ചൂടുള്ള ബിരിയാണിക്കൊപ്പം പൊരിച്ച ചിക്കൻ നല്ല രുചിയാണ്, ഞങ്ങൾ രണ്ട് മൂന്ന് പീസെടുത്തപ്പോഴേക്കും ടേബിളിലെ ചിക്കൻ സോസർ കാലിയായി. ടേബിളിലിൽ തൊട്ടപ്പുറത്തിരിക്കുന്ന വയസ്സായ കാക്ക (പുള്ളി മാംസാഹാരിയല്ല എന്ന് തോന്നുന്നു) അങ്ങേരുടെ മുമ്പിലുള്ള പൊരിച്ച ചിക്കൻ വെച്ച സോസറിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു. മോനെ ഇത് വേണോ? സ്വാഭാവികമായും വേണ്ട എന്ന് ഞാൻ ഉത്തരം പറഞ്ഞു. എങ്കിലും ആ മനുഷ്യൻ സുകൃത ഭാവത്തോടെ അയാളുടെ ഭാഗത്തിരിക്കുന്ന ചിക്കൻ പ്ലേറ്റ് ഞങ്ങളുടെ മുമ്പിലേക്ക് വെച്ചുതന്നു. ഞങ്ങൾ ഒട്ടും ബാക്കിവെക്കാതെയും മാന്യത കൈവിടാതെ പാത്രം കാലിയാക്കി.
ഒരു നിക്കാഹ് വിരുന്നിലെ കാര്യമാണ് പറയുന്നത്. നല്ല രുചിയുള്ള ഭക്ഷണമായിരുന്നു, ഖബ്സയോ മന്തിയോ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ബിരിയാണിക്കായിരുന്നു കൂടുതൽ രുചി തോന്നിയത്! സൽക്കാരം ഉച്ചയ്ക്കായത് കൊണ്ട് വയർ നിറയെ കഴിച്ചു.
നിക്കാഹ് ചടങ്ങിന്റെ മുമ്പുള്ള ആശംസ പ്രസംഗത്തിൽ മൗലവി ചില ഗുണകാംക്ഷാ പ്രഭാഷണങ്ങൾ / കാര്യങ്ങളൊക്കെ പറഞ്ഞു. അവിവാഹിതർക്ക് നിങ്ങൾ വിവാഹം ചെയ്തു കൊടുക്കുക, ദരിദ്രരായ ആണും പെണ്ണും വിവാഹം ചെയ്ത് ഇണയും തുണയുമായി ജീവിക്കുമ്പോൾ സർവ്വശക്തൻ അവർക്ക് റഹ്മത്തിന്റെ ഐശ്വര്യ കവാടങ്ങൾ തുറന്നു കൊടുക്കുമെന്ന് തുടങ്ങുന്ന വിശുദ്ധ വചനങ്ങളും പ്രവാചകന്റെയും ഖദീജ ബീവിയുടേയും വിശുദ്ധ ജീവിതവും ഉദ്ധരിച്ച് ഭാഷണം തുടർന്നു.
ആണും പെണ്ണും കുടുംബമായി ജീവിക്കുമ്പോൾ എങ്ങനെയായിരിക്കണമെന്നും അദ്ദേഹം സംക്ഷിപ്തമായി പറഞ്ഞു. അവൻ അവളെ പഠിക്കണമെന്നാണ് അദ്ധേഹം ഊന്നിപ്പറഞ്ഞത്. സത്യത്തിൽ മൗലവി കുറേ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നിലെ സോഷ്യോളജിക്കാരൻ ആധിപ്പെട്ടത് അദ്ദേഹം പറയാതെ വിട്ടേച്ച് പോയ കുറേ കാര്യങ്ങളെ കുറിച്ചായിരുന്നു. ഒരു പത്ത് മിനുട്ട് ഭാഷണം കൊണ്ട് ആരേയും മാറ്റി മറിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ഇത്യാദി ഉദ്ബോധനങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.
വിവാഹ ബന്ധത്തിൽ ഓനും ഓളും പ്രധാന ഘടകങ്ങളാണെങ്കിലും ഓന്റെ കുടുംബവും ഓളെ കുടുംബവും വളരെ നിർണ്ണായമായതാണ്. അവനും അവളും മാത്രം നല്ലതായത് കൊണ്ട് എല്ലാം ശരിയാകണമെന്നില്ല. കുടുംബം തകരാറിലാകാതിരിക്കാൻ / കൊളംതോണ്ടാതിരിക്കാൻ രണ്ട് കുടുംബവും നല്ലതായിരിക്കണം; പ്രത്യേകിച്ച് നമ്മുടെ കേരളീയ കുടുംബ പശ്ചാത്തലത്തിൽ. മൗലവി അതൊക്കെ വിട്ട് കളഞ്ഞത് മന:പ്പൂർവ്വമാകാൻ ഇടയില്ല.
ഇന്നത്തെ പല മുസ്ലിം മൗലാനമാരും നിലവിലെ സാമൂഹിക ശാസ്ത്രം മനസ്സിലാക്കാത്തവരാണ്. അത് അവരുടെ പ്രവർത്തനവും പ്രഭാഷണവും ശ്രദ്ധിച്ചാൽ മനസ്സിലാകും. സത്യത്തിൽ അവരെ പോലുള്ളവർ സമുദായത്തിന് നേതൃത്വം നൽകുമ്പോൾ അവസാനം നടന്നെത്തുക ജാഹിലിയ്യത്തിന്റെ പടുകുഴിയിലേക്കായിരിക്കും. ഉലമാ എന്നതിന്റെ പൊരുൾ തിരിയാത്ത കുറേ അധികം നീണ്ട പേരുള്ള ഉലമക്കാരുണ്ട്! അവരാണ് മുസ്ലിം സമുദായത്തിൻ്റെ ശാപം.
സമുദായത്തിനകത്തെ പഴയ കാല പണ്ഡിതൻമാർ ഇപ്പറഞ്ഞ സാമൂഹിക ശാസ്ത്രം കൃത്യമായി മനസ്സിലാക്കിയവരായിരുന്നു. പരന്ന വായനയും ചിന്തയും നല്ല സഹവാസവും അവരെ ധിഷണയുള്ളവരാക്കി മാറ്റി. കാട്ടിക്കൂട്ടലുകളേയും ആത്മാർത്ഥത ഇല്ലായ്മയേയും അവർ അകറ്റി നിർത്തി. ഇന്ന് ഈ വിഭാഗത്തിലെ പലരുടേയും നിർധൈഷണിക ഘോഷണങ്ങൾ ഭയങ്കര അരോചകം സൃഷ്ടിക്കുന്നതായി മാറിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് മതത്തേയും സമുദായത്തേയും സമൂഹത്തിൽ നിന്നും മാറ്റി നിർത്താനാണ് ചിലരെങ്കിലും പണിയെടുക്കുന്നത്. സമൂഹത്തിൽ നിന്നും മാറി നിന്ന് കൊണ്ടുള്ള ഒരു പ്രത്യയ ശാസ്ത്രം പ്രവാചകൻ പഠിപ്പിച്ച മതത്തിനില്ല എന്ന് നമുക്ക് വായനയിലൂടി ഗ്രഹിക്കാനാവും.
ഒരേ മസ്ജിദിൽ / പള്ളിയിൽ വന്ന് ഒരേ വരിയിൽ നിന്ന് ഒരേ ദൈവത്തോട് പ്രാർത്ഥിക്കുകയും അതെല്ലാം കഴിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയോ സ്നേഹാഭിവാദ്യം ചെയ്യുകയോ സുഖമാണോ എന്ന് പോലും പരസ്പരം കുശലം ചോദിക്കാൻ ആരേയും സലാം ചൊല്ലി വിഷ് ചെയ്യാൻ നിൽക്കാതെ സ്വന്തം ലോകത്തേക്ക് വണ്ടി കയറിപ്പോകുന്നവർ പ്രവാചകൻ വിഭാവനം ചെയ്ത സാമൂഹിക ജീവിതത്തോട് പുറം തിരിഞ്ഞ് നടക്കുന്നവരാണെന്നാണ് എനിക്ക് തോന്നുന്നത്.
ദൈവനാമത്തിൽ നീ വായിക്കൂ എന്ന് ആദ്യ സൂക്തമായി പഠിപ്പിച്ച വേദ ഗ്രന്ഥത്തിന്റെ വക്താക്കളാണ് മുസ്ലിംകളെങ്കിലും വായന കുറഞ്ഞ ഉലമാക്കളും വിശ്വാസികളും ഇന്ന് സമുദായത്തെ പിന്നോട്ടാണ് നയിക്കുന്നത്. മുമ്പ് വിഖ്യാത എഴുത്തുകാരൻ ഒ.അബ്ദുള്ള സാഹിബ് മുസ്ലിം സംഘടനകളെ വിമർശിച്ച് എഴുതിയത് പോലെ - മുസ്ലിംകൾക്ക് പന്നിപ്പേറ് പോലെ അനേകം പ്രസിദ്ധീകരണങ്ങളുണ്ട്. പക്ഷേ ആ പ്രസിദ്ധീകരണങ്ങൾ അതാത് സംഘടനക്കാരെങ്കിലും വായിക്കുന്നുണ്ടോ? സമുദായത്തിലെ മൗലവിമാർ പോലും വായനയില്ലാത്തവരായി മാറിയതിന്റെ പോരായ്മയാണ് ഞാൻ മുകളിൽ സൂചിപ്പിച്ചത്.
മുമ്പ് പള്ളിദർസുകളിൽ പഠിച്ച മനുഷ്യർക്ക് പോലും എത്ര വലിയ അറിവായിരുന്നു. ഇന്നത്തെ സൗകര്യങ്ങളില്ലെങ്കിലും ഖുത്തുബ്ഖാനകളെന്ന് പേരുള്ള അവിടുത്തെ ലൈബ്രറികൾ സമൃദ്ധമായിരുന്നു. അറബിയും പേർഷ്യനും ഉർദുവും മലയാളവും അറബി മലയാളവും ഉൾപ്പെടെയുള്ള എത്രയോ പദ്യ ഗദ്യ ഗ്രന്ഥങ്ങൾ അവരുടെ അറിവാഴം വർദ്ധിപ്പിച്ചു. മതവും മതേതരവും സമൂഹവും ശാസ്ത്രവും സാഹിത്യവുമൊക്കെ അവർ ഗഹനമായി പഠിച്ചു. ഇന്ന് വായന ചുരുങ്ങി, പ്രഘോഷണ ശബ്ദം കൂടുകയും ചെയ്തു!
കെ.ടി മാനു മുസ്ലിയാരുടെ എഴുത്തിനും പ്രസംഗത്തിനും എന്തൊരു ആഴവും പരപ്പുമായിരുന്നു. വേദവും വേദാന്തവും സൂക്തങ്ങളും ശ്ലോകങ്ങളുമൊക്കെ ഉദ്ധരിച്ച് കൊണ്ട് തെളിഞ്ഞ അരുവി പോലെ ഒഴുകുന്ന വിജ്ഞാനമായിരുന്നു മാനു മുസ്ലിയാരുടെ പ്രസംഗങ്ങൾ! എഴുത്തുകളും തഥൈവ. മാനു എന്ന പേര് തന്നെ വളരെ ലളിതവും മനോഹരവുമാണ്, ഗ്രാമ്യ വശ്യതയുള്ളതാണ്. അതേ പോലെ തന്നെയായിരുന്നു ആ മനുഷ്യന്റെ ജീവിതവും. ഒട്ടും ആർഭാടമില്ലാത്ത വസ്ത്രധാരണം, കാട്ടിക്കൂട്ടലുകളില്ലാത്ത ആത്മാർത്ഥ ജീവിതം. ഗഹനമായ വായനും ചിന്തയും! അദ്ധേഹം മുമ്പത്തെ പണ്ഡിതരിലെ ഒരു പ്രതീകം മാത്രം. പൈതൃകത്തെയാണ് മുസ്ലിം പണ്ഡിതർ മുറുകെ പിടിക്കേണ്ടത്.
ഇബ്ൻ ഖൽദൂൻ നിന്റെ മുഖദ്ധിമയ്ക്ക് പ്രൗഢമായ മലയാള വിവർത്തനമെഴുതിയത് മുട്ടാണിശ്ശേരി കോയാകുട്ടി മൗലവിയാണ്. ഡി സി ബുക്സാണ് പ്രസാദകർ. ആ മനുഷ്യന്റെ വിജ്ഞാനം എത്ര ഗഹനമായിരുന്നു! മുമ്പ് സത്യധാര ദ്വൈവാരികക്ക് അദ്ദേഹം ഒരു അഭിമുഖം നൽകിയിരുന്നു. (അതായിരുന്നു അദ്ദേഹത്തിന്റെ അവസാന അഭിമുഖം എന്നാണറിവ്) അത് വായിച്ചാലറിയാം അദ്ദേഹം വിജ്ഞാനം കൊണ്ട് എവിടെ നിൽക്കുന്നു എന്ന്. ഇപ്പോൾ അങ്ങനെയുള്ള പണ്ഡിതന്മാരെ / മനുഷ്യരെ അധികം കാണാനില്ല!
