Image

നിലപാടുള്ള പെണ്ണുങ്ങൾ (വിജയ് സി.എച്ച്)

Published on 19 August, 2024
നിലപാടുള്ള പെണ്ണുങ്ങൾ (വിജയ് സി.എച്ച്)

പെൺനിലപാടുകളുടെ ആഴങ്ങളറിയണമെങ്കിൽ കലാസാംസ്കാരികസാഹിത്യ രംഗങ്ങളിലെ വേറിട്ട പ്രതിഭകളായ ഡോ.നീനാ പ്രസാദ്, തനൂജാ ഭട്ടതിരി, നിഷാ നാരായണൻ മുതലായവരോടു സംസാരിക്കണം.
ഒരു കലാകാരി തനിയ്ക്കു വേദിയൊരുക്കുന്നവരോടു വഴിവിട്ട രീതിയിൽ വിധേയത്വമുള്ളവളായിരിക്കണമെന്ന പൊതുധാരണക്കെതിരെ ശക്തമായ നിലപാടെടുത്ത നർത്തകിയും നൃത്തഗവേഷകയും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരജേതാവുമായ ഡോ. നീനയും, സാമൂഹിക നവീകരണത്തിനുവേണ്ടി നിരന്തരം പോരാടി സ്വന്തം നിലപാടുകളെ നിർവചിക്കുന്ന തനൂജയും, തൻ്റെ കവിതകൾ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും ആളില്ലെന്നറിഞ്ഞപ്പോൾ, അവയെ 'പ്രസാധകരില്ലാത്ത കവിതകൾ' എന്നു നാമകരണം ചെയ്തു സ്വപ്രയത്നത്താൽ അച്ചടിച്ചു സംസ്ഥാനത്താകെയുള്ള വായനക്കാരിലേക്ക് എത്തിച്ചു സെൻസേഷൻ സൃഷ്ടിച്ച നിഷയും സവിശേഷതയുള്ള നിലപാടുകളാൽ ഖ്യാതി നേടിയ പെണ്ണുങ്ങളാണ്! 


💎💎 ഡോ.നീനാ പ്രസാദ്
🟥 അതിജീവന നിലപാട്
കുടുംബാധിപത്യം ശക്തമായുള്ളൊരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അടുത്ത കാലം വരെ ഒരു യുവനർത്തകിയുടെ രംഗപ്രവേശം ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒന്നായിരുന്നു. കലാ സംഘടനകളെല്ലാം പുരുഷനിയന്ത്രിതമായിരുന്നു. സംഘാടകരിൽ ആസ്വാദക ഹൃദയമുള്ളവരും പലരീതിയിലുള്ള പ്രതീക്ഷകളുള്ളവരും ഉൾപ്പെടുന്നു. അവസരങ്ങൾ ലഭിക്കാനും, സംഘാടകരുടെ പ്രീതി നേടാനും എളുപ്പവഴികളുമുണ്ടല്ലൊ. അവസരങ്ങൾ കിട്ടാനായി നമ്മുടെ പടങ്ങളോടുകൂടിയ ബ്രോഷർ കൊണ്ടുപോയി കൊടുക്കുക, അപ്പോൾ നമ്മുടെ ഒരു സമയം ആവശ്യപ്പെടുക... അതു പോലെയുള്ള ഒരു കാലഘട്ടം തീർച്ചയായും ഉണ്ടായിട്ടുണ്ട്.

 ഞാനിന്നും ഓർക്കുന്നു ഒരു അധികൃത സ്ഥാപനത്തിലെ ദുരനുഭവം. വേണ്ടാത്ത വർത്തമാനങ്ങളും കാര്യങ്ങളുമുണ്ടായി. അന്നു തന്നെ ഞാൻ ഒരു നിലപാടെടുത്തു. എൻ്റെ പ്രാവീണ്യത്തിൽ എനിയ്ക്ക് തികഞ്ഞ വിശ്വാസം ഉണ്ട്. എല്ലാവർക്കും താന്താങ്ങളുടെ കഴിവുകളിൽ വിശ്വാസമുണ്ടാകാമെങ്കിലും, എനിയ്ക്ക് ആ വിശ്വാസം കൂടുതലായിരുന്നു. അതുകൊണ്ട്, എനിയ്ക്ക് അർഹതപ്പെട്ടത് എനിയ്ക്ക് വന്നുചേരുക തന്നെ ചെയ്യും എന്നു ഞാൻ വിശ്വസിച്ചു. ആ നിലപാട് ഞാൻ ഇന്നും തുടർന്നു പോരുന്നു. ഒരു അവസരം ചോദിക്കുന്നതിൽ തെറ്റില്ല, ചോദിക്കുകയും വേണം, പക്ഷേ അതിനർത്ഥം വ്യക്തിപരമായ ജീവിതം ദൃശ്യമാക്കണമെന്നല്ല! ഒരു പെൺകുട്ടി, അല്ലെങ്കിൽ ഒരു സ്ത്രീ, എവിടെയാണ് ആ നേർത്ത വര വരക്കേണ്ടതെന്നു തീരുമാനിയ്ക്കുന്നതൊരു നിലപാടാണ്. വളരെ ശക്തമായ നിലപാടെന്നു ഞാനതിനെ വിശേഷിപ്പിയ്ക്കും! നിലപാടെടുക്കുക മാത്രമല്ല, ഇതിനെക്കുറിച്ച് ഞാനൊരു ലേഖനവുമെഴുതിയിരുന്നു.


🟥 ചെയ്തുകൂടാത്തതിന് നിലപാട്!
എന്തൊക്കെയാണ് ഒരു കലാകാരി ചെയ്യേണ്ടതെന്ന് പലർക്കും ബോധ്യമുണ്ടാകും, പക്ഷേ എന്തെല്ലാമാണ് ചെയ്തുകൂടാത്തതെന്നു തിരിച്ചറിയാനും ഒരു നിപാടു വേണം. കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യം തന്നെ, എന്നാൽ ഏതൊക്കെ അവസരത്തിൽ നമ്മളത് ചെയ്യേണ്ടതില്ലെന്നു തീരുമിനിക്കാനും പിൽകാലത്തു കഴിയണം. ഞാൻ നൃത്തപഠനത്തിൽ ഏർപ്പെട്ടിരിയ്ക്കുന്ന ഒരാളുകൂടിയാണ്. പുരുഷാധിപത്യമുള്ള സമൂഹം കലാകാരിയുടെ പ്രതിഭയേയും ധ്യാനസമാനമായ ഏകാഗ്രതയേയും തീർച്ചയായും അംഗീകരിയ്ക്കും, പക്ഷേ ഇതിനൊരു മറുവശം കൂടിയുണ്ട്. അഹങ്കാരിയാണെന്നു മുദ്രകുത്തുകയും, ദുഷിപ്പ് പറയാൻ ലഭിയ്ക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തുകയുമില്ല. 

വേദനിക്കുന്ന ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ സംയമനം പാലിക്കണം. പതറാതെ നിൽക്കാനറിയണം. ഇടപെടലുകൾക്കും ഒരു രീതിയുണ്ടെന്നു തിരിച്ചറിയണം. ചലച്ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു ജനകീയമായാൽ, നൃത്തത്തിൽ കൂടുതൽ അവസരങ്ങൾ ലഭിയ്ക്കുമെന്നൊരു അഭിപ്രായം വരുമ്പോൾ, "ഇഷ്ടമുള്ളവർ ചെയ്യട്ടെ, എനിയ്ക്കതിനു താൽപര്യമില്ല, അങ്ങനെ ലഭിയ്ക്കുന്ന അവസരങ്ങൾ വേണ്ട" എന്നു പറയുന്നത് ഒരു സ്റ്റാൻഡ്പോയൻ്റാണ്! 

കലാസമൂഹത്തിൽ ഉറച്ചുപോയ ചില ധാരണകളെ തകിടം മറിയ്ക്കുന്നൊരു കാര്യം മുതിർന്നവരോടാണെങ്കിലും തുറന്നു പറയണം. ഞാൻ പറഞ്ഞിട്ടുണ്ട്, എൻ്റെ വിദ്യാർത്ഥികൾക്ക് അതിനുള്ള സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്നു. കലയുടെ കമിതാക്കൾ അനുഭവങ്ങളുടെ തീയ്യിൽ കുരുത്തവരാണ്, വെയിലത്ത് വാടാൻ പാടില്ല. തിരുത്തലുകൾക്കുവേണ്ടി വാദിക്കുന്നതും, എല്ലാ കാര്യങ്ങൾക്കും ഒരു നിലപാട് വേണമെന്നതും ഒരു വ്യക്തമായ നിലപാടാണ്!


💎💎 തനൂജാ ഭട്ടതിരി
🟥 ദാമ്പത്യം പണയപ്പെടുത്തിയ നിലപാട്!
ചില അനുഭവങ്ങൾ നമ്മുടെ ജീവിതത്തെ ശരിയ്ക്കും മുൾമുനയിൽ നിർത്തും. ഒരു ആറ്റംബോംബു പോലെ ഏതു നിമിഷവും പൊട്ടത്തെറിച്ചു ജീവിതം തകർക്കാൻ മാത്രം കരുത്തുണ്ട് അത്തരം സംഭവങ്ങൾക്ക്! ഞാൻ ജനിച്ചു വളർന്നത് എഴുത്തുകാരുടെ നടുവിലാണ്. മാതാപിതാക്കൾ അക്ഷര സ്നേഹികൾ. 'അഗ്നിസാക്ഷി'യെഴുതിയ ലളിതാംബികാ അന്തർജ്ജനം അമ്മയുടെ അമ്മയും, 'ശേഷപത്ര'മെഴുതിയ എൻ.മോഹനൻ അമ്മാവനുമാണ്. 

എന്നെ ഉന്നത വിദ്യാഭ്യാസത്തിനു പ്രചോദിപ്പിച്ചതും, ജീവിതത്തിലെ എല്ലാ തുറകളിലും ഉയർത്തിക്കൊണ്ടുവന്നതും ഭർത്താവായ ശ്രീനാരായണ ഭട്ടതിരിയുമാണ് (ശ്രീ). മനുഷ്യരെ കാണുമ്പോൾ ചിരിക്കുകയും മിണ്ടുകയും ചെയ്യുന്ന പ്രകൃതമായതിനാൽ, എനിയ്ക്കു ചുറ്റും ധാരാളം കൂട്ടുകാരുണ്ടായി. സാഹിത്യ-സാംസ്കാരിക പരിപാടികളൊന്നും നഷ്ടപ്പെടുത്താതുകൊണ്ട് സമൂഹത്തിൽ ഞാൻ കൂടുതൽ അറിയപ്പെടാനും തുടങ്ങി. എനിയ്ക്കു ലഭിയ്ക്കുന്ന അംഗീകാരം ശ്രീക്കു അല്പം കുശുമ്പ് ഉളവാക്കുന്നുണ്ടെന്ന് എനിയ്ക്ക് ചിലപ്പോൾ സംശയവും തോന്നിയിട്ടുണ്ട്. സാരമില്ല, ശ്രീയില്ലെങ്കിൽ ഈ ഞാനുണ്ടാവുമായിരുന്നില്ലല്ലോ എന്നോർത്ത് അതൊന്നും ഞാൻ കാര്യമാക്കിയില്ല. തുടർന്നെത്തിയ നാളിൽ, ഒരു പൊതു പരിപാടിയ്ക്കു എനിയ്ക്കു ക്ഷണം ലഭിച്ചു. ശ്രീയുടെ അറിവോടെ, പങ്കെടുക്കാമെന്നു വാക്കുകൊടുത്തു. മന്ത്രിമാരും സാംസ്‌കാരിക നായകരുമെല്ലാം എത്തുന്നുണ്ട്. പരിപാടി അരങ്ങേറുന്ന നാളെത്തി. പോകാനായി ഞാൻ തയ്യാറെടുക്കുന്നതിനിടയിൽ, പോകരുതെന്നു ശ്രീ നിർദ്ദേശിച്ചു. കാര്യമെന്തെന്നു ചോദിച്ചപ്പോൾ, കാര്യമൊന്നുമില്ല, നീ പോകണ്ട, അത്ര തന്നെയെന്നു ശ്രീ ഉറച്ചശബ്ദത്തിൽ പറഞ്ഞു. തുടർന്നുണ്ടായ എൻ്റെ അപേക്ഷകളെല്ലാം ശ്രീ നിരാകരിച്ചു; 

തർക്കം നീണ്ടു. രോഷവും സങ്കടവും എന്നെ കീഴ്പെടുത്തി. അച്ഛനും അമ്മയും ഇടപെട്ടു. ഞാൻ കൊടുത്ത വാക്കു പാലിക്കാൻ എനിയ്ക്കുമാത്രമേ കഴിയൂവെന്ന് അച്ഛൻ വിലയിരുത്തി. ശ്രീയെ അനുസരിക്കണമെന്ന് അമ്മയും. പരിപാടിയ്ക്കു പോയാൽ അദ്ദേഹവുമായുള്ള ബന്ധം അതോടെ അവസാനിയ്ക്കുമെന്ന് ശ്രീ അന്ത്യശാസനം നൽകി. എൻ്റെ തലയിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു! മുഖം ചുവന്നു തുടുത്തു. പക്ഷേ, പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്ക് അച്ഛൻ എന്നെ കൊണ്ടുചെന്നാക്കി. നിലപാടെന്ന പദത്തിൻ്റെ നിർവചനം അഭിമാനിയായ അച്ഛൻ എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു. എൻ്റെ പ്രസംഗം മനോഹരമായെന്ന് പലരും അഭിപ്രായപ്പെട്ടു. ഭീതിയിൽ മുങ്ങിയ മനസ്സുമായി വീട്ടിൽ തിരിച്ചെത്തിയ എന്നോട് ശ്രീ അനിഷ്ടമൊന്നും കാണിച്ചില്ല. ലളിതാംബികാ അന്തർജ്ജനത്തിൻ്റെ കൊച്ചുമകളുടെ നിലപാടിലും നേർമയിലും തനിയ്ക്ക് അഭിമാനമേയുള്ളൂവെന്ന് ശ്രീ പിന്നീടൊരിക്കൽ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ആ നിലപാടിന് അപ്പോൾ വർഷങ്ങൾ പഴക്കമുള്ള ഒരു ദാമ്പത്യബന്ധത്തിൻ്റെ വിലയുണ്ടായിരുന്നു!


🟥 നിലപാടുകളുടെ പരമ്പര
എൻ്റെ ജീവിതം തന്നെ നിലപാടുകളുടെ ഒരു പരമ്പരയാണ്. കുഞ്ഞായിരുന്നപ്പോൾ ശംഖുമുഖം കടപ്പുറത്തു മലർന്നു കിടന്നു അച്ഛനോടൊപ്പം നക്ഷത്രങ്ങൾ കണ്ട ദിവസങ്ങൾ വിസ്മരിക്കാൻ കഴിയുമോ? ഈയിടെ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റ് കടൽത്തീരത്തുകൂടി സഞ്ചരിച്ചപ്പോൾ കണാനായ നീലാകാശവും, അതിൽ പരിചിത രൂപങ്ങളായി പരിണമിക്കുന്ന തൂവെള്ള മേഘങ്ങളും, മറ്റേതു കാഴ്ചയേക്കാൾ എനിയ്ക്കു ഹരം പകർന്നിരുന്നു. ഈ ലോകം വിശാലമാണ്. എൻ്റെ മനസ്സും അത്രയും തന്നെ വിശാലമാകാൻ ഞാൻ സദാ ശ്രമിക്കുന്നു. പേരിനോടൊപ്പമുള്ള ജാതിപ്പേര് ഭർത്താവിൻ്റെ നാമത്തിൻ്റെ ഭാഗമാണ്. പ്രായോഗിക തടസ്സങ്ങളുള്ളതിനാലാണ് അതിപ്പോഴും തുടരുന്നത്. ലോകം മുഴുവൻ എതിർത്താലും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയെന്നത് പിതാവിൽ (ആർ. രാമരു) നിന്നു ഞാൻ പഠിച്ച പാഠമാണ്. രണ്ടു പെൺമക്കൾ. താപ്തി പ്രിയങ്കയും, അപർണ ദീപ്തിയും. അവർ യഥാക്രമം സാബിത് പോക്കറിനെയും, നിഖിൽ ജോണിനെയും വിവാഹം ചെയ്തു. വിപ്ലവകരമായതെന്തും നടക്കണമെങ്കിൽ അവയ്ക്കു പുറകിൽ ധീരമായ അനേകം നിലപാടുകൾ വേണ്ടേ? എൻ്റെ 21 പുസ്തകങ്ങളിലുമുള്ളത് ഇപ്പറഞ്ഞ കാര്യങ്ങളാണ്!


💎💎 നിഷാ നാരായണൻ
🟥 സത്യസന്ധതയാണ് നിലപാട്
കവിതയെഴുത്തിൽ‍ സത്യസന്ധത പാലിക്കുകയെന്ന ഒരൊറ്റ നിലപാടേ എനിയ്ക്കുള്ളൂ! അതിനാൽ, ഏറ്റവും ശുദ്ധമായി തോന്നുന്നതേ എഴുതാറുള്ളൂ. ചിന്തയുടെ ഏറ്റവും സ്വാഭാവികമായ, അസംസ്കൃതാവസ്ഥയിലുള്ള, പ്രാകൃതികമായ ഭാവമേ ഞാൻ‍ കവിതയിലേയ്ക്ക് എടുക്കാറുള്ളൂ. അതിനെ ഒരിക്കലും മിനുക്കിയെടുക്കാൻ ശ്രമിക്കാറില്ല. കവിതകൾ‍ തീവ്രങ്ങളായ ഭീഷണികളാകണം. ചാട്ടുളിയും, നാടൻ‍ തോട്ടകളും മറ്റും നിരന്തരം എറിയപ്പെടണം. കവിയ്ക്ക് ആരെയും എന്തിനേയും കൂട്ടുപിടിയ്ക്കാം. അസാധാരണത്വവും, അഭിനവത്വവും, കൗതുകവും, കവിതയിൽ‍ വരുത്തിയാൽ‍ പോരെ! ആരും ആരുടേയും അധീനരല്ല, മറിച്ച് പരസ്പരം സമ്മേളിതരാണെന്നു കരുതുമ്പോൾ‍ ആകസ്മികങ്ങളായ അട്ടിമറികളും, അവിസ്മരണീയങ്ങളായ ലയനങ്ങളും കവിതയിലുണ്ടാകും! ഒരു ദിവസത്തിൻ്റെ മുക്കാൽ‍ പങ്കും പൂർ‍ണമായും മനോരാജ്യങ്ങളിൽ‍ പരിലസിക്കുന്ന ആളാണ് ഞാൻ‍. അവയിലെയൊക്കെ മുഖ്യപ്രക്ഷോഭകയും, പ്രധാന വക്താവും, നടിയും നടനും പോരാളിയും വീരഭടനും ഭടയും അഭിനായകനുമെല്ലാം ഞാനായിരിക്കും. എൻ്റെ കവിതകളുടെ പ്ളോട്ടുകൾ‍ മിക്കവാറും ഇവയൊക്കെത്തന്നെയുമായിരിക്കും. നാമെല്ലാവരും ജീവിതത്തിൽ‍ ചുരുങ്ങിയത് ഒരിക്കലെങ്കിലും, എപ്പോഴെങ്കിലും, ഏറ്റവും മാനുഷികമായി സംസാരിച്ചേക്കാം. അപ്പോൾ പുറത്തേക്ക് വെളിപ്പെടുന്നതെന്താണോ അതിനെ സ്വന്തം രാഷ്ട്രീയമായി കൂടെക്കൂട്ടാം. എഴുത്ത് ക്രമാനുഗതമായി സ്വയം വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അനുനിമിഷം പരിണമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഏറ്റവും മനോഹരമായ ഏർപ്പാടാണ്. അതിനെപ്പറ്റി പറയുമ്പോൾ‍, എനിയ്ക്ക് എന്നോടുതന്നെ ഒരു കൗതുകമാണ്. ഓരോ മൂടുപടവും അനാവരണം ചെയ്തുകഴിയുമ്പോൾ‍ അടുത്തത് വളർ‍ന്നുവരും. അതാണെയ്ക്ക് വേണ്ടതും. എനിക്കെന്നെത്തന്നെ, എൻ്റെ എഴുത്തിനെത്തന്നെ വല്യ പിടിയില്ലാതെയിരിക്കുന്നതാണ് ഇഷ്ടം!


🟥 പ്രസാധകരില്ലാത്ത പുസ്തകം
ആദ്യ കവിതാപുസ്തകം പ്രസാധകരില്ലാതെയാണ് വിപണിയിലിറങ്ങിയത്. അയച്ചുകൊടുത്തപ്പോൾ പ്രസാധകസംഘം താൽപര്യം കാണിച്ചില്ല. നിരാകരിച്ചതിന് പ്രസാധകർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാകാം. ഉടനെ 'പ്രസാധകരില്ലാത്ത കവിതകൾ' എന്ന പേരിലത് സ്വയം പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. നിരവധി സഹൃദയർ കൂടെ നിന്നു. പ്രസിദ്ധീകരണ കല ഏറ്റെടുക്കുന്നത് മനസ്സിൻ്റെയും അഭിപ്രായത്തിൻ്റെയും സ്വാതന്ത്ര്യമായാണ് എനിയ്ക്ക് തോന്നിയത്. സന്തോഷവും ഏറെ സ്വച്ഛന്ദതയും അനുഭവപ്പെട്ട സമയമായിരുന്നു അത്‌. പരിതിയിലേറെ പണച്ചിലവുമുണ്ടായില്ല. ഫേസ്ബുക്കു വഴിയാണ് പുസ്തകത്തെക്കുറിച്ചു വായനക്കാരെ അറിയിച്ചത്. 2019, ഡിസംബറിലായിരുന്നു പുസ്തകപ്രകാശനം. ചുരുങ്ങിയ കാലയളവിൽ ആയിരത്തിഅഞ്ഞൂറിലധികം കോപ്പികൾ വിറ്റുപോയി. പല പ്രമുഖരും 'പ്രസാധകരില്ലാത്ത കവിതകൾ' വായിച്ചു അഭിപ്രായം അറിയിച്ചു. പ്രസാധകർ ഉപേക്ഷിച്ച ഒരു പുസ്തകത്തിന് ഇത്രയും വായനക്കാരെ ലഭിച്ചതിൽ വളരെ സന്തുഷ്ടയാണ്. രണ്ടാം പതിപ്പും ഇറക്കി. കൂടാതെ കവിതാസമാഹാരത്തിന് കുറത്തിയാടൻ പ്രദീപ് ഓർമ പുരസ്കാരവും ലഭിച്ചു. കവിതയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക എന്നത് ആവേശവും ആവശ്യവുമാണ്. ഇതിങ്ങനെ തുടരുകയും ചെയ്യും. നിർഭാഗ്യവശാൽ, സംസ്ഥാനത്ത് കവിതാ കോക്കസുകളുണ്ട്. അതിലൊന്നും ഉൾപ്പെടാത്തതുകൊണ്ടോ, ചേരാത്തതുകൊണ്ടോ തിരസ്ക്കാരങ്ങൾ അനവധിയാണ്. പക്ഷേ, ഒറ്റയ്ക്കുനിൽക്കുന്നതിൻ്റെ ഭ്രാന്തസുഖം ഞാനനുഭവിക്കുന്നു.
🟥 എന്നിട്ടും എഴുതുന്നു
'പ്രസാധകരില്ലാത്ത കവിതകൾ'ക്കു ശേഷം, ദേശീയതല പുരസ്കാരം നേടിയ 'പ്രവാചകൻ-ഖലീൽ ജിബ്രാ'നും, കേരളശ്രീ പുരസ്കാരം നേടിയ 'നശാ'യും, 'ദി മിറർ ഔവർ ഗ്രേവ്സും', പുറത്തിറങ്ങി. മുൻനിര ആഴ്ചപ്പതിപ്പുകളിലും മാസികളിലും പതിവായി കവിതകളെഴുതുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എം.എ മലയാളം സിലബസിൽ 'ശുഭം' എന്ന കവിത ഉൾപ്പെടുത്തിയതിൽ ഇത്തിരി അഭിമാനം.
 

നിലപാടുള്ള പെണ്ണുങ്ങൾ (വിജയ് സി.എച്ച്)
Join WhatsApp News
Jayan varghese 2024-08-19 01:16:42
നമ്മുടെ മാടമ്പിക്കവികളുടെ പിറകേ വെറ്റിലച്ചെല്ലവുമായി നടന്നവരാണ് പിൽക്കാല സർക്കാർ സാഹിത്യ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വന്നിരുന്ന് നമ്മെ ബോധവൽക്കരിക്കുന്നത് ! ഇവന്റെയൊന്നും കാല് നക്കാത്ത ഒരുത്തനുണ്ടെങ്കിൽ അവനെ തമസ്ക്കരിച്ച് താറടിച്ച് തെമ്മാടിക്കുഴിയിൽ അടക്കി ആനന്ദിക്കുന്നവരാണ് നമ്മുടെ സാംസ്‌കാരിക നായക ( ർ, ൾ ? )
(ഡോ.കെ) 2024-08-19 03:33:35
“എനിക്കിട്ട വില വെറും 2400 രൂപ, നന്ദിയുണ്ട്'; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്” ഏറ്റവും നാണംകെട്ട സാഹിത്യ അക്കാഡമി ഇപ്പോൾ കേരളം ഭരിക്കുന്നവരുടെ കീഴിൽ.
വിദ്യാധരൻ 2024-08-19 16:30:09
നാണംകെട്ട സാഹിത്യഅക്കാർഡാമിയുടെ പിന്നാലെ പണംകൊണ്ടു പായുന്ന മലയാളി ആധാരമെഴുക്കുത്തുകാർ. “ഖലേഷുരൂപേ പുരുഷാഭിമാനം “ നാണംകെട്ടവന്റ് പുറകെ പോകുന്നവർ പുരുഷാഭിമാനം ഇല്ലാത്തവരാണ് .
Raju Thomas 2024-08-20 23:52:58
ശ്രീ വിജയ്, നന്നായിട്ടുണ്ട്, പതിവുപോലെതന്നെ. ഡോ. കേ- യും വിദ്യാധരനും കമന്റ് എഴുതിയല്ലോ. പെണ്ണഭിമാനത്തിന്റെ ഇത്തരം കഥകൾ തുടരട്ടെ! എന്നാൽ ചിത്രങ്ങളുടെ എണ്ണം കുറച്ചാലും! Please! I mean, please think of your own record of integrity and take care not to 'overdo it', lest you be suspected of being paid to promote so-and-so. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക