Image

എന്റേതല്ലാത്ത എൻ്റെ വീട് ( കഥ : പുഷ്പമ്മ ചാണ്ടി , ചെന്നൈ )

Published on 19 August, 2024
എന്റേതല്ലാത്ത എൻ്റെ വീട് ( കഥ :  പുഷ്പമ്മ ചാണ്ടി , ചെന്നൈ )

ഉത്തരം പറയാതെ അയാളെത്തന്നെ റൂബി  തുറിച്ചു നോക്കി . ഇന്നും ഇന്നലെയും തുടങ്ങിയതല്ല , 
എല്ലാ വഴക്കിനും അവസാനം കേൾക്കുന്ന വാചകമാണിത്  " ഇതെന്റെ വീടാണ് , നിൻറെ അപ്പൻ എനിക്ക് സ്ത്രീധനം തന്നതല്ല " 
ഡിഗ്രി പരീക്ഷ കഴിഞ്ഞ അവധിക്കാലം , തന്നെ സ്റ്റീഫൻ പെണ്ണുകാണാൻ വന്നു .
ആദ്യമായി വന്നുകണ്ട ആളെ ഇഷ്ടമായി . 
പിന്നീട്
സ്റ്റീഫനിൽ ഒതുങ്ങിയ തൻ്റെ  ലോകം . അതാണ് തൻ്റെ  ലോകമെന്നയാൾ  അറിഞ്ഞിട്ടുണ്ടോ ?
കണ്ടനാൾ മുതൽ  അയാളുടേതാക്കി   മാറ്റിയ തൻ്റെ   നിമിഷങ്ങളെ അറിയാറുണ്ടോ അറിയില്ല ....
അയാളിൽ  ഒരിടം തനിക്കുമുണ്ടെന്നുള്ള തൻ്റെ  ഉള്ളിലുള്ള വിശ്വാസത്തെ എന്നെങ്കിലും മനസ്സിലാക്കിയോ ? അതും അറിയില്ല .

രാതിയിൽ ജോലി കഴിഞ്ഞു വരുന്നതും കാത്തിരിക്കുന്നത്.., സ്റ്റീഫനെക്കുറിച്ച് ആലോചിക്കുമ്പോൾ ഉയരുന്ന 
നെഞ്ചിടിപ്പിന്റെ  തീവ്രത... അറിഞ്ഞിരുന്നില്ല അയാൾ ഒരിക്കലും .

അയാളുടെ വാക്കുകൾ തന്നിൽ ഏല്പിച്ച പ്രഹരം അതും അയാൾ അറിഞ്ഞില്ല .

ആദ്യകാലങ്ങളിൽ അയാളോട് , തർക്കിച്ചു .
തൻ്റെ വീട്ടിൽ നിന്നും തന്നതിന്റെ കണക്കു പറഞ്ഞു വഴക്കുണ്ടാക്കി... ആ കണക്കിൽ പിടിച്ചു നിൽക്കാൻ നോക്കും . അവസാനം അപ്പനും , അമ്മയ്ക്കും വരെ ഒച്ച കൂട്ടി വിളിക്കുന്നത് കേട്ട്  പിന്മാറും . 
കുറച്ചു ദിവസത്തെ നിശ്ശബ്ദതക്കു ശേഷം പിന്നെയും മിണ്ടിത്തുടങ്ങും .

മൂത്തകുട്ടി ഉണ്ടായി രണ്ടു വർഷത്തിനു ശേഷമാണ് വീടുപണി തുടങ്ങിയത് .

ആ ചെറിയ കുട്ടിയേയും കൂട്ടി  പണിസ്ഥലത്തു വന്നു നിന്നതും എല്ലാത്തിനും മേൽനോട്ടം നോക്കിയതുംതാനാണ് .

സ്റ്റീഫനു വീതംകിട്ടിയ സ്ഥലത്താണ് വീട് പണിതത് . അവസാനം പണിതീർക്കാൻ പണം തികയാതെ വന്നപ്പോൾ 
മിന്നുമാലയും , രണ്ടുജോഡി കമ്മലും മൂന്നു വളയും ഒഴികെ എല്ലാം വിറ്റു.