വേറൊരു കാര്യം പറയാതിരിക്കാൻ നിർവ്വാഹമില്ല. മുസ്ലിം സമുദായം ഉസ്താദുമാരെ / വിശിഷ്യാ മദ്രസ അധ്യാപകരെ പറ്റിച്ച / വഞ്ചിച്ച അത്ര വലിയ പറ്റിപ്പ് ഒരു കാലത്തും ലോകത്തൊരിടത്തും നടന്നിട്ടുണ്ടാകാൻ സാധ്യതയില്ല! അവരുടെ അദ്ധ്യാപന ജോലിക്ക് യാതൊരു മാന്യതയും മാനദണ്ഡവുമില്ലാതെ വളരെ തുച്ഛമായ ശമ്പളമാണ് മുസ്ലിം സമുദായം ഇന്നും നൽകിപ്പോരുന്നത്. അടിയന്തിരമായി അതൊക്കെ പരിഷ്ക്കരിക്കാൻ സമുദായ പണ്ഡിത സഭകൾ സ്വയം കമ്മീഷനെ നിയമിച്ച് പഠനം നടത്തി മുന്നോട്ട് പോവേണ്ടതുണ്ട്. ഏറ്റവും കൂടുതൽ മദ്രസ അധ്യാപരും മുല്ല മുഅസ്സിൻ മുദരിസുമാരുള്ളത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലാണ്. അതിനാൽ തന്നെ ആ അധ്യാപകരുടെ തൊഴിലിന് മാന്യമായ വേതനം ലഭ്യമാക്കാനുള്ള ദീനി ബാധ്യതയും അവർക്കുണ്ട്. അത്തരം ദീനീ അധ്യാപകരെ ആത്മീയതയുടെ പേരിൽ മറവെച്ച് ചൂഷണം ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. അവരുടെ അടിയന്തിര ഇടപെടലാണ് ആവശ്യം.
മദ്രസ അധ്യാപകർക്ക് നൂതനമായ ടീച്ചിംഗ് പരിശീലനം നൽകാനും കൃത്യസമയത്ത് റെഫ്രഷ്മെന്റ് കോഴ്സുകൾ നൽകാനുമൊക്കെ പണ്ഡിത സഭയ്ക്കകത്ത് കാര്യക്ഷമമായ ചെയറുകൾ സ്ഥാപിക്കണം. നിഷ്ക്രിയമായ സംഘാടനത്തിനപ്പുറത്ത് ഒരു മഹിത മാനവ സമൂഹത്തെ ലക്ഷ്യം വെച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ഒരു മാസം ഏറ്റവും ചുരുങ്ങിയത് ഇരുപതിനായിരം രൂപയെങ്കിലും അവർക്ക് ശമ്പളം നൽകാൻ തയ്യാറാവണം. ആ വിഭാഗത്തിന് മാന്യമായ ശമ്പളം നൽകിയാൽ മുസ്ലിം സമുദായത്തിനകത്ത് വലിയ പുരോഗതി കൈവരിക്കാനാകും.
സി. എച്ച് മുഹമ്മദ് കോയ സാഹിബ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ അന്യായത്തിൽ കയറി ഇടപെട്ട് അവർക്ക് നീതി വാങ്ങിക്കൊടുത്തേനെ എന്ന് പലപ്പോഴും വിചാരിക്കാറുണ്ട്. ഏതായാലും മുസ്ലിം സമുദായത്തിനകത്ത് ഉയർന്ന് വരുന്ന പുതിയ വിജ്ഞാനമുള്ള പണ്ഡിത തലമുറ സമുദായത്തെ നേർവഴിക്ക് നടത്താൻ പ്രാപ്തരാണ്. അധിക കാലമൊന്നും അവരെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ സമുദായത്തിനും പണ്ഡിത സഭകൾക്കുമാവില്ല. നിങ്ങൾ സ്വയം മാറാൻ തയ്യാറാകുന്നത് വരെ അള്ളാഹു നിങ്ങളെ മാറ്റുകയില്ല എന്ന സാരാംശമുള്ള വിശുദ്ധ വചനത്തിൻ്റെ പൊരുളറിയാൻ മുസ്ലിം സമുദായ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്.