Image

സൂര്യമരണം? (കവിത: ജയൻ വർഗീസ്)

Published on 21 August, 2024
സൂര്യമരണം? (കവിത: ജയൻ വർഗീസ്)

അഗ്നിനക്ഷത്രമേ 
പോകയോ കാൽപ്പാന്ത 
വൃഷ്ടിയിൽ വീണ്ടും 
കണികയാവാൻ ? 
റെഡ്ജയന്റായി
വളർന്നാലും ഞങ്ങളെ 
ഉൾക്കൊള്ളുമോ നിന്റെ
മാറിടത്തിൽ ?

സ്വപ്ന പുഷ്പാംഗലീ 
സ്പര്ശമായ്‌ ജീവന്റെ 
വിത്ത് നീ വീഴ്ത്തീ 
കടൽ ജലത്തിൽ 
മുഗ്ദമാം സാഹചര്യങ്ങ -
ളിൽ താരാട്ടി 
ഇത്രമേൽ ഞങ്ങൾക്കായ് 
പൽ ചുരത്തി !

തിന്നും കുടിച്ചും 
ഇണചേര്ന്നും ഞങ്ങളീ 
വന്യ സൗഭാഗ്യങ്ങൾ 
ആസ്വദിക്കേ, 
ഒന്നറിയാതെ 
പുളച്ചു പോയ് ജീവിതം 
എന്നുമുദിക്കും നീ 
എന്നോർത്തു പോയ്‌  !

പാതി വഴിയിൽ നീ 
യാത്ര നിർത്തുന്നുവോ 
പാപികൾക്കുള്ള 
മറുപടിയായ് 
നിന്നിൽ നിറഞ്ഞതു - 
മെന്നിൽ നിറഞ്ഞതു - 
മൊന്നായിരുന്നൂ 
പ്രപഞ്ചപ്രഭ !

( അഞ്ഞൂറ് കോടി കൊല്ലങ്ങൾ വരെയും കത്തിത്തിളങ്ങി നിന്നേക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്ന നമ്മുടെസൂര്യൻ അത്രയ്ക്ക് പോയേക്കില്ല എന്ന് ശാസ്ത്രം ? )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക