തിയത് മേപ്പാടിക്കടുത്തുള്ള വടുവഞ്ചാലിലെ അമ്മയുടെ തറവാടായ കടൽമാട് വീട്ടിൽ. പ്ലസ് ടു വരെ പഠിച്ച പ്രീതിയ്ക് 2004ൽ റവന്യു വകുപ്പിൽ ബത്തേരിയിൽ ജോലി കിട്ടി. വടുവഞ്ചാലിൽ അമ്മ വീടിനടുത്ത് രണ്ടേക്കർ ഭൂമിയും അതിലൊരു വീടും സർക്കാർ നൽകി.
ജോലി കിട്ടി പിറ്റേവർഷം ബത്തേരിക്ക് സമീപം വാകേരിയിലെ കർഷകൻ തുരുത്തിമറ്റത്തിൽ ടികെ മധുസൂദനനുമായുള്ള പ്രീതിയുടെ വിവാഹം നടന്നു. വാകേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്ലസ് 2 പാസായ മധു, സ്ക്കൂളിലെ പൂർവവിദ്യാർഥികളുടെ ഒരു സംഗമം നടത്തുന്ന തിരക്കിലായിരുന്നെങ്കിലും സംസാരിച്ചു.
വാകേരിയിലെ പത്തു സെന്റ് ഭൂമിയിൽ അവർ രണ്ടു കിടപ്പുമുറികൾ ഉള്ള വീടു വച്ചു. ഒറ്റനിലയുമുള്ള വാർക്കവീട്. ഭാവിയിൽ ഒരു നിലകൂടി പണിയാവുന്നതരത്തിൽ. വടുവഞ്ചാലിൽ സർക്കാർ നൽകിയ സ്ഥലവും വീടും വിറ്റിട്ടാണ് വീട് പണിതത്. അവിടെ 'നിർമ്മിതി' പണിത വീടിനു നിന്നു തിരിയാൻ ഇടമില്ലാത്ത രണ്ടു കൊച്ചു മുറികളേ ഉണ്ടായിരുന്നുള്ളൂ. വിൽക്കാനുള്ള പ്രധാന കാരണം അതാണ്.
ദുരന്തഭൂമിക്കടുത്ത് 'താജ് വയനാട്' റിസോർട് & സ്പാ
എങ്കിലും അമ്മയുടെ വീതത്തിൽ പ്രീതിക്കു കിട്ടിയ ഒരേക്കർ ഭൂമിയിൽ അവർ കൃഷിയുണ്ട്. കാപ്പിയാണ് പ്രധാനം.
വിവാഹം കഴിഞ്ഞതോടെ പ്രീതിക്ക് സർക്കാരിന്റെ ദത്തു പദവി ഇല്ലാതായി. എങ്കിലും ദുരന്തം മൂലം ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു. ചികിത്സക്കായി ഇതിനകം മുപ്പതു ലക്ഷമെങ്കിലും ചെലവഴിച്ചിട്ടുണ്ടെന്നു മധു. പ്രീതിയുടെ ശമ്പളവും കൃഷിയിൽ നിന്നുമുള്ള വരുമാനവുമാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നു മധു പറയുന്നു.
ബത്തേരി-മാനന്തവാടി റൂട്ടിൽ വാകേരി 'സിസി' ജംക്ഷനിൽ (കോഴിക്കോട് സ്വദേശി സി. ചന്ദ്രഹാസൻ എന്ന തോട്ടം ഉടമയിൽനിന് ലഭിച്ച പേര്) ബസിറങ്ങിയാൽ അമ്പതു വാര അടുത്താണു വീട്. രണ്ടുമക്കൾ. ബത്തേരി ഡോൺബോസ്കോയിൽ ഡിഗ്രിക്ക് പഠിക്കുന്ന ദേവതീർത്ഥ, സെന്റ് ജോസഫ്സിൽ അഞ്ചാംക്ളാസിൽ പഠിക്കുന്ന ദേവദർശൻ.
പ്രീതി, മധു അന്നും ഇന്നും
ഇത്തവണ മുണ്ടക്കൈ ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട നൈസയെയും ഇവരോടൊപ്പം ചേർത്തു പിടിക്കണം. മണ്ണിടിഞ്ഞു ഒലിച്ചുപോയ വീടിനോടൊപ്പം ഉപ്പ ഉൾപ്പെടെ ഏഴുപേരെയാണ് നൈസക്കു നഷ്ടപെട്ടത്. മൂന്നു വയസുള്ള നൈസ എന്ന റൂബിയയും ഉമ്മ ജലീലയും പരിക്കുകളോടെ രക്ഷപെട്ടു.
അപകടമുണ്ടായ ജൂലൈ 30 നു തന്നെ ജലീലയും കുഞ്ഞും മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ അഡ്മിറ്റായി. നൈസക്ക് മുഖത്തും ജമീലക്ക് കൈകാലുകളിലുമാണ് സാരമല്ലാത്ത പരിക്കുകൾ. ജലീലയുടെ ഉമ്മ ജമീലയും സഹോദരൻ മുഹമ്മദാലിയും റിപ്പണിലെ വീട്ടിൽ നിന്നുഓടിയെത്തി.
ഉപ്പയും സഹോദരങ്ങളും വീടും പോയ നൈസയെ ചേർത്ത് പിടിക്കാൻ ധാരാളം പേർ മുന്നോട്ടു വന്നു. പ്രധാനമന്ത്രി മോഡിയും പ്രതിപക്ഷ നേതാവ് വിടി സതീശനും അവളെ ആശ്വസിപ്പിച്ചു. നൈസക്കും ഉമ്മയ്ക്കും തല്ക്കാലം നെല്ലിമുണ്ട സ്കൂൾ പടിക്കൽ ഒരു ക്വാർട്ടേഴ്സ് നൽകിയിട്ടുണ്ട്.
മണ്ണിൽ വിയർപ്പൊഴുക്കി മധുസൂദനൻ
ബാണാസുരമലകൾ, ബാണാസുര ജലാശയം, മീൻമുട്ടി ജലപാതം എന്നിവക്ക് ചുറ്റും വയനാട്ടിലെ ഏറ്റവും വലിയ റിസോർട്ടുകളുടെ പ്രളയമാണ്. ടാജ് വയനാട്, സെറീനിറ്റി സിൽവർ ബ്ലൂം, സിൽവർ ക്ളൗഡ്, മീൻമുട്ടി ഇൻ തുടങ്ങി. ഒരു രാത്രിക്കു 35,925 രൂപയും 6467 രൂപ ടാക്സും ഈടാക്കുന്നവ.
ഉരുൾപൊട്ടൽ ഉണ്ടായ കാപ്പിക്കളത്തെപ്പറ്റി പഠിക്കാൻ നെറ്റിൽ പരതിയപ്പോൾ ഒരു പരസ്യം കണ്ടു: "കാപ്പിക്കളത്തിൽ മൂന്നേക്കർ സ്ഥലം വിലപ്പനക്ക്". അതിൽ കൊടുത്തിരുന്ന ഫോൺ നമ്പരിൽ വിളിച്ചു. "ഇനി വിൽക്കാനില്ല ആസ്ഥലം ഉരുൾപ്പൊട്ടലിൽ ഇല്ലാതായി" എന്നായിരുന്നു മറുപടി. എന്ന് ഉരുൾപൊട്ടി എന്ന് ചോദിച്ചപ്പോൾ "ഈയിടെ"എന്ന് മറുപടി. അവിടെ വീണ്ടും ഉരുൾ പൊട്ടിയെന്നാണോ? അയാൾ ഡിസ്കണക്ട് ചെയ്തു.
മുണ്ടക്കൈയിലെ അതിജീവിത നൈസയും മുത്തശിയും; വി.ഡി.സതീശനൊപ്പം
പ്രകൃതി ദുരന്തങ്ങൾ ഒരുവശത്ത് നടക്കും. ആർത്തിരമ്പി ടൂറിസവും. ഒരുപക്ഷെ കൂടുതൽ ടൂറിസ്റ്റുകൾ അങ്ങോട്ട് വരാനും മതി. നവമി ക്ളീൻ എന്ന കനേഡിയൻ സാമൂഹ്യ ചിന്തക അതിനെ വിളിക്കുന്നത് 'ഡിസാസ്റ്റർ കാപിറ്റലിസം' (ദുരന്ത മൂലധനം) എന്നാണ്.
'എവെരിബൊഡി ലവ്സ് എ ഗുഡ് ഡ്രോട്ട് എന്ന പുസ്തകം എഴുതിയ ജേര്ണലിസ്റ് ആക്ടീവിസ്റ് പി. സായ്നാഥ് പറയുന്നതും അതുതന്നെ. വരൾച്ചയോ പ്രളയമോ പ്രകൃതി ദുരന്തമോ വന്നാൽ രക്ഷയായി എന്നാണ് പലരുടെയും ചിന്ത. വയനാടിന്റെ ആകമാന ചിത്രം അതിൽ പ്രതിഫലിക്കുന്നു.