" റൂബിയുടെ അർത്ഥം അറിയുമോ ? മാണിക്യം , നീയെന്റെ മാണിക്യമല്ലേ ?" കാര്യം നടക്കാൻ മാത്രം ഇടയ്ക്കിടെ പറയുന്ന വാചകം  അതിൽ വലിയ ആത്മാർത്ഥത ഒന്നും ഇല്ലെങ്കിലും കേൾക്കുമ്പോൾ  
ഒരു  സന്തോഷം തോന്നിയിരുന്നു . പിന്നെ പതുക്കെ പതുക്കെ, എന്നാണെന്നു കൃത്യമായി അറിയില്ല  തൻ്റെ മനസ്സ് അയാളിൽ നിന്നും അകലുകയായിരുന്നു . 
കുറ്റപ്പെടുത്തൽ  കുറവുകളെ മാത്രം എടുത്തുകാണിക്കൽ .  
കണ്ണുകളിൽ നിന്നും പണ്ട് വന്നിരുന്ന കണ്ണുനീർ പോലും വറ്റിപ്പോയി .

സങ്കടങ്ങൾ അമ്മച്ചിയോടു പറയുമ്പോൾ അമ്മ പറയും 
" ഇതൊക്കെ എല്ലാ വീട്ടിലും പതിവാ മോളെ , നിൻറെ അപ്പൻ ഇപ്പോൾ പുണ്യാളനെപ്പോലെ ഇരിക്കുന്ന ആളുണ്ടല്ലോ , ആയകാലത്ത് എന്നെ എന്തൊക്കെ പറഞ്ഞിരിക്കുന്നു . ഇപ്പോൾ നോക്കാൻ ഞാൻ മാത്രമല്ലേ ഉള്ളു , ഈശോയെ പ്രതി നീ അതൊക്കെ അങ്ങ് ക്ഷമിക്കൂ "

"എന്തു പറഞ്ഞാലും ഈശോയെപ്രതി , ആ ഈശോ അയാളെന്നെ പറയുന്നതൊക്കെ കേട്ടിട്ട് മിണ്ടാതിരിക്കുക അല്ലേ ? എനിക്ക് ആങ്ങളമാരില്ലാത്തതു കൊണ്ടല്ലേ ഇങ്ങനെ ഒക്കെ പറയുന്നത് ?"
ആങ്ങളമാരുണ്ടായാലും ഒരു പ്രയോജനവും ഇല്ല , ഇപ്പോൾ കുറച്ചുദിവസം ഇവിടെ വന്നു നിൽക്കാൻ പറ്റുന്നില്ലേ ? ആങ്ങളയുടെ ഭാര്യക്ക് ഇഷ്ടമാകുമോ നീ ഇങ്ങനെ ഇടയ്ക്കു വന്നു നിന്നാൽ "

ഇന്ന് അമ്മച്ചിയും ചാച്ചനും ഇല്ല , ആ പഴയ വീടും ഈർപ്പം തങ്ങിനിൽക്കുന്ന ചുവരുകളും  പഴയ കാലത്തെ ഓർമ്മിപ്പിക്കാൻ നിറംമങ്ങിയ ചില ചിത്രങ്ങളും. ആഴ്ചയിൽ ഒരിക്കൽ ഇവിടെ വരും വീട് വൃത്തിയാക്കും . കുറച്ചു സമയം തിണ്ണയിലെ അരഭിത്തിയിൽ ദൂരേക്ക് നോക്കിയിരിക്കും .
മനസ്സിൽ അപ്പോൾ ചില ദുർചിന്തകളും കടന്നുപോകും .

കോളേജിൽ പഠിക്കുമ്പോൾ ആരെയും പ്രണയിക്കാഞ്ഞത് . അന്ന്, തന്നെ നോക്കിയവരെ തിരികെ നോക്കാഞ്ഞത് കഷ്ടമായിപ്പോയി .

അപ്പോൾ മനസ്സ് പറയും തനിക്കു സ്റ്റീഫനോട് തോന്നിയ സ്നേഹം  വാടിപ്പോകാൻ ഒരു ചാറ്റൽ മഴയിൽ തളിർത്ത ഇഷ്ടമല്ലല്ലോ .
ഒന്നിച്ചുള്ള മുപ്പതു വർഷം, രണ്ടു മക്കൾ . എന്തൊക്കയുണ്ട് ഓർക്കാൻ !

എന്നാലും എൻ്റെ വീട് എന്ന അയാളുടെ ഗർവ്വ് , അതുമാത്രം അങ്ങോട്ട് സഹിക്കാൻ സാധിക്കുന്നില്ല .
വീടിന്റെ , ഓരോ മുക്കും മൂലയും തൻ്റെ കരസ്പർശനം ഏറ്റതാണ്.
മുറ്റത്തെ ചെടികൾ, മരങ്ങൾ എല്ലാം താൻ വെച്ചതാണ് . 
ഒരു വർഷത്തിൽ കൂടുതൽ എടുത്ത് വീട് പണിയുന്ന നേരം ചെറിയ കുഞ്ഞിനേയും കൈയ്യിൽ പിടിച്ചു മേൽനോട്ടം വഹിച്ചു .

എന്നിട്ടും ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് " എൻ്റെ വീട് "  അപ്പോൾ തന്റെ വീടോ ?

കുറച്ചു ദിവസങ്ങളായി റൂബി, സ്റ്റീഫൻ തന്നോട് വഴക്കിടുന്നതിനു കാത്തിരിക്കയായിരുന്നു . 
അടുത്ത പ്രാവശ്യം എൻ്റെ വീട് എന്നും പറഞ്ഞു വരട്ടെ .

അന്നു ഗേറ്റ്  തുറക്കാൻ കുറച്ചു താമസിച്ചു , റൂബി ഓടി വന്നപ്പോഴേക്കും സ്റ്റീഫൻ കാറിൽ നിന്നും ഇറങ്ങി ഗേറ്റ് തുറന്നിരുന്നു .

രാതിയിൽ കൊടുത്ത ഭക്ഷണത്തിനു കുറ്റം  എന്തൊക്കെയോ പറഞ്ഞു .   
അതു പതിവാണ് താൻ എന്തിനെങ്കിലും വീഴ്ച വരുത്തിയാൽ ഭക്ഷണത്തിനു കുറ്റം പറയുക . 
ഇതെന്റെ  വീടാണ് എന്നയാൾ പറയുന്നതിന് അവൾ കാതോർത്തിരുന്നു. പക്ഷേ എന്തോ അയാളത് പറഞ്ഞില്ല 
" ഇത് നിങ്ങളുടെ വീടല്ലേ , അപ്പോൾ ഗേറ്റ് തന്നെതുറന്നാൽ എന്താണ് ?"
" എന്താ പറഞ്ഞത് ? എൻ്റെ വീടെന്നോ ? അപ്പോൾ നിൻറെ വീടോ ?"
" അങ്ങനെ അല്ലല്ലോ എപ്പോഴും പറയുന്നത് ?"
" നീയെന്താ എൻ്റെ അടുത്ത് വഴക്കിനു വരികയാണോ ?"
 

" അങ്ങനെ വിചാരിച്ചാലും കുഴപ്പമില്ല "

ഉത്തരം ഒന്നും പറയാതെ സ്റ്റീഫൻ കിടപ്പുമുറിയിലേക്ക് പോയി .
 

റൂബിയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ തന്നെ അയാൾക്ക്‌ തോന്നി അവൾ എന്തോ കരുതിക്കൂട്ടിയാണ് നിൽക്കുന്നത് , കൂടുതൽ പറഞ്ഞാൽ ഒഴിഞ്ഞു കിടക്കുന്ന അവളുടെ വീട്ടിലേക്കവൾ പോകും .
അത് ഉറപ്പാണ് .

രാത്രിയിൽ അവളോട് ചേർന്ന് കിടക്കാൻ നോക്കിയെങ്കിലും  റൂബി അയാളെ തൊടാതെ കിടന്നു .
" എൻ്റെ റൂബി , ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുന്നതല്ലേ , നീയില്ലെങ്കിൽ ഈ വീട് എങ്ങനെ വീടാകും ?"
" വലിയ വർത്തമാനം ഒന്നും പറയേണ്ട , എന്റേത് അല്ലാത്ത എൻ്റെ വീടാണിത് "
" നീ എൻ്റെ റൂബിയല്ലേ ? മാണിക്യം "
" ഇതിലൊന്നും ഞാൻ വീഴില്ല " എന്ന് ഉത്തരം പറഞ്ഞെങ്കിലും ആദ്യമായി അയാളോട് ജയിച്ചതിന്റെ ഒരു ചെറുപുഞ്ചിരി റൂബിയുടെ ചുണ്ടിൽ വിരിഞ്ഞു .
പക്ഷേ സ്റ്റീഫൻ അത് കണ്ടില്ലയെങ്കിലും ,  അയാൾക്കും അത് മനസ്സിലായി .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